This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖാണ്ട് വ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖാണ്ട് വ

Khandwa

മധ്യപ്രദേശിലെ ജില്ലയും ജില്ലാആസ്ഥാനവും വാണിജ്യപ്രാധാന്യമുള്ള ഒരു പട്ടണവും. ഉത്തര അക്ഷാംശം 21°50'-നും പൂര്‍വ രേഖാശം 76°23'-നും ഇടയ്ക്കു സ്ഥിതി ചെയ്യുന്നു. ജനസംഖ്യ: 13,09,443 (2011); വിസ്തീര്‍ണം: 10,705 ച.കി.മീ. 'കിഴക്കന്‍ നീമാര്‍' (East Nimar) എന്നും അറിയപ്പെടുന്നു. നാഗപ്പൂരിന് 296 കി.മീ. വടക്കുപടിഞ്ഞാറായി മഹാരാഷ്ട്രയോടുതൊട്ടുകിടക്കുന്ന ഖാണ്ട് വയുടെ വടക്ക് വിന്ധ്യനും തെക്ക് സാത്പുരാനിരകളും ആണ്. മുഖ്യഭാഷ: ഹിന്ദി. നര്‍മദാ, താപ്തി തുടങ്ങിയ പ്രധാന നദികള്‍ ഈ പ്രദേശത്തിലൂടെ കടന്നുപോകുന്നു. കുന്നുകളും സമതലങ്ങളും നിറഞ്ഞ ഈ ജില്ലയുടെ ഏകദേശം 44 ശതമാനത്തോളവും ഘോരവനങ്ങള്‍ നിറഞ്ഞിരിക്കുന്നു. ഹിന്ദുപുരാണമായ മഹാഭാരതത്തില്‍ പരാമര്‍ശിക്കുന്ന ഖാണ്ഡവ വനത്തിലേതുപോലെ നിബിഡവനത്താല്‍ ചുറ്റപ്പെട്ട സ്ഥലമാണ് ഖാണ്ട് വ ഈ ജില്ലയുടെ വരുമാനത്തിന്റെ ഒരു പ്രധാന ഉറവിടം ഈ വനങ്ങളാണ്.

1974-ലാണ് ഖാണ്ട് വ മുനിസിപ്പാലിറ്റി സ്ഥാപിതമായത്. സ്വാതന്ത്ര്യസമരകാലത്ത് ജനകീയ സമരങ്ങളോട് തികച്ചും ആഭിമുഖ്യം പുലര്‍ത്തിയ പട്ടണമാണ് ഖാണ്ട് വ. സ്വാമി ദയാനന്ദ് സരസ്വതി, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയ ആചാര്യന്മാരും ഗാന്ധിജി, ലോകമാന്യതിലകന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. ഒരു പ്രധാന തീവണ്ടി സ്റ്റേഷനും ബസ്സ്റ്റേഷനുമായി ഇന്ന് ഖാണ്ട് വ അറിയപ്പെടുന്നു.

ഗോതമ്പ്, നെല്ല്, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന കൃഷികള്‍. പരുത്തി, എണ്ണക്കുരുക്കള്‍ തുടങ്ങിയ മുഖ്യനാണ്യവിളകളും ഇവിടെ സമൃദ്ധമായുണ്ട്. പരുത്തി, എണ്ണക്കുരുക്കള്‍, പയറുവര്‍ഗങ്ങള്‍, തടി എന്നിവ കയറ്റുമതി ചെയ്യുന്നുമുണ്ട്.

തുണിമില്ലുകള്‍ക്ക് ഖാണ്ട് വ പ്രസിദ്ധമാണ്. തടിമില്ലുകളും എണ്ണമില്ലുകളുമാണ് മറ്റു വ്യവസായ സ്ഥാപനങ്ങള്‍. സില്‍ക്കുവ്യവസായത്തെ സഹായിക്കുന്ന ഒരു പട്ടുനൂല്‍പ്പുഴുവളര്‍ത്തല്‍ കേന്ദ്രവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇവിടത്തെ കൈത്തറി വസ്ത്രങ്ങള്‍ക്ക് വിപണിയില്‍ മുന്‍തൂക്കം ലഭിക്കുന്നു.

കൃഷിയാണ് പ്രധാന ഉപജീവനമാര്‍ഗമെങ്കിലും എല്ലാ ആധുനിക സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ഒരു സാങ്കേതിക കോളജുള്‍പ്പെടെ സാഗര്‍ സര്‍വകലാശാലയുടെ കീഴിലുള്ള ഏതാനും കോളജുകള്‍ തുടങ്ങി ഉന്നതവിദ്യാഭ്യാസത്തിനുവേണ്ട സൗകര്യം ഇവിടെയുണ്ട്.

ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദുമതവിശ്വാസികളും ജൈനമതവിശ്വാസികളുമാണ്. ഇവര്‍ക്ക് പുറമേ മറ്റു മതക്കാരുമുണ്ട്. 12-ാം ശതകത്തില്‍ ഒരു പ്രധാന ജൈനമതാരാധനാകേന്ദ്രമായറിയപ്പെട്ടിരുന്ന ഇവിടത്തെ ജൈനക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ ഇന്നും ഒരു പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. കോദാരപുരത്തു സ്ഥിതിചെയ്യുന്ന ഹിന്ദുക്ഷേത്രവും ശ്രദ്ധേയമാണ്. ജനങ്ങള്‍ മുഖ്യമായും കൃഷി, വനവിഭവശേഖരണം, വ്യവസായം തുടങ്ങിയ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. സാക്ഷരതാനിലവാരം വളരെ താഴെയാണ്.

(ജെ.കെ. അനിത., സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%96%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%B5" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍