This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചങ്ങല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചങ്ങല
ലോഹംകൊണ്ടുള്ള ചെറിയ വളയങ്ങള്‍ പരസ്പരം ബലമായി കൂട്ടിയിണക്കി വഴക്കമുള്ള മാലപോലെ ആക്കിത്തീര്‍ക്കുന്ന സംവിധാനം. ഒറ്റക്കമ്പിയുടേതുപോലുള്ള ബലവും കയറുപോലെ വഴക്കവും ഉണ്ട് എന്നതാണ് ചങ്ങലയുടെ പ്രത്യേകത. കമ്പികൊണ്ടുള്ള വലയങ്ങളുടെ അഗ്രങ്ങള്‍ വെല്ഡുചെയ്തോ പിന്നുകൊണ്ടോ പരസ്പരം ചേര്‍ത്താണ് ചങ്ങല നിര്‍മിക്കുന്നത്. ഇതിലെ ഓരോ തുണ്ടിനെയും ലിങ്ക് അഥവാ കണ്ണി എന്നുപറയും.
ചങ്ങലകളെ പൊതുവേ മൂന്നായി തരംതിരിക്കാം: 1. കെട്ടുന്നതിനും ഭാരങ്ങള്‍ ഉയര്‍ത്തുന്നതിനും വലിക്കുന്നതിനും തൂക്കിയിടുന്നതിനും ഉപയോഗിക്കുന്നവ; 2. യന്ത്രങ്ങളിലെ ഷാഫ്റ്റില്‍ നിന്നുമുള്ള ശക്തി ഗിയര്വീലുകളിലേക്ക് പ്രേഷണം ചെയ്യുന്നതിനുള്ള മാധ്യമം; 3. ദൈര്‍ഘ്യം അളക്കുന്നതിനുള്ള അളവുപകരണം.
പതിനായിരക്കണക്കിനു കി.മീ. നീളംവരുന്ന വിവിധതരം ചങ്ങലകള്‍ ഇന്ന് ലോകത്താകെ നിരന്തരം ഉപയോഗത്തിലിരിക്കുന്നു. കഴുത്തിലണിയുന്ന ചെറിയ സ്വര്ണച്ചങ്ങലമുതല് ഭീമാകാരമായ കപ്പലുകളെ പിടിച്ചുനിര്‍ത്തുന്നതിനുള്ള നങ്കൂരങ്ങള്‍ ഘടിപ്പിച്ചിട്ടുള്ള ചങ്ങലവരെയും, ആനയുടെ കാലുകള്‍ കൂട്ടിക്കെട്ടുന്ന ഇടച്ചങ്ങല മുതല്‍ വളരെയേറെ തൂക്കം വരുന്നതും ആയിരക്കണക്കിനു കുതിരശക്തി പ്രേഷണം ചെയ്യാനുപയോഗിക്കുന്നതുമായ 'നിശ്ശബ്ദ' ചങ്ങലകള്‍ വരെയും പലതരം ചങ്ങലകളുമുണ്ട്.
ക്രെയിനിലും മറ്റും ഭാരങ്ങള്‍ വഹിക്കുന്നതിനുള്ള ചങ്ങല ഉയര്‍ന്നതരം പച്ചിരുമ്പു (wrought iron) കൊണ്ടാണ് നിര്‍മിക്കുന്നത്. നങ്കൂരങ്ങള്‍, സ്ളിങ്ങുകള്, ഷവലുകള്‍ തുടങ്ങിയവയിലെ ആവശ്യങ്ങള്‍ക്കും മറ്റു നാവികാവശ്യങ്ങള്‍ക്കും പച്ചിരുമ്പുചങ്ങല തന്നെയാണ് ഉപയോഗിക്കുന്നത്. ഉയര്‍ന്ന തന്യത, തുരുമ്പെടുക്കുന്നതിനെതിരെയുള്ള പ്രതിരോധം, വെല്‍ഡു ചെയ്യാനുള്ള എളുപ്പം ഇവയാണ് ചങ്ങലയ്ക്കു പച്ചിരിമ്പുപയോഗിക്കുന്നത് സാധാരണമാക്കിയത്. ഭാരംകൂടുന്ന അവസരത്തില്‍ പൊട്ടിപ്പോകാതെ ഒരു പരിധിവരെ വലിഞ്ഞുനീളും എന്നതാണ് തന്യത ഉള്ളതുകൊണ്ടുള്ള മെച്ചം. ഉരുക്കാണെങ്കില് ഇത്തരം ഘട്ടങ്ങളില്‍ പെട്ടെന്നു പൊട്ടിപ്പോകാം. അതിനാല്‍ ചങ്ങലകളിലേറെയും പച്ചിരുമ്പു കൊണ്ടാണു നിര്‍മിക്കുന്നത്.
കൈകൊണ്ടു നിര്‍മിച്ചിരുന്ന സാധാരണ ഉപയോഗങ്ങള്‍ക്കുള്ള ചങ്ങലകള്‍ക്കു (4 സെ.മീറ്ററോ അതില്‍ താഴെയോ വ്യാസമുള്ള കമ്പികൊണ്ടു നിര്‍മിച്ചവ) പകരം യന്ത്രനിര്‍മിത ചങ്ങലകളാണ് ഇന്നുപയോഗത്തിലുള്ളത്. കണ്ണികള്‍ ഉണ്ടാക്കുന്നതും പരസ്പരം കോര്‍ത്ത് വെല്ഡുചെയ്യുന്നതും എല്ലാം സ്വയംപ്രവര്‍ത്തക യന്ത്രങ്ങള്‍ തന്നെ.
പൊതുവായ നിര്മാണാവശ്യങ്ങള്ക്കുപയോഗിക്കുന്ന ചങ്ങല പ്രൂഫ്കോയില് ചങ്ങല എന്നാണ് അറിയപ്പെടുന്നത്. ഓപ്പണ്‍-ഹാര്‍ത്ത് രീതിയില്‍ നിര്‍മിച്ച ഉരുക്ക് ആണ് ഇതിന്റെ നിര്‍മിതിക്കുപയോഗിക്കുന്നത്. ഫോസ്ഫറസിന്റെയും സള്‍ഫറിന്റെയും അംശം കുറവായിരിക്കും ഇതില്‍.
ഓരോ ലിങ്കിന്റെയും കുറുകെ ഒരു സ്റ്റഡോ ബാറോ ഘടിപ്പിച്ച രീതിയിലുള്ള ചങ്ങലയെ കേബിള്‍ ചെയിന്‍ (അഥവാ സ്റ്റഡ് ചെയിന്‍) എന്നാണു പറയാറ്. ചങ്ങല കുരുങ്ങാതിരിക്കാനും ഭാരം വഹിക്കുമ്പോള്‍ രൂപവ്യത്യാസം വരാതിരിക്കാനും ഇടയ്ക്കുള്ള ബാര്‍ അഥവാ സ്റ്റഡ് ഉതകും. എന്നാല്‍ ഇതുമൂലം ചങ്ങലയുടെ ബലം വര്‍ധിക്കുകയില്ല.
കെട്ടിട്ടുചേര്ത്ത ചങ്ങല, അച്ചില്‍ കണ്ണി കൊത്തിയ ചങ്ങല എന്നിങ്ങനെ വെല്ഡിങ്ങില്ലാത്ത തരം ചങ്ങലകളും ഉണ്ട്. കെട്ടിട്ട രീതിയിലുള്ള ചങ്ങല യന്ത്രനിര്‍മിതമാണ്. മുത്തുകള്‍ കോര്ത്തമാതിരിയുള്ള ചങ്ങല അലങ്കാരപ്പണികള്‍ക്ക് (വൈദ്യുത വിളക്കുകളും മറ്റും തൂക്കിയിടുന്നതിന്) ഉപയോഗിക്കുന്നു. അകം പൊള്ളയായ മുത്തുകള്‍ കമ്പികൊണ്ട് കോര്ത്തിണക്കിയമാതിരിയാണ് മുത്തുചങ്ങല നിര്‍മിക്കുന്നത്. ലോഹപ്പട്ടകളില് നിന്നും അച്ചുകൊണ്ടു വെട്ടിയെടുത്ത കണ്ണികള്‍ കോര്‍ത്തുണ്ടാക്കിയ ചങ്ങലകളും ഉണ്ട്. സാധാരണ ആവശ്യങ്ങള്‍ക്കു മതിയായ ബലം ലഭിക്കുന്നവയാണ് ഇവയും.
ഗിയര്ചക്രങ്ങള് ഷാഫ്റ്റില്‍ നിന്നും അകലെ ആയിരിക്കുമ്പോള്‍ ഷാഫ്റ്റില്‍ നിന്നും ശക്തി ഗിയര്ചക്രങ്ങളിലേക്കു പകരുന്നതിനാണ് പ്രേഷണചങ്ങല ഉപയോഗിക്കുന്നത്. സ്പ്രോക്കറ്റുകളില്‍ ചുറ്റിയ ചങ്ങലയാണ് ശക്തി ഒരു സ്പ്രോക്കറ്റില്‍ നിന്നും മറ്റൊന്നിലേക്കു പകരുന്നത്. ലിയോണാഡോ ഡാവിഞ്ചിയുടെ കാലം മുതല്ക്കുതന്നെ ഇത്തരം ശക്തിപ്രേഷണ സമ്പ്രദായത്തെപ്പറ്റി അറിയാമായിരുന്നു.
ശക്തിപ്രേഷണത്തിനുവേണ്ടി ഇപ്പോള്‍ സാധാരണയായി നാലുതരം ചങ്ങലകളാണ് ഉപയോഗിച്ചുവരുന്നത്. 1. ഇവര്‍ട്ട് ചങ്ങല 2. ബ്ളോക്ക് ചങ്ങല 3. റോളര്‍ ചങ്ങല 4. നിശ്ശബ്ദ ചങ്ങല. ഭാരം ഉയര്‍ത്തുന്നതിനു വേണ്ടിയാണ് ഇവര്‍ട്ട് ചങ്ങല സാധാരണയായി ഉപയോഗിച്ചുവരുന്നത്. മിനിറ്റില്‍ 300 മീ. വരെ വേഗത്തില്‍ ഭാരം നീക്കം ചെയ്യാന്‍ കഴിവുള്ളവയാണ് ബ്ളോക്കു ചങ്ങലകള്‍. ഇവയെ പരിഷ്കരിച്ചതാണ് റോളര്ചങ്ങല. ബ്ളോക്കിനുപകരം വശങ്ങളില് രണ്ടു തകിടുകളും ഒരു ജോടി ബുഷിങ്ങുകളും റോളറുകളുമാണ് റോളര്ചങ്ങലയിലുള്ളത്. പ്രവര്‍ത്തനവേളയില്‍ മറ്റുതരം ചങ്ങലകളെക്കാള്‍ ശബ്ദം കുറവേ ഉണ്ടാകൂ എന്നതാണ് നിശ്ശബ്ദചങ്ങല (സൈലന്റ് ചെയിന്‍)യുടെ പ്രത്യേകത. മിനിറ്റില്‍ 500 മീ. വരെ വേഗത്തില്‍ ഭാരം നീക്കുന്നതിന് ഇത്തരം ചങ്ങല ഉപയോഗിക്കുന്നു.
ഭൂമി അളക്കുന്നതിനുള്ള ഒരു അളവുപകരണമാണ് അളവുചങ്ങല. ഗാല്വനിത മൃദുഉരുക്കുകൊണ്ടു നിര്‍മിച്ച 4 മി.മീ. വ്യാസമുള്ള നൂറോ നൂറ്റമ്പതോ തുണ്ടുകള്‍ കൂട്ടിയിണക്കിയതാണ് ഇത്. ഈ ചെറിയ കമ്പികളെ ലിങ്സ് എന്നാണു പറയുക. ഓരോ ലിങ്ങിന്റെയും ഇരുവശം ഓരോ ലൂപ്പ് വളച്ചിട്ടുണ്ട്. മൂന്നു ഓവല്‍ വളയങ്ങള്കൊണ്ട് ലൂപ്പുകളെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. അളവെടുക്കുമ്പോള്‍ വഴങ്ങുന്നതിനും കുരുക്കുകള്‍ ഉണ്ടാകാതിരിക്കുന്നതിനും ഈ രീതി സൌകര്യമാണ്. ലൂപ്പിന്റെ ചേര്‍പ്പുകള്‍ വെല്‍ഡു ചെയ്യണമെന്നില്ല. വെല്‍ഡു ചെയ്തിട്ടുള്ളതരം ചങ്ങലകളും ഉണ്ട്. ചങ്ങലയുടെ രണ്ടറ്റത്തും പിച്ചളപ്പിടികള് ഉണ്ടായിരിക്കും. ചങ്ങല നിലത്തിട്ടുവലിച്ച് അളക്കുന്നതിനാണ് ഈ പിടികള്‍. ഒരു പിടിയുടെ വെളിയറ്റം മുതല്‍ മറ്റേ പിടിയുടെ വെളിയറ്റം വരെ ആകെ ഉള്ള നീളമാണ് ചങ്ങലയുടെ നീളം. ഒരു ലിങ്ങിന്റെ നീളമെന്നാല്‍ ഒരു തുണ്ടിന്റെ ഇരുവശങ്ങളിലുമുള്ള മധ്യവളയങ്ങളുടെ കേന്ദ്രങ്ങള്‍ക്കിടയിലുള്ള ദൂരമാണ്. പിടിയുള്‍പ്പെടെ ഉള്ള നീളമാണ് രണ്ടറ്റത്തും ഉള്ള ലിങുകളുടെ നീളം. പ്രത്യേക ആകൃതിയുള്ള ലോഹടാഗുകള് ചങ്ങലയുടെ ഇടയില്‍ നിശ്ചിത അകലത്തില്‍ കോര്‍ത്തിട്ടിരിക്കും. അതുവരെയുള്ള നീളം അറിയുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.
മെട്രിക്ചങ്ങല 20 മീ. നീളത്തിലും 30 മീ. നീളത്തിലും ലഭ്യമാണ്. 5 മീ. ഇടവിട്ട് ടാലികളും ഓരോ മീ. ഇടവിട്ട് പിച്ചള വളയങ്ങളും ഇതില്‍ കോര്ത്തിരിക്കും. ടാലികള്‍ ഉള്ള സ്ഥാനത്ത് വളയങ്ങള്‍ ഉണ്ടാവില്ല. ലിങ്കുകളെ ഘടിപ്പിക്കുന്ന വളയങ്ങളില്‍ നടുവിലത്തേത് വൃത്താകൃതിയില്‍ ഉള്ളതും മറ്റു രണ്ടും ഓവല്‍ ആകൃതിയില്‍ ഉള്ളതും ആയിരിക്കും. വൃത്താകൃതിയുള്ള വലയത്തിനുള്ളില്‍ അമ്പ് കുത്തിയാണ് അളവെടുക്കുന്നത്. കൈപിടികളും പുറം അറ്റത്ത് മധ്യത്തിലും അമ്പുകുത്തുന്നതിനുള്ള അര്‍ധവൃത്താകൃതിയിലുള്ള പൊഴിയും ഉണ്ട്. ഇതിന്റെ വ്യാസവും ഒന്നുതന്നെ ആയിരിക്കും. ചങ്ങലയുടെ കൈപിടിയില്‍ അതിന്റെ മൊത്തം നീളം എഴുതിയിരിക്കും.
66 അടി നീളമുള്ളതും 100 ലിങ്ങുകള് ഉള്ളതും (ഓരോന്നും 66 അടി) ആയ ചങ്ങലയാണ് ഗണ്ടേഴ്സ് ചങ്ങല. നീളം മൈലിലും ഫര്ലോങ്ങിലും അളക്കുന്നതിന് ഇത് ഉപയോഗിച്ചിരുന്നു. ഭൂമിയുടെ ഏക്കര്‍കണക്കിനുള്ള അളവെടുക്കുന്നതിനും ഇത് പ്രയോജനപ്പെട്ടു. 33 അടി നീളമുള്ളതും 16 ലിങ്ങുകളുള്ളതും ആയ ചങ്ങലയാണ് റവന്യൂചങ്ങല. ഇത് ഭൂമി അളക്കുന്നതിനുപയോഗിക്കുന്നു. നൂറടി നീളമുള്ളതും നൂറുലിങുകള് ഉള്ളതുമാണ് എന്‍ജിനീയേഴ്സ് ചെയ്ന്‍. അടിയിലും അതിന്റെ ദശാംശങ്ങളിലുമാണ് ഇത്തരം ചങ്ങലകൊണ്ട് അളവെടുക്കുന്നത്.