This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോബോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോബോള്‍

Cobol

വ്യാപാര ആവശ്യങ്ങള്‍ക്കായുള്ള പ്രാഗാമിങ്‌ ക്രിയകള്‍ ഫലപ്രദമായി ചെയ്യാന്‍ സൗകര്യമേകുന്ന പ്രാസീജ്വര്‍ ഓറിയന്റഡ്‌ പ്രാഗ്രാമിങ്‌ ഭാഷ. കോമണ്‍ ബിസിനസ്സ്‌ ഓറിയന്റഡ്‌ ലാങ്‌ഗ്വേജ്‌ (Common Business Oriented Language) എന്നതിന്റെ ഹ്രസ്വരൂപമാണ്‌ കോബോള്‍. ഒരു കംപ്യൂട്ടറിനുവേണ്ടി എഴുതി തയ്യാറാക്കിയ പ്രാഗ്രാം അല്‌പം മാറ്റങ്ങള്‍ക്കുവിധേയമാക്കിയാല്‍ മറ്റൊരു കംപ്യൂട്ടറില്‍ ഉപയോഗിക്കാമെന്നത്‌ ഈ ഭാഷയുടെ മേന്മകളിലൊന്നാണ്‌. ഫയല്‍ സംഘടനയും മറ്റൊരു സവിശേഷതയാണ്‌.

കംപ്യൂട്ടര്‍ നിര്‍മാതാക്കളുടെയും ഉപഭോക്താക്കളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട കോണ്‍ഫറന്‍സ്‌ ഓണ്‍ ഡേറ്റ സിസ്റ്റംസ്‌ ലാങ്‌ഗ്വേജ്‌സ്‌ (CODASYL) എന്ന കമ്മിറ്റിയാണ്‌ ഇത്‌ വികസിപ്പിച്ചെടുത്തത്‌ (1959). പ്രാഗ്രാമിങ്‌ രീതികളില്‍ കാലാനുഗതമായി വരുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി കോബോള്‍ തുടര്‍ച്ചയായി പരിഷ്‌കരിക്കപ്പെടുന്നുണ്ട്‌. ഓബ്‌ജക്‌റ്റ്‌ ഓറിയന്റഡ്‌ പ്രാഗ്രാമിങ്‌ രീതികള്‍ക്കുള്ള സൗകര്യം 2002-ത്തില്‍ വിപണിയിലെത്തിയ കോബോളിന്റെ നാലാമത്തെ പതിപ്പില്‍ ലഭ്യമാണ്‌. നാച്വറല്‍ ലാങ്‌ഗ്വേജ്‌ പ്രാസസിങ്‌, ലോക്കല്‍ പ്രാസസിങ്‌, ബൂളിയന്‍ ക്രിയ, XML (Extended Markup Language) പാര്‍സിങ്‌ തുടങ്ങിയവ 2002-ലെ പതിപ്പിലൂടെ പ്രാവര്‍ത്തികമാക്കാവുന്നതാണ്‌. ജാവ, .NET എന്നീ പ്രാഗ്രാമിങ്‌ ചട്ടക്കൂട്ടില്‍ നിന്നു കോബോള്‍-2002 പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയും. ലിനക്‌സ്‌ പോലുള്ള ഓപ്പണ്‍ സോഴ്‌സ്‌ സോഫ്‌റ്റ്‌വെയറുകള്‍ക്കായുള്ള ഓപ്പണ്‍ കോബോളും ഇന്ന്‌ വിപണിയില്‍ ലഭ്യമാണ്‌.

അക്ഷരം, വാക്ക്‌, വാക്യം, ഖണ്ഡിക എന്നിങ്ങനെ ഇംഗ്ലീഷ്‌ ഭാഷയില്‍ ഉള്ളതിനു സമാനമായ ഭാഷാഘടനയാണ്‌ കോബോളിന്റേത്‌. കാരക്‌റ്ററുകള്‍ (അക്ഷരങ്ങളും ഏതാനും ചിഹ്നങ്ങളും) ചേര്‍ന്ന്‌ വാക്കുകള്‍, അവ കൊണ്ടുള്ള വാക്യങ്ങള്‍, നിരവധി വാക്യങ്ങള്‍ അടങ്ങിയ ഖണ്ഡികകള്‍, ഒന്നിലേറെ ഖണ്ഡികകള്‍ ഉള്‍പ്പെടുത്തിയ വിഭാഗങ്ങള്‍, ഇവ രൂപം നല്‍കുന്ന ഡിവിഷനുകള്‍ എന്ന രീതിയിലാണ്‌ കോബോള്‍ ഭാഷ ചിട്ടപ്പെടുത്തിയിട്ടുള്ളത്‌. ഐഡന്റിഫിക്കേഷന്‍ ഡിവിഷന്‍, എന്‍വയണ്‍മെന്റ്‌ ഡിവിഷന്‍, ഡേറ്റാ ഡിവിഷന്‍, പ്രാസീജ്വര്‍ ഡിവിഷന്‍ എന്നീ നാലു ഡിവിഷനുകള്‍ ഏതൊരു കോബോള്‍ പ്രാഗ്രാമിനും അനിവാര്യമാണ്‌. പ്രാഗ്രാമിന്റെ ഐഡി, പ്രാഗ്രാം എഴുതിയ പ്രാഗ്രാമറിന്റെ പേര്‌, പ്രാഗ്രാം തയ്യാറാക്കപ്പെട്ട തീയതി തുടങ്ങിയ വിവരങ്ങള്‍ ഐഡന്റിഫിക്കേഷന്‍ ഡിവിഷനില്‍ പരാമര്‍ശിക്കുന്നു. പ്രാഗ്രാം കംപയില്‍ ചെയ്യാനും ലിന്ന്‌ ചെയ്‌ത്‌ ഓബ്‌ജക്‌റ്റ്‌ കോഡ്‌ തയ്യാറാക്കാനും ഉപയോഗിക്കുന്ന കംപ്യൂട്ടറിനെ സംബന്ധിച്ച വിവരങ്ങള്‍, പ്രാഗ്രാമില്‍ ഫയലുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കില്‍ അവയുടെ ഇനം, ഇന്‍പുട്ട്‌/ഔട്ട്‌പുട്ട്‌ സംവിധാനം എന്നിവ സൂചിപ്പിക്കുന്നത്‌ എന്‍വയണ്‍മെന്റ്‌ ഡിവിഷനിലാണ്‌. ഫയലുകളുടെ ഫോര്‍മാറ്റിങ്‌, ചരങ്ങളുടെ ഇനം, തുടങ്ങിയവ ഡേറ്റ ഡിവിഷനില്‍ നിര്‍വചിക്കുമ്പോള്‍ പ്രാഗ്രാം നിര്‍ദേശങ്ങള്‍ അടങ്ങിയിരിക്കുന്നത്‌ പ്രാസീജ്വര്‍ ഡിവിഷനിലാണ്‌. ചരങ്ങള്‍ക്ക്‌ എത്രത്തോളം ബിറ്റ്‌ കൃത്യത (bit accuracy) ഉണ്ടായിരിക്കണമെന്ന്‌ ചരങ്ങളുടെ പിക്‌ചര്‍ നിര്‍വചനത്തിലൂടെ (Picture Clause) സാധ്യമാക്കാം എന്നതിനാല്‍ ഇന്ന്‌ മെയിന്‍ഫ്രയിമുകളില്‍ കോബോള്‍ സ്ഥിരമായി ഉപയോഗപ്പെടുത്താറുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8B%E0%B4%AC%E0%B5%8B%E0%B4%B3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍