This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചതുപ്പ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചതുപ്പ്
Bog, Marsh, Swamp
ആര്ദ്രപ്രദേശങ്ങളെ ഇനം തിരിച്ച് പൊതുവേ കൊടുത്തിരിക്കുന്ന പേര്. ബോഗ്, മാര്‍ഷ്, സ്വാംപ് എന്നെല്ലാം അറിയപ്പെടുന്നത് ചതുപ്പു തന്നെ. ഭൂമിയിലാകമാനം 25,90,000 ച.കി.മീ സ്ഥലം ചതുപ്പുകള്‍ കൈയടക്കിയിരിക്കുന്നു. ഇതില്‍ 2,59,000 ച.കി.മീ. യുണൈറ്റഡ് സ്റ്റേറ്റ്സില്‍ മാത്രം ഉള്ളതാണ്. നദികളുടെ പ്രവാഹത്തെ നിയന്ത്രിക്കാന്‍ തടാകങ്ങളെപ്പോലെ ചതുപ്പുകളും ഒരു ശേഖരണ സംവിധാനമാകുന്നു.
ഓരോ ചതുപ്പിലും, തടാകത്തിലും കുറഞ്ഞ ആഴമുള്ള ഒരു തടം കാണും. ഉള്ളിലേക്ക് ഒലിച്ചിറങ്ങുന്ന വെള്ളം ചോര്‍ന്നു പോകാത്ത വിധത്തില്‍ ഒന്നുകില്‍ അതിന്റെ തറ ദുഷ്പ്രവേശ്യമായിരിക്കും; അല്ലെങ്കില്‍ ജലസ്തരം തറയില്‍ നിന്നും ഉയര്‍ന്നതായിരിക്കും. രണ്ടുതരത്തിലായാലും തടത്തില്‍ എല്ലായിപ്പോഴും വെള്ളം നിറഞ്ഞോ കരകവിഞ്ഞോ കാണപ്പെടുന്നു.
തടാകങ്ങളുടെ പരിവര്‍ത്തനം ആര്ദ്രപ്രദേശങ്ങള്ക്ക് ജന്മം കൊടുക്കാറുണ്ട്. അങ്ങനെ, തടാകങ്ങള്‍ പലപ്പോഴും ഹ്രസ്വകാല പ്രതിഭാസങ്ങളായിത്തീരുന്നു. തടാകസൃഷ്ടിയെ പിന്തുടര്ന്ന് മൂന്നു നശീകരണ പ്രവര്‍ത്തനങ്ങള്‍ നിരന്തരമായി അതിനെ ചതുപ്പ് ആക്കി മാറ്റാന്‍ യത്നിക്കുന്നു. 1. നദികള്‍ കൊണ്ടുവരുന്ന എക്കലും മറ്റും വീണ് തടാകം ക്രമേണ ചുരുങ്ങുക; 2. തടത്തിന്റെ ആഴം നികന്നുവരുമ്പോള് അതിന്റെ വക്കു പിളര്‍ന്ന് വെള്ളം ഒഴുകിപ്പോവുക; 3. സസ്യങ്ങള്‍ തുടങ്ങിയ ജൈവവസ്തുക്കളുടെ നിരന്തര നിക്ഷേപം കൊണ്ട് 'ബോഗ്' ആയും അവസാനം 'സ്വാംപ്' ആയും മാറുക.
ബോഗ്. ഉറപ്പുള്ള അടിത്തറയില്ലാത്തതെന്ന സൂചന 'ബോഗ്' എന്ന പദത്തില്‍ത്തന്നെ അടങ്ങിയിരിക്കുന്നു. ഇത് വെള്ളത്തില്‍ പൊന്തിക്കിടക്കുന്ന, കനത്ത ഒരു സസ്യമേഖലയാണ്. മീതെയായി ജീര്‍ണിച്ച് പല അവസ്ഥകളിലായ പായലുകള്‍ നിരന്നിരിക്കും. മൃദുലവും ഞെക്കിയാല്‍ സ്പഞ്ച്പോലെ അമങ്ങുന്നതുമാണ് ഇത്. ബാഹ്യമായ ജലനിര്‍ഗമന മാര്‍ഗങ്ങള്‍ സാധാരണ ഇതില്‍ കാണാറില്ല. ഒരാളിന്റെ ഭാരത്തെപ്പോലും താങ്ങാന്‍ ശേഷിയുള്ളതാണ് ഈ സസ്യമേഖല. വളരെ കനംകൂടിയ ഇതിന്റെ സ്വന്തം ഭാരം നിമിത്തം കീഴോട്ടമരുന്നതിനാല് അടിഭാഗം ഒരു 'പീറ്റ്' (peat) സ്തരമായി രൂപാന്തരപ്പെടുന്നു.
മാര്‍ഷ്. ചെറിയ തോതിലെങ്കിലും മാര്‍ഷിനും സ്വാംപിനും തമ്മില്‍ ബാഹ്യലക്ഷണങ്ങളില്‍ പ്രകടമായ സാമ്യമുണ്ട്. ഇക്കാരണത്താല്‍ ഇവ തമ്മില്‍ പലപ്പോഴും തെറ്റിപ്പോകുന്നു. സ്വാംപിനെ അപേക്ഷിച്ച് പുല്ലുകളും പുല്വര്ഗത്തിലുള്ള മറ്റുചെടികളും (sedges, rushes) ആണ് മാര്‍ഷിലെ സസ്യജാലത്തെ പ്രതിനിധീകരിക്കുന്നത്.
താഴ്ന്ന കടലോരങ്ങള്‍, 'ബാരിയ ബീച്ചുകള്‍' എന്നിവയുടെ ഉള്‍ഭാഗങ്ങള്‍, ഉപ്പുവെള്ളമോ ഓരുവെള്ളമോ കെട്ടിക്കിടക്കുന്ന നദീമുഖങ്ങള്‍, ഡെല്‍റ്റകള്‍ എന്നിവിടങ്ങളിലാണ് മാര്ഷുകള് സമൃദ്ധമായുണ്ടാകുന്നത്. മരുഭൂമികളില്‍ ഉപ്പുചതുപ്പുകള്‍ (salt marshes) ഉണ്ടാകാറുണ്ട്. യു.എസ്സില്‍ നെവാദയിലെ ഹംബോള്‍ട്ട് സാള്‍ട്ട് മാര്‍ഷ് എന്ന വിസ്തൃതമായ ചതുപ്പ് ഇതിന് ഒരു മുഖ്യോദാഹരണമാണ്.
സ്വാംപ്. തടാകങ്ങളെക്കാള്‍ ആഴംകുറഞ്ഞ തടാങ്ങളിലാണ് സ്വാംപുകള് സാധാരണ കാണപ്പെടുന്നത്. ഇവയിലെ സസ്യജാലങ്ങളില്‍ ഏറിയ പങ്കും സൈപ്രസ്, കണ്ടല്‍ മുതലായ വൃക്ഷങ്ങളും കുറ്റിച്ചെടികളും കോരപ്പുല്ലുമായിരിക്കും. തടാകങ്ങളുടെ പരിവര്‍ത്തനം കൂടാതെ മറ്റ് മാര്‍ഗങ്ങള്‍ മൂലവും സ്വാംപുകള് ഉണ്ടാകാറുണ്ട്.
താഴ്ന്ന പരന്ന ആര്ദ്രപ്രദേശമാണ് 'സ്വാംപ്'. കാലാകാലങ്ങളിലോ, വര്‍ഷം മുഴുവനുമോ ഈ പ്രദേശം വെള്ളപ്പൊക്കത്തിനു വിധേയമാണ്. കടലോരത്തുള്ളതും, എന്നാല്‍ വേലിയേറ്റിറക്കങ്ങളില്‍ നിന്നു വിമുക്തവുമായ ഭാഗങ്ങള്‍ സ്വാംപ്-വളര്‍ച്ചയ്ക്ക് യോജിച്ചതാണ്. നദികളുടെ പ്രളയജലതലത്തിന്റെ ചരിവുകുറഞ്ഞ ഭാഗങ്ങള്‍, ജലാശയങ്ങളുടെ പരിസരം എന്നീ പ്രദേശങ്ങളും സ്വാംപുകളായി മാറാറുണ്ട്. ഉത്തരധ്രുവത്തിന്റെ പരിസരത്തുള്ള ചില ഭൂവിഭാഗങ്ങളില്‍ മഞ്ഞ് ഉരുകുമ്പോള്‍ വെള്ളം ചോര്‍ന്നുപോകാതെ, ഉറഞ്ഞ അടിഭാഗം സംരക്ഷിക്കപ്പെടുന്നു. ഇങ്ങനെ ഉണ്ടാകുന്ന തടങ്ങളില്‍ കാലക്രമേണ സ്വാംപ് രൂപംകൊള്ളുന്നു.
സ്വാംപ് ഏതെങ്കിലും മരുഭൂമിയുമായി ബന്ധപ്പെട്ടിരിക്കുന്നത് ഒരപൂര്‍വ പ്രതിഭാസമാണ്. ആഫ്രിക്കയിലെ കലഹാരി മരുഭൂമിയുടെ വടക്കെ അരികുചേര്‍ന്ന്, ബോട്സ്വാനയില് കാണുന്ന ഓകാവാങ്ഗോ സ്വാംപ് ഇത്തരത്തില്‍പ്പെടുന്നു. ഓകാവാങ്ഗോ നദിയുടെ 10,300 ച.കി.മീ വിസ്താരമുള്ള ഡല്‍റ്റയിലാണ് സ്വാംപ് രൂപമെടുത്തിട്ടുള്ളത്. ഉദ്ദേശം 270 കി.മീ. നീളം വരുന്ന ഇതിന്റെ ചുറ്റുപാടും ഞെരുങ്ങിയ കുറ്റിക്കാടും വനപ്രദേശവുമാണ്.
വിപുലമായ തോതില്‍ ചതുപ്പുകള്‍ കാണപ്പെടുന്ന സ്ഥലങ്ങളില്‍ ചിലതാണ് കാനഡ, അലാസ്ക, അയര്‍ലണ്ട്, മധ്യ അമേരിക്ക, റഷ്യ, സ്കാന്‍ഡിനേവിയ, വടക്കന്‍ ജര്‍മനി തുടങ്ങിയവ. സുമാത്ര, ബ്രഹ്മപുത്രയുടെ ഡെല്‍റ്റാ പ്രദേശം, യുമാസിന്റെ തെ. കിഴക്കു ഭാഗത്തുള്ള വെര്‍ജീനിയ, മിസിസിപ്പി, ലൂസിയാന മുതലായ ഉഷ്ണ-ഉപോഷ്ണ ഭൂവിഭാഗങ്ങളിലും സ്വാംപുകള് സമൃദ്ധമാണ്.
അനുകൂലമായ ശീതോഷ്ണസ്ഥിതി, അപക്വസ്ഥലാകൃതി ഉയര്‍ന്ന ആപേക്ഷികാര്‍ദ്രത, ഹിതകരമായ കാലാവസ്ഥ, സമൃദ്ധമായ വര്‍ഷപാതം, വേലിയേറ്റ-ഇറക്കങ്ങള്‍, വന്‍തിരമാലകള്‍ എന്നീ നശീകരണ ശക്തികളില്‍ നിന്നു സംരക്ഷണം എന്നിത്യാദി സാഹചര്യങ്ങള്‍ ലഭിക്കുന്ന ഏതുതരം ഭൂമിയിലും ആര്ദ്രപ്രദേശങ്ങള് വളര്‍ന്നു പുഷ്ടിപ്പെടും.
(കെ. കുഞ്ഞുണ്ണിമേനോന്)