This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്ഷേത്രകലാപീഠം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ക്ഷേത്രകലാപീഠം
ക്ഷേത്രകലകള്‍ പരിപോഷിപ്പിക്കുന്നതിന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് നടത്തുന്ന സ്ഥാപനം. കേരളീയക്ഷേത്രങ്ങളിലെ വൈദികവും താന്ത്രികവുമായ അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ഗീത-വാദ്യ-നൃത്യ-ആലേഖ്യകലകള് ഇവിടെ അഭ്യസിപ്പിക്കുന്നു. 1982 സെപ്. 27-ന് വിജയദശമിനാളില്‍ ആരംഭിച്ച കലാപീഠം, കോട്ടയം ജില്ലയിലെ വൈക്കം ശ്രീമഹാദേവക്ഷേത്ര മതിലകത്ത് ഊട്ടുപുരമാളികയില് പ്രവര്‍ത്തിക്കുന്നു.
ക്ഷേത്രങ്ങളെ സംബന്ധിച്ചിടത്തോളം വൈദിക-താന്ത്രിക കര്മങ്ങളെപ്പോലെതന്നെ അവയുമായി ബന്ധപ്പെടുത്തിയും പരസ്പരപൂരകങ്ങളുമായും നിര്‍വഹിക്കേണ്ട അനവധി അനുഷ്ഠാനകലകളും ഉണ്ട്. അവയില്‍ ഏതെങ്കിലും ഒന്നിന്റെ പിഴവോ പാളിച്ചയോ ക്ഷേത്രസങ്കല്പത്തെ പ്രതികൂലമായി ബാധിക്കുമെന്നു വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ശാസ്ത്രാനുസരണം അഭ്യസനം നടത്തിയിട്ടുള്ള ക്ഷേത്രകലാകാരന്മാര് ക്ഷേത്രാനുഷ്ഠാനങ്ങള്‍ക്ക് അപരിത്യാജ്യമാണ്. ക്ഷേത്രകലാകാരന്മാരെ വാര്‍ത്തെടുക്കുക എന്ന പ്രക്രിയയാണ് ക്ഷേത്രകലാപീഠത്തില്‍ നടക്കുന്നത്. ശ്രീഭൂതബലി, ഉത്സവബലി, ഉത്സവം, കലശം തുടങ്ങി ക്ഷേത്രങ്ങളില്‍ നടക്കുന്ന സാധാരണവും അസാധാരണവുമായ എല്ലാ ചടങ്ങുകള്‍ക്കും വേണ്ട വിവിധരീതിയിലുള്ള പാണിവാദനങ്ങള്, കൊട്ടിപ്പാടിസേവ, അനുഷ്ഠാനമേള-പഞ്ചവാദ്യം, ചെണ്ടമേളം എന്നീ കലാരൂപങ്ങളും പാണ്ടിവാദ്യമായി കരുതപ്പെടുന്ന തകില്-നാഗസ്വരമേളങ്ങളും ക്ഷേത്രകലാപീഠത്തില്‍ അഭ്യസിപ്പിക്കുന്നു. ശംഖ്, ഇടയ്ക്ക, ചേങ്കില, തിമില, ശുദ്ധമദ്ദളം, തൊപ്പിമദ്ദളം, ചെണ്ട, വീക്കന്‍ചെണ്ട, മരം, കൊമ്പ്, കുഴല്‍, ഇലത്താളം, തകില്, നാഗസ്വരം തുടങ്ങിയ ഉപകരണങ്ങളുടെ നിര്‍മാണം, വാദനസമ്പ്രദായങ്ങളും അവയുടെ ഭേദങ്ങളും എന്നിവയെല്ലാം ശാസ്ത്രാനുസരണം ഇവിടെ പഠിപ്പിക്കുന്നു.
തികച്ചും ഗുരുകുല സമ്പ്രദായത്തിലുള്ള ശിക്ഷണപദ്ധതിയാണ് കലാപീഠത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. സൗജന്യ താമസസൗകര്യവും പ്രതിമാസ സ്റ്റൈപ്പെന്ഡും വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്നു. പ്രധാനമായി മൂന്നു വകുപ്പുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. 1. പഞ്ചവാദ്യവകുപ്പ്. പാണിവാദനങ്ങള്, കൊട്ടിപ്പാടിസേവ (സോപാനസംഗീതം-ത്യാണി, കീര്‍ത്തനം, അഷ്ടപദി, കൂറുകള്‍) കളമെഴുത്തും പാട്ടും, അനുഷ്ഠാന മേള, പഞ്ചവാദ്യം, ചെണ്ടമേളം, മറ്റു മേളങ്ങള്‍, ക്ഷേത്രവാദ്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 2. തകില് വകുപ്പ്, 3. നാഗസ്വര വകുപ്പ്. ഇവകൂടാതെ മറ്റു മൂന്നു വകുപ്പുകള്‍കൂടി കലാപീഠത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. (1) വാദ്യോപകരണ നിര്‍മാണവകുപ്പ്, (2) കുറുങ്കുഴല്‍ വകുപ്പ്, (3) ഗവേഷണ പഠനവകുപ്പ്. മൂന്നു വര്‍ഷത്തെ സൈദ്ധാന്തികവും പ്രായോഗികവുമായ അഭ്യസനം ഇവിടെ നല്‍കുന്നുണ്ട്. അതിലേക്കു നിശ്ചിത സിലബസും പരീക്ഷാസമ്പ്രദായങ്ങളും ഉണ്ട്. മൂന്നുവര്‍ഷം പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്കു വിദഗ്ധസമിതിയുടെ മേല്‍നോട്ടത്തില്‍ പൊതുപരീക്ഷ (സര്‍ട്ടിഫിക്കറ്റ് പരീക്ഷ) നടത്തുന്നു. സൈദ്ധാന്തികവും പ്രായോഗികവുമായിട്ടുള്ള പരീക്ഷകള്‍ ഉണ്ട്. വിജയികള്‍ക്കു സര്‍ട്ടിഫിക്കറ്റ് നല്കിവരുന്നു. 1985-ലാണ് ഒന്നാമത്തെ ബാച്ച് പരീക്ഷ പാസായി കലാരംഗത്തേക്കു കടന്നത്. ദേവസ്വംബോര്‍ഡ് അവര്‍ക്കു വിവിധക്ഷേത്രങ്ങളില് ക്ഷേത്രസംബന്ധികളായും തകില്-നാഗസ്വര വായനക്കാരായും നിയമനം നല്കുന്നു. ഏതെങ്കിലും പ്രത്യേക കലാരൂപത്തില്‍ ഉപരിപഠനം ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി രണ്ടുവര്‍ഷത്തെ ഉന്നതവിദ്യാഭ്യാസം നല്‍കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തകില്, നാഗസ്വരം, പാണി, സോപാന സംഗീതം എന്നീ വിഷയങ്ങളിലാണ് ഉപരിപഠനം നല്‍കിവരുന്നത്. പഠനാനന്തരം 'ക്ഷേത്രകലാവിശാരദ്'എന്ന ഡിപ്ലോമ നല്കുന്നു.
പരമ്പരാഗതമായി ദീര്‍ഘകാലം ക്ഷേത്രകലാരംഗത്ത് പ്രവര്‍ത്തിക്കുകയും സ്വന്തമായി കഴിവുകള്‍ പ്രകടിപ്പിക്കുകയും ചെയ്തിട്ടുള്ളവരെ തെരഞ്ഞെടുത്താണ് കലാപീഠത്തില്‍ അധ്യാപകരായി നിയമിക്കുന്നത്. പഞ്ചവാദ്യവിഭാഗത്തില് ഒമ്പതും. തകില്-നാഗസ്വരവിഭാഗങ്ങളില് മൂന്നുവീതവും വാദ്യോപകരണ നിര്‍മാണം, കുറുങ്കുഴല്‍, ഗവേഷണപഠനം, ഭാഷാപഠനം എന്നീ വിഭാഗങ്ങളില്‍ ഒന്നു വീതവും അധ്യാപകര്‍ ജോലിചെയ്യുന്നു. ഒരു ലൈബ്രറിയും പ്രവര്‍ത്തിക്കുന്നുണ്ട്. മേല്‍ഭരണം ഡയറക്ടറാണ് നിര്‍വഹിക്കുക. കലാപീഠത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഒരു ഉപദേശകസമിതിപ്രവര്ത്തിക്കുന്നുണ്ട്.
കേരളത്തിലെ മാത്രമല്ല, ഭാരതത്തിലെതന്നെ മഹത്തായ ഒരു ക്ഷേത്ര കലാസഥാപനമാണു വൈക്കം ക്ഷേത്രകലാപീഠം.
(പി.എന്‍. കൃഷ്ണശര്‍മ)