This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാങ്ഗ്രീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാങ്ഗ്രീന്‍

Gang Green

രക്തചംക്രമണത്തിലുണ്ടാകുന്ന തടസ്സംമൂലം ശരീരകലകള്‍ നിര്‍ജീവമാകുകയും ചീയുകയും ചെയ്യുന്ന അവസ്ഥ. ഗാങ്ഗ്രീന്‍ ബാധിച്ച ഭാഗം ചുറ്റുപാടുമുളള ഭാഗത്തെക്കാള്‍ തടിച്ചുപൊന്തിനില്ക്കും. 'രക്തം ചത്തുകിടക്കുന്ന' ഈ ഭാഗത്തെ നിറം ഇളം നീലയോ കടും നീലയോ ആയിരിക്കും. രോഗാണുബാധയേറ്റിട്ടുണ്ടെങ്കില്‍ ഈ ഭാഗത്തു വീക്കവും നീരും ഉണ്ടാവും; ഇതിന് 'വെറ്റ് ഗാങ്ഗ്രീന്‍' എന്നു പറയുന്നു. രോഗാണുബാധയില്ലെങ്കില്‍ ഡ്രൈ ഗാങ്ഗ്രീന്‍ എന്നും.

സാധാരണയായി ഉപാംഗങ്ങളുടെ അഗ്രഭാഗത്താണ് ഗാങ്ഗ്രീന്‍ ഉണ്ടാവുന്നത്. അപ്പന്‍ഡിക്സിനെയും ചെറുകുടലിനെയും ഗാങ്ഗ്രീന്‍ ബാധിക്കാറുണ്ട്. അപൂര്‍വമായി ഗാള്‍ ബ്ളാഡര്‍, വൃഷണം എന്നിവയിലും ഉണ്ടാവാം.

ഗാങ്ഗ്രീനിനു കാരണമാകാവുന്ന രക്തചംക്രമണതടസ്സം പല ഗുരുതരങ്ങളായ രോഗങ്ങളുടെയും മൂന്നോടിയോ അനന്തരഫലമോ ആയിരിക്കും. അഥെറോസ്ക്ളീറോസിസ് മൂലം സിരകളില്‍ രക്തം കട്ടപിടിക്കാം. ഹൃദയസ്തംഭനം മറ്റൊരു കാരണമാണ്. പ്രമേഹം മൂലം ധമനികള്‍ ക്രമേണ അടയുന്നതുകൊണ്ടും അനുകമ്പാ നാഡികളുടെ അതിപ്രവര്‍ത്തനം കൊണ്ട് ധമനിയില്‍ പെട്ടെന്ന് കോച്ചിവലിവ് അനുഭവപ്പെടുന്നതുകൊണ്ടും ശരീരകലകള്‍ക്ക് ഓക്സിജന്‍ കിട്ടാതാവുകയും അവ നിര്‍ജീവമാവുകയും ചെയ്യും. മൂക്ക്, ചെവി തുടങ്ങിയ ഭാഗങ്ങളിലാണ് ഈ അവസ്ഥയില്‍ ഗാങ്ഗ്രീന്‍ ആദ്യം ബാധിക്കുക. എര്‍ഗട്ട് ശരീരത്തില്‍ കടന്നാലും ധമനിക്ക് കോച്ചിവലിവ് ഉണ്ടാകാവുന്നതാണ്. രക്തസ്രാവം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സാവിധിയായി എര്‍ഗര്‍ട്ട് കലര്‍ന്ന മരുന്നുപയോഗിക്കേണ്ടിവരുമ്പോള്‍ എര്‍ഗര്‍ട്ട് ഗാങ്ഗ്രീന്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്.

ഒരു ഭാഗത്ത് ഗാങ്ഗ്രീന്‍ ബാധിക്കുന്നതുകൊണ്ട് അവിടെ നീരും തടിപ്പും ഉണ്ടാകുന്നതിനാല്‍ മറ്റുഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹത്തിന് തടസ്സം നേരിടുകയും ആ ഭാഗങ്ങളിലും കൂടി ഗാങ്ഗ്രീന്‍ ബാധിക്കുകയും ചെയ്യുന്നു.

പൊള്ളല്‍, മുറിവ്, ചതവ് പേശികളിലുണ്ടാകുന്ന വിഷബാധ എന്നിവമൂലം ഗാങ്ഗ്രീന്‍ ഉണ്ടാവാം. ഗാങ്ഗ്രീന്‍ മൂലമുണ്ടാകുന്ന തടിപ്പിനുചുറ്റും ചുവന്ന് ഒരു അതിര്‍രേഖ കാണാറുണ്ട്. നിര്‍ജീവമാകാത്ത തന്തുക്കളുടെ സാന്നിധ്യം ഈ ചുവന്ന രേഖയില്‍ നിന്നും മനസ്സിലാവും. കൂടുതല്‍ ഭാഗത്തേക്ക് ഗാങ്ഗ്രീന്‍ ബാധിക്കാതിരിക്കാനായി ചിലപ്പോള്‍ അവയവങ്ങള്‍ ഛേദിച്ചുകളയേണ്ടതായി വരാറുണ്ട്. അതിശൈത്യം നേരിടേണ്ടിവരുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന മരവിപ്പ് ഗാങ്ഗ്രീന് കാരണമാവാം. പൊള്ളുന്നപോലുള്ള വേദനയാണ് രോഗിക്ക് ആദ്യം അനുഭവപ്പെടുക. ക്രമേണ വേദനയില്ലാതാകുന്നു. സാവധാനത്തില്‍ ശരീരം തിരുമ്മി ചൂടുപിടിപ്പിച്ച് രക്തസഞ്ചാരം ഉണ്ടാക്കുകയാണ് പ്രതിവിധി. ഈര്‍പ്പമുള്ള നനഞ്ഞ വസ്ത്രങ്ങള്‍ ഇറുക്കി ധരിക്കുന്നതുകൊണ്ടും ഗാങ്ഗ്രീന്‍ ഉണ്ടാവാം. ഗാങ്ഗ്രീനിനുള്ള ചികിത്സാവിധി രോഗത്തിന്റെ ഹേതു, പിടിപെട്ട ശരീരഭാഗത്തിന്റെ സ്വഭാവം എന്നിവയനുസരിച്ചാണ് നിശ്ചയിക്കുക.

ഗ്യാസ് ഗാങ്ഗ്രീന്‍. മുറിവുമൂലമുണ്ടാകുന്ന വെറ്റ് ഗാങ്ഗ്രീനില്‍ ക്ലോസ്ട്രീഡിയം ജനുസില്‍പ്പെട്ട ബാക്റ്റീരിയങ്ങള്‍ കടന്നാക്രമിക്കുക മൂലമാണ് ഗ്യാസ് ഗാങ്ഗ്രീന്‍ ഉണ്ടാകുന്നത്. ക്ലോസ്ട്രീഡിയം വെല്‍ച്ചി, ക്ലോസ് ട്രീഡിയം സെപ്ടിക്കം എന്നീ അനേറോബിക് ബാക്റ്റീരിയങ്ങള്‍ ഗ്യാസ് ഗാങ്ഗ്രീനിനു കാരണമാവാറുണ്ട്. മലിനവസ്ത്രങ്ങളിലും മണ്ണിലും കാണപ്പെടുന്ന ഇതിന്റെ സ്പോറങ്ങള്‍ മുറിവില്‍ കടന്നുകൂടി വിരിഞ്ഞുപെരുകിയാണ് രോഗം ഉണ്ടാക്കുന്നത്. രോഗബാധിതഭാഗങ്ങള്‍ വിളറി വീര്‍ത്തു കാണപ്പെടും. കിണ്വനവസ്തുക്കളെപ്പോലെ ഈ ബാക്റ്റീരിയങ്ങള്‍ ശരീരകലകളിലെ പഞ്ചസാരയെ വിഘടിപ്പിക്കുകയും തന്മൂലം ഉണ്ടാകുന്ന വാതകം ചെറിയ കുമിളകളായി കലകളി പ്രത്യക്ഷമാവുകയും ചെയ്യും. തടവിനോക്കിയാലും എക്സ്-റേ എടുത്തു നിരീക്ഷിച്ചാലും ഇത് മനസ്സിലാവും സമീപത്തുള്ള കലകളെയും ഞരമ്പുകളെയും രോഗം ബാധിക്കുമ്പോള്‍ രക്തം കട്ടിയാവുകയും ആ ഭാഗങ്ങളും കൂടി കരിനീല നിറത്തിലാകുകയും ചെയ്യും. ബാക്റ്റീരിയങ്ങളുടെ പ്രവര്‍ത്തനം എന്‍സൈമുകളെ ഉത്പാദിപ്പിക്കുകയും ചുവന്ന രക്താണുക്കളെയും കോശഭിത്തിയെയും ഇത് വ്യാപകമായതോതില്‍ നശിപ്പിക്കുകയും ചെയ്യും. ഈ അവസ്ഥയ്ക്ക് സെപ്റ്റിസീമിയ എന്നു പറയുന്നു. ഈ അവസ്ഥയില്‍ ചില ആന്തരാവയവങ്ങളില്‍ നിന്നും വാതകം ഉണ്ടാവുന്നു; കരളില്‍ നിന്നും വായു വമിക്കുന്നതിനെ ഉദ്ദേശിച്ച് 'പതയുന്ന കരള്‍' (foaming liver) എന്നു പറയാറുണ്ട്. ബാക്റ്റീരിയങ്ങളുടെ പ്രവര്‍ത്തനഫലമായുണ്ടാകുന്ന 'വിഷങ്ങള്‍' ശരീരത്തില്‍ കലരുന്നതിനാല്‍ നാഡിമിടിപ്പും താപനിലയും അതിവേഗം വര്‍ധിക്കും.

മുറിവുകളും ചതവുകളും വേണ്ട സന്ദര്‍ഭത്തില്‍ത്തന്നെ ചികിത്സിച്ചുഭേദമാക്കുകയാണ് ഗ്യാസ് ഗാങ്ഗ്രീന്‍ തടയാനുള്ള മാര്‍ഗം. ഒന്നാം ലോകയുദ്ധാവസരങ്ങളില്‍ ഗ്യാസ് ഗാങ്ഗ്രീന്‍ വളരെ വ്യാപകവും ഗുരുതരവും ആയിരുന്നു. രോഗം ബാധിച്ചഭാഗങ്ങള്‍ ഛേദിച്ചുകളയുകയേ അന്ന് നിവൃത്തിയുണ്ടായിരുന്നുള്ളു. എന്നാല്‍ രണ്ടാം ലോകയുദ്ധത്തോടെ ഗ്യാസ് ഗാങ്ഗ്രീനിനെതിരായി സീറവും സള്‍ഫാ, പെനിസിലിന്‍ തുടങ്ങിയ ഔഷധങ്ങളും ഉപയോഗിച്ചു തുടങ്ങി. മര്‍ദം കൂടിയ ഓക്സിജന്‍ നിറച്ച പ്രത്യേക അറകളില്‍ രോഗികളെ കിടത്തി ചികിത്സിക്കുകയാണ് ആധുനികരീതി. ഓകിസ്ജന്റെ സാന്നിധ്യത്തില്‍ ക്ലോസ്ട്രിഡിയം ബാക്റ്റീരിയങ്ങള്‍ നശിക്കുമെന്നതാണ് ഈ ചികിത്സാരീതിയുടെ പിന്നിലുള്ള തത്ത്വം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍