This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗര്‍ഭഗൃഹം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗര്‍ഭഗൃഹം
ഭാരതീയ ക്ഷേത്രസംവിധാനത്തിലെ പ്രധാനഘടകമായ ശ്രീകോവില്‍. ഗര്‍ഭഗൃഹത്തിലാണ് ആരാധ്യദേവതയുടെ ബിംബം അഥവാ ലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. ആത്മാവിനും ശരീരത്തിനും തമ്മിലുള്ള ബന്ധമാണ് ബിംബത്തിനും ഗര്‍ഭഗൃഹത്തിനും കല്പിച്ചിരിക്കുന്നത്. ശരീരത്തിനെന്നപോലെ ഗര്‍ഭഗൃഹത്തിനും പാദം, സ്തംഭം, പ്രസ്തരം, ഗളം, ശിഖരം, സ്തൂപം എന്നിങ്ങനെ അവയവങ്ങള്‍ ഉണ്ടെന്നാണ് സങ്കല്പം. പാദം അധിഷ്ഠാനവും കാലുകള്‍ സ്തംഭങ്ങളുമാണ്. അതിനു മുകളില്‍ പ്രസ്തരവും ഗളവും. അതിനു മുകളിലായി തലയുടെ സ്ഥാനത്ത് ശിഖരം അഥവാ മേല്‍ക്കൂര. അതിനു മുകളില്‍ അവസാനത്തെ സ്തൂപിക അഥവാ താഴികക്കുടം തലമുടിക്കെട്ടിന്റെ സ്ഥാനം വഹിക്കുന്നു. ക്ഷേത്രത്തിന്റെ മധ്യത്തിലായിട്ടാണ് ഗര്‍ഭഗൃഹത്തിന്റെ സ്ഥാനം. ഇത് നിര്‍മിക്കുന്നതിന് പ്രത്യേക വിധികളുണ്ട്.
പലവിധത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തി ക്ഷേത്രനിര്‍മാണത്തിനുള്ള സ്ഥലം തെരഞ്ഞെടുത്ത് ഒരാള്‍ആഴത്തിലോ അഥവാ വെള്ളമോ പാറയോ കാണുന്നതുവരെയോ കുഴിച്ച് മുക്കാല്‍ ഭാഗം മൂടി ഇഷ്ടികപാകി ഗര്‍ഭദ്വാരം നിര്‍മിക്കണം. രാത്രിയില്‍ വാസ്തുഹോമം നടത്തി നാനാവിധത്തിലുള്ള രത്നങ്ങളുള്‍ക്കൊള്ളുന്ന നിധികുംഭം ഗര്‍ത്തത്തില്‍ സ്ഥാപിച്ച് അതിനു മുകളില്‍ പദ്മം, കൂര്‍മം, നാളം മുതലായവ സ്ഥാപിക്കുന്നു. അനന്തരം ശാസ്ത്രവിധിപ്രകാരം ചെമ്പുകൊണ്ട് ഗര്‍ഭപാത്രം നിര്‍മിച്ച് അതില്‍ ധാന്യങ്ങളും രത്നങ്ങളും മറ്റും നിറച്ച് അടപ്പുകൊണ്ട് മൂടി വിധിപ്രകാരം ഗര്‍ഭാധാന സംസ്കാരം ചെയ്ത് ചൈതന്യബീജം ആവാഹിച്ച് 'സമുദ്രവസനേ, ദേവി, ഗര്‍ഭം, സമാശ്രയ' എന്ന മന്ത്രംകൊണ്ട് ഗര്‍ഭപാത്രം ഗര്‍ഭദ്വാരത്തില്‍ പ്രതിഷ്ഠിച്ച് മണ്ണുകൊണ്ട് മൂടി അതിന്മേല്‍ ഗര്‍ഭഗൃഹം പണിയുന്നു. ഗര്‍ഭഗൃഹം പല ആകൃതിയിലും ഉയരത്തിലുമാകാം. വൃത്തം, ചതുരശ്രം, ദീര്‍ഘചതുരശ്രം, ഹസ്തിപൃഷ്ഠം, വൃത്തായതം, ഷഡ്കോണം, അഷ്ടകോണം എന്നീ ആകൃതിയിലാകാം. ചതുരശ്രവും ഒരു വശത്ത് അര്‍ധവൃത്തവും ചേര്‍ന്നത് ഹസ്തിപൃഷ്ഠവും ചതുരശ്രത്തിന്റെ രണ്ടുവശത്തും അര്‍ധവൃത്തങ്ങള്‍ ചേര്‍ന്നത് വൃത്തായനവും ആകുന്നു. ഗര്‍ഭഗൃഹത്തിന്റെ വീതി മൂന്നുകോല്‍ മുതല്‍ (ഇരുപത്തിനാലംഗുലം ഒരു കോല്‍) പതിനഞ്ചു കോല്‍ വരെയാകാം. ഉയരം വീതിയുടെ ഇരട്ടിവരെയാകാം. ഗൃഹത്തിന് ആയം, വ്യയം, ഋക്ഷം, യോനി, തിഥി, വാരം, വയസ്സ് എന്നിവ പരിശോധിക്കണം. ഗൃഹത്തിന്റെ ചുറ്റളവ് കോലില്‍ കണക്കാക്കിയിട്ട് എട്ടുകൊണ്ട് ഗുണിച്ച് പന്ത്രണ്ടുകൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ശിഷ്ടമാണ് (ഹരണഫലമല്ല) ആയം. പരിധിയെ മൂന്നുകൊണ്ട് ഗുണിച്ച് പതിനാലുകൊണ്ടു ഹരിച്ചുകിട്ടുന്ന ശിഷ്ടം വ്യയം. ആയസംഖ്യ വ്യയസംഖ്യയെക്കാള്‍ കൂടിയിരിക്കണം. എട്ടുകൊണ്ട് ഗുണിച്ച് ഇരുപത്തിയേഴുകൊണ്ട് ഹരിച്ചുകിട്ടുന്ന ശിഷ്ടം, അശ്വതി മുതലായ ഋഷം മൂന്നുകൊണ്ട് ഗുണിച്ച് എട്ടുകൊണ്ട് ഹരിച്ചു കിട്ടുന്ന ശിഷ്ടം യഥാക്രമം ധ്വജം, ധൂമം, സിംഹം, കുക്കുരം, വൃഷം, ഖരം, ഗജം, വായസം എന്ന് എട്ടു യോനികള്‍. ഇവ കിഴക്കു മുതല്‍ ഈശാനും വരെയുള്ള ദിക്കുകളെ സൂചിപ്പിക്കുന്നു. ഏതു ദിക്കിലാണോ യോനി ആ ദിക്കിലാണ് ദ്വാരം വയ്ക്കേണ്ടത്. കിഴക്കുദിക്കില്‍ ദ്വാരം വരുന്ന ധ്വജയോനിയാണുത്തമം. പടിഞ്ഞാറു വശത്തുള്ള വൃഷയോനിയും ആകാം. അപൂര്‍വസന്ദര്‍ഭങ്ങളില്‍ സിംഹഗജയോനികളും ആകാം. മറ്റു നാലു യോനികള്‍ ത്യാജ്യങ്ങളാണ് എട്ടുകൊണ്ടു ഗുണിച്ച ഗുണനഫലത്തെ മുപ്പത്, ഏഴ്, അഞ്ച് എന്നിവകൊണ്ടു ഹരിച്ചാല്‍ കിട്ടുന്ന ശിഷ്ടം യഥാക്രമം, തിഥി, വാരം, വയസ്സ് എന്നറിയപ്പെട്ടുന്നു. ബാല്യം, കൌമാരം, യൌവനം, വാര്‍ധക്യം, നിധനം ഇവയാണ് അഞ്ചു വയസ്സുകള്‍. ഇവയില്‍ യൌവനം അത്യുത്തമവും, കൌമാരം ഉത്തമവും ബാല്യവാര്‍ധക്യങ്ങള്‍ മധ്യമവും നിധനം ത്യാജ്യവുമാണ്. തിഥിവാരനക്ഷത്രങ്ങളിലും ത്യാജ്യഗ്രാഹ്യങ്ങള്‍ ഉണ്ട്. ഇങ്ങനെ ആയാദികള്‍ പരീക്ഷിച്ചുവേണം അളവു നിര്‍ണയിക്കാന്‍. ഉയരത്തെ എട്ടായി ഭാഗിച്ചാല്‍ ഒരു ഭാഗം അധിഷ്ഠാനത്തിന്റെയും രണ്ടുഭാഗം തൂണിന്റെയും ഓരോ ഭാഗംവീതം പ്രസ്തരം, ഗളം, സ്തൂപം എന്നിവയുടെയും രണ്ടുഭാഗം ശിഖരത്തിന്റെയും ഉയരമായി സ്വീകരിക്കണം. ഗര്‍ഭഗൃഹത്തിന് ഉള്ളിലും വെളിയിലും ആയി രണ്ടു ഭിത്തികള്‍ വേണം. അകത്തേ ഭിത്തിക്കും പുറത്തേ ഭിത്തിക്കും ഇടയ്ക്കുള്ള ഭാഗത്തെ നാഡി (ഇടനാഴി) എന്നുപറയുന്നു. ശ്രീകോവിലിനു കിഴക്കും പടിഞ്ഞാറും തെക്കും വടക്കും വശങ്ങളില്‍ ദ്വാരങ്ങള്‍ വേണം. എന്നാല്‍ ഒരു വശത്തു മാത്രമേ വാതില്‍പ്പാളികള്‍ ഉണ്ടായിരിക്കുകയുള്ളൂ. മറ്റു മൂന്നുവശങ്ങളില്‍ ഭിത്തിക്കുപയോഗിക്കുന്ന പലകകൊണ്ടോ കല്ലുകൊണ്ടോ ഇഷ്ടികകൊണ്ടോ അടച്ചിരിക്കും. എന്നാല്‍ ഇവയെ തോരണം മുതലായവകൊണ്ട് അലങ്കരിച്ചിരിക്കും. ഇവയെ ഘനദ്വാരങ്ങള്‍ എന്നു പറയുന്നു. വാതില്‍പ്പാളികള്‍ സുന്ദരമാക്കാനുള്ള വിധം പറയുന്നുണ്ട്. അതില്‍ ഭ്രമരക(ചക്ര)ങ്ങളും സ്തനസദൃശങ്ങളായ മുഖങ്ങളും മറ്റുമുണ്ടാകാം. വാതിലുകള്‍ ചേരുന്നിടത്ത് ദ്വാരപട്ടികയും പലകയില്‍ ലോഹംകൊണ്ടുള്ള ചന്ദ്രക്കലകളും ഉണ്ടാവണം. ആണികള്‍ പൂവിന്റെ മൊട്ടു (കുഡ്മളം) പകുതി വിരിഞ്ഞത് (ആര്‍ത്തവം), വികസിച്ചത് (പുളകം) എന്നിവയുടെ ആകൃതിയിലുള്ളവയായിരിക്കണം. ഇതുകൂടാതെ വളയങ്ങളും സാക്ഷ(താഴു)കളും വേണം. ഗര്‍ഭഗൃഹത്തിന്റെ മധ്യഭാഗത്തുനിന്നും വടക്കുവശത്തേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള ഓവുചാല്‍ വയ്ക്കണം. ശ്രീകോവിലില്‍നിന്നും താഴെ അങ്കണത്തിലേക്ക് ഇറങ്ങാന്‍ രണ്ട്, നാല്, ആറ് എന്നിങ്ങനെ സമസംഖ്യാകങ്ങളായ കല്പടവുകളുള്ള സോപാനം നിര്‍മിക്കണം. ഇതിന്റെ രണ്ടുവശവും മകര മത്സ്യത്തിന്റെ ആകൃതിയില്‍ അതിരുകള്‍ ഉണ്ടായിരിക്കണം. മേല്‍ക്കൂര തടികൊണ്ടോ കല്ലുകൊണ്ടോ ഇഷ്ടികകൊണ്ടോ ആകാം. തടികൊണ്ടുള്ള തൂണില്‍ ചെമ്പുതകിടുകൊണ്ട് മൂടിയിരിക്കും. കല്ലുകൊണ്ടും ഇഷ്ടികകൊണ്ടുമുള്ളതില്‍ പല വിധത്തിലുള്ള ശില്പങ്ങളുണ്ടായിരിക്കും. മേല്‍ക്കൂര വൃത്താകൃതിയിലോ ചതുരാകൃതിയിലോ ഒക്കെയാകാം. ഇതിനെ ആശ്രയിച്ച് ഗൃഹത്തെ നാഗരം, ദ്രാവിഡം, വേശരം എന്ന് മൂന്നായി തിരിച്ചിരിക്കുന്നു.
ഗര്‍ഭഗൃഹത്തിന്റെ നടുക്കുള്ള പീഠത്തിലാണ് ബിംബമോ ലിംഗമോ പ്രതിഷ്ഠിക്കുന്നത്. കരചരണാദ്യവയവങ്ങളോടുകൂടി (മനുഷ്യാകൃതിയില്‍) നിര്‍മിച്ചിരിക്കുന്ന വിഗ്രഹത്തെ ബിംബം എന്നു പറയുന്നു. അതിരില്ലാതെ ദീര്‍ഘവൃത്താകൃതിയിലുള്ള പ്രതീകത്തെ ലിംഗമെന്നു പറയുന്നു. ശിവനു ലിംഗവും മറ്റു ദേവന്മാര്‍ക്ക് ബിംബവുമാണ് സ്വീകരിക്കുന്നത്. ബിംബം നില്ക്കുന്ന അവസ്ഥയിലോ (ഗുരുവായൂര്‍, തിരുപ്പതി) ഇരിക്കുന്ന അവസ്ഥയിലോ (തൃപ്പൂണിത്തുറ, ശബരിമല) ശയിക്കുന്ന അവസ്ഥയിലോ (അനന്തശയനം-ശ്രീരംഗ) പ്രതിഷ്ഠിക്കാം. ഇതനുസരിച്ച് ഗര്‍ഭഗൃഹത്തിന് സ്ഥാനകം, ആസനം, ശയനം എന്ന ഭേദമുണ്ട്.
ക്ഷേത്രസംവിധാനത്തിലെ ഏറ്റവും പരിപാവനമായ ഭാഗമാണ് ഗര്‍ഭഗൃഹം. അര്‍ച്ചകന്മാര്‍ക്കു മാത്രമേ അതിനകത്ത് പ്രവേശനമുള്ളൂ. അതും കായമനഃപരിശുദ്ധിയോടുകൂടിയേ ആകാവൂ.
ഈശ്വരനെ രാജാധിരാജനായും സാര്‍വഭൌമനായും കരുതുന്നു. അതിനാല്‍ ഭാരതീയ സംസ്കാരത്തില്‍ ഈശ്വരന് രാജോചിതമായ ദേവാലയം നിര്‍മിച്ച് രാജോചിതമായ ഉപചാരങ്ങള്‍ സമര്‍പ്പിക്കുന്നു. വിഷ്ണു, ശങ്കരനാരായണന്‍, ശിവന്‍, ദുര്‍ഗ, ഗണപതി, സുബ്രഹ്മണ്യന്‍, ശാസ്താവ് എന്നിവരാണ് കേരളത്തിലെ പ്രധാനപ്പെട്ട ആരാധനാമൂര്‍ത്തികള്‍. നോ. ക്ഷേത്രങ്ങള്‍; ക്ഷേത്രവാസ്തുവിദ്യ
(പ്രൊഫ. വി. വെങ്കട രാജശര്‍മ)