This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗാലപ്പ്, ജോര്‍ജ് ഹൊറേസ് (1901 - 84)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗാലപ്പ്, ജോര്‍ജ് ഹൊറേസ് (1901 - 84)
Gallup, George Horace
അമേരിക്കന്‍ പൊതുജനാഭിപ്രായ വിശ്ളേഷകന്‍. ഗാലപ്പ്പോള്‍ എന്ന സമ്പ്രദായം ആവിഷ്കരിച്ചത് ഇദ്ദേഹമാണ്. ആധുനിക പോളിങ് സങ്കേതങ്ങളുടെ പ്രണേതാവായ ഇദ്ദേഹം 1901 മാ. 18-ന് അയോവയിലെ ജെഫേഴ്സണില്‍ ജനിച്ചു. അയോവാ സര്‍വകലാശാലയില്‍ നിന്നു പത്രപ്രവര്‍ത്തനത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടിയ (1928) ശേഷം 1932-ല്‍ ന്യൂയോര്‍ക്കിലെ യങ് ആന്‍ഡ് റൂബിക്കന്‍ അഡ്വര്‍ടൈസിങ് ഏജന്‍സിയില്‍ ഉദ്യോഗം സ്വീകരിച്ചു. പരസ്യങ്ങളിലും ഫീച്ചര്‍ ലേഖനങ്ങളിലും വായനക്കാര്‍ക്കുള്ള താത്പര്യം നിര്‍ണയിക്കുന്നതിനുള്ള സങ്കേതങ്ങള്‍ ഇദ്ദേഹം വകസിപ്പിച്ചെടുത്തത് ഈ ഏജന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന കാലത്തായിരുന്നു. റേഡിയോ ശ്രോതാക്കളുടെ എണ്ണവും ഘടനയും നിര്‍ണയിക്കുന്നതിനുള്ള പ്രവിധികള്‍ ഉള്‍പ്പെടെ നിരവധി മറ്റു സങ്കേതങ്ങളും ഇദ്ദേഹം പരീക്ഷിച്ചു പ്രയോഗത്തില്‍ വരുത്തി.
1935-ല്‍ ഇദ്ദേഹം അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് ഒപിനിയന്‍ ആരംഭിച്ചു. ഈ സ്ഥാപനം തയ്യാറാക്കിയ ആദ്യത്തെ ഇലക്ഷന്‍ പോളും (1936) മറ്റ് ആദ്യകാല സര്‍വേകളും വിപണി ഗവേഷണ സങ്കേതങ്ങള്‍ ഉപയോഗിച്ച് സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളിലെ പൊതുജനാഭിപ്രായം നിര്‍ണയിക്കാമെന്ന് തെളിയിച്ചു. ചുരുങ്ങിയ കാലംകൊണ്ടുതന്നെ വിശ്വസ്തതയ്ക്ക് പേരുകേട്ട ഒരു ഗവേഷണസ്ഥാപനമായി ഈ ഇന്‍സ്റ്റിറ്റ്യൂട്ട് വളര്‍ന്നു. വിദ്യാഭ്യാസരംഗത്തും സാമൂഹികരംഗത്തും പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍, സ്വകാര്യ വ്യാവസായികള്‍, വാര്‍ത്താമാധ്യമങ്ങള്‍, രാഷ്ട്രീയ വിഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടെ കക്ഷികളുടെ ഒരു വന്‍നിര തന്നെ ഈ സ്ഥാപനത്തിനുണ്ടായിരുന്നു. അഭിമുഖം നടത്തുന്നതിന് പ്രാഗല്ഭ്യം നേടിയ ഇന്റര്‍വ്യൂവര്‍മാരുടെ സഹായത്തോടെ, ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രാതിനിധ്യസ്വഭാവമുള്ള ദേശീയതല സര്‍വേകള്‍ നടത്തുന്നതിനും ദത്തങ്ങള്‍ വിശകലനം ചെയ്യുന്നതിനുമുള്ള ശേഷിയാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ആസ്തി. പല വിദേശ രാഷ്ട്രങ്ങളിലും ഈ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പൊതുജനാഭിപ്രായ വിശ്ളേഷണ സ്ഥാപനങ്ങള്‍ പിന്നീട് രൂപംകൊണ്ടു. 1958-നുശേഷം ഗാലപ്പ് സ്ഥാപനങ്ങള്‍ ഗാലപ്പ് ഓര്‍ഗനൈസേഷന്‍ ഇന്‍കോര്‍പ്പറേറ്റഡ് എന്ന ബൃഹത് സംഘടനയുടെ കീഴിലായി.
ഇദ്ദേഹം രചിച്ച ആറു ഗ്രന്ഥങ്ങളില്‍ പ്രധാനം 1972-ല്‍ പ്രസിദ്ധീകരിച്ച ദ സോഫിസ്റ്റിക്കേറ്റഡ് പോള്‍ വാച്ചേഴ്സ് ഗൈഡ് ആണ്. ഗാലപ്പ് 1984 ജൂല. 26-ന് സ്വിറ്റ്സര്‍ലന്‍ഡിലെ ഷിംഗെലില്‍ അന്തരിച്ചു.