This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗര്‍ബ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗര്‍ബ്

Gharb

അസ്തമിക്കുന്ന സ്ഥലം അഥവാ പടിഞ്ഞാറ് എന്നര്‍ഥമുള്ള അറബിപദം. പോവുക, മറയുക, അസ്തമിക്കുക എന്നെല്ലാം അര്‍ഥമുള്ള ഗറുബ എന്ന പദത്തില്‍നിന്നാണ് ഇതിന്റെ നിഷ്പത്തി. അറബി പട്ടണങ്ങളുടെയും പ്രവിശ്യകളുടെയും പാശ്ചാത്യഭാഗത്തിന് ഗര്‍ബ് എന്നു പറയാറുണ്ട്.

1. മൊറോക്കന്‍ തീരത്തെ ചെറുപട്ടണം. കിഴക്കന്‍ തീരത്തെ വേര്‍തിരിക്കുന്ന മലകള്‍ക്കും വാദി ലുഖൂസ് (Wadi Lukhus), വാദി സുബൂ (Wadi Subu) എന്നീ പ്രദേശങ്ങള്‍ക്കും ഇടയില്‍ സ്ഥിതിചെയ്യുന്നു. കടലിനോടു ചേര്‍ന്നുകിടക്കുന്ന ഗര്‍ബ് ഈര്‍പ്പമുള്ള ചതുപ്പുപ്രദേശമാണ്. ഇവിടത്തെ ആദിമനിവാസികള്‍ ബെര്‍ബെറുകളാണ്. തമസ്നാ (Tamasna) എന്ന പ്രദേശത്തു സ്ഥാപിതമായ മസ്മൂദാ (Masmuda) ഗ്രൂപ്പിന്റെ ഒരു ബെര്‍ബെര്‍ കോണ്‍ഫെഡറേഷനായ ബര്‍ഗവാത്താ(Berghawata)യുടെ അധീനത്തിലായിരുന്നു ഈ ഭൂപ്രദേശം. പില്ക്കാലത്ത് അല്‍മൊറാവിദു (al-moravid)കളും അല്‍മൊഹദു (al-mohad)കളും ഇവരെ ഉന്മൂലനം ചെയ്തു. കുറേക്കാലം ജനവാസമില്ലാതിരുന്ന ഗര്‍ബില്‍ 12-ാം ശതകത്തില്‍ അല്‍-മൊഹദ് പ്രഭുവായ യ അ്കൂബ് അല്‍ മന്‍സൂര്‍ എത്തി ആധിപത്യമുറപ്പിച്ചു. യുദ്ധതത്പരരായ അറേബ്യന്‍ ഗോത്രക്കാരായിരുന്നു 19-ാം ശതകംവരെയും ഇവിടെ കുടിയേറിയിരുന്നത്. നാടുനീളെ അലഞ്ഞുകഴിഞ്ഞിരുന്ന ഇവര്‍ക്ക് കൃഷിയിലും മറ്റും തീരെ താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഫ്രഞ്ച് കൊളോണിയലിസത്തിന്റെ ആഗമനം ഗര്‍ബില്‍ മാറ്റങ്ങള്‍ വരുത്തി. കാര്‍ഷികാഭിവൃദ്ധി നേടിയ ഗര്‍ബില്‍ നെല്‍ക്കൃഷി സര്‍വസാധാരണമായി. അല്‍ കസ്ര്‍ അല്‍ കബീര്‍ (al-Kasr, al-Kabir)ഉം സൂക്ക് അല്‍-അര്‍ബഅ് (Suk, al-Arba) എന്ന കമ്പോളവുമൊഴികെ പറയത്തക്ക മറ്റു പട്ടണങ്ങളോ കേന്ദ്രങ്ങളോ ഗര്‍ബില്‍ ഇല്ല.

2. സ്പെയിനിന്റെ പശ്ചിമ സംസ്ഥാനം. ഇത് ഗര്‍ബുല്‍ അന്തലൂസിയ എന്നറിയപ്പെട്ടിരുന്നു. ഇത് ലോപിച്ച് അല്‍ ഗര്‍വ് എന്നും പിന്നീട് ഗര്‍ബ് എന്നും അറിയപ്പെട്ടു.

നിരവധി മുസ്ലിം ഇടപ്രമാണിമാരുടെ അധീനത്തിലായിരുന്ന ഈ ഭൂവിഭാഗം കീഴ്പ്പെടുത്തുവാന്‍ സാമ്രാജ്യശക്തികള്‍ പലവുരു ശ്രമിച്ചിട്ടുണ്ട്. പെട്ടെന്നു കീഴടങ്ങുകയും അടിമത്തം നീങ്ങിയാല്‍ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്യുകവഴി ഏഴു നൂറ്റാണ്ടുകളോളം നിലനിന്ന സ്പാനിഷ്-മുസ്ലിം ഭരണത്തെ തളര്‍ത്തിയതും നാശത്തിലെത്തിച്ചതും ഗര്‍ബാണ്.

പോര്‍ച്ചുഗലിലെ ക്രിസ്ത്യന്‍ രാജാവായിരുന്ന അല്‍ ഫന്‍സോ III-ന്റെ സഹായത്തോടെ അബ്ദുര്‍ റഹ്മാനുബ്നു മര്‍വാന്‍ സ്ഥാപിച്ച ഭരണകൂടം ഒരു നൂറ്റാണ്ടിലധികം കാലം ഗര്‍ബിനെ ഭരിച്ചിട്ടുണ്ട്. തമ്മില്‍ കലഹിക്കുന്ന മുസ്ലിം ഭരണാധിപന്മാരെ പോര്‍ച്ചുഗല്‍ സൈന്യം കീഴ്പ്പെടുത്തി ഫര്‍ഡിനന്‍ഡ് ചക്രവര്‍ത്തിയുടെയും ഇസബെല്ല രാജ്ഞിയുടെയും സംയുക്ത സൈന്യങ്ങള്‍ 1491-ല്‍ മുസ്ലിംശക്തികളുടെ ഇടയിലേക്കു പടയോട്ടം നടത്തി. തത്ഫലമായി 1492-ല്‍ അവര്‍ കടല്‍ കടന്നു രക്ഷപ്പെടുകയോ പടവെട്ടി മരിക്കുകയോ ക്രിസ്ത്യാനികളായി പരിവര്‍ത്തനം ചെയ്ത് അഭയം തേടുകയോ ഉണ്ടായി.

(പ്രൊഫ. പി.എം. അബ്ദുര്‍ റഹ്മാന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AC%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍