This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗാലപ്പഗോസ് ദ്വീപുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗാലപ്പഗോസ് ദ്വീപുകള്‍
Galapagos Islands
പൂര്‍വപസിഫിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ഒരു ദ്വീപ സമൂഹം. ഇക്വഡോറിന്റെ ഭാഗമായ ഈ ദ്വീപസമൂഹം വന്‍കരയില്‍ നിന്നും 965 കി.മീ. പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. ജൈവവൈവിധ്യത്തിന്റെ കലവറയായ ഗാലപ്പഗോസ് ദ്വീപുകള്‍ ഗാലപ്പഗോസ് പ്രവിശ്യയില്‍പ്പെട്ട ഇക്വഡോര്‍ ദേശീയോദ്യാനത്തിന്റെ ഭാഗമാണ്. ഇവിടത്തെ അനന്യസവിശേഷമായ ആവാസവ്യവസ്ഥയും ജൈവവൈവിധ്യവുമാണ് 'പ്രകൃതിനിര്‍ധാരണത്തിലൂടെയുള്ള പരിണാമം' എന്ന സിദ്ധാന്തം ആവിഷ്കരിക്കുന്നതിന് ചാള്‍സ് ഡാര്‍വിനെ പ്രേരിപ്പിച്ചത്. സു. 7880 ച.കി.മീ. വിസ്തൃതിയില്‍ വ്യാപിച്ചിരിക്കുന്ന ഈ ദ്വീപസമൂഹത്തിലെ പ്രധാന ദ്വീപ് ഇസബെല്ലയാണ് (വിസ്തൃതി: 4855 ച.കി.മീ.). ഇത് ദ്വീപ സമൂഹത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ പകുതിയിലധികം വരും. ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ ഏറ്റവും ഉയരം കൂടിയ (1,700 മീ.) പര്‍വതം സ്ഥിതിചെയ്യുന്നതും ഇസബെല്ലയിലാണ്. ഇസബെല്ല ദ്വീപ് ഉള്‍പ്പെടെ 16 പ്രധാന ദ്വീപുകളും ആറ് ചെറിയ ദ്വീപുകളും 107 പാറക്കൂട്ടങ്ങളും ഉള്‍പ്പെടുന്നതാണ് ഗാലപ്പഗോസ് ദ്വീപസമൂഹം. ഗാലപ്പഗോസ് ഹോട്ട്സ്പോട്ടില്‍ സ്ഥിതിചെയ്യുന്ന ഈ ദ്വീപസമൂഹത്തിലെ എല്ലാ ദ്വീപുകളും അഗ്നിപര്‍വത സ്ഫോടനത്തിന്റെ ഫലമായി രൂപപ്പെട്ടവയാണ്. ഇവയില്‍ ഏറ്റവും കാലപ്പഴക്കം ചെന്ന ദ്വീപ് അഞ്ച് മുതല്‍ 10 വരെ ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് രൂപപ്പെട്ടതാണെന്നു കരുതപ്പെടുന്നു. ദ്വീപസമൂഹത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ദ്വീപുകളായ ഇസബെല്ലയും ഫെര്നാന്ഡിനയും 2007-ല്‍ ഉണ്ടായ അഗ്നിപര്‍വത വിസ്ഫോടനത്തിന്റെ ഫലമായി ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നു. ഭൂമധ്യരേഖാ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഗാലപ്പഗോസ് ദ്വീപുകള്‍ ഉത്തര-ദക്ഷിണഗോളങ്ങളിലായാണ് സ്ഥിതിചെയ്യുന്നത്. അതിരുകള്‍: കി. ഇക്വഡോര്‍, വ. കാര്ക്കോസ് ദ്വീപ്, തെ. ഈസ്റ്റര്സാന് ഫെലിക്സ് ദ്വീപുകള്‍, പ. പസിഫിക് സമുദ്രം. ജനസംഖ്യ 40,000; പ്രധാനഭാഷ: സ്പാനിഷ്. തലസ്ഥാനം: പ്യൂര്‍ട്ടോ ബാക്യൂറിസോ മൊറെനൊ. ദ്വീപസമൂഹം ഉള്‍പ്പെടുന്ന പ്രദേശത്തെ (പ്രവിശ്യ) ഭരണസൗകര്യാര്‍ഥം മൂന്ന് മേഖലകളിലായി വിഭജിച്ചിരിക്കുന്നു.
രാഷ്ട്രീയമായി തെക്കേഅമേരിക്കയിലെ ഒരു വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയാണ് ഗാലപ്പഗോസ് ദ്വീപുകള്‍. ദ്വീപസമൂഹത്തിലെ ദ്വീപുകള്‍ എല്ലാം തന്നെ ഇക്വഡോര്‍ ദേശീയോദ്യാനത്തിന്റെ ഭാഗമാണ്. 1978-ല്‍ യുനെസ്കോ ഈ ദ്വീപസമൂഹത്തെ ലോകപൈതൃക പ്രദേശമായും 1990-ല്‍ ഇവിടം തിമിംഗല സങ്കേതമായും പ്രഖ്യാപിക്കപ്പെട്ടു. 1985-ല്‍ ഈ മേഖലയെ ബയോസ്ഫിയര്‍ റിസര്‍വ് ആയും 2001-ല്‍ മറൈന്‍ റിസര്‍വ് ആയും പ്രഖ്യാപിച്ചു. ആസ്റ്റ്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫ് കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മറൈന്‍ റിസര്‍വാണിത്.
ചരിത്രം യൂറോപ്പില്‍ നിന്ന് ആദ്യമായി ഗാലപ്പഗോസിലെത്തുന്നത് പനാമയിലെ നാലാമത്തെ ബിഷപ്പായിരുന്ന ഡിബെര്ലാംഗാ ആണ്. പനാമയില്‍ നിന്ന് പെറുവിലേക്കുള്ള യാത്രാമധ്യേ, ആകസ്മികമായി, 1535 മാര്‍ച്ച് 10-നാണ് ഇദ്ദേഹം ഇവിടെയെത്തിയത്. പക്ഷേ, ഇത് ആദ്യത്തെ കണ്ടെത്തലായിരുന്നില്ലെന്ന് പിന്നീട് തെളിഞ്ഞു. 1952-ല്‍ നടത്തിയ പഠനത്തില്‍, ഗാലപ്പഗോസിന്റെ പല ഭാഗങ്ങളില്‍ നിന്നും മണ്‍പാത്രക്കഷണങ്ങളും മനുഷ്യനുപയോഗിച്ചിരിക്കുന്ന മറ്റു പുരാവസ്തുക്കളും കണ്ടെത്തി. ഇവയുടെ കാലപ്പഴക്കം നിര്ണയിച്ചതില്നിന്നും സ്പാനിഷ് യാത്രികര്‍ ഇവിടെ എത്തുന്നതിന് മുന്‍പ് തന്നെ തെക്കേ അമേരിക്കയില്‍ നിന്നുള്ള പൂര്വവംശജര് ഈ ദ്വീപുകളില്‍ എത്തിയിരുന്നുവെന്ന് വ്യക്തമായി.
1570-ല്‍ അബ്രഹാം ഒര്‍ട്ടേലിയസ് തയ്യാറാക്കിയ ഭൂപടത്തിലാണ് ആദ്യമായി ഈ ദ്വീപസമൂഹം ഇടംനേടുന്നത്. 'കരയാമകളുടെ ദ്വീപുകള്‍' എന്നര്‍ഥം വരുന്ന ഇന്സുലെ ദെ ലോസ് ഗാലൊപെഗോസ് (Insulae de los galapegos ) എന്നായിരുന്നു അന്നത്തെ പേര്. 1593-ല്‍ ഇവിടെയെത്തിയ റിച്ചാര്‍ഡ് ഹാക്കിന്‍സ് എന്ന ക്യാപ്റ്റനാണ് ദ്വീപുസന്ദര്ശകനായ ആദ്യത്തെ ഇംഗ്ലീഷുകാരന്. തെക്കേ അമേരിക്കയില്‍ നിന്ന് സ്പെയിനിലേക്ക് സ്വര്‍ണവും വെള്ളിയും കൊണ്ടുപോകുന്ന സ്പാനിഷ് കപ്പലുകളെ കൊള്ളയടിക്കുന്ന ഇംഗ്ലീഷ് കടല്‍ക്കൊള്ളക്കാരുടെ താവളമായിരുന്നു 19-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിവരെ ഈ ദ്വീപുകള്‍.
സ്പെയിനിലെ രാജാവ് സ്പോണ്സര് ചെയ്ത ആദ്യത്തെ ശാസ്ത്രപര്യവേക്ഷണസംഘം, അലസ്സാന്‍ഡ്രോ എന്ന സിസിലിയന് ക്യാപ്റ്റന്റെ നേതൃത്വത്തില്‍ 1790-ലാണ് ഗാലപ്പഗോസിലെത്തുന്നത്. നിര്‍ഭാഗ്യവശാല്‍, ഈ പര്യവേക്ഷണസംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് പില്ക്കാലത്ത് നഷ്ടപ്പെട്ടുപോയി. 1793-ല്‍ ജെയിംസ് കോള്നെറ്റ് ഗാലപ്പഗോസിലെ ജന്തുസസ്യവൈവിധ്യത്തെക്കുറിച്ച് ഒരു വിവരണം തയ്യാറാക്കുകയുണ്ടായി. പസിഫിക് സമുദ്രത്തിലെ തിമിംഗലവേട്ടയ്ക്കുള്ള താവളമായി ഈ ദ്വീപുകളെ ഉപയോഗിക്കാമെന്ന് ഇദ്ദേഹം നിര്‍ദേശിച്ചു. ഈ നിര്‍ദേശം ഗാലപ്പഗോസിലെ പാരിസ്ഥിതിക കെടുതികള്‍ക്ക് തുടക്കം കുറിച്ചു. തിമിംഗലവേട്ടക്കാര്‍ തിമിംഗലങ്ങള്‍ക്കൊപ്പം ദ്വീപുകളിലെ ആയിരക്കണക്കിന് ഭീമന് കരയാമകളെ കൊന്നൊടുക്കി. അവയുടെ നെയ്യെടുക്കാന്‍ വേണ്ടിയാണ് പ്രധാനമായും ഈ കൂട്ടക്കുരുതി നടത്തിയത്. വെള്ളവും ഭക്ഷണവുമില്ലാതെ ഇവയ്ക്കു അധികനാള്‍ ജീവിക്കാന്‍ കഴിയുമെന്നുള്ളതുകൊണ്ട്, യാത്രയ്ക്കിടയില്‍ മാംസ ഭക്ഷണത്തിനായി ഇവര്‍ അനേകം ആമകളെ കപ്പലില്‍ കയറ്റിക്കൊണ്ടുപോവുന്നതും പതിവായിരുന്നു. ക്രമാതീതമായ ഈ ആമവേട്ട അവയുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തിയെന്ന് മാത്രമല്ല, പല സ്പീഷീസുകളുടെയും നാശത്തിനും അത് വഴിവച്ചു. തിമിംഗല വേട്ടക്കാരെത്തുടര്ന്ന് കടല്സിംഹ (fur seal) വേട്ടക്കാരും എത്തിയതോടെ മിക്ക ദ്വീപുകളിലും ആമകളും മറ്റ് പല സ്പീഷീസുകളും വംശനാശത്തിന്റെ വക്കിലെത്തി.
1832-ലാണ് (ഫെ. 12) ഇക്വഡോര്‍, ഗാലപ്പഗോസിനെ തങ്ങളുടെ അധികാരപരിധിയിലുള്ള പ്രദേശമായി കൂട്ടിച്ചേര്‍ക്കുന്നത്. 1832 ഒക്ടോബറില്‍, ഗാലപ്പഗോസിലെ ആദ്യത്തെ ഗവര്‍ണര്‍ ഒരു കൂട്ടം തടവുപുള്ളികളെ ഫ്ളോറീന ദ്വീപില്‍ അധിവസിപ്പിച്ചു. കുറേ കൃഷിക്കാരും കൈത്തൊഴിലുകാരും ഇവരോടൊപ്പം ദ്വീപില്‍ കുടിയേറി.
ക്യാപ്റ്റന്‍ ഫിറ്റ്സ്റോയിയുടെ നേതൃത്വത്തില്‍ (എച്ച്.എം.എസ്. ബീഗിളില്‍), 1835 സെപ്. 15-ന് ഡാര്വിന് ഗാലപ്പഗോസിലെത്തി. 22 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ചാള്‍സ് ഡാര്വിന് സഹപ്രവര്‍ത്തകരോടൊപ്പം ചാഥാം, ചാള്‍സ്, ആല്‍ബെമാര്‍ലെ, ജെയിംസ് എന്നീ ദ്വീപുകളുടെ ജീവശാസ്ത്രപരവും ഭൂവിജ്ഞാനീയപരവുമായ സവിശേഷതകളെ പഠനവിധേയമാക്കി. ഇന്ന് 'ഡാര്‍വിന്‍സ് ഫിഞ്ചസ്' എന്നറിയപ്പെടുന്ന മോക്കിങ് പക്ഷികള്‍ (ഒരുതരം കുരുവികള്‍) ഓരോ ദ്വീപിലും വ്യത്യസ്തമാണ് എന്ന് ഡാര്വിന് നിരീക്ഷിച്ചു. അവ തമ്മില്‍ ബന്ധമില്ല എന്ന അന്നത്തെ ധാരണയില്‍ ഓരോ ദ്വീപിലെ പക്ഷികളെയും അതത് ദ്വീപിന്റെ പേരില്‍ ലേബല്‍ ചെയ്യുന്നതിനോട് ഡാര്വിന് യോജിച്ചില്ല. ഇക്വഡോര്‍ റിപ്പബ്ലിക്കിന്റെ ഗാലപ്പാഗോസിലെ ആക്റ്റിങ് ഗവര്‍ണറായ നിക്കോളാസ് ലാസണ്‍ എന്ന ഇംഗ്ലീഷുകാരന്, തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന കോളനിയിലേക്ക് പോകുംവഴി, ചാള്‍സ് ദ്വീപില്‍ വച്ചാണ് ഡാര്‍വിന്റെ സംഘത്തെ പരിചയപ്പെട്ടത്. ഓരോ ദ്വീപിലെയും കരയാമകളും കുരുവികളെപ്പോലെ തന്നെ വ്യത്യസ്തമാണെന്നുള്ള വസ്തുത അദ്ദേഹം ഡാര്‍വിനെ ധരിപ്പിച്ചു. പര്യവേക്ഷണത്തിന്റെ അവസാനഘട്ടത്തിലാണ് വ്യത്യസ്തതകളുള്ള മോക്കിങ് പക്ഷികളെല്ലാം ഒരേ വിഭാഗത്തില്‍പ്പെട്ടതാണെന്നും അതേപോലെ തന്നെ വിവിധ ദ്വീപുകളിലെ വിവിധ തരത്തിലുള്ള ആമകളും ഒരേ വിഭാഗത്തിലുള്ളവയാണെന്നുമുള്ള തിരിച്ചറിവ് ഡാര്വിനുണ്ടാകുന്നത്. വിവിധ ദ്വീപുകളിലെ വ്യത്യസ്ത സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള അനുകൂലനങ്ങളാണ് ഇവയ്ക്കിടയിലെ വ്യത്യസ്തതകള്‍ക്കുള്ള കാരണമെന്ന് പിന്നീട് ഡാര്വിന് സിദ്ധാന്തിച്ചു. ഈ നിരീക്ഷണങ്ങളും സിദ്ധാന്തവുമാണ് പരിണാമത്തിന്റെ അടിസ്ഥാനമായ പ്രകൃതി നിര്‍ധാരണമെന്ന ആശയത്തിലേക്ക് ഡാര്‍വിനെ എത്തിച്ചത്.
കാലാവസ്ഥ ഭൂമധ്യരേഖയിലാണ് സ്ഥാനമെങ്കിലും ഹംബോള്‍ട്ട് (Humbolt) സമുദ്രജലപ്രവാഹം ഇവിടേക്ക് തണുത്തജലം എത്തിക്കുന്നതിനാല്‍ വര്‍ഷത്തില്‍ മിക്കപ്പോഴും മഴയുണ്ടാകും. എല്‍നിനോ പ്രതിഭാസം ശക്തമായ സ്വാധീനം ചെലുത്തുന്നതുകൊണ്ടുതന്നെ ചൂടും കനത്തമഴയുമുള്ള കാലാവസ്ഥയാണ് ദ്വീപുകളില്‍ പൊതുവേയുള്ളത്.
ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള, 'ഗരുവ' (Garua) എന്നറിയപ്പെടുന്ന സീസണില്‍ കടല്‍ താപനില 22oC ആയിരിക്കും. ഇക്കാലത്ത് തെക്കും തെക്കുകിഴക്കും ഭാഗങ്ങളില്‍ നിന്ന് തണുത്ത കാറ്റ് വീശുന്നതിനാല്‍ തുടര്‍ച്ചയായ ചാറ്റല്‍മഴ (ഗരുവ) ദിവസം മുഴുവന്‍ നീണ്ടുനില്ക്കാറുണ്ട്. അതോടൊപ്പം കട്ടിയുള്ള മൂടല്‍മഞ്ഞും ഉണ്ടാകും. ഈ മൂടല്‍മഞ്ഞിനാല്‍ മറഞ്ഞിരിക്കുന്നതിനാല്‍, ഇക്കാലത്ത് ദ്വീപുകള്‍ കാഴ്ചയില്‍ പെടില്ല. വേനല്‍ക്കാലത്ത് (ഡിസംബര്‍ മുതല്‍ മേയ് വരെ) കടലിന്റെയും വായുവിന്റെയും ശരാശരി താപനില 25oC ആയിരിക്കും. കാറ്റ് ഒട്ടുമുണ്ടായിരിക്കില്ല. വല്ലപ്പോഴും കനത്ത മഴയുണ്ടാകും. തീക്ഷ്ണമായ സൂര്യപ്രകാശമായിരിക്കും ഇക്കാലത്ത്. വലിയ ദ്വീപുകളില്‍ സമുദ്രനിരപ്പില്‍നിന്നുള്ള ഉയരം കൂടുന്നതനുസരിച്ച് കാലാവസ്ഥയില്‍ മാറ്റമുണ്ടായിരിക്കും.
വിവിധകാലഘട്ടങ്ങളില്‍ വിവിധപേരുകളിലാണ് ഗാലപ്പഗോസ് ദ്വീപസമൂഹം അറിയപ്പെട്ടിരുന്നത്. ഈ ദ്വീപസമൂഹത്തിനടുത്തുകൂടി കപ്പല്‍യാത്ര ദുഷ്കരമായതിനാല് നാവികര്‍ക്കിടയില്‍ ഇത് വളരെക്കാലം ദ്രുതാവിഷുദ്വീപുകള് (Enchanted islands) എന്നപേരില്‍ അറിയപ്പെട്ടു. 1684-ല്‍ അംബ്രോസ് കൗലി (Ambross cowley) ഈ ദ്വീപസമൂഹത്തിന്റെ നാവികചാര്ട്ട് തയ്യാറാക്കുകയും ദ്വീപുകള്‍ക്ക് പ്രത്യേകം പ്രത്യേകം പേരുകള്‍ നല്‍കുകയും ചെയ്തു. പല പേരുകളില്‍ ഈ ദ്വീപ സമൂഹം അറിയപ്പെടുന്നുണ്ടെങ്കിലും ഗാലപ്പഗോസ് എന്ന പേരിനാണ് കൂടുതല്‍ പ്രചാരം. ഈ ദ്വീപ സമൂഹത്തില്‍ കാണപ്പെടുന്ന ഭീമന് കരയാമകളില് നിന്നാണ് ഗാലപ്പഗോസ് എന്ന ദ്വീപനാമം നിഷ്പന്നമായിട്ടുള്ളത്.
ഭൂമധ്യരേഖയില്‍ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹം എന്ന പ്രത്യേകത ഗാലപ്പഗോസിനുണ്ട്. ബാള്‍ട്ര, ഡാര്വിന്, എസ്പാനോള, ഫെര്‍നാന്‍ഡിന, ജെനൊവെസ്, ഇസബെല്ല, മര്ച്ചെന, നോര്‍ത്ത് സെയ്മൊര്‍, പിന്റ്റ, പിന്‍സോണ്‍, റബിഡ, സാന്ക്രിസ്റ്റബള്, സാന്തക്രൂസ്, സാന്തഫെ, സാന്തിയാഗോ, സൗത്പ്ലാസ, വുള്‍ഫ എന്നിവയാണ് ഈ ദ്വീപസമൂഹത്തിലെ പ്രധാനദ്വീപുകള്.
അത്യപൂര്വയിനത്തില്പ്പെട്ട ജന്തുവര്‍ഗങ്ങളുടെയും പക്ഷികളുടെയും ആവാസകേന്ദ്രമാണ് ഗാലപ്പഗോസ് ദ്വീപസമൂഹം. ഫര്‍സീലുകള്‍, ഫ്രിഗേറ്റ്സുകള്, സമുദ്ര ഇഗ്വാനകള്‍, കടല്‍സിംഹങ്ങള്‍, തിമിംഗലങ്ങള്‍, വിവിധയിനം കടലാമകള്‍, നാസ്കാ പക്ഷികള്‍, ബൂബിസ് കപ്പല്കാക്കകള് (Wave albatross), ഹുഡഡ്മോക്കിങ് ബേര്‍ഡ്സ്, ഷാലോടൈല്ഡ് സീഗള്‍സ്, നീലക്കാലന്‍ ബൂബി, ചുവന്നകാലന് ബൂബി, ഗാലപ്പഗോസ് കഴുകന്, പറക്കാന്‍ കഴിവില്ലാത്തയിനം കൊര്മൊറന്റ്, ഗാലപ്പഗോസ് പെന്ഗ്വിന്, പെലിക്കന്‍, പിങ്ക് ഫ്ളെമിംഗോ, ഗാലപ്പഗോസ് പെട്രെല്‍ തുടങ്ങിയ ജന്തു-പക്ഷിവര്‍ഗങ്ങളെ ഇവിടെ കാണാന്‍ കഴിയും. ലാവാ കാക്റ്റസ് ഉള്‍പ്പെടെ നിരവധിയിനം കള്ളിമുള്‍ച്ചെടികള്‍, ട്രിഫേണുകള്, പാലോസാന്റോ മരങ്ങള്‍ തുടങ്ങി അപൂര്‍വങ്ങളായ സസ്യങ്ങളെയും ഇവിടെ കാണാം. മിക്ക ദ്വീപുകളിലും കണ്ടല്‍ വനങ്ങളും വളരുന്നുണ്ട്.
ലോകത്ത് ആദിമനിവാസികളുടെ അധിവാസമില്ലാത്ത ഏകദ്വീപസമൂഹം എന്ന നിലയിലും ശ്രദ്ധേയമാണ് ഗാലപ്പഗോസ്. ഇക്വഡോറിയന്‍ മെസ്റ്റിസോസ എന്ന വര്‍ഗക്കാരാണ് ഇവിടത്തെ ഏറ്റവും വലിയ ജനസമൂഹം. 1972-ലെ കാനേഷുമാരി 3,488 പേര് ഇവിടെ നിവസിക്കുന്നതായി രേഖപ്പെടുത്തി. 1980-കളില്‍ ജനസംഖ്യ 15,000 ആയി വര്‍ധിച്ചു. 2006-ലെ കണക്കനുസരിച്ച് 40,000 ആണ് ഈ ദ്വീപസമൂഹത്തിലെ മൊത്തം ജനസംഖ്യ. ബാള്‍ട്ര, ഫ്ളോറെന, ഇസബെല്ല, സാന്ക്രിസ്റ്റെബള്, സാന്തക്രൂസ് എന്നീ ദ്വീപുകളില്‍ മാത്രമേ ജനവാസമുള്ളൂ. ജനസംഖ്യ ഇനിയും വര്‍ധിച്ചാല്‍ ജൈവവൈവിധ്യം നശിക്കും എന്ന കാരണത്താല്‍ ഇവിടേക്കുള്ള കുടിയേറ്റം കര്‍ശനമായി നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.