This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗസറ്റിയര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗസറ്റിയര്‍

Gazetteer

ഭൂമിശാസ്ത്ര നിഘണ്ടു. ഭൂമിശാസ്ത്രം സ്ഥലവിവരങ്ങള്‍, സ്ഥിതിവിവരക്കണക്കുകള്‍, ചരിത്രപരമായ കാര്യങ്ങള്‍, തുടങ്ങിയവ ഇതില്‍ രേഖപ്പെടുത്തിയിരിക്കും. 18-ാം ശതകത്തില്‍ ഗസറ്റിലെയും വര്‍ത്തമാനപത്രങ്ങളിലെയും ലേഖകന്മാരെ പ്രതിനിധാനം ചെയ്യുന്ന ഒരു പദമായി ഗസറ്റിയര്‍ എന്ന വാക്ക് ഉപയോഗിച്ചിരുന്നു. വാര്‍ത്തകളുടെ ഭണ്ഡാരം എന്ന അര്‍ഥമുള്ള 'ഗസ' എന്ന ഗ്രീക്കുപദത്തില്‍ നിന്നാണ് ഇതിന്റെ നിഷ്പത്തി.

ആധുനിക സങ്കല്പമനുസരിച്ചുള്ള ആദ്യത്തെ ഗസറ്റിയറായി കണക്കാക്കപ്പെടുന്നത് 1565-ല്‍ ജനീവയില്‍ ചാള്‍സ് സ്റ്റീഫന്‍സ് പ്രസിദ്ധീകരിച്ച ഡിക്ഷ്ണേറിയം ഹിസ്റ്റോറികോ ജിയോഗ്രഫിക് ആണ്. ഇതിനെത്തുടര്‍ന്ന് ഫെറാറിയുടെ ലെക്സിക്കണ്‍ ജിയോഗ്രഫിക്കും (1627), ബോദ്രോദിന്റെ ജിയോഗ്രഫിയ ഓര്‍ഡിനേലിറ്ററാറം ഡിസ്പോസിറ്റ (1682) തുടങ്ങിയവ പ്രസിദ്ധീകൃതമായി. ജര്‍മന്‍ ഭൂമിശാസ്ത്രകാരനായ ജോവന്‍ ജി.എച്ച്. ഹസ്സന്‍ 1817-ല്‍ പുറത്തിറക്കിയ നിഘണ്ടുവാണ് ശാസ്ത്രത്തിന്റെ പിന്‍ബലമുള്ള ആദ്യത്തെ ആധികാരിക ഗസറ്റിയര്‍. ഇംഗ്ലീഷിലുണ്ടായ ഗസറ്റിയറുകളില്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ് ക്രൂട്ട് വെല്ലിന്റെ യൂണിവേഴ്സല്‍ ഗസറ്റിയര്‍ (1808), ബ്ളാക്കിയുടെ ഇംപീരിയല്‍ ഗസറ്റിയര്‍ (1850), മെരിയം വെബ്സ്റ്റാറിന്റെ ജിയോഗ്രഫിക്കല്‍ ഡിക്ഷണറി (1949) തുടങ്ങിയവ.

യാത്രാവിവരണങ്ങള്‍ ഗസറ്റിയര്‍ സാഹിത്യത്തിന്റെ ആദിരൂപങ്ങളാണെന്നു പറയാം. മെഗസ്തനീസ്, ഫാഹിയാന്‍, ഹുയാന്‍സാങ്, അല്‍ ബറൂനി, ഇബ്നു ബത്തൂത്ത തുടങ്ങിയവരുടെ യാത്രാവിവരണങ്ങള്‍ ഭാരതത്തിലെ ആദ്യകാല ഗസറ്റിയര്‍ സാഹിത്യത്തെ പ്രതിനിധാനം ചെയ്യുന്നു. കൗടല്യന്റെ അര്‍ഥശാസ്ത്രവും ഈ ശൃംഖലയിലെ കരുത്തുറ്റ ഒരു കണ്ണിയാണ്. ഇന്നത്തെ അര്‍ഥത്തില്‍ ഇവയൊന്നും ഗസറ്റിയര്‍ ഗ്രന്ഥങ്ങളല്ല. അക്ബറുടെ രാജധാനിയില്‍ ജീവിച്ചിരുന്ന അബുല്‍ ഫസല്‍ രചിച്ച എയിനി അക്ബാരിയാണ് ഇന്നത്തെ ഗസറ്റിയറുമായി സാദൃശ്യമുള്ള ആദ്യത്തെ ഗ്രന്ഥം. എയിനി അക്ബാരിയുടെ ചുവടുപിടിച്ചാണ് വില്യം ഹണ്ടര്‍ പ്രഖ്യാതമായ ഇംപീരിയല്‍ ഗസറ്റിയര്‍ ഒഫ് ഇന്ത്യ രചിച്ചത്. കമ്പനിയുടെ ചരിത്രകാരന് ഈസ്റ്റിന്‍ഡീസിലെ ബ്രിട്ടീഷ് പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഒരു പൊതു ചരിത്രം വിരചിക്കേണ്ടിയിരിക്കുന്നതുകൊണ്ടും ആ ചരിത്ര നിര്‍മാണ പദ്ധതിയില്‍ നമ്മുടെ വ്യാപാരവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ചരിത്രവും പൊതുവില്‍ വാണിജ്യത്തിന്റെ വളര്‍ച്ചയും ഉള്‍ക്കൊള്ളിക്കേണ്ടത് ആവശ്യമാകയാലും ഈ പൊതു പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുവാന്‍ സാധ്യതയുള്ള ഉദ്യോഗസ്ഥന്മാരെല്ലാം അവരുടെ അധികാരസീമയില്‍പ്പെട്ട പ്രദേശങ്ങളുടെ കാലാനുക്രമ വിവരണം, ഭൂമിശാസ്ത്രം, ഭരണം, നിയമങ്ങള്‍, രാഷ്ട്രീയ തീരുമാനങ്ങള്‍, കലാരൂപങ്ങള്‍, വ്യവസായങ്ങള്‍, തൊഴിലുകള്‍, ശാസ്ത്രവിജ്ഞാനം, ലളിതകലകള്‍ എന്നിവയുടെ ചരിത്രവും വളര്‍ച്ചയും ഗതിവിഗതികളും മാത്രമല്ല, പ്രത്യേകിച്ച് ആഭ്യന്തരവും വൈദേശികവുമായ വാണിജ്യത്തിന്റെ മുമ്പും പിമ്പുമുള്ള സ്ഥിതിയും അതതു സമയം ശേഖരിച്ച് നിങ്ങള്‍ക്കയക്കണമെന്ന് ഉത്തരവുകള്‍ നല്കേണ്ടതാണ്. അവര്‍ അയച്ചുതരുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ത്തന്നെ ഇവിടേക്ക് അയയ്ക്കേണ്ടതും ആകുന്നു എന്ന് 1797 മേയ് 9-ന് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി പ്രവിശ്യാ മജിസ്ട്രേറ്റന്മാര്‍ക്കായി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗസറ്റിയര്‍ നിര്‍മാണം ഇന്ത്യയില്‍ ആരംഭിച്ചത്.

വാള്‍ട്ടര്‍ ഹാമില്‍ടന്റെ ഈസ്റ്റ് ഇന്ത്യാ ഗസറ്റിയര്‍ (1815), എഡ്വേഡ് ടോണ്‍ടന്റെ എ ഗസറ്റിയര്‍ ഒഫ് ദ് ടെറിറ്ററീസ് അണ്ടര്‍ ദ് ഗവണ്‍മെന്റ് ഒഫ് ഈസ്റ്റ് ഇന്ത്യാക്കമ്പനി (1844) തുടങ്ങിയവ ഈ കാലഘട്ടത്തില്‍ എഴുതപ്പെട്ടവയാണ്. ഇക്കാലത്തുതന്നെ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യന്‍ പ്രവിശ്യകളിലെ ജില്ലകളെ സംബന്ധിച്ചുള്ള സ്ഥിതിവിവരക്കണക്കുകളുടെ സമാഹരണവും ഏറ്റെടുത്തു. കാലക്രമത്തില്‍ തങ്ങളുടെ അധികാരസീമകളിലുള്ള ജില്ലകളെ സംബന്ധിച്ച് കൂടുതല്‍ വസ്തുനിഷ്ഠവും വ്യവസ്ഥാപിതവുമായ വിജ്ഞാനകോശങ്ങളുടെ നിര്‍മിതി ഏറ്റെടുക്കുവാന്‍ ജില്ലാകളക്ടര്‍മാര്‍ നിയോഗിക്കപ്പെടുകയുണ്ടായി. ഓരോ ജില്ലയിലെയും പ്രകൃതി ശക്തികളുടെയും വിഭവങ്ങളുടെയും ചിത്രീകരണങ്ങള്‍ക്കു പുറമേ വിവിധ ജനവിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ ജീവിതാപഗ്രഥനങ്ങളും ഉള്‍ക്കൊള്ളുന്നവയായിരുന്നു ഈ ഗസറ്റിയറുകള്‍. ഇന്ത്യയുടെ വിവിധഭാഗങ്ങളിലായി വിവിധകാലഘട്ടങ്ങളില്‍ പ്രസിദ്ധീകൃതങ്ങളായ ഇംപീരിയല്‍ ഗസറ്റിയേഴ്സ് എന്നപേരില്‍ അറിയപ്പെടുന്ന ഗ്രന്ഥ സമുച്ചയങ്ങള്‍ ഇങ്ങനെയാണ് പുറത്തു വന്നത്. സര്‍ വില്യം ഹണ്ടറിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകൃതമായ ഇംപീരിയല്‍ ഗസറ്റിയര്‍ ഒഫ് ഇന്ത്യ എന്ന ബൃഹദ്ഗ്രന്ഥപരമ്പര ആധുനിക ഗസറ്റിയര്‍ സാഹിത്യത്തിന്റെ പുരോഗതിയില്‍ ഒരു നാഴികക്കല്ലാണ്. 1881-ല്‍ ഒന്‍പതു വാല്യങ്ങളായി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം 1885-87-ല്‍ പരിഷ്കരിച്ച് 14 വാല്യങ്ങളായി പുനഃപ്രകാശനം ചെയ്തു. ഇതിനുശേഷം കഴ്സണ്‍ പ്രഭു വൈസ്രോയിയായിരുന്ന കാലത്ത് 1907-09-ല്‍ 26 വാല്യങ്ങളായി ഇംപീരിയല്‍ ഗസറ്റിയറിന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തുവന്നു.

വില്യംലോഗന്‍ രചിച്ച് ദ് മലബാര്‍ മാനുവല്‍ ആണ് കേരളത്തിലെ ആദ്യത്തെ ഗസറ്റിയര്‍ രൂപം. 1887-ല്‍ രണ്ടു വാല്യങ്ങളായി പ്രസിദ്ധപ്പെടുത്തിയ ഈ മാന്വവല്‍ 1906-ലും 1951-ലും 1981-ലും പുനഃപ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1904-05-ല്‍ സി.എ. ഇന്നസ്സിനാല്‍ നിര്‍മിക്കപ്പെട്ടതും പിന്നീട് 1908-ല്‍ എച്ച്.വി. ഇവാന്‍സ് പുനഃപരിശോധന ചെയ്ത് പരിഷ്കരിച്ചു പ്രസിദ്ധപ്പെടുത്തിയതുമായ ദ് മലബാര്‍ ഡിസ്ട്രിക്റ്റ് ഗസറ്റിയര്‍ ആണ്. മറ്റൊരു പ്രാമാണിക ഗ്രന്ഥം. കേരളത്തിന്റെ മറ്റു രണ്ടു ഭാഗങ്ങളായിരുന്ന തിരുവിതാംകൂറും കൊച്ചിയും ബ്രിട്ടീഷ് ഇന്ത്യന്‍ മാതൃകയിലുള്ള ഗസറ്റിയറുകള്‍ അല്പവ്യതിയാനങ്ങളോടുകൂടി സ്റ്റേറ്റ് മാനുവലുകള്‍ എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. 1906-ല്‍ മൂന്നു വാല്യങ്ങളായി വി. നാഗമയ്യ പ്രസിദ്ധപ്പെടുത്തിയ തിരുവിതാംകൂര്‍ സ്റ്റേറ്റ് മാന്വലും 1911-ല്‍ സി. അച്യുതമോനോന്‍ രചിച്ച ദ് കൊച്ചിന്‍ സ്റ്റേറ്റ് മാന്വലും 1940-ല്‍ ടി.കെ. വേലുപ്പിള്ള തയ്യാറാക്കി നാലുവാല്യങ്ങളിലായി പ്രസിദ്ധീകരിച്ച തിരുവിതാംകൂര്‍ സ്റ്റേറ്റ്മാന്വലും ഈ പരമ്പരയിലെ ആധികാരിക ഗ്രന്ഥങ്ങളാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം സംജാതമായ ഉണര്‍വിനനുസരണമായി, വിശേഷിച്ച് സംസ്ഥാന പുനഃസംഘടനയ്ക്കുശേഷം ഈ ഗ്രന്ഥങ്ങളിലെ പ്രതിപാദ്യങ്ങളില്‍ സിംഹഭാഗത്തിനും പരിഷ്കരണം അനിവാര്യമായിത്തോന്നി, അതുകൊണ്ട് രണ്ടാം പഞ്ചവത്സരപദ്ധതിയിലെ ഒരു വിദ്യാഭ്യാസ വികസന ഇനമെന്ന നിലയില്‍ ഗസറ്റിയര്‍ ഗ്രന്ഥങ്ങള്‍ പരിഷ്കരിക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായി. അങ്ങനെയാണ് 1958-ല്‍ കേരള ഗസറ്റിയര്‍ വകുപ്പ് സ്ഥാപിതമായത്.

ഗസറ്റിയറുകളുടെ ഉള്ളടക്കത്തെ സംബന്ധിച്ച് 1955-ല്‍ ഇന്ത്യാഗവണ്‍മെന്റ് നിയമിച്ച വിദഗ്ധ കമ്മിറ്റി ഒരു ഏകീകൃത പരിപാടി ആവിഷ്കരിച്ചിട്ടുണ്ട്.

അഖിലേന്ത്യാപരമ്പര, സംസ്ഥാന (സ്റ്റേറ്റ്) പരമ്പര, ജില്ലാ (ഡിസ്ട്രിക്റ്റ്) പരമ്പര എന്നിങ്ങനെ മൂന്നു പരമ്പരകളായിട്ടാണ് ഗസറ്റിയര്‍ ഗ്രന്ഥങ്ങളെ സംവിധാനം ചെയ്തിട്ടുള്ളത്. ജില്ലാ ഗസറ്റിയറിന് 19 അധ്യായങ്ങള്‍ ഉണ്ടായിരിക്കും; (1) പൊതുവായുള്ള കാര്യങ്ങള്‍, (2) ചരിത്രം, (3) ജനങ്ങള്‍, (4) കൃഷിയും ജലസേചനവും, (5) വ്യവസായങ്ങള്‍, (6) ബാങ്കിങ്, കച്ചവടം, വാണിജ്യം, (7) വാര്‍ത്താവിനിമയം, (8) വിവിധ തൊഴിലുകള്‍, (9) സാമ്പത്തിക ഘടകങ്ങള്‍, (10) പൊതുഭരണം, (11) റവന്യൂ ഭരണം, (12) നിയമം, സമാധാനം, നീതി (13) മറ്റുവകുപ്പുകള്‍, (14) തദ്ദേശീയ സ്വയംഭരണം, (15) വിദ്യാഭ്യാസവും സംസ്കാരവും, (16) മെഡിക്കലും പൊതുജനാരോഗ്യപ്രവര്‍ത്തനങ്ങളും, (17) മറ്റു സാമൂഹിക പ്രവര്‍ത്തനങ്ങള്‍, (18) പൊതുജീവിതവും സ്വാതന്ത്ര്യ സാമൂഹിക സേവനസംഘങ്ങളും, (19) പ്രധാനപ്പെട്ട സ്ഥലങ്ങള്‍. കേരളത്തിലെ 10 ജില്ലകളെ സംബന്ധിച്ച ഗസറ്റിയറുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 1966 വരെ പ്രസിദ്ധപ്പെടുത്തിയ ജില്ലാ ഗസറ്റിയറുകള്‍ക്ക് സപ്ലിമെന്റുകള്‍ ഇറക്കുക എന്നൊരു പദ്ധതി 1980-ല്‍ ഇന്ത്യാഗവണ്‍മെന്റ് ആവിഷ്കരിച്ചു. ഈ പരിപാടി അനുസരിച്ച് തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ഗസറ്റിയര്‍-സപ്ലിമെന്റുകള്‍ പ്രസിദ്ധപ്പെടുത്തി.

സംസ്ഥാനത്തിന്റെ പൊതുരൂപം പ്രകാശിപ്പിക്കുന്ന സ്റ്റേറ്റ് ഗസറ്റിയറാണ് പരമപ്രാധാന്യമര്‍ഹിക്കുന്ന ഗ്രന്ഥപരമ്പര. 3 വാല്യങ്ങളായി പ്രസിദ്ധപ്പെടുത്തുന്ന സ്റ്റേറ്റ് ഗസറ്റിയറിന് ആകെ 12 അധ്യായങ്ങള്‍ ഉണ്ടായിരിക്കും. പ്രതിപാദ്യത്തെ അടിസ്ഥാനമാക്കി ഈ അധ്യായങ്ങളെ നാലായി തരംതിരിക്കാം: പൊതുവായ കാര്യങ്ങള്‍, ചരിത്രവും സംസ്കാരവും, സാമ്പത്തികനില, ഗവണ്‍മെന്റും ഭരണവും സ്റ്റേറ്റിന്റെ ചരിത്രത്തെ സംബന്ധിക്കുന്ന രണ്ടാമധ്യായം പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. ഈ അധ്യായം ചരിത്രാതീത കാലവും പുരാതത്വഗവേഷണവും, പ്രാചീന കാലഘട്ടം, മധ്യകാലഘട്ടം, ആധുനികചരിത്രം എന്നിങ്ങനെ നാല് ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. സ്റ്റേറ്റ് ഗസറ്റിയറിന്റെ രണ്ടു വാല്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

(അടൂര്‍ രാമചന്ദ്രന്‍ നായര്‍; ഡോ. ടി.വി. പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍