സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഖാന്, സെയ്ഫ് അലി
Khan, Saif Ali (1970 - )
ഹിന്ദി ചലച്ചിത്രനടന്‍. പട്ടൗഡി നവാബിന്റെ മകനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ മന്‍സൂര്‍ അലിഖാന് പട്ടൗഡിയുടെയും ചലച്ചിത്രനടി ഷര്‍മിള ടാഗോറിന്റെയും മകനായി 1970 ആഗ. 16-ന് ന്യൂഡല്‍ഹിയില്‍ ജനിച്ചു. സിനാവാറിലെ ലോറന്‍സ് സ്കൂള്‍, ബ്രിട്ടനിലെ ലോക്കേഴ്സ് പാര്‍ക്ക് സ്കൂള്‍, വിന്‍ചെസ്റ്റര്‍ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1992-ല്‍ 'പരമ്പര' എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു സെയ്ഫ് അലിയുടെ അരങ്ങേറ്റം. എന്നാല്‍ 1994-ലെ 'മേം ഖിലാഡി തൂ അനാരി', 'യേ ദില്ലഗി' എന്നിവ ആയിരുന്നു സാമ്പത്തിക വിജയം നേടിയ ആദ്യ ചലച്ചിത്ര സംരംഭങ്ങള്‍. തുടര്‍ന്ന് തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടു. 2001-ല്‍ പുറത്തിറങ്ങിയ 'ദില്‍ ചാഹ്താ ഹേ'യാണ് സെയ്ഫിന്റെ ചലച്ചിത്ര ജീവിതത്തിന് വഴിത്തിരിവായത്. 'കല് ഹോ ന ഹോ'യിലെ അഭിനയത്തിന് 2003-ല്‍ മികച്ച സഹനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. തുടര്‍ന്ന് പുറത്തിറങ്ങിയ 'ഹം തും' മിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു (2004). പിന്നീട് 'സലാം നമസ്തേ' (2005), 'തരാംപം' (2007), 'റേസ്' (2008), സമാന്തര സിനിമയായ 'പരീണിത' (2005), 'ബിയിങ് സൈറസ്', 'ഒംകാര' (2006), 'തഷാന്‍' (2008), 'ഥോഡാപ്യാര് ഥോഡാമാജിക്' (2008), 'ലവ് ആജ് കല്' (2009), 'ഏജന്റ് വിനോദ്' (2012), 'കോക്ടൈല്‍' (2012) തുടങ്ങിയവയും മികച്ച വിജയങ്ങളായി. 'ലവ് ആജ് കല്'ലിലൂടെ 2009-ല്‍ ചലച്ചിത്ര നിര്‍മാണരംഗത്തു പ്രവേശിച്ചു. ഇദ്ദേഹത്തിന് ചലച്ചിത്രരംഗത്തെ അഭിനയമികവിന് ഭാരത സര്‍ക്കാര്‍ പദ്മശ്രീ നല്കി ആദരിച്ചു (2010).