This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോള്‍ട്ട്, സാമുവല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കോള്‍ട്ട്, സാമുവല്‍
Colt, Samuel (1814 - 62)
റിവോള്‍വര്‍ കണ്ടുപിടിക്കുകയും അന്തസ്സമുദ്ര കേബിള്‍ നിക്ഷേപണം ആദ്യമായി പ്രയോഗത്തില്‍ വരുത്തുകയും ചെയ്ത യു.എസ്. സാങ്കേതിക വിദഗ്ധന്‍. 1814 ജൂല. 19-ന് ഹാര്‍ട്ട്ഫോഡില്‍ ജനിച്ചു. 16-ാമത്തെ വയസ്സില്‍ ഒരു കപ്പല്‍ ജീവനക്കാരനായി ജോലി ആരംഭിച്ച കോള്‍ട്ട് 1830-ല്‍ ഇന്ത്യയിലേക്കുള്ള കപ്പല്‍ യാത്രയ്ക്കിടയില്‍ തടികൊണ്ടുള്ള ഒരു റിവോള്‍വറിന്റെ മാതൃകയുണ്ടാക്കി. 1831-നും 35-നും ഇടയ്ക്ക് ലോഹംകൊണ്ട് ഇദ്ദേഹം അനേകം റിവോള്‍വര്‍ മാതൃകകള്‍ നിര്‍മിച്ചു. 1835-ല്‍ യൂറോപ്യന്‍ പേറ്റന്റും 1836-ല്‍ യു.എസ്. പേറ്റന്റും കരസ്ഥമാക്കി. ഈ പേറ്റന്റുകളുടെ അടിസ്ഥാനത്തില്‍ ഒരു ആയുധനിര്‍മാണക്കമ്പനി സ്ഥാപിച്ച് 1836-ല്‍ റിവോള്‍വര്‍ നിര്‍മാണം ആരംഭിച്ചു. എന്നാല്‍, സാമ്പത്തിക പ്രശ്നങ്ങള്‍മൂലം 1842-ല്‍ ഈ കമ്പനി ഉത്പാദനം നിര്‍ത്തി.
അന്തര്‍വാഹിനിയില്‍ നിന്നു വൈദ്യുതി ഉപയോഗിച്ച് വിക്ഷേപിക്കാവുന്ന മൈനുകളുടെ നിര്‍മാണത്തിലേക്ക് പിന്നീട് ഇദ്ദേഹം ശ്രദ്ധപതിപ്പിച്ചു. അന്തസ്സമുദ്ര കേബിള്‍ നിക്ഷേപണത്തില്‍ ആദ്യമായി പ്രായോഗിക വിജയം നേടിയതും ഇദ്ദേഹമാണ്. ടെലിഗ്രാഫി വ്യാപാരരംഗത്ത് അല്പകാലം പ്രവര്‍ത്തിച്ചെങ്കിലും വിജയിക്കാനായില്ല. മെക്സിക്കന്‍ യുദ്ധം ആരംഭിച്ചതിനെത്തുടര്‍ന്ന്, 1846-48 കാലത്ത് 1000 റിവോള്‍വര്‍ നിര്‍മിച്ചു നല്‍കുന്നതിനുള്ള ഒരു ഓര്‍ഡര്‍ സര്‍ക്കാരില്‍ നിന്ന് ഇദ്ദേഹത്തിനു ലഭിച്ചു.
1847-ല്‍ ഹാര്‍ട്ട്ഫോഡില്‍ കോള്‍ട്ട് സ്വന്തമായി ഒരു ആയുധനിര്‍മാണശാല ആരംഭിച്ചു. 1855 ആയപ്പോഴേക്കും ലോകത്തിലെതന്നെ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ആയുധനിര്മാണവ്യവസായിയായിത്തീരാന് കോള്ട്ടിനു കഴിഞ്ഞു. തൊഴിലാളികളുടെ സേവനവേതനവ്യവസ്ഥകള് ഉദാരമാക്കുന്നതില്‍ കോള്‍ട്ട് മുമ്പന്തിയിലായിരുന്നു. ഇതോടെ അക്കാലത്തെ ഏറ്റവും മികച്ച ധനവാന്മാരില് ഒരാളായിത്തീരുകയും ചെയ്തു. 1862 ജനു. 10-ന് ഹാര്‍ട്ട്ഫോര്‍ഡില്‍ കോള്‍ട്ട് അന്തരിച്ചു.