This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊണ്ടോട്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊണ്ടോട്ടി

മലപ്പുറം ജില്ലയില്‍ ഏറനാടു താലൂക്കിലുള്ള ഒരു വില്ലേജ്. കൊണ്ടുവെട്ടി അഥവാ കൊണ്ട്രവട്ടി കൊണ്ടോട്ടി ആയെന്നാണ് ഇവിടെ പ്രചാരത്തിലുള്ള സ്ഥലനാമപുരാണം പറയുന്നത്. മലപ്പുറത്തുനിന്ന് 24 കി.മീ. തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു. ഫറൂക്ക് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇവിടേക്ക് 16 കി.മീ. ദൂരമുണ്ട്. കൊണ്ടോട്ടി വില്ലേജിന്റെ വിസ്തൃതി: 10.85 ച.കി.മീ.

കൊണ്ടോട്ടി നേര്‍ച്ച

കൊളത്തൂര്‍, നീറാട് എന്നീ രണ്ടുകരകള്‍ ചേര്‍ന്ന കൊണ്ടോട്ടി വില്ലേജ് മുഴുവന്‍ ഉള്‍പ്പെടുന്നതാണ് ഇതേ പേരിലുള്ള പഞ്ചായത്തും. കൊണ്ടോട്ടി, ചീക്കോട്, ചേലേമ്പ്ര, ചെറുകാവ്, കിഴുപറമ്പ, കുഴിമണ്ണ, പള്ളിക്കല്‍, പുളിക്കല്‍, ഊര്‍ങ്ങാട്ടിരി, വാഴക്കാട്, വാഴയൂര്‍ എന്നീ പതിനൊന്ന് പഞ്ചായത്തുകള്‍ ചേര്‍ന്ന കൊണ്ടോട്ടി വികസന ബ്ളോക്കിന്റെ ആസ്ഥാനവും ഇവിടെയാണ്. കിഴക്കും തെക്കും നെടിയിരിപ്പ്, ചീക്കോട് പഞ്ചായത്തുകളും പടിഞ്ഞാറു പള്ളിക്കല്‍ പഞ്ചായത്തും വടക്ക് പുളിക്കല്‍, ചീക്കോട് പഞ്ചായത്തുകളുമാണ് അതിര്‍ത്തികള്‍.

കൊണ്ടോട്ടി മുസ്ലിം പള്ളിയിലെ വലിയ നേര്‍ച്ച (കുംഭം, മീനം) പ്രതിവര്‍ഷം അസംഖ്യം തീര്‍ഥാടകരെ ഇവിടേക്കാകര്‍ഷിക്കുന്നു. മുഹമ്മദ് സഹതങ്ങള്‍ 1773-ല്‍ നിര്‍മിച്ചതാണ് ഈ പള്ളി. കൊണ്ടോട്ടി വലിയ കുബ്ബയെന്ന പേരിലാണ് ഇതറിയപ്പെടുന്നത്. മാപ്പിള ലഹളയുടെ കേന്ദ്രങ്ങളിലൊന്നായിരുന്നു ഈ പ്രദേശം. ഒരിക്കല്‍ ശത്രുക്കളെ ഭയന്ന് മുസ്ലിങ്ങള്‍ ഈ വലിയ കുബ്ബയില്‍ അയഭം തേടി. നിരായുധരായിരുന്ന അവര്‍ വാവിട്ടുവിലപിച്ചപ്പോള്‍ കുബ്ബയ്ക്കുള്ളിലെ ഒരജ്ഞാത ശക്തിയില്‍ നിന്നും ശത്രുക്കളുടെ നേര്‍ക്ക് വെടി പൊട്ടിത്തുടങ്ങി. ആയുധങ്ങള്‍ ഉപേക്ഷിച്ച് ശത്രുക്കള്‍ ഭയന്നോടി. ഈ പള്ളിയെക്കുറിച്ച് നാട്ടില്‍ പ്രചാരത്തിലുള്ള കഥയാണിത്. ശത്രുക്കള്‍ ഉപേക്ഷിച്ചുപോയ ആയുധങ്ങള്‍ പിന്നീട് പള്ളിയിലേക്ക് മുതല്‍കൂട്ടുകയുണ്ടായി. ഇവയില്‍ ചിലത് ഇന്നും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

മൊയീന്‍ കുട്ടിവൈദ്യര്‍ സ്മാരക മന്ദിരം

ജാതിമതഭേദമെന്യേ എല്ലാവരും ഈ പള്ളിയിലേക്കു നേര്‍ച്ച നല്‍കുന്നു. ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്നതാണ് നേര്‍ച്ചച്ചടങ്ങുകള്‍. കുബ്ബക്കല്ലില്‍ മൂന്നു വെടിപൊട്ടിയാല്‍ നേര്‍ച്ചയ്ക്കു തുടക്കം കുറിക്കുകയായി. കൊടിയും ചെണ്ടമേളങ്ങളുമായി പിറ്റേദിവസം എത്തുന്ന 'എട്ടുവരിക്കാരെ' അറയ്ക്കല്‍ കുടുംബത്തിലെ സ്ഥാനിയായ തങ്ങള്‍ കുതിരപ്പുറത്തിരുന്ന് എതിരേല്‍ക്കുന്നു. മൂന്നാമത്തെ ദിവസം ഓരോ 'മഹലി' ല്‍ നിന്നും സംഘം സംഘമായി നേര്‍ച്ചയുമായി ആളുകള്‍ എത്തുന്നു. അരി, തേങ്ങ, പണം മുതലായവയാണ് നേര്‍ച്ച. അറവാനക്കളി, കോല്‍ക്കളി തുടങ്ങിയ കലാപ്രകടനങ്ങളോടെ തപ്പുതാളങ്ങള്‍ മുഴക്കിക്കൊണ്ടാണ് ഇങ്ങനെ വിവിധ സംഘക്കാര്‍ എത്തുന്നത്. നേര്‍ച്ചയുടെ അവസാന ദിവസം സാധുക്കള്‍ക്ക് അന്നദാനവുമുണ്ട്. ഉദ്ദിഷ്ടകാര്യസിദ്ധിക്കായും രോഗശമനത്തിനായും ദൂരദിക്കുകളിലെ ആളുകള്‍ പോലും ഇവിടെ നേര്‍ച്ച നല്‍കാറുണ്ട്. അറയ്ക്കല്‍ കുടുംബത്തിലെ മൂത്തകുടുംബാംഗമാണ് (തങ്ങള്‍) ഉത്സവാധികാരി. നേര്‍ച്ചയോടനുബന്ധിച്ച് വിപുലമായ തോതില്‍ നടന്നുവരുന്ന കാലിച്ചന്ത കര്‍ഷകര്‍ക്ക് ഒരനുഗ്രഹമാണ്.

വലിയ കുബ്ബ കൂടാതെ കൊണ്ടോട്ടിയില്‍ രണ്ട് പ്രസിദ്ധ മുസ്ലിം പള്ളികള്‍ കൂടിയുണ്ട്. പഴയങ്ങാടി പള്ളിക്ക് അഞ്ചു നൂറ്റാണ്ടെങ്കിലും പഴക്കം വരും. പതിനേഴാം മൈല്‍ എന്ന സ്ഥലത്ത് അടുത്ത കാലത്ത് ഒരു ഹിന്ദുക്ഷേത്രം സ്ഥാപിതമായിട്ടുണ്ട്.

ജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും മുസ്ലിങ്ങളാണ്. കൃഷിയാണ് മുഖ്യതൊഴില്‍. നെല്ലും തെങ്ങും മരച്ചീനിയും വാഴയും ആണ് പ്രധാന കൃഷികള്‍. ബീഡി തെറുപ്പാണ് ഇവിടത്തെ പ്രധാന കുടില്‍ വ്യവസായം. സ്ത്രീകള്‍ ഉള്‍പ്പെടെ ധാരാളം പേര്‍ക്ക് ഇതൊരു വരുമാനമാര്‍ഗമാണ്. ഈ രംഗത്ത് ഏതാനും സഹകരണ സംഘങ്ങളും പ്രവര്‍ത്തിച്ചുവരുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് ഇവിടെനിന്ന് രണ്ട് കി.മീ ദൂരമേയുള്ളൂ. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കു പോകുന്ന ബസ്സുകള്‍ കൊണ്ടോട്ടി സ്പര്‍ശിച്ചു പോകുന്നു. ഏകദേശം 150 മീ. നീളത്തില്‍ കടകമ്പോളങ്ങളും എപ്പോഴും ജനത്തിരക്കുമുള്ള കൊണ്ടോട്ടി ജങ്ഷനിലൂടെ വാഹനഗതാഗതം നിയന്ത്രിക്കാന്‍ കറുപ്പത്തു മുതല്‍ പതിനേഴാം മൈല്‍ വരെ ഒരു ബൈപ്പാസുണ്ട്. ഞായറാഴ്ചയാണ് കൊണ്ടോട്ടിച്ചന്ത. സ്വകാര്യ ഉടമയിലുള്ള ഒരു ജൂനിയര്‍ കോളജും ഗവണ്‍മെന്റ് ഹൈസ്കൂളും മറ്റ് ഏതാനും പ്രാഥമിക വിദ്യാഭ്യാസസ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. മര്‍ക്കസുല്‍ ഉലൂം അറബിക്ക് കോളജാണ് പ്രധാന മതപഠനകേന്ദ്രം. പ്രസിദ്ധ മാപ്പിളക്കവിയായിരുന്ന മോയീന്‍കുട്ടി വൈദ്യരുടെ ജന്മസ്ഥലമാണിത്.

(വിളക്കുടി രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍