This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖരവേലന്‍ (ബി.സി. 176 - 163)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഖരവേലന്‍ (ബി.സി. 176 - 163)

കലിംഗരാജാവ്. കട്ടക്കിനു സമീപമുള്ള ഉദയഗിരിയിലെ ഹഥികുംഭ ശാസനത്തില്‍ മാത്രമാണ് ഖരവേലനെക്കുറിച്ച് രേഖകളുള്ളത്. ഖരവേലന്റെ 13 വര്‍ഷത്തെ ഭരണനേട്ടങ്ങളുടെ ഒരു പട്ടിക ഇതിലടങ്ങിയിരിക്കുന്നു. ചേതവംശജനായ ഖരവേലന്‍ തന്റെ മുന്‍ഗാമികളിലൊരാളായ മഹാമേഘ വാഹനനെ സ്മരിച്ചുകൊണ്ടാണ് പ്രാകൃതഭാഷയിലുള്ള തന്റെ ശാസനം തുടങ്ങുന്നത്. യുവരാജാവായിരിക്കുമ്പോള്‍ ധനശാസ്ത്രം, വേദാന്തം, നീതിശാസ്ത്രം എന്നിവയിലെല്ലാം ഇദ്ദേഹം പാണ്ഡിത്യം നേടിയിരുന്നു. 25-ാം വയസ്സില്‍ രാജാവായ ഖരവേലന്‍ ഒരു വര്‍ഷത്തിനകം തന്നെ തലസ്ഥാനത്തെ മോടിപിടിപ്പിച്ചു. ഇത് പ്രജകളുടെ ആദരവ് ഇദ്ദേഹത്തിന് നേടിക്കൊടുത്തു. ഡക്കാനില്‍ ശക്തിപ്രാപിച്ചു വന്നിരുന്ന ശാതകര്‍ണി (ശാതവാഹനന്മാര്‍) രാജാക്കന്മാരെ അവഗണിച്ചുകൊണ്ട് മൂഷിക രാജാക്കന്മാരെ ഭയപ്പെടുത്തുന്നതിന് ഖരവേലന്‍ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ജൈത്രയാത്രനടത്തി. പശ്ചിമ ഭാരതത്തിലെ രാഷ്ട്രീകന്മാരെയും ഭോജകന്മാരെയും പരാജയപ്പെടുത്തി ഇദ്ദേഹം ജനപ്രീതി നേടി. ജലസേചനപ്രധാനമായ ഒരു തോട് തലസ്ഥാന നഗരിയിലേക്ക് ദീര്‍ഘിപ്പിച്ചു. തന്റെ രാജകീയ പ്രൗഢിക്ക് യോജിച്ച രീതിയില്‍ ഖരവേലന്‍ രാജസൂയയാഗം നടത്തി. പട്ടണങ്ങളില്‍ ജനാധിപത്യ ഭരണം അനുവദിച്ചതും അനാവശ്യമായ നികുതികള്‍ ഉപേക്ഷിച്ചതും ഇദ്ദേഹത്തിന്റെ പുരോഗമന സ്വഭാവം വ്യക്തമാക്കുന്നു. ഗോരദഗിരി (ഗയ) ചുട്ടെരിച്ച് രാജഗൃഹത്തിലെത്തിയ ഖരവേലനെ ഗ്രീക്കുരാജാവായ ഡിമിടിയസ് ഭയപ്പെട്ടിരുന്നു. തുടര്‍ന്ന് ഡിമിടിയസ് മഥുരയിലേക്ക് പലായനം ചെയ്തു. തന്റെ സൈനിക വിജയങ്ങളെ കൊണ്ടാടുന്നതിന് 'മഹാവിജയം' എന്നറിയപ്പെട്ട ഒരു കൊട്ടാരം അദ്ദേഹം നിര്‍മിച്ചു. ബൃഹസ്പതിമിത്രനെ (പുഷ്യമിത്രനെ) പരാജയപ്പെടുത്തി അംഗദേശവും ഗയയും കൊള്ളയടിച്ചു. മഗധാധിപനായ ഹനൂരാജാവ് കലിംഗത്തില്‍നിന്നു തട്ടിക്കൊണ്ടു പോയിരുന്ന ജിനബിംബം ഇദ്ദേഹം തിരികെ കൊണ്ടുപോന്നു. ഖരവേലനെ പേടിച്ച് പാണ്ഡ്യരാജാവ് സമ്മാനങ്ങള്‍ അയയ്ക്കുമായിരുന്നു. സമാധാനസംരക്ഷകന്‍, സുഭിക്ഷതയുടെ രാജാവ്, ധര്‍മരാജാ, ഭിക്ഷുക്കളുടെ രക്ഷിതാവ്, സര്‍വമത സ്നേഹി, ദേവാലയകാരകന്‍, അതുല്യപരാക്രമി എന്നീ ബിരുദങ്ങള്‍ ഇദ്ദേഹം ഉപയോഗിച്ചിരുന്നതായി കാണാം.

(പ്രൊഫ. എ.ജി. മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍