This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖെര്‍, ബാലഗംഗാധര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖെര്‍, ബാലഗംഗാധര

Kher, Bal Gangadhar (1888 - 1957)

ഇന്ത്യന്‍ സ്വാതന്ത്ര്യസമരനേതാവും ബഹുഭാഷാപണ്ഡിതനും. 1888 ആഗ. 24-ന് രത്നഗിരിയില്‍ ജനിച്ചു. പൂനെയിലെ പ്രസിദ്ധമായ ന്യൂ ഇംഗ്ലീഷ് സ്കൂളില്‍നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ (1902) ഇദ്ദേഹം മുംബൈയിലെ വില്‍സണ്‍ കോളജില്‍ ചേര്‍ന്ന് 1906-ല്‍ സംസ്കൃതഭാഷയില്‍ ബി.എ. ജയിക്കുകയും 'ഭാവു ഭാജി സംസ്കൃതസമ്മാനം' നേടുകയും ചെയ്തു. 1908-ല്‍ എല്‍.എല്‍.ബി. ബിരുദവും കരസ്ഥമാക്കി. ബംഗാള്‍ പ്രവിശ്യ വിഭജന കാലഘട്ടമായിരുന്നു ഇത്. 'ഭാരതം ഭാരതീയര്‍ക്ക്' എന്ന അടിസ്ഥാനത്തില്‍ വളര്‍ന്നുവന്ന രാഷ്ട്രീയബോധം ബാലഗംഗാധരനെ ആവേശഭരിതനാക്കി. 'സ്വദേശി', 'സ്വരാജ്', 'വിദേശവസ്തു ബഹിഷ്കരണം' മുതലായ പ്രസ്ഥാനങ്ങള്‍ ഇദ്ദേഹത്തെ ആകര്‍ഷിച്ചു. തന്റെ ഭാവിജീവിതം മുഴുവനും രാഷ്ട്രത്തിനും രാഷ്ട്രീയത്തിനുംവേണ്ടി ഉഴിഞ്ഞുവച്ചു.

ഉപനിഷത്തുകളിലും ഭഗവദ്ഗീതയിലുമായി പരന്നുകിടക്കുന്ന വേദാന്തവിജ്ഞാനം ഉള്‍ക്കൊള്ളുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. വിവേകാനന്ദസാഹിത്യമാണ് ഖെറിനെ കര്‍മയോഗിയാക്കി മാറ്റിയത്. തന്റെ സഹജീവികളെ നിസ്വാര്‍ത്ഥമായി സേവിക്കുക എന്ന 'കര്‍മയോഗ'മാണ് മനുഷ്യസ്നേഹിയായ ഖെറിനെ ആകര്‍ഷിച്ചത്. മുംബൈ ഹൈക്കോടതിയിലെ ജസ്റ്റിസ് ഫ്രാങ്ക് ബീമന്റെ പ്രൈവറ്റ് സെക്രട്ടറിയായി ഖെര്‍ 1912 മുതല്‍ 18 വരെ സേവനമനുഷ്ഠിച്ചു.

ഇദ്ദേഹത്തിന് മറാഠി, ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, കന്നഡ എന്നീ ഭാഷകളില്‍ മികച്ച പരിജ്ഞാനമുണ്ടായിരുന്നു. ആംഗ്ളേയസാഹിത്യകാരന്മാരായ റൈസ് ഡേവിഡ്, മാക്സുഗല്‍, റസ്കിന്‍, മെക്കാളെമില്‍, റെജിഹാള്‍ഡ് സ്മിത്ത്, ഹോബ്സണ്‍, ജോണ്‍ ഡ്യൂവി, ലൂയി ഫിഷര്‍ എന്നിവരോട് പ്രത്യേകം പ്രതിപത്തി കാണിച്ചിരുന്നു. രാഷ്ട്രീയത്തില്‍ തികച്ചും ലിബറല്‍ പക്ഷക്കാരനായിരുന്നു ഖെര്‍. കോടതികള്‍, വിദ്യാലയങ്ങള്‍, നിയമനിര്‍മാണസഭകള്‍ എന്നിവ ബഹിഷ്കരിക്കുന്നതില്‍ ഖെര്‍ ഒട്ടുംതന്നെ മതിപ്പ് കണ്ടെത്തിയില്ല. സി.ആര്‍.ദാസ് പണ്ഡിറ്റ് മോത്തിലാല്‍ നെഹ്റു എന്നിവര്‍ 1923-ല്‍ സ്വരാജ് പാര്‍ട്ടി രൂപവത്കരിച്ചപ്പോള്‍ പാര്‍ട്ടിയുടെ മുംബൈ ശാഖയുടെ സെക്രട്ടറിയായി ബി.ജി.ഖെര്‍. എന്നാല്‍ ഗാന്ധിജിയുടെ ദണ്ഡിമാര്‍ച്ചും ഉപ്പുസത്യാഗ്രഹവും പിന്തുടര്‍ന്ന് ഖെര്‍ നിസ്സഹകരണപ്രസ്ഥാനത്തില്‍ ചേര്‍ന്നു. ഇതിന്റെ ഫലമായി, 1930-45 കാലയളവില്‍ അഞ്ചു കൊല്ലക്കാലം വിവിധ സന്ദര്‍ഭങ്ങളിലായി ജയില്‍വാസമനുഭവിച്ചു. മുംബൈ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിന്റെ സജീവപ്രവര്‍ത്തകനായി. തുടര്‍ന്ന്, ഖെര്‍ എ.ഐ.സി.സി. അംഗമായി.

നിയമസഭയിലേക്കു മത്സരിക്കുവാന്‍ കോണ്‍ഗ്രസ് 1937-ല്‍ തീരുമാനിച്ചപ്പോള്‍ ഖെര്‍ മുംബൈയില്‍ നിന്നു പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ ബോംബെ പ്രവിശ്യയില്‍ ഇന്നത്തെ സിന്ധ്, ഗുജറാത്ത്, മഹാരാഷ്ട്ര പ്രവിശ്യകള്‍ ഉള്‍പ്പെട്ടിരുന്നു. ബി.ജി.ഖെര്‍ രണ്ടുപ്രാവശ്യം (1937-39, 1946-52) ബോംബെയിലെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു.

ഖെര്‍ 1947 മുതല്‍ 49 വരെ ഭരണഘടനാനിര്‍മാണസമിതിയിലെ അംഗമായിരുന്നു. രണ്ടാംപ്രാവശ്യം ബോംബെ മുഖ്യമന്ത്രിപദം അവസാനിച്ചപ്പോള്‍ ഖെര്‍ 1952-ല്‍ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറായി 1952 മുതല്‍ 54 വരെ പ്രവര്‍ത്തിക്കുവാനും ഇദ്ദേഹത്തിനു കഴിഞ്ഞു. 1954-ല്‍ 'പത്മവിഭൂഷണ്‍' പുരസ്കാരം നല്കി ഇദ്ദേഹത്തെ ബഹുമാനിച്ചു. ഔദ്യോഗിക ഭാഷാക്കമ്മീഷന്റെയും (1955) ഗാന്ധിസ്മാരക നിധിയുടെയും (1958) അധ്യക്ഷനായി സേവനമനുഷ്ഠിച്ചു.

ബര്‍ദോമിലെ കര്‍ഷകര്‍ അനുഭവിച്ചിരുന്ന ദുരിതങ്ങളെക്കുറിച്ച് അന്വേഷിക്കുവാന്‍ കോണ്‍ഗ്രസ് നിയോഗിച്ച അനൌദ്യോഗിക അന്വേഷണക്കമ്മിഷനില്‍ ഖെര്‍ 1923-ല്‍ പ്രവര്‍ത്തിച്ചിരുന്നു. പില്ക്കാലത്ത് നേതൃത്വത്തിലേക്ക് ഉയരാന്‍ കഴിഞ്ഞത് ആ കമ്മിറ്റിയില്‍ നിഷ്പക്ഷമായും സത്യസന്ധമായും പ്രവര്‍ത്തിച്ചതുകൊണ്ടാണ്.

അടിസ്ഥാനവിദ്യാഭ്യാസത്തിന്റെ ആദ്യകാല പ്രണേതാക്കളില്‍ പ്രമുഖനായിരുന്ന ഖെര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം ബോംബെയില്‍ നിര്‍ബന്ധിതമാക്കിയത്. ഇംഗ്ലീഷ് അവശ്യം പഠിച്ചിരിക്കേണ്ടതാണെന്ന് ഇദ്ദേഹം ശഠിച്ചു. രാഷ്ട്രത്തിനാകെ ഒരേ ശൈലിയിലുള്ള വിദ്യാഭ്യാസം എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. ബ്രിട്ടീഷ് പാര്‍ലമെന്ററി സമ്പ്രദായത്തിന്റെ സത്യസന്ധനായ അനുയായിയായിരുന്നു ഖെര്‍. കുറച്ചുനാള്‍ ബോബെയില്‍ നിന്നു പുറപ്പെട്ട ലോകമാന്യേ എന്ന മറാഠി ദിനപത്രത്തിന്റെ എഡിറ്ററായിരുന്നു. 1956-57 കാലത്ത് മറാഠിയില്‍ തന്നെ ഗാന്ധിമാര്‍ഗം എന്ന ത്രൈമാസികയും പുറപ്പെടുവിച്ചിരുന്നു.

സാധുക്കളുടെയും തൊഴിലാളികളുടെയും ഉന്നമനത്തില്‍ ഖെര്‍ ശ്രദ്ധ ചെലുത്തിയിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇദ്ദേഹം തൊഴിലാളികളുടെ അടിമത്വവും മറ്റ് അവശതകളും പരിഹരിക്കുവാന്‍ ഉറ്റു ശ്രമിച്ചു. ചേരിനിര്‍മാര്‍ജനത്തിനും ചേരിനിവാസികളെ കുടിയിരുത്തുന്നതിനും ഖെര്‍ നല്കിയ സംഭാവന പ്രശംസാര്‍ഹമാണ്. ഗ്രാമവ്യവസായങ്ങളെ പോഷിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇദ്ദേഹം നല്ലപോലെ മനസ്സിലാക്കിയിരുന്നു. വന്‍കിട മുതലാളിമാരും വ്യവസായികളും തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം നല്കിയേ മതിയാകൂ എന്ന് ഖെര്‍ ആവശ്യപ്പെട്ടു. ഗ്രാമവ്യവസായങ്ങളും കുടില്‍വ്യവസായങ്ങളും ഭാരതത്തെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകങ്ങളാണെന്ന് ഇദ്ദേഹം വാദിച്ചു. തൊട്ടുകൂടായ്മയ്ക്ക് എതിരായിരുന്ന ഇദ്ദേഹം നാസിക് സത്യാഗ്രഹത്തില്‍ ഡോ. അംബേദ്കറോടൊപ്പം പങ്കുകൊണ്ടു. സ്ത്രീവിദ്യാഭ്യാസത്തിനുവേണ്ടി ഏറെ വാദിച്ചവരില്‍ ഒരാളായിരുന്നു ഖെര്‍. 1957-ല്‍ ഖെര്‍ അന്തരിച്ചു.

(പ്രൊഫ. എ.ജി. മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍