This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോര്‍ഡ, അലക്‌സാണ്ടര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോര്‍ഡ, അലക്‌സാണ്ടര്‍

Korda, Alexander (1893 - 1956)

അലക്‌സാണ്ടര്‍ കോര്‍ഡ

ബ്രിട്ടീഷ്‌ ചലച്ചിത്രനിര്‍മാതാവും സംവിധായകനും. ഹംഗറിയിലെ ടെര്‍കെയില്‍ എന്ന സ്ഥലത്ത്‌ 1893 സെപ്‌. 16-ന്‌ ജനിച്ചു. റോയല്‍ സര്‍വകലാശാലയിലായിരുന്നു വിദ്യാഭ്യാസം. ബുഡാപെസ്റ്റില്‍ ഒരു പത്രപ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം 1915-ല്‍ ചലച്ചിത്രരംഗത്തേക്കു പ്രവേശിച്ചു. ബുഡാപെസ്റ്റ്‌, ബര്‍ലിന്‍, പാരിസ്‌, വിയന്ന, ലണ്ടന്‍, ഹോളിവുഡ്‌ എന്നിവിടങ്ങളില്‍ ചലച്ചിത്രങ്ങള്‍ നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. ഇംഗ്ലണ്ടില്‍ താമസിച്ച്‌ 1932-ല്‍ ചലച്ചിത്രനിര്‍മാണം തുടങ്ങുകയും ആ വര്‍ഷംതന്നെ ലണ്ടന്‍ ഫിലിം പ്രാഡക്ഷന്‍സ്‌ ആന്‍ഡ്‌ ദെന്‍ഹാം സ്റ്റുഡിയോസ്‌ എന്ന കമ്പനി സ്ഥാപിക്കുകയും ചെയ്‌തു. 1932-ല്‍ അലക്‌സാണ്ടര്‍ നിര്‍മിച്ചു സംവിധാനം ചെയ്‌ത ദ പ്രവറ്റ്‌ ലൈഫ്‌ ഒഫ്‌ ഹെന്‌റി VIII എന്ന ചലച്ചിത്രത്തിന്‌ ഏറെ അന്താരാഷ്‌ട്ര പ്രശസ്‌തി ലഭിച്ചു. ഏകദേശം എട്ടുവര്‍ഷക്കാലം ഇദ്ദേഹം ബ്രിട്ടീഷ്‌ സിനിമയുടെ ഉന്നമനത്തിനുവേണ്ടി പരിശ്രമിക്കുകയും അവയെ ഹോളിവുഡ്‌ ചലച്ചിത്രങ്ങളുടെ നിലവാരത്തിലേക്കുയര്‍ത്തുന്നതില്‍ പ്രധാന പങ്ക്‌ വഹിക്കുകയും ചെയ്‌തു. 1940-43 കാലത്ത്‌ ഹോളിവുഡില്‍ താമസിച്ചിരുന്ന അല്‌കസാണ്ടര്‍, അവിടെനിന്നു മടങ്ങി മെട്രാ ഗോള്‍ഡ്‌ വൈന്‍ മേയര്‍ കമ്പനിയുമായി തന്റെ കമ്പനിയെ സംയോജിപ്പിച്ച്‌ എം.ജി.എം. ബ്രിട്ടീഷ്‌ പ്രാഡക്ഷന്‍സ്‌ എന്ന കമ്പനിക്കു രൂപം നല്‌കി. എന്നാല്‍ 1945-ല്‍ ഇദ്ദേഹം ഈ കമ്പനിയില്‍നിന്നു രാജിവച്ചു. ലണ്ടന്‍ ചലച്ചിത്ര ആര്‍ട്ടിസ്റ്റ്‌സ്‌ കോര്‍പ്പറേഷന്‍, ബ്രിട്ടീഷ്‌ ലയണ്‍ ഫിലിം കോര്‍പ്പറേഷന്‍ എന്നിവ ഇദ്ദേഹവുമായി. ബന്ധപ്പെട്ട സ്ഥാപനങ്ങളാണ്‌. ബ്രിട്ടീഷ്‌ ചലച്ചിത്ര നിര്‍മാണരംഗത്തെ ഒരു പ്രമുഖ വിഭാഗമായിരുന്നു കോര്‍ഡ. തിങ്‌സ്റ്റുകം, ദ സ്‌കാര്‍ലറ്റ്‌ പിംപേര്‍നല്‍, സാന്‍ഡേഴ്‌സ്‌ ഒഫ്‌ ദ റിവര്‍, ദ ഫോര്‍ ഫെദേഴ്‌സ്‌, അന്ന കരിനീന ആദിയായവ ഇദ്ദേഹം സംവിധാനം ചെയ്‌തു നിര്‍മിച്ച ചലച്ചിത്രങ്ങളാണ്‌. 1943-ല്‍ "സര്‍' പദവി ലഭിച്ച ഇദ്ദേഹം 1956 ജനു. 23-ന്‌ ലണ്ടനില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍