This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഖാന്‍, ഷാരൂഖ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഖാന്‍, ഷാരൂഖ്
Khan, Sharookh (1965 -)
ഹിന്ദി ചലച്ചിത്രനടനും നിര്‍മാതാവും. സ്വാതന്ത്ര്യസമരഭടനായ താജ് മുഹമ്മദ്ഖാന്റെ മകനായി 1965 ന. 2-ന് ന്യൂഡല്‍ഹിയില്‍ ജനിച്ചു. ഡല്‍ഹിയില്‍ സെന്റ് കൊളംബസ് സ്കൂള്‍, ഹാന്‍സ്രാജ് കോളജ്, ജാമിയ മിലിയ ഇസ്ലാമിക എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം ചെയ്ത ഇദ്ദേഹം ഡല്‍ഹിയിലെ നാഷണല്‍ സ്കൂള്‍ ഒഫ് ഡ്രാമയില്‍നിന്ന് അഭിനയത്തില്‍ ഡിപ്ലോമനേടി.
ഡല്‍ഹിയിലെ തിയേറ്റര്‍ ആക്ഷന്‍ ഗ്രൂപ്പില്‍ (TAG) നാടകസംവിധായകനായ ബാരി ജോണിനു കീഴിലാണ് ഷാരൂഖ് രംഗവേദിയിലെ അഭിനയ പാടവങ്ങള്‍ സ്വായത്തമാക്കിയത്. 1988-ല്‍ 'ദില്‍ ദാരിയ' എന്ന പരമ്പരയിലൂടെ ടെലിവിഷന്‍ രംഗത്ത് തുടക്കംകുറിച്ചു. തുടര്‍ന്ന് 'ഫൗജി', 'സര്‍ക്കസ്', 'ഇന്‍വിച്ച് ആനീ ഗിവ്സ് ഇറ്റ് ദോസ് വണ്‍സ്', എന്നീ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
1990-കളോടെ മുംബൈയിലേക്ക് താമസം മാറ്റിയ ഇദ്ദേഹത്തിന്റെ ആദ്യസിനിമാ സംരംഭം 'ദില്‍ ആഷ്നാ ഹായ്' ആയിരുന്നുവെങ്കിലും ആദ്യം പുറത്തിറങ്ങിയ ചിത്രം 'ദീവാന' (1992) ആയിരുന്നു. ഇതില്‍ ഋഷികപൂറിനും ദിവ്യഭാരതിക്കുമൊപ്പമാണ് ഇദ്ദേഹം അഭിനയിച്ചത്. വലിയ തോതില്‍ വാണിജ്യവിജയം നേടിയ ഈ ചിത്രത്തിലെ അഭിനയത്തിലൂടെ അക്കൊല്ലത്തെ പുതുമുഖതാരത്തിനുള്ള ഫിലിംഫെയര്‍ അവാര്‍ഡുനേടി. തുടര്‍ന്ന് മണികൗളിന്റെ 'ദി ഇഡിയറ്റ് ഇഡിയറ്റ്', ഹാസ്യതാരമായി പ്രത്യക്ഷപ്പെട്ട 'രാജാ ബന്‍ഗയാ ജെന്റില്‍മാന്‍', 'മയാ മേംസാബ്', വില്ലന്‍ കഥാപാത്രമായി രംഗത്തെത്തിയ 'ഡര്‍', 'ബാസിഗര്‍' (1993) തുടങ്ങിയവ പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ നേടിക്കൊടുത്തു. 1994-ല്‍ പുറത്തിറങ്ങിയ 'കഭി ഹം കഭി നാ' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ആദ്യമായി മികച്ച നടനുള്ള ഫിലിംഫെയര്‍ ക്രിട്ടിക്സ് അവാര്‍ഡ് ഷാരൂഖ് ഖാന് ലഭിച്ചു. 1995-ല്‍ രാകേഷ് റോഷന്‍ സംവിധാനം ചെയ്ത 'കരണ്‍ അര്‍ജുന്‍' എന്ന ഇരട്ടവേഷം വന്‍ വിജയം നേടിയതോടെയാണ് ബോളിവുഡിലെ മികച്ച നടന്മാരില്‍ പ്രമുഖനായി ഷാരുഖ് മാറിയത്. ഇതേവര്‍ഷം തന്നെ അഭിനയിച്ച 'ദില്‍ വാലേ ദുല്‍ഹനിയ ലേജായേഗേ' ഇന്ത്യന്‍ സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. തുടര്‍ന്ന് 'ദില്‍സേ', 'കുച്ച് കുച്ച് ഹോത്താ ഹൈ' (1998), 'കഭി ഖുശി കഭി ഗം' (2001), 'കല്‍ ഹോ ന ഹോ' (2003), 'വീര്‍-സാരാ' (2004), 'ചക് ദേ ഇന്ത്യ' (2007), 'ഓം' (2007), 'രബ്നേ ബനാദി ജോഡി'(2008), 'കഭി അല്‍വിദാ ന കഹ്നാ' (2006), 'മൈ നെയിം ഈസ് ഖാന്‍' (2010), 'രാവണ്‍' (2011) തുടങ്ങിയ ചിത്രങ്ങളിലൂടെ വലിയ തോതില്‍ ആരാധകവൃന്ദത്തെ സൃഷ്ടിക്കാന്‍ ഇദ്ദേഹത്തിനായിട്ടുണ്ട്.
2000 മുതല്‍ ടെലിവിഷന്‍ അവതരണ രംഗത്തും ചലച്ചിത്രനിര്‍മാണ രംഗത്തും സജീവമായി. 2012-നകം 70-ലധികം ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇദ്ദേഹത്തിന് 14 തവണ ഫിലിംഫെയര്‍ അവാര്‍ഡ് (8 തവണ മികച്ച നടന്‍) ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് ഷാരൂഖ് ഖാന്‍ നല്‍കിയ സംഭാവനകളെ മാനിച്ച് 2005-ല്‍ ഭാരതസര്‍ക്കാര്‍ ഇദ്ദേഹത്തെ പദ്മശ്രീ നല്‍കി ആദരിച്ചു.
കായികരംഗത്ത് ശ്രദ്ധപതിപ്പിക്കുന്ന ഷാരൂഖ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്രായോജകനാണ്.