This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗംഗോപാധ്യായ, ദ്വാരകനാഥ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗംഗോപാധ്യായ, ദ്വാരകനാഥ്

Gangopadhyay, Dwarakanath (1845 - 98)

പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ഗ്രന്ഥകാരനും. ദ്വാരകനാഥ് ഡാക്കാ ഡിസ്ട്രിക്റ്റിലെ മയൂര്‍ഖണ്ഡിലുള്ള ഒരു ബ്രാഹ്മണകുടുംബത്തില്‍ 1845 ഏ. 20-ന് ജനിച്ചു. ബ്രഹ്മസമാജത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ ഗംഗോപാധ്യായ ആ സംഘടനയില്‍ അംഗമായിച്ചേര്‍ന്നു. 1876-ല്‍ ഇന്ത്യന്‍ അസോസിയേഷന്‍ രൂപവത്കരിക്കുന്നതിന് സുരേന്ദ്രനാഥ ബാനര്‍ജിയെ സഹായിച്ചു. ദ്വാരകനാഥ് പിന്നീട് ആ സംഘടന വിട്ട് ബംഗാളില്‍ ഒരു കര്‍ഷകസംഘടന ഉണ്ടാക്കുന്നതിനായി പരിശ്രമിച്ചു. ഇദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വാര്‍ഷിക സമ്മേളനങ്ങളില്‍ പങ്കെടുത്തു. 1878-ല്‍ ഇദ്ദേഹം ജനാധിപത്യരീതിയിലുള്ള 'സാധാരണ്‍ ബ്രഹ്മസമാജ്'സ്ഥാപിച്ചു. അബല ബാന്ധബ് പത്രിക തുടങ്ങി. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്കുന്നതിനുവേണ്ടി ഹിന്ദു മഹിളാ വിദ്യാലയം സ്ഥാപിച്ചു. 1896-ല്‍ ഇദ്ദേഹം ബ്രഹ്മോസമാജ് ഗേള്‍സ് സ്കൂളിന്റെ അധികാരം ഏറ്റെടുത്തു. ദ്വാരകാനാഥിന്റെ സാമൂഹിക രാഷ്ട്രീയപ്രശ്നങ്ങളിലുള്ള ശ്രദ്ധയും താത്പര്യവും ഇദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ദ്വാരകനാഥ് അനേകം ഗ്രന്ഥങ്ങളും രചിച്ചിരുന്നു. ബ്രഹ്മസമാജക്കാരനായിരുന്ന ഇദ്ദേഹം ജാതിക്കും തൊട്ടുകൂടായ്മയ്ക്കുമെതിരായി ശബ്ദമുയര്‍ത്തിയിരുന്നു. സ്ത്രീവിമോചനത്തിനുവേണ്ടിയും ശ്രമിച്ചു. കുടില്‍വ്യവസായത്തെ പ്രോത്സാഹിപ്പിക്കാന്‍ 1896-ല്‍ 'സ്വദേശി ശില്പപ്രദര്‍ശനി' സംഘടിപ്പിച്ചു. 1898-ല്‍ ഇദ്ദേഹം അന്തരിച്ചു.

(പി. സുഷമ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍