This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലാര്‍ക്ക്, ജോണ്‍ ബേറ്റ്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലാര്‍ക്ക്, ജോണ്‍ ബേറ്റ്സ്

Clarke, John Bates (1847 - 1938)

യു.എസ്. സാമ്പത്തിക ശാസ്ത്രജ്ഞന്‍. 1847 ജനു. 26-ന് റോഡ് ഐലന്‍ഡിലെ പ്രോവിഡന്‍സില്‍ ജനിച്ചു. ദൈവശാസ്ത്രപഠനം വേണ്ടെന്നു വച്ചാണ് സാമ്പത്തിക ശാസ്ത്രത്തിലേക്കു തിരിഞ്ഞത്. ഹൈഡെല്‍ബര്‍ഗ്, സൂറിച്ച് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി. കാള്‍ട്ടണ്‍ കോളജ്, സ്മിത്ത് കോളജ്, ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല, കൊളംബിയാ സര്‍വകലാശാല എന്നിവിടങ്ങളില്‍ പ്രൊഫസറായിരുന്നു. അമേരിക്കന്‍ എക്കണോമിക് അസോസിയേഷന്റെ അധ്യക്ഷന്‍, പൊളിറ്റിക്കല്‍ സയന്‍സ് ക്വാര്‍ട്ടര്‍ലിയുടെ എഡിറ്റര്‍, കാര്‍ണജി എന്‍ഡോമെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസിന്റെ ഡയറക്ടര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അക്കാദമിക് ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ ജര്‍മന്‍ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളും മുതലാളിത്ത വിമര്‍ശനവും പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹത്തിന്റെ രചനകള്‍ പില്ക്കാലത്ത് മുതലാളിത്തത്തെ അനുകൂലിക്കുന്നവയായി മാറി. കൊളംബിയ സര്‍വകലാശാലയില്‍ പ്രൊഫസറായിരിക്കെയാണ് മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ പ്രമുഖനായ വക്താക്കളില്‍ ഒരാളായി ഇദ്ദേഹം മാറുന്നത്.

സീമാന്ത തത്ത്വം (Marginalist Principle) കണ്ടുപിടിച്ചുവെന്നതാണ് ഇദ്ദേഹത്തിന്റെ നേട്ടം. ദ് ഡിസ്ട്രിബൂഷന്‍ ഒഫ് വെല്‍ത്ത് (1899) ആണ് മികച്ച കൃതി. ദ് ഫിലോസഫി ഒഫ് വെല്‍ത്ത് (1885), ദ് മോഡേണ്‍ ഡിസ്റ്റ്രിബൂട്ടീവ് പ്രോസസ് (1888), ദ് കണ്‍ട്രോള്‍ ഒഫ് ട്രസ്റ്റസ് (1901), ദ് പ്രോബ്ളം ഒഫ് മൊണോപൊളി (1904), എസ്സന്‍ഷ്യല്‍സ് ഒഫ് എക്കണോമിക് തിയറി (1907), സോഷ്യല്‍ ജസ്റ്റിസ് വിത്തൌട്ട് സോഷ്യലിസം (1914) എന്നിവയാണ് ക്ലാര്‍ക്ക് രചിച്ച മറ്റു കൃതികള്‍. സാമ്പത്തിക ശാസ്ത്രജ്ഞനായ ജോണ്‍ മോറിസ് ക്ലാര്‍ക്ക് (1884-1963) ഇദ്ദേഹത്തിന്റെ മകനാണ്. തോഴ്സ്റ്റൈന്‍ വെബ്ളെന്‍ ഇദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യന്മാരില്‍ ഒരാളാണ്.

1938 മാര്‍ച്ച് 21-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍