This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഖതീബ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഖതീബ്
Khatib
മുസ്ലിം ആരാധനാലയത്തില്‍ ഖുത്ബ നടത്തുന്ന പ്രഭാഷകന്‍. വെള്ളിയാഴ്ച ഉച്ചയ്ക്കും ഈദുല്‍ഫിത്തര്‍, ഈദുല്‍ അള്ഹാ (ബക്രീദ്) എന്നീ വിശേഷദിവസങ്ങളില്‍ രാവിലെയും മുസ്ലിം പ്രാര്‍ഥനാലയങ്ങളില്‍ നടത്തുന്ന പ്രാര്‍ഥനാപ്രഭാഷണമാണ് ഖുത്ബ. സമൂഹത്തിന്റെ വക്താവ് എന്ന അര്‍ഥത്തിലാണ് അറബികള്‍ പണ്ട് ഖതീബ് എന്ന പദം വ്യവഹരിച്ചിരുന്നത്. കഥ പറയുന്ന ആളിനെ സൂചിപ്പിക്കാനും ഈ വാക്ക് ഉപയോഗിക്കുമായിരുന്നു. ചിലപ്പോള്‍ പാരമ്പര്യമായും ഖതീബ് എന്ന സ്ഥാനം നിലനിര്‍ത്തിയിരുന്നു. അറബികളുടെ പ്രകൃതത്തിന് അനുസരണമായി ഖതീബുകളെ ധീരരായ യോദ്ധാക്കളുടെ കൂട്ടത്തിലും ഗണിച്ചിരുന്നു. ആ കാലത്ത് ഖതീബ് സ്വന്തം വര്‍ഗത്തിന്റെ മാഹാത്മ്യങ്ങളും ഗുണവിശേഷങ്ങളും കലവറയില്ലാതെ പ്രകീര്‍ത്തിച്ചിരുന്നു. അതോടൊപ്പം ശത്രുപക്ഷത്തിന്റെ ദൗര്‍ബല്യങ്ങള്‍ തുറന്നുകാട്ടുകയും ചെയ്തിരുന്നു. കൊടി കെട്ടിയ കുന്തം, ദണ്ഡ്, വില്ല് ഇവയില്‍ ഏതെങ്കിലുമൊന്ന് സ്ഥാനമുദ്രയായി ധരിച്ചുകൊണ്ടായിരുന്നു ഇവര്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇസ്ലാം മതത്തിന്റെ പ്രാരംഭഘട്ടങ്ങളില്‍ ഖതീബ് തങ്ങളുടെ പൂര്‍വ സവിശേഷതകള്‍ നിലനിര്‍ത്തിയിരുന്നു.'മക്ക' കീഴടക്കിയശേഷം 'പ്രവാചകന്‍ ഖതീബ് ആയി മുന്നോട്ടു വന്നു'. (ഇബിന്‍ ഹിഷാം 823). അദ്ദേഹം ആധികാരികമായി ആചാരമനുസരിച്ചുള്ള പ്രഭാഷണം നടത്തി. കാലക്രമത്തില്‍ ഭരണാധിപന്‍ തന്നെ ഖതീബ് ആയും വര്‍ത്തിക്കാന്‍ തുടങ്ങി. ആദ്യത്തെ നാലു ഖലീഫമാരുടെ കാലത്ത് ഇതായിരുന്നു പതിവ്. ഹാറൂണ്‍ അല്‍റഷീദ് എന്ന ഖലീഫയുടെ കാലത്താണ് ഇതിനു മാറ്റം വന്നത്. അദ്ദേഹം ശ്രോതാവായി മാറുകയും തന്റെ പ്രതിനിധി എന്ന നിലയില്‍ കാസിയെ (ന്യായസ്ഥനെ) പ്രഭാഷണത്തിനു ചുമതലപ്പെടുത്തുകയും ചെയ്തു. പ്രധാന പള്ളികളിലെല്ലാം പ്രാര്‍ഥനാവേളകളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിരുന്നത്, തത്ത്വത്തില്‍ ഖലീഫയുടെ പ്രതിനിധികളായിരുന്നു. ഇന്നാകട്ടെ പള്ളികളില്‍ വെള്ളിയാഴ്ചതോറുമുള്ള നമസ്കാരത്തില്‍ (സലാത്ത്) പ്രഭാഷണം നടത്തുന്ന ഇമാമാണ് ഖതീബ്.
(കെ.പി. കമാലുദീന്‍; സ.പ.)