This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗില്‍ബര്‍ട്ട്, ഹംഫ്രി (1539 - 83)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗില്‍ബര്‍ട്ട്, ഹംഫ്രി (1539 - 83)

Gilbert, Humphrey

വടക്കേ അമേരിക്കയില്‍ കോളനി സ്ഥാപിക്കുന്നതിന് ആദ്യമായി ശ്രമിച്ച ഇംഗ്ലീഷ് യോദ്ധാവ്. ഡെവണ്‍ഷെയറിലെ ഗ്രീന്‍വേയില്‍ 1539-ല്‍ ജനിച്ച ഗില്‍ബര്‍ട്ട് ഓക്സ്ഫഡ് സര്‍വകലാശാലയില്‍ മിലിറ്ററി സയന്‍സിലും നാവിഗേഷനിലും പഠനം പൂര്‍ത്തിയാക്കിയ ശേഷം സൈനിക സേവനത്തില്‍ പ്രവേശിച്ചു.

ഇംഗ്ലണ്ടിനെയും വിദൂര പൗരസ്ത്യ രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന - പ്രത്യേകിച്ച് ചൈനയെ -ഒരു വ.പടിഞ്ഞാറന്‍ പാത കണ്ടെത്തുന്നതിനെക്കുറിച്ചുള്ള ഒരു പ്രബന്ധം 1566-ല്‍ ഇദ്ദേഹം തയ്യാറാക്കി. ഈ പദ്ധതി എലിസബത്ത് രാജ്ഞിക്കു സ്വീകാര്യമായിരുന്നില്ല. പകരം ഗില്‍ബര്‍ട്ടിനെ അയര്‍ലണ്ടിലേക്കയച്ചു. അവിടത്തെ ജനകീയ പ്രക്ഷോഭം ഇദ്ദേഹം അനായാസം അടിച്ചൊതുക്കുകയും ദക്ഷിണ അയര്‍ലണ്ടില്‍ കോളനി സ്ഥാപിക്കുന്നതിനുള്ള വിശദമായ പദ്ധതികള്‍ക്കു രൂപം നല്കുകയും ചെയ്തു. സ്പെയിനിനെതിരെ നെതര്‍ലന്‍ഡ് നടത്തിയ മുന്നേറ്റത്തിലും 1500-ലധികം വരുന്ന ഭടന്മാരുടെ വിജയകരമായ നേതൃത്വം ഗില്‍ബര്‍ട്ടിനായിരുന്നു.

1566 മുതല്‍ 1570 വരെ അയര്‍ലണ്ടില്‍ ക്യാപ്റ്റനായി ഗില്‍ബര്‍ട്ട് സേവനമനുഷ്ഠിച്ചു. ഹൗ ഹെര്‍ മജെസ്റ്റി മെ അനോയ് ദ് കിങ് ഒഫ് സ്പെയിന്‍ എന്ന പഠന റിപ്പോര്‍ട്ട് തയ്യാറാക്കി രാജ്ഞിക്കു സമര്‍പ്പിച്ചെങ്കിലും അതിനു വേണ്ടത്ര അംഗീകാരം കിട്ടിയില്ല. അയര്‍ലണ്ടിലെ അനുഭവപാഠങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് വടക്കേ അമേരിക്കയില്‍ ഒരു ബ്രിട്ടീഷ് കോളനി സ്ഥാപിക്കുന്നതിന് ഉതകുന്ന പരിപാടികള്‍ ഗില്‍ബര്‍ട്ട് ആസൂത്രണം ചെയ്തു. പ്രസിദ്ധ ഫ്രഞ്ച് ഭൂമിശാസ്ത്രജ്ഞനും സഞ്ചാരിയും അമേരിക്കയെക്കുറിച്ച് പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ആളുമായ ആന്ദ്രേ തീവെറ്റുമായി ഉണ്ടായ അടുപ്പത്തില്‍ നിന്നായിരിക്കണം ഗില്‍ബര്‍ട്ടിനു കോളനി സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ആശയം കിട്ടിയതെന്നു കരുതപ്പെടുന്നു. സ്പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് മുതലായ രാജ്യങ്ങളുടെ മത്സ്യബന്ധന കപ്പലുകളും അമേരിക്കന്‍വെള്ളി കയറ്റിവരുന്ന സ്പാനിഷ് കപ്പലുകളും തടഞ്ഞുനിര്‍ത്തി പിടികൂടുന്ന ഒരു പദ്ധതിയായിരുന്നു ഇദ്ദേഹം തയ്യാറാക്കിയത്. രാജ്ഞി ഈ പദ്ധതി തള്ളിക്കളഞ്ഞെങ്കിലും 1578-ല്‍ ആറുകൊല്ലക്കാലം നീണ്ടുനില്‍ക്കുന്ന ഒരു കോളനൈസേഷന്‍ പരിപാടിക്ക് അനുമതി നല്കി. ക്രിസ്തുമതാനുയായികളുടേതായ ഭൂപ്രദേശങ്ങളെ ആക്രമിക്കരുതെന്ന പ്രത്യേക നിര്‍ദേശം ഗില്‍ബര്‍ട്ടിനു നല്കിയിരുന്നു.

1578 ന. 19-ന് ഏഴു കപ്പലുകളുമായി ഗില്‍ബര്‍ട്ട് തന്റെ സാഹസികയാത്ര ആരംഭിച്ചു. വടക്കേ അമേരിക്കയെ ലക്ഷ്യമാക്കിക്കൊണ്ടുള്ള യാത്ര അധികം മുന്നോട്ടു നീക്കുന്നതിന് ഇദ്ദേഹത്തിനു കഴിഞ്ഞില്ല. ആയുധ സജ്ജീകരണങ്ങളുടെ പോരായ്മയും സൈന്യത്തിന്റെ അച്ചടക്കമില്ലായ്മയും നിമിത്തം ആ സംരംഭം ഉപേക്ഷിക്കേണ്ടി വന്നു. 1579-ല്‍ അയര്‍ലണ്ടില്‍ ജെയിംസ് ഫിറ്റ്സ്ജറാള്‍ഡിന്റെ നേതൃത്വത്തിലുണ്ടായ വിപ്ലവം പരാജയപ്പെടുത്തുന്നതിലും ഗില്‍ബര്‍ട്ട് സ്തുത്യര്‍ഹമായ പങ്കു വഹിച്ചു.

1583 ജൂണ്‍ 11-നു കുറച്ചുകൂടി സുസജ്ജവും ആസൂത്രിതവുമായ ഒരു കപ്പല്‍ യാത്രയ്ക്ക് ഗില്‍ബര്‍ട്ട് തുടക്കമിട്ടു. ആഗ. 3-നു ന്യൂഫൌണ്ട്ലന്‍ഡിലെ സെന്റ്  ജോണ്‍സില്‍ രാജ്ഞിക്കുവേണ്ടി ഇദ്ദേഹം ആധിപത്യമുറപ്പിച്ചു. അവിടെ നിന്നും മൂന്ന് കപ്പലുകളുമായി തെക്കോട്ടുള്ള യാത്രയില്‍ ഏറ്റവും വലിയ കപ്പല്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് മാതൃരാജ്യത്തേക്കു മടങ്ങി. ഈ യാത്രയില്‍ അത്ലാന്തിക് സമുദ്രത്തിലുണ്ടായ കപ്പലപകടത്തില്‍ ഇദ്ദേഹം മരിച്ചു. (1583 സെപ്. 9). ഗില്‍ബര്‍ട്ടിന്റെ ജീവചരിത്രവും ഇദ്ദേഹത്തിന്റെ രചനകളും ഉള്‍പ്പെടുത്തി ഡി.ബി. ക്വിന്‍ തയ്യാറാക്കിയ ദ് വോയോജസ് ആന്‍ഡ് കോളനൈസിങ് എന്റര്‍പ്രൈസസ് ഒഫ് സര്‍ ഹംഫ്രി ഗില്‍ബര്‍ട്ട് (രണ്ട് വാല്യങ്ങള്‍) 1940-ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍