This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൊങ്കണി ഭാഷയും സാഹിത്യവും
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
കൊങ്കണി ഭാഷയും സാഹിത്യവും
ആര്യന്‍ ഗോത്രത്തില്‍പ്പെട്ട ഒരു ഭാഷയും അതിന്റെ സാഹിത്യവും. 1992- ലാണ് ഈ ഭാഷയ്ക്ക് ഔദ്യോഗികഭാഷാപദവി ലഭിച്ചത്. തനതായ ഒരു ലിപി വ്യവസ്ഥ പ്രാവര്‍ത്തികമാക്കാന്‍ വേണ്ട ശ്രമങ്ങള്‍ സ്വീകരിച്ചുവരുന്നു.
ഭാഷ
ഇന്തോ-ആര്യന്‍ഗോത്രത്തിലെ ദക്ഷിണ ഉപവിഭാഗത്തില്‍പ്പെടുന്ന ഭാഷയാണ് കൊങ്കണി പശ്ചിമേന്ത്യയില്‍ അറേബ്യന്‍ സമുദ്രതീരപ്രദേശങ്ങളിലെ പല ഭാഗങ്ങളിലും ഈ ഭാഷ പ്രചരിച്ചിരിക്കുന്നു. ഏകദേശം 40 ലക്ഷത്തോളം ജനങ്ങള്‍ കൊങ്കണി സംസാരിക്കുന്നുണ്ട്.ഗുജറാത്ത്, കര്‍ണാടക, കേരളം, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലാണ് കൊങ്കണിഭാഷ പ്രധാനമായും സംസാരിച്ചുവരുന്നത്. വളരെ പ്രാചീനമെന്നു പറയാവുന്ന ഭാഷകളിലൊന്നായ കൊങ്കണി ആദ്യമായി രൂപംപ്രാപിച്ചത് മഹാരാഷ്ട്ര സംസ്ഥാനത്തെ കൊങ്കണം എന്ന പ്രദേശത്തും ഇന്ത്യയുടെ പടിഞ്ഞാറേ തീരത്ത് സ്ഥിതിചെയ്യുന്ന ആധുനിക ഗോവയായ ഗോമന്തകത്തിലും ആണ്. മഹാരാഷ്ട്രയില്‍ താന, രത്നഗിരി, സവന്ത്വദി മുതലായ ജില്ലകളിലും ഗോവാസംസ്ഥാനത്തിലും വടക്കന്‍ കര്‍ണാടകത്തിലെ കാര്‍വാര്‍, കല്ലിയല്‍, സുപ എന്നീ താലൂക്കുകളിലും സംസാര ഭാഷയാണിത്. കര്‍ണാടകത്തിലെ തെക്കന്‍ കാനറ ജില്ലയിലും കേരളത്തിലെ ചില കടലോരപ്രദേശങ്ങളിലും കൊങ്കണി പ്രധാന ഭാഷകളിലൊന്നായി നിലനില്‍ക്കുന്നു.
ഉത്പത്തി
ഇന്ത്യാഗവണ്‍മെന്റിന്റെ 'ഇംപീരിയല്‍ ഗസറ്റിയറി' ല്‍ 'കൊങ്കണം' എന്ന പദത്തിന്റെ ഉത്പത്തി ദ്രാവിഡ ഭാഷാഗോത്രത്തില്‍ നിന്നാണെന്നു രേഖപ്പെടുത്തിയിരിക്കുന്നു. പഴയ ഗ്രന്ഥങ്ങളില്‍ കൊങ്കണം എന്നതിനു 'കുങ്കണം' എന്നു പ്രയോഗിച്ചിരുന്നതായും ഇസ്ലാമിക ഗ്രന്ഥകാരന്മാര്‍ 'കെം കെം', 'കന്‍ കന്‍', 'കൊംകെം' എന്നിങ്ങനെ ഉപയോഗിച്ചിരുന്നതായും കാണുന്നു. ഇന്ത്യയുടെ പൂര്‍വചരിത്രപ്രകാരം വടക്ക് കത്യവാഡ് മുതല്‍ തെക്ക് കന്യാകുമാരി വരെയുള്ള തീരത്തിന് കൊങ്കണമെന്നു പേര്‍ പറഞ്ഞുവന്നിരുന്നു. കൊങ്കണദേശത്തെ ഭാഷാടിസ്ഥാനത്തില്‍ ഏഴായി വിഭജിച്ചു. ബര്‍ബരം, സൗരാഷ്ട്രം, കൊങ്കണം, കാര്‍ഹാടം, കര്‍ണാടകം, തുലംഗം, കേരളം എന്നിവ. ഇതു സപ്ത കൊങ്കണമെന്ന് അറിയപ്പെട്ടിരുന്നു.
താനാ ജില്ലയിലെ സോപാരയ്ക്കും ഗോകര്‍ണത്തിനും മധ്യേ കിടക്കുന്ന ഭാഗമാവണം പുരാതനദേശവിഭജനമനുസരിച്ചുള്ള കൊങ്കണം. ആ ദേശത്തു താമസിച്ചിരുന്നതിനാല്‍ 'കൊങ്കണസ്ഥര്‍' എന്ന പേര് അവിടെയുള്ളവര്‍ക്ക് ലഭിച്ചു. എന്നാല്‍, പോര്‍ച്ചുഗീസുകാരുടെ നിര്‍ബന്ധിത മതപരിവര്‍ത്തനം കാരണം പലായനം ചെയ്ത് കര്‍ണാടകദേശത്തും കൊച്ചിയിലും എത്തി താമസമുറപ്പിച്ച ഗൗഡസാരസ്വതബ്രാഹ്മണരെയും 'കൊങ്കണികള്‍' എന്നു വിളിച്ചുവരുന്നു. ഗോവയിലും വടക്കേ കാനറയുടെ വടക്കന്‍ പ്രദേശങ്ങളിലും താമസിച്ചിരുന്നവരാണ് കൊങ്കണിഭാഷ സംസാരിച്ചുവന്നത്. ഗോവയില്‍ നിന്ന് അന്യസ്ഥലങ്ങളില്‍ കുടിയേറിപ്പാര്‍ത്ത സാരസ്വതര്‍ കൊങ്കണിഭാഷ ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രചരിപ്പിച്ചു. ദേശസ്നേഹികളും ഭാഷാസ്നേഹികളുമായ ഇവര്‍ ഗോവയില്‍ നിന്ന് എവിടെ പോയാലും ഇവരുടെ ഹൃദയം സദാ ഗോവയെപ്പറ്റി ഉത്കണ്ഠയോടു കൂടി ചിന്തിക്കുകയും സ്വദേശത്തു തിരിച്ചെത്തി കൊങ്കണിഭാഷയില്‍ ദൈവത്തോടു പ്രാര്‍ഥിച്ചു മരിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.
കൊങ്കണി ഭാഷയുടെ ഉത്പത്തിയെപ്പറ്റി വ്യക്തമായ അഭിപ്രായ ഐക്യമില്ല. കൊങ്കണിഭാഷയുടെ ആദ്യവ്യാകരണ കര്‍ത്താവായ തോമസ് സ്റ്റീഫന്‍ 'ബ്രാഹ്മണാം ചി ഭാഷാ' (ബ്രാഹ്മണരുടെ ഭാഷ) എന്ന് ഇതിന് പേര്‍ കൊടുത്തു. വളരെ കാലത്തിനുമുമ്പ് ഒരേ പ്രാകൃതഭാഷയില്‍ നിന്നു പിരിഞ്ഞുപോയിട്ടുള്ളതാണ് മറാഠിയും കൊങ്കണിയും എന്ന വാദഗതി കൂടുതല്‍ പ്രബലമാണ്. ഭാഷാപണ്ഡിതന്മാരായ ഗ്രിയേഴ്സണ്‍, ഡാകുന്‍ഹാ, ഡോക്ടര്‍ വില്‍സണ്‍, ഫാദര്‍ മാഗ്ഫെ എന്നിവര്‍ ഈ അഭിപ്രായത്തെ അംഗീകരിക്കുന്നു.
പശ്ചിമതീരത്തിന്റെ പ്രാചീനനാമമാണ് കൊങ്കണ്‍. അതില്‍ നിന്നു രൂപംകൊണ്ട കൊങ്കണിയുടെ ചരിത്രം ആരംഭിക്കുന്നത് ആര്യന്മാര്‍ ഗോവയില്‍ കുടിയേറിപ്പാര്‍ത്തതോടെയാണ്. കൊങ്കണിഭാഷ ഉപയോഗിക്കുന്നവരെ 'കനേറിയന്‍ കാസ്റ്റ്' (കാനറ ജാതി) എന്നു പോര്‍ച്ചുഗീസുകാര്‍ വിശേഷിപ്പിച്ചിരുന്നു.
കേരളത്തിലെ പ്രധാനവ്യവഹാര ഭാഷകളിലൊന്നാണ് കൊങ്കണി. സംസ്ഥാനത്ത് മൂന്നാം സ്ഥാനവും എറണാകുളം ജില്ലയില്‍ രണ്ടാം സ്ഥാനവും കൊങ്കണിക്ക് വ്യവഹാരഭാഷ എന്ന നിലയിലുണ്ട്. കൊങ്കണിഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ പശ്ചിമഘട്ടങ്ങള്‍ക്കപ്പുറവും ഉണ്ട്. സിര്‍സി, സിദ്ധപ്പൂര്‍, ബല്‍ഗാം എന്നിവിടങ്ങളിലും തമിഴ്നാട്ടില്‍ ചെന്നൈ, കോയമ്പത്തൂര്‍ എന്നീ നഗരങ്ങളിലും കര്‍ണാടകത്തില്‍ ബംഗളൂരു നഗരത്തിലും കൊങ്കണിഭാഷ സംസാരിക്കുന്ന ധാരാളം ജനങ്ങളുണ്ട്. വിദ്യാസമ്പന്നരും പരിശ്രമശാലികളുമായ കൊങ്കണികള്‍ പോകുന്നിടത്തെല്ലാം തങ്ങളുടെ ഭാഷാസ്നേഹം വെളിപ്പെടുത്തുന്നു. കൊങ്കണിഭാഷയുടെ പ്രചാരം ഇങ്ങനെ വര്‍ധിച്ചുവരുന്നു.
ഇന്തോ-ആര്യന്‍ ഗോത്രത്തില്‍പ്പെട്ട ഹിന്ദി, മൈഥിലി, ബംഗാളി, അസമിയ, ഒഡിയ, ഗുജറാത്തി, മറാഠി മുതലായ ഭാഷകളെപ്പോലെ ദക്ഷിണവിഭാഗത്തില്‍പ്പെടുന്ന ഇന്തോ-ആര്യന്‍ ഉപകുടുംബത്തിലെ കൊങ്കണിയും വലിയൊരളവോളം ഒരു സ്വതന്ത്രഭാഷയാണ്. ഇന്ത്യയുടെ പശ്ചിമതീരപ്രദേശമായ ഗോവയില്‍ ആര്യന്മാര്‍, പ്രധാനമായും വടക്കു നിന്നുവന്ന ഗൗഡസാരസ്വതന്മാര്‍, വാസമുറപ്പിച്ചതിനുശേഷമാണ് കൊങ്കണിയുടെ ചരിത്രം ആരംഭിക്കുന്നത്. ഭാഗവതപുരാണം, സ്കന്ദപുരാണം, സഹ്യാദ്രിഖണ്ഡം, മഹാഭാരതം ശല്യപര്‍വത്തിലെ സാരസ്വതോപാഖ്യാനം, ശതപഥബ്രാഹ്മണം എന്നിവയില്‍ ആര്യന്മാരുടെ കുടിയേറ്റത്തെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. ഗോവയിലെ സാരസ്വതന്മാര്‍ വടക്കുനിന്ന് കൊങ്കണദേശത്തു കുടിയേറിയ ആര്യന്മാരാണെന്നു സൂചിപ്പിക്കുന്നതിന് തങ്ങളുടെ പേരിനോടു 'കൊങ്കണ ദേശീയ' എന്ന വിശേഷണം ചേര്‍ത്തിരുന്നതായി കാണുന്നു. 'സാരസ്വത' എന്ന പേരിനു മുമ്പായി ചേര്‍ത്തിട്ടുള്ള 'ഗൗഡ' എന്ന പദം അവര്‍ ഔത്തരാഹന്മാരായ ബ്രാഹ്മണരുടെ (പഞ്ചഗൗഡന്മാരുടെ) ഒരു വിഭാഗത്തില്‍പ്പെട്ടവരാണെന്ന വസ്തുത സ്ഥിരീകരിക്കുന്നു. സാരസ്വതന്മാര്‍ ബിഹാറില്‍ തിര്‍ഹട്ട് ഡിവിഷനില്‍പ്പെട്ട ഒരു സമുദായമാണെന്നു സ്കന്ദപുരാണത്തില്‍ പറയുന്നുണ്ട്. അന്നത്തെ ത്രിഹോത്രപുരമായ തിര്‍ഹട്ട് ഡിവിഷനിലെ ഭാഷ 'പൂര്‍വമാഗധി' ആയിരുന്നുവത്രേ. തീര്‍ഹട്ടില്‍ കുടിയേറിയ സാരസ്വതന്മാര്‍ ദൈനംദിന ജീവിതത്തില്‍ അവിടത്തെ ജനങ്ങളുടെ പ്രധാനഭാഷയായ 'മാഗധീപ്രാകൃതം' സ്വീകരിച്ചു. പൂര്‍വമാഗധിയുടെ മൂലശാഖയായ ഇന്നത്തെ കൊങ്കണിയില്‍ വളരെയധികം ദാര്‍ദിക് (ഇന്ത്യയിലെ പ്രാകൃത ഭാഷകളില്‍ ഏറ്റവും പ്രാചീനമായ പൈശാചികപ്രാകൃതം) ഭാഷകളുടെ സ്വാധീനം കാണുന്നു. ദാര്‍ദിക് ഭാഷകളുടെ സ്വാധീനം കൊങ്കണത്തിലും പശ്ചിമഘട്ടങ്ങളിലും സംസാരിക്കുന്ന കൊങ്കണിയില്‍ പ്രകടമാണെന്നു ഡോ.താരാപ്പൂര്‍ വാല ഐ.ജെ.എസ്. അഭിപ്രായപ്പെടുന്നു.
ഉത്തരേന്ത്യന്‍ ഭാഷകളായ സിന്ധി, പഞ്ചാബി, നേപ്പാളി എന്നിവയെ പൈശാചി സ്വാധീനിച്ചതുപോലെ ദക്ഷിണേന്ത്യയില്‍ പൈശാചി സ്വാധീനിച്ച ഏകഭാഷയാണ് കൊങ്കണി. തെക്ക് കൊങ്കണിയിലും വടക്ക് സിന്ധി, പഞ്ചാബി, കശ്മീരി എന്നീ ഭാഷകളിലും പൈശാചിയുടെ സ്വാധീനം കാണുന്നുണ്ടെന്നുള്ളത് വിചിത്രമാണെന്നു കല്‍ക്കത്താ സര്‍വകലാശാലയില്‍ നിന്നു പ്രസിദ്ധപ്പെടുത്തിയ ഭാഷാശാസ്ത്രത്തിന്റെ മൂലതത്ത്വങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ താരാപ്പൂര്‍വാല രേഖപ്പെടുത്തിയിരിക്കുന്നു. സാരസ്വതന്മാരുടെ മാതൃഭൂമിയായ കാശ്മീരിലും പഞ്ചാബിലും ജീവിച്ച ആളുകള്‍ മുന്‍കാലത്ത് ഇന്ത്യയിലെ ഏറ്റവും പ്രാചീനവും പൈശാചി എന്ന പേരില്‍ ചരിത്രകാരന്മാര്‍ പരാമര്‍ശിക്കുന്നതുമായ ഒരു പ്രാകൃതഭാഷ സംസാരിച്ചിരുന്നു എന്നു കാണാന്‍ കഴിയും. ബീര്‍ഹട്ടില്‍ നിന്നു ഗോമന്തക്കില്‍ കുടിയേറിയ സാരസ്വതന്മാര്‍ പൈശാചീ സ്വാധീനം ഏറെയുള്ള ഒരു മാഗധീപ്രാകൃതം കൂടെക്കൊണ്ടുപോകുന്നു. ഈ ഭാഷാസ്വാധീനം ഗോമന്തക്കിലും പടിഞ്ഞാറന്‍ കടല്‍ത്തീരപ്രദേശങ്ങളിലും സംസാരിക്കുന്ന കൊങ്കണിയില്‍ കണ്ടെത്താന്‍ കഴിയും. ക്രമേണ ഗോമന്തക് പ്രാകൃതം അല്ലെങ്കില്‍ കൊങ്കണി എന്ന പേരില്‍ ഒരു പുതിയ പ്രാകൃതം നിലവില്‍വന്നു. കൊങ്കണി ദേശവുമായുള്ള പൂര്‍വബന്ധം കാരണമാണ് ഈ ഭാഷയ്ക്കു കൊങ്കണി എന്ന പേരുണ്ടായത്. ഗോവയിലെ സാരസ്വതന്മാര്‍ വളരെ സ്വാധീനശക്തിയുള്ളവരായിരുന്നതിനാല്‍ അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെല്ലാം കൊങ്കണിഭാഷ പഠിക്കുകയോ തങ്ങളുടെ ഭാഷ കൊങ്കണിയിലെ പ്രത്യയങ്ങള്‍ ചേര്‍ത്തു രൂപാന്തരപ്പെടുത്തുകയോ ചെയ്തു. ജാതിമതഭേദമന്യേ ഗോവയില്‍ താമസിക്കുന്ന മിക്കവാറും എല്ലാ ജനങ്ങളും കൊങ്കണി സംസാരിക്കുന്നുണ്ട്.
ഭാഷാസവിശേഷതകള്‍
ഇന്ത്യയിലെ ആര്യ-ദ്രാവിഡ-ആര്യേതര ഭാഷകളെപ്പറ്റി ആധികാരികമായി പറയാന്‍ കഴിവുള്ള പല പ്രഗല്ഭരായ പണ്ഡിതന്മാരും ഭാഷാശാസ്ത്രജ്ഞരും കൊങ്കണി ഒരു സ്വതന്ത്ര ആര്യന്‍ഭാഷയാണെന്നും ഇതിനു മറാഠിയുടെയും ഗുജറാത്തിയുടെയും സഹോദരീഭാഷ എന്ന നിലയില്‍ സ്വകീയമായ ഒരു സ്ഥാനമുണ്ടെന്നും സംശയലേശമെന്യേ രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രപരമായ പല കാരണങ്ങളാലും മറാഠിയുടെ കീഴില്‍ ഒരു ദേശഭേദമെന്ന നിലയില്‍ കൊങ്കണിയെ തെറ്റായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇപ്രകാരം പല കൊങ്കണി പണ്ഡിതന്മാരും എഴുത്തുകാരും സാംസ്കാരിക നേതാക്കന്മാരും മറാഠികളായി അറിയപ്പെടുന്നു. ഭാഷാപണ്ഡിതനായ ജി.എ. ഗ്രിയേഴ്സണ്‍ ലിങ്ഗ്വിസ്റ്റിക് സര്‍വെ ഒഫ് ഇന്ത്യ എന്ന ഗ്രന്ഥത്തില്‍ കൊങ്കണി മറാഠിഭാഷയുടെ ഒരു ദേശ്യഭേദമാണെന്നും എസ്.എം. കത്രേ(1966)യും മറ്റു ചില പണ്ഡിതന്മാരും കൊങ്കണി ഒരു സ്വതന്ത്രഭാഷയാണെന്നും അഭിപ്രായപ്പെടുകയും തങ്ങളുടെ വാദമുഖത്തിനു ന്യായീകരണമായി ഉദാഹരണങ്ങള്‍ എടുത്തുകാട്ടുകയും ചെയ്യുന്നു. ഗ്രിയേഴ്സണ്‍ തന്റെ അഭിപ്രായത്തില്‍ (1903, 1905, 1927) അസ്ഥിരത പ്രകാശിപ്പിച്ചതോടെ ഒരു പുനര്‍ചിന്തനം ആവശ്യമായി വന്നു. പ്രാരംഭദശയില്‍ കൊങ്കണി ഭാഷയില്‍ സാഹിത്യസൃഷ്ടികളുടെ ദൌര്‍ലഭ്യം അനുഭവപ്പെട്ടതു കാരണം ഒരു സാഹിത്യഭാഷയായി ഇത് അംഗീകരിക്കപ്പെട്ടില്ല. കൊങ്കണി ഭാഷ ധാരാളം സാഹിത്യസൃഷ്ടികള്‍കൊണ്ടു സമ്പന്നമായതോടെ കേന്ദ്ര സാഹിത്യ അക്കാദമി ഇതിനെ ഒരു സാഹിത്യ ഭാഷയായി അംഗീകരിച്ചു. ജെ.എച്ച്. ഹട്ടന്‍ 1931-ലെ സെന്‍സസ് റിപ്പോര്‍ട്ടില്‍ കൊങ്കണിയെ ഒരു സ്വതന്ത്രഭാഷയായി അംഗീകരിച്ചിരുന്നു. ഫോര്‍മേഷന്‍ ഒഫ് കൊങ്കണി എന്ന 1966- ലെ ഗ്രന്ഥത്തില്‍ എസ്.എം.കത്രേ ഈ അഭിപ്രായത്തോട് യോജിക്കുന്നതായി കാണാം. പ്രാചീനകാലം മുതല്‍തന്നെ മറാഠിയില്‍ നിന്ന് കൊങ്കണി പല രീതിയിലും വ്യത്യസ്തമാണെന്നും വികസിതമാണെന്നും അഭിപ്രായമുണ്ട്. സ്വനങ്ങളെ സംബന്ധിച്ചിടത്തോളം മറാഠിയും കൊങ്കണിയും 'പ്രാകൃത' ത്തെ അനുകരിക്കുന്നു. മറാഠിയോടും ഗുജറാത്തിയോടും സാമ്യംപുലര്‍ത്തുന്ന പദസമ്പത്താണ് കൊങ്കണിഭാഷയ്ക്ക് അവകാശപ്പെടാനുള്ളത്. കൊങ്കണി ഇന്തോ- ആര്യന്‍ ഗോത്രത്തിലെ ദക്ഷിണ-പശ്ചിമ വിഭാഗത്തില്‍ ഒരു സ്വതന്ത്ര സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. കൊങ്കണിയില്‍ ഹിന്ദി ഭാഷയുടെ സ്വാധീനവും പ്രകടമാണ്. ദക്ഷിണ- പശ്ചിമ പ്രാകൃതത്തില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്നതാണ് കൊങ്കണി എന്ന് ആന്തരിക സ്വഭാവങ്ങളുടെ അടിസ്ഥാനത്തില്‍ സമര്‍ഥിക്കപ്പെട്ടിട്ടുണ്ട്. അശോകന്റെ രാജശാസനങ്ങള്‍ ഇതിനൊരു തെളിവാണ്. കൊങ്കണിഭാഷയുടെ ചരിത്രപരമായ പശ്ചാത്തലം ഇപ്പോഴും അവ്യക്തമാണ്. ഭൂമിശാസ്ത്രപരമായി മറാഠിയോടും ഗുജറാത്തിയോടും ബന്ധം പുലര്‍ത്തുന്ന കൊങ്കണിഭാഷയില്‍ രണ്ടു ഭാഷകളിലെയും ധാരാളം പ്രാചീനപദങ്ങള്‍ കടന്നുകൂടി. പക്ഷേ, ആധുനിക കൊങ്കണിയില്‍ ഇവ ഏറെ ഉപയോഗത്തിലില്ല. ഇന്തോ-ആര്യനിലെ ദക്ഷിണ-പശ്ചിമവിഭാഗത്തിലെ ഭാഷകളില്‍ കാണുന്ന 'ക' എന്ന പ്രത്യയം ഈ ഭാഷയില്‍ പ്രചാരത്തിലുണ്ട്. മറാഠിയുടെ ഒരു ഉപഭാഷ മാത്രമാണ് കൊങ്കണിയെന്നുള്ള വാദത്തെ നിരാകരിക്കാന്‍ മുംബൈ നരവംശശാസ്ത്രസമിതിയുടെ ഉപാധ്യക്ഷന്‍ പി.വി.ചവാന്‍ നാല് പ്രധാന വാദമുഖങ്ങള്‍ ഉന്നയിക്കുന്നു.
1. സംസ്കൃതത്തില്‍ നിന്നു കടമെടുത്ത പദങ്ങള്‍ കൊങ്കണിയിലും മറാഠിയിലും വ്യത്യസ്തരൂപങ്ങളിലാണ്.
2. മറാഠിയില്‍ പ്രയോഗത്തിലില്ലാത്ത പല പദങ്ങളും കൊങ്കണിയിലും ഗുജറാത്തിയിലും സമാനമായുണ്ട്.
3. പ്രാചീന മറാഠി, കൊങ്കണിയില്‍ നിന്നു പല പദങ്ങളും കടമെടുത്തിട്ടുണ്ട്.
4. സാജാത്യങ്ങളും വൈജാത്യങ്ങളും കണക്കിലെടുക്കുമ്പോള്‍ കൊങ്കണിക്ക് മറാഠിയില്‍ നിന്ന് വ്യത്യസ്തമായ ഒരു പ്രാകൃതസ്വഭാവമുണ്ടെന്നു കാണാം. കൊങ്കണിയിലെ ലോ-ലീ-ലൈം എന്നീ വിഭക്തിപ്രത്യയങ്ങള്‍ ഗുജറാത്തിയിലെ നോ-നീ-നൂ എന്നിവയില്‍ നിന്ന് ആദാനം ചെയ്തിട്ടുള്ളതായും അനുമാനിക്കാം. കൊങ്കണിയില്‍ 'ലോ' ചേതന വസ്തുക്കള്‍ക്കും 'ത്സോ' അചേതനവസ്തുക്കള്‍ക്കും ഉപയോഗിക്കുന്നു. എന്നാല്‍ മറാഠിയില്‍ ഈ വ്യത്യാസം കാണുന്നില്ല. കൊങ്കണിക്ക് പ്രത്യേക ക്രിയാരൂപങ്ങളുണ്ട്. കൊങ്കണിയിലും ഗുജറാത്തിയിലും വര്‍ത്തമാനവ്യഞ്ജക ക്രിയയ്ക്കു ലിംഗഭേദമില്ല. എന്നാല്‍, മറാഠിയില്‍ അതുണ്ട്. ഇപ്രകാരം മറാഠിയില്‍ നിന്നു ഭിന്നവും ഗുജറാത്തിയോടു സാദൃശ്യമുള്ളതുമായ കൊങ്കണിയുടെ പല സ്വഭാവവിശേഷങ്ങളും ചവാന്‍ വെളിച്ചത്തു കൊണ്ടുവന്നു. കൊങ്കണി, മറാഠി എന്നീ ഭാഷകളുടെ സ്വനിമ വിജ്ഞാനീയം, വ്യാകരണം എന്നിവ സൂക്ഷ്മമായി പരിശോധിച്ച് ജെ.ഗെര്‍സന്‍ ദാകുഞ്ഞ (1844-1900) ഇവ വ്യത്യസ്ത ഭാഷകളാണെന്നു പ്രസ്താവിച്ചു. കൊങ്കണിയിലെ പ്രത്യയങ്ങള്‍ മറാഠിയില്‍ നിന്നു വിഭിന്നവും ചിലത് ഹിന്ദിയോടു സാമ്യമുള്ളതുമാണ്. കൊങ്കണിയില്‍ ഏകാക്ഷരപദങ്ങള്‍ ധാരാളമായി കാണാം. എന്നാല്‍ ആ സ്ഥാനത്ത് മറാഠിയില്‍ വിശദീകരണാത്മക പദങ്ങളാണ് കാണുന്നത്. കൊങ്കണിയില്‍ പ്രചാരത്തിലുള്ള വൈദികവും പൗരാണികവുമായ പല സംസ്കൃത പദങ്ങളും മറാഠിയില്‍ പ്രയോഗത്തിലില്ല.
കൊങ്കണി ഭാഷ അതിപ്രാചീനകാലം മുതല്‍ പ്രചാരത്തിലുണ്ടായിരുന്നു എന്നു വ്യക്തമാക്കുന്ന ചില ശിലാശാസനങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഏറ്റവും പഴയ ശിലാശാസനം ഗുപ്തകാലത്തേതാണ്. ഗോവയില്‍ അര്‍വലെം എന്ന പ്രദേശത്തു നിന്ന് ലഭിച്ച 2-ാം ശതകത്തിലേതെന്ന് അനുമാനിക്കുന്ന ഒരു ശാസനത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി കനറാ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ബാങ്കിങ് സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ശിര്‍സിശാഖയുടെ സില്‍വര്‍ ജൂബിലി സുവനീറില്‍ (1959) പ്രസിദ്ധീകരിച്ചിട്ടുണ്ട്. 12-ാം ശതകത്തിലെ ശിലഹാര രാജാവായ അപരാദിത്യന്റെ 1166- ലെ ശാസനത്തില്‍ കൊങ്കണിവാക്യങ്ങളും മറാഠിവാക്യങ്ങളും കാണാം. പഴയ ചില ശിലാശാസനങ്ങളില്‍ കൊങ്കണി മാതൃകകള്‍ കാണാം. ശ്രാവണബെലഗോളയില്‍ ചാമുണ്ഡരാജാവ് നിര്‍മിച്ച ഗോമതേശ്വരന്റെ (ബാഹുബലി) ഭീമാകാരമായ ഒറ്റക്കല്‍ പ്രതിമ (1116-17) യുടെ ചുവട്ടിലുള്ള സുപ്രസിദ്ധ ലിഖിതം കൊങ്കണിയിലാണ്.
1541- ലെ പോര്‍ച്ചുഗീസ് വിലയിരുത്തലില്‍ കൊങ്കണിഭാഷ പല ശതകങ്ങളോളം പീഡനം അനുഭവിച്ചിരുന്നതായും തത്ഫലമായി ഇതിന്റെ സാഹിത്യം നശിച്ചുകൊണ്ടിരിക്കുന്നതായും ബോധ്യപ്പെട്ടു. ഗണ്യമായ ഒരു വിഭാഗം ജനതയുടെ മാതൃഭാഷയായി കൊങ്കണി നിലനിന്നുപോന്നു. ക്രിസ്റ്റ്യന്‍ മിഷനറിമാര്‍ കൊങ്കണിഭാഷ പഠിക്കുകയും വ്യാകരണഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു. കേരളത്തില്‍ കൊച്ചിപ്രദേശത്തു സംസാരിക്കപ്പെടുന്ന കൊങ്കണിയെ ആസ്പദമാക്കി നടത്തിയ പഠനത്തില്‍ 52 സ്വനിമങ്ങളാണ് ഈ ഭാഷയ്ക്കുള്ളത്. ഏഴ് സ്വരങ്ങളും 43 വ്യഞ്ജനങ്ങളും രണ്ട് ഖണ്ഡേതര സ്വനിമങ്ങളും (non-segmental phonemes) ആണ് ഇവ. i e E e a c u എന്നിവയാണ് സ്വരങ്ങള്‍. ഖണ്ഡേതര സ്വനിമങ്ങള്‍ അനുനാസീകരണം (1-1); ദീര്‍ഘം (1: 1) എന്നിവയെ കുറിക്കുന്നവയാണ്. അക്ഷരങ്ങളുടെ എണ്ണത്തെ ആസ്പദമാക്കി പദങ്ങളെ ഏകാക്ഷരപദങ്ങള്‍, ദ്വയാക്ഷരപദങ്ങള്‍, ത്രയാക്ഷരപദങ്ങള്‍ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. കൊങ്കണിഭാഷയില്‍ അധികവും ദ്വയാക്ഷര പദങ്ങളാണ്.
രൂപിമ വിജ്ഞാനീയത്തില്‍ നാമങ്ങള്‍ക്ക് മൂന്നു ലിംഗ (പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം)ങ്ങളും രണ്ടു വചനങ്ങളും (ഏകവചനം, ബഹുവചനം) ഉണ്ട്. എട്ടു വിഭക്തികളില്‍ സംബന്ധികാ, ആധാരികാ എന്നിവയ്ക്ക് രണ്ടു ഉപവിഭാഗങ്ങളും ഉണ്ട്. നാമങ്ങളോടു വിഭക്തിപ്രത്യയങ്ങള്‍ ചേര്‍ക്കുമ്പോള്‍ മൂലരൂപത്തോടല്ല, ആധാരരൂപത്തോടാണ് പ്രത്യയങ്ങള്‍ ചേര്‍ക്കുക. നാമവിശേഷണങ്ങളും സര്‍വനാമങ്ങളും ഏകവചനത്തിലും ബഹുവചനത്തിലും കാണുന്നുണ്ട്. സകര്‍മകക്രിയകളും അകര്‍മകക്രിയകളും മൂന്നു കാലങ്ങളും ഈ ഭാഷയില്‍ സാധാരണമാണ്. ഭൂതകാലം ഒഴികെ മറ്റു രണ്ടു കാലങ്ങളിലും ലിംഗവചനമനുസരിച്ചു ക്രിയകളില്‍ മാറ്റങ്ങള്‍ വരുന്നു. കൊങ്കണിഭാഷയില്‍ ക്രിയകളില്‍ 11 പ്രകാരങ്ങള്‍ (Moods) കാണാം. ഘടനാപരമായി കൊങ്കണി ഹിന്ദിയില്‍ നിന്നും മറാഠിയില്‍ നിന്നും വിഭിന്നമാണ്.
ഔദ്യോഗികരേഖകളില്‍ ദേവനാഗരി ലിപി ഉപയോഗിക്കുന്ന ഈ ഭാഷ ഇപ്പോള്‍ സ്കൂള്‍ തലത്തില്‍ പഠിപ്പിക്കുന്നുണ്ട്. ധാരാളം സാഹിത്യസൃഷ്ടികള്‍ അവകാശപ്പെടാനുള്ള കൊങ്കണി ആരംഭം മുതല്‍ വളര്‍ച്ച മുരടിക്കാതെ തന്നെ വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്നു. ഇന്തോ-ആര്യന്‍ കുടുംബത്തിലോ അനാര്യന്‍ കുടുംബത്തിലോ പെട്ട അംഗീകൃതഭാഷകളില്‍ കാണാത്ത ധാരാളം പദങ്ങള്‍ കൊങ്കണി ഭാഷയില്‍ പ്രയോഗത്തിലുണ്ട്. ഇപ്രകാരം വ്യവഹാരത്തിലിരിക്കുന്ന പദങ്ങളാണ് ഈ ഭാഷയുടെ തനതായ സമ്പത്ത് എന്ന് അനുമാനിക്കാം.
പോര്‍ച്ചുഗീസുകാരുടേയും ഡച്ചുകാരുടെയും കാലത്തു കൊങ്കണി ദേവനാഗരി ലിപിയിലാണ് എഴുതിപ്പോന്നത്. ഹോര്‍ത്തൂസ് ഇന്‍ഡിക്കസ് മലബാറിക്കസ് എന്ന പേരില്‍ 12 വാല്യങ്ങളിലായി 1678-ല്‍ വാന്റീഡ് പ്രസിദ്ധീകരിച്ച സസ്യശാസ്ത്രഗ്രന്ഥത്തിലെ കൊങ്കണിഭാഷയിലുള്ള ഒരു സാക്ഷിപത്രം ഇതിനുദാഹരണമാണ്. ഈ കാലയളവില്‍ കൊങ്കണിഭാഷ ബ്രാഹ്മണഭാഷ എന്ന് അറിയപ്പെട്ടിരുന്നതിനാല്‍ കൊങ്കണിഭാഷ എന്നതിനു പകരം ബ്രാഹ്മണഭാഷ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ദേവനാഗരി ബ്ളോക്ക് പ്രിന്റിങ്ങിന്റെ ഏറ്റവും പഴയ മാതൃകയാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കാലാന്തരത്തില്‍ കൊങ്കണിഭാഷ റോമന്‍, കന്നഡ, മലയാളം എന്നിങ്ങനെ അനേകം ലിപികളില്‍ എഴുതപ്പെട്ടു. സാര്‍വത്രികമായി കൊങ്കണിക്ക് ഒരു ലിപി ഉണ്ടായില്ല. കൊങ്കണിക്ക് രത്നഗിരി കൊങ്കണി, ഗോവന്‍ കൊങ്കണി, തെക്കന്‍ കാനറാ കൊങ്കണി, കേരള കൊങ്കണി എന്നിങ്ങനെ പല ദേശ്യഭേദങ്ങളുണ്ട്. ഇവ തമ്മിലുള്ള ബാഹ്യമായ ഭിന്നിപ്പ് ഒരളവു വരെ കൊങ്കണിക്ക് സാര്‍വത്രികമായ ഒരു ലിപി ഉണ്ടാകുന്നതിന് വിഘാതം സൃഷ്ടിച്ചു. 1510-ലെ പോര്‍ച്ചുഗീസ് ആക്രമണഫലമായി ഗോമന്തക്ക് (ഗോവ) എന്ന ഹിന്ദു സംസ്ഥാനം നശിപ്പിക്കപ്പെടുകയും അവിടെ ഉപയോഗത്തിലിരുന്ന ദേവനാഗരിയുടെ ആദ്യരൂപമായ കൊങ്കണിയുടെ പ്രാരംഭകാലത്തെ ലിപി അപ്രത്യക്ഷമാകുകയും ചെയ്തു. പോര്‍ച്ചുഗീസ് ക്രിസ്ത്യന്‍ മിഷണറിമാര്‍ റോമന്‍ ലിപി ഉപയോഗിച്ച് എഴുതാനും അച്ചടിക്കാനും തുടങ്ങിയതോടെ കൊങ്കണിഭാഷ സംസാരിക്കുന്ന ജനങ്ങള്‍ അതാത് പ്രാദേശികഭാഷാ ലിപി ഉപയോഗിച്ച് ഈ ഭാഷ എഴുതാന്‍ തുടങ്ങി. എന്നാല്‍ കൊങ്കണി ഭാഷയില്‍ ദേവനാഗരി, റോമന്‍ എന്നീ ലിപികള്‍ ഉപയോഗിക്കാനുള്ള പ്രവണതയാണ് ഏറി വരുന്നത്. കൊങ്കണിഭാഷയ്ക്ക് തനതായ ഒരു ലിപിവ്യവസ്ഥ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.
സാഹിത്യം
പ്രാചീനശാസ്ത്രം
കൊങ്കണി സാഹിത്യത്തിന് എത്രകാലത്തെ പഴക്കമുണ്ടെന്ന് നിശ്ചയിക്കാന്‍ തക്ക തെളിവൊന്നും ലഭ്യമല്ല. ഗുപ്തരാജാക്കന്മാരുടെ കാലത്തെ ഒരു ശിലാരേഖയില്‍ (2-ാം ശ.) കൊങ്കണിഭാഷാപ്രയോഗത്തെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ കാണുന്നു. പില്ക്കാലത്ത് സ്വതന്ത്രങ്ങളും വിവര്‍ത്തനങ്ങളുമായി അനേകം കൃതികളുണ്ടായെങ്കിലും അവയില്‍ പലതും പോര്‍ച്ചുഗീസ് ഭരണാധികാരികള്‍ നശിപ്പിച്ചതായി കരുതിവരുന്നു. അതിനാല്‍ 1500 മുതല്ക്കുള്ള ചരിത്രമേ കൊങ്കണി സാഹിത്യത്തെക്കുറിച്ച് ഇപ്പോഴുള്ളൂ. മൊത്തം സാഹിത്യസംഭാവന പരിഗണിക്കുമ്പോള്‍ കൊങ്കണിയെ തമിഴിനോടോ ഗുജറാത്തിയോടോ, ബംഗാളിയോടോ മറാഠിയോടോ താരതമ്യപ്പടുത്താന്‍ സാധ്യമല്ലെങ്കിലും ഗോവ, മഹാരാഷ്ട്ര, കര്‍ണാടകം, കേരളം എന്നിവിടങ്ങളിലെ അനേകം ഗ്രന്ഥകാരന്മാര്‍ ഒട്ടേറെ വ്യാകരണഗ്രന്ഥങ്ങളും നിഘണ്ടുക്കളും സാഹിത്യമേന്മയുള്ള വിശിഷ്ട കൃതികളും രചിച്ചിട്ടുണ്ട് എന്ന കാര്യം മറക്കാവുന്നതല്ല. ഗോവക്കാരനായ രവീന്ദ്ര കെലേക്കര്‍ തയ്യറാക്കിയ കൊങ്കണി സാഹിത്യ ഗ്രന്ഥസൂചിക 17-ാം ശതകം മുതല്‍ കൊങ്കണിയിലുണ്ടായ 2000-ത്തോളം ഗ്രന്ഥങ്ങളുടെ വിവരം നല്‍കുന്നുണ്ട്. ബനാറസ്സിലെ അമേരിക്കന്‍ അക്കാദമിയില്‍ ഗവേഷകനായിരുന്ന ജോസ് പെരേരയുടെ അഭിപ്രായത്തില്‍ 'ഇന്തോ ആര്യന്‍ ഭാഷകളുടെ കൂട്ടത്തില്‍ വ്യാകരണത്തിലും പദാവലിയിലും വാക്യനിലവാരത്തിലും വിന്യാസപ്പെട്ട ഭാഷ കൊങ്കണിയാണ്. സാഹിത്യോചിതമായ പോര്‍ച്ചുഗീസിലെ സങ്കീര്‍ണമായ വാക്യരചനയെയും ലത്തീനിലെ ഒതുങ്ങിയ ഗദ്യത്തെയും മാതൃകയാക്കി ഒരു പരിഷ്കൃത ഗദ്യശൈലി സ്വായത്തമാക്കിയ ഭാഷയും അതുതന്നെ. 'ലഭ്യമായ കൃതികളുടെ അടിസ്ഥാനത്തില്‍ പ്രാചീന കൊങ്കണി സാഹിത്യത്തെ ഹൈന്ദവം, ക്രൈസ്തവം എന്നിങ്ങനെ രണ്ടായി വിഭജിക്കാം.
ഹൈന്ദവം
രാമായണവും മഹാഭാരതവുമാണ് കൊങ്കണിയിലെ ആദ്യത്തെ പ്രമുഖ സാഹിത്യ കൃതികള്‍. 16-ാം ശതകത്തിന്റെ ആരംഭത്തില്‍ ജീവിച്ചിരുന്ന കൃഷ്ണറാവു ശര്‍മയാണ് ഇവ രചിച്ചത്. അതിന്റെ കൈയെഴുത്തു പ്രതികള്‍ പോര്‍ച്ചുഗലില്‍ ബ്രാഗായിലെ പബ്ളിക് ലൈബ്രറിയില്‍ 771-ഉം 772-ഉം നമ്പര്‍ ആയി സൂക്ഷിച്ചിട്ടുണ്ട്. റോമന്‍ ലിപിയിലാണ് അവ എഴുതിയിരിക്കുന്നത്. മൂലകൃതിയുടെ റോമന്‍ ലിപ്യന്തരണമോ വാമൊഴിയായി പകര്‍ന്നുകിട്ടിയതിന്റെ റോമന്‍ ലിപ്യാവിഷ്ക്കാരമോ എന്നതു നിശ്ചയമില്ല. ഈ കൃതിയെ പോര്‍ച്ചുഗീസുകാരുടെ ആഗമനത്തിനു മുന്‍പുള്ള (1500) ആദ്യകാല കൊങ്കണി സാഹിത്യ സൃഷ്ടിക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. പുരാണേതിഹാസങ്ങള്‍ സാധാരണക്കാര്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നതിനുവേണ്ടിയാണ് ഇവ രചിക്കപ്പെട്ടത്. അക്കാലത്തെ കൊങ്കണിഭാഷക്കാര്‍ക്കിടയില്‍ നിലവിലിരുന്ന ആചാരാനുഷ്ഠാനങ്ങള്‍, വിശ്വാസങ്ങള്‍, ആദര്‍ശങ്ങള്‍ എന്നിവ ഈ കൃതികളില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയും. മഹാഭാരതത്തില്‍ നിന്നും രാമായണത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഏതാനും കഥകളുടെ സമാഹാരമായ അശ്വമേധ, കൃഷ്ണചരിത, രഘുവംശകഥ എന്നിവയും കൃഷ്ണറാവുശര്‍മയുടേതാണെന്നു കരുതപ്പെടുന്നു. ഇവയ്ക്കു പുറമേ ടിപ്പുസുല്‍ത്താന്റെ പതനത്തിനുശേഷം (1799) കേരളത്തില്‍ സഞ്ചരിച്ച ജോണ്‍ ലെയ്സന്‍ (1755-1811) കൊങ്കണി ലിപി മറാഠിയില്‍ നിന്നും ഗണ്യമായ വിധത്തില്‍ വ്യത്യസ്തമാണെന്നും ഭാഗവതം, ലിംഗപുരാണം, രാമായണം, ഭാരതം, വീരഭദ്രചരിതം, പരശുരാമചരിത്രം എന്നിവ കൊങ്കണിയിലേക്കു വിവര്‍ത്തനം ചെയ്യുകയും അതിന്റെ പ്രത്യേക ലിപിയില്‍ എഴുതുകയും ചെയ്തിട്ടുണ്ടെന്നും രേഖപ്പെടുത്തിക്കാണുന്നു. ഗോഡ്ഡെയാണ് മറ്റൊരു പദ്യകൃതി. അതില്‍ ശ്രവണകുമാരന്റെ കഥ തുടങ്ങി രാമായണകഥ അന്ത്യം വരെ വിവരിക്കുന്നു. അജ്ഞാതകര്‍തൃകമായ ആ കാവ്യം ആളുകള്‍ സംഘം ചേര്‍ന്നു പാടി വരാറുണ്ട്. അതിലെ ഒരു പാദം ഇപ്രകാരമാണ്: 'അരെ പുതാസിര്‍വണാ താന്‍ ലഗ ലിഗാ'
(എന്റെ മകനേ സിര്‍വണ്‍, എനിക്കു ദാഹിക്കുന്നല്ലോ)
'താന്‍ ലഗൂന്‍ ശ്രവനു പാനീ ഹഡൂഗെലോഗ'
(ദാഹം തോന്നിയ സിര്‍വണ്‍ കുടിനീരിനായ് പോയി)
ഈ കൃതിയുടെ 1-ാം ഭാഗം കൊങ്കണി ഭാഷാപ്രചാരസഭയുടെ പ്രസിദ്ധീകരണമായ ലോകഗീതില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മേല്പറഞ്ഞ ഗ്രന്ഥങ്ങളെ ആധാരമാക്കി പോര്‍ച്ചുഗീസുകാരുടെ ആക്രമണത്തിനു മുമ്പു തന്നെ കൊങ്കണി സാഹിത്യം പുഷ്ടിപ്രാപിച്ചു കഴിഞ്ഞിരുന്നു എന്നു മനസ്സിലാക്കാം.
ക്രൈസ്തവം
17-ാം നൂറ്റാണ്ടില്‍ ക്രിസ്തീയ സാഹിത്യം ഗണ്യമായ തോതില്‍ രചിക്കപ്പെട്ടു. ഫാദര്‍ തോമസ് സ്റ്റീഫന്‍സിന്റെ (1519-1619) ക്രിസ്തുപുരാണ്‍ എന്ന മഹാഗ്രന്ഥമാണ് ഇവയില്‍ പ്രധാനം. 'ഓവി' പദ്യത്തില്‍ മറാഠി ലിപിയിലാണ് ഇതു രചിച്ചിരിക്കുന്നത്. ക്രിസ്തുവിന്റെ സന്ദേശം സാധാരണ ജനങ്ങള്‍ക്കു മനസ്സിലാക്കിക്കൊടുക്കുന്നതിനായി ഒട്ടേറെ കൊങ്കണിപദങ്ങള്‍ ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. അതിനാല്‍ കൊങ്കണി പുരാണ്‍ എന്ന പേരിലും ഇതറിയപ്പെടുന്നു. തുടര്‍ന്ന് അദ്ദേഹം ഡോകട്രീന ക്രിസ്റ്റ അംലിംഗ്വ ബ്രാഹ്മണിക്ക കനറീം (കര്‍ണാടക ബ്രാഹ്മണരുടെ ഭാഷയില്‍ എഴുതപ്പെട്ട ക്രിസ്തുമതസിദ്ധാന്തം) എന്ന ഗ്രന്ഥം രചിച്ചു. കുട്ടികളെ പഠിപ്പിക്കുന്നതിനു വേണ്ടി ഗുരുശിഷ്യ സംവാദരൂപത്തിലാണ് ഇതിന്റെ രചന. ഫാദര്‍ ജൊവാക്കിം ദെ മിരാന്‍ഡ (-1783) രചിച്ച കൊങ്കണി സ്തോത്രകാവ്യമാണ് റിഗ്ലൊ ജെസ്യുമൊല്യാന്ത് (യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്). പിന്നീട് ദിയോ ഗോറി ബൈറോ (1560-1633) കൂടുതല്‍ വിസ്തൃതമായ ക്രിസ്തീയ മതതത്ത്വങ്ങള്‍ എന്ന ഗ്രന്ഥം രചിക്കുകയുണ്ടായി. കൂടാതെ കൊങ്കണി പദകോശവും രണ്ടു ഭാഗമായി തയ്യാറാക്കി. അന്റോമിയോ സല്‍ആന (1598-1663) യുടെ അന്തോണീസ് പുണ്യവാളന്റെ അദ്ഭുതകൃത്യങ്ങളാണ് മറ്റൊരു കൃതി. ഇതില്‍ പാദുവായിലെ വിശുദ്ധ അന്തോണിയുടെ ജീവിതകഥ പ്രതിപാദിച്ചിരിക്കുന്നു. ജീവവൃക്ഷത്തിന്റെ ഫലങ്ങള്‍ ആണ് ഇദ്ദേഹത്തിന്റെ മറ്റൊരു കൃതി. ഫാദര്‍ ഇഗ്നാസിയോ അര്‍ക്കമണ്‍ ബൈബിള്‍ പുതിയ നിയമത്തിന്റെ കൊങ്കണിഭാഷയും നിര്‍വഹിച്ചു. ഫാദര്‍ ജൂവാംവ് ദി പെന്‍ദ്രോസാ ദിവ്യാത്മഗതങ്ങള്‍ വിവര്‍ത്തനം ചെയ്തു. ഫാദര്‍ തിയോ തോണിയോ ജോസഫ് കുട്ടികള്‍ക്കുവേണ്ടി ഒരു ക്രിസ്തീയസംഹിതയും എഴുതി. ഇവര്‍ക്കു പുറമേ നാട്ടുകാരായ ഫാദര്‍ ജാക്വസ് ദി നോറോണ, ഫാദര്‍ പസ്കോള്‍ ദയസ്സ് എന്നിവരും ക്രിസ്തുമത ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 1684-ല്‍ ഗവണ്‍മെന്റ് കൊങ്കണിയുടെ ഉപയോഗം നിരുത്സാഹപ്പെടുത്തി. പിന്നീട് 1835-ല്‍ ഹെലിയോ ദോഗോ കുഞ്ഞാറിവാര സെക്രട്ടറി ജനറലായി ഗോവയിലെത്തിയപ്പോഴാണ് കൊങ്കണിയെ അഭിവൃദ്ധിപ്പെടുത്താനുള്ള സദുദ്യമം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ വിദേശമിഷനറിമാരാണ് കൊങ്കണിഗ്രന്ഥങ്ങള്‍ പ്രദാനം ചെയ്തതെങ്കില്‍ രണ്ടാമത്തെ ഘട്ടത്തില്‍ 'മണ്ണിന്റെ മക്കള്‍' കൊങ്കണിസാഹിത്യം പുഷ്ടിപ്പെടുത്താന്‍ കഠിനാധ്വാനം ചെയ്തു.
ആധുനികസാഹിത്യം
കൊങ്കണിസാഹിത്യത്തിന്റെ ആധുനിക സര്‍ഗാത്മകഘട്ടം 20-ാം ശതകത്തോടെയാണ് ആരംഭിക്കുന്നത്. മറ്റു പ്രമുഖ ഭാഷകളിലെന്നതുപോലെ കൊങ്കണിയിലും പദ്യഗദ്യവിഭാഗങ്ങളില്‍ ആധുനിക സാഹിത്യപ്രവണതകള്‍ പ്രത്യക്ഷപ്പെട്ടു. കവിത, കഥ, നോവല്‍, നാടകം എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും ശ്രദ്ധേയമായ കൃതികള്‍ രചിക്കപ്പെട്ടു. ആധുനിക കൊങ്കണി സാഹിത്യത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചത് ആധുനികസാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഷേണായ് ഗോയെംബാബ് (വാമന്‍ വരദവ ലൗലനിക്കാര്‍, 1877-1946) ആണ്. അദ്ദേഹത്തിന്റെ സര്‍വതോന്മുഖമായ പ്രതിഭ നാടകവും ചെറുകഥയും ജീവചരിത്രവും മുതല്‍ ദാര്‍ശനികഗ്രന്ഥങ്ങളും വ്യാകരണവും ബാലസാഹിത്യവും വരെയുള്ള സാഹിത്യരൂപങ്ങള്‍ക്ക് ഉജ്ജ്വല പ്രകാശം നല്‍കി. ഇദ്ദേഹമാണ് ആധുനികസാഹിത്യകാരന്മാര്‍ക്ക് പ്രചോദനമേകിയത്.
കവിത
മറ്റു പല പ്രമുഖ ഭാഷകളിലുമെന്നതുപോലെ കൊങ്കണിയിലും സമൃദ്ധമായ സാഹിത്യരൂപം കവിതയാണ്. അതു പുതിയൊരു ചടുലതയും മൗലികതയും പ്രകടിപ്പിക്കുന്നതു കാണാം. ബാക്കിബാബ് ബോര്‍ക്കര്‍ (1910-84), മനോഹര്‍റായ് സര്‍ദേശായ് (1925-), പദ്മശ്രീ രഘുനാഥ് വിഷ്ണുപണ്ഡിറ്റ് (1917-90), ഒലിവില്‍ഹോ ഗോമസ് (1943-) എന്നിവര്‍ ആധുനിക കവിതയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കി. ബോര്‍ക്കറുടെ പ്രധാന കാവ്യസമാഹാരമാണ് പൈഞ്ജലാ (കാല്‍ച്ചിലമ്പുകള്‍ 1960), ഇതിലെ മനോഹരമായ ഒരു കാല്പനിക കവിതയാണ് 'നീല് സവ്നെ' (നീലപ്പക്ഷി).' സാത്ലാക് ഗോയന്‍ കാര് അമി' (ഏഴു ലക്ഷം ഗോവക്കാര്‍ നമ്മള്‍) എന്ന കവിതയില്‍ സ്വദേശാഭിമാനം അലയടിക്കുന്നതു കാണാം. ലാളിത്യം, വ്യക്തത, ഹൃദയാവര്‍ജകത്വം എന്നിവ ബോര്‍ക്കറുടെ കവിതയുടെ പ്രത്യേകതയാണ്. ഒരു ഭാഗം നോക്കുക:
'സവ്ണെ ഗായത് അയ്ലെ തശെ
ത്സാഡാ പെഡാ ലഗ്ലെ പിശെ'
(അങ്ങനെ പാടി ആ പക്ഷി വന്നു
ചെടികളും മരങ്ങളും ഉന്മാദ ലഹരിയിലാണ്ടു.)
മനോഹര്‍ സര്‍ദേശായിയുടെ പ്രധാന കവിതാ സമാഹാരങ്ങളാണ് പിസ്സൊലീന്‍ (ചിത്രശലഭം), ഗൊതുളു മൊഗ ഖതീര (ഹേ ഗോവാ നിനക്കുവേണ്ടി), ജായത് ജാഗ്രെ (ജാഗ്രത), ജായോസുയൊ (മുല്ലപ്പൂവ്) എന്നിവ. ലളിതവും ഹൃദ്യവുമായ ഏതാനും ലഘുകവിതകളുടെ സമാഹാരമാണ് പിസ്സൊലീന്‍ 'മഹ്ജെ ഗോയ്' (എന്റെ ഗോവ), 'ഹായ് ത്സയ് വതാഥയ്' (ഞാന്‍ എവിടെപ്പോയാലും) തുടങ്ങിയ കവിതകളില്‍ ദേശാഭിമാനം നിറഞ്ഞു നില്‍ക്കുന്നു. ഗാനാത്മകങ്ങളാണ് ബോര്‍ക്കറുടേയും സര്‍ദേശായിയുടേയും കവിതകള്‍. പ്രേമം, പ്രകൃതിരമണീയത, ദേശഭക്തി എന്നിവയാണ് ഇവരുടെ കവിതകളുടെ പ്രധാന പ്രമേയങ്ങള്‍. 1963 ജനു. 26-ന് ഇദ്ദേഹത്തിന്റെ അഞ്ചു പുസ്തകങ്ങള്‍ ഒരുമിച്ചു പ്രകാശനം ചെയ്തു. ഐലെ തശെ ശൈലെ (എനിക്ക് അനുഭവപ്പെട്ടത് ഞാന്‍ പാടി), മ്ഹജേമ് ഉത്തര് ഗൗഡ്യാ ചെമ് (എന്റെ വാക്കുകള്‍ ഗൗഡയുടെ വാക്കുകളാകുന്നു), ഉര്തലേമ് തേമ് രൂപ് ധര്‍തലേമ് (അവശേഷിക്കുന്നത് പുതിയ രൂപമെടുക്കും), ധരത് തെരചെ കവന്‍ (ഭൂമിയുടെ സംഗീതം), ചന്ദ്രാവല്‍ (ഹേ ചന്ദ്രന്‍) എന്നിവയാണ് പ്രസ്തുത കൃതികള്‍. വിപ്ലവാത്മകമാണ് 'ഉബ്ബാദ് ഏക് സംസാര്' (എനിക്ക് പുതിയൊരു ലോകം നിര്‍മിക്കൂ) എന്ന കവിതയുടെ സാരം. കര്‍ഷകസ്തുതിയാണ് ഹാ ഗൗഡോ എന്ന കാവ്യം. ഇതില്‍ കര്‍ഷകരെ നെല്ലിന്റെ ഉമിയുമായി താരതമ്യം ചെയ്തിരിക്കുന്നു. ദര്യഗസതാ (കടലിന്റെ അലര്‍ച്ച) എന്ന കാവ്യസമാഹാരത്തിന് 1979-ലെ സാഹിത്യ അക്കാദമി അവാര്‍ഡു ലഭിക്കുകയുണ്ടായി. പുന്‍ജാലിയോ പക്ലിയോ (ഇലകളുടെ ശേഖരം) ആണ് ഒലിവില്‍ ഹോഗോമസിന്റെ പ്രസിദ്ധമായ കവിതാസമാഹാരം.
മേല്പറഞ്ഞവയ്ക്കു പുറമേ ലക്ഷ്മണ്‍റാവൂ സര്‍ദേശായ് (1904-86), യശ്വന്ത് കേലേക്കര്‍, പുണ്ഡലിക് നായക്, ഉദയ് ഭേംബ്രോ, പുരുഷോത്തം സിങ്ബല്‍, ശംബാ ലോലിയേക്കര്‍, സുദേശ് ലോട്ലിക്കര്‍ തുടങ്ങിയവരും ആധുനികകവിതാരംഗത്തു വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവരാണ്. ഇവര്‍ക്കു പുറമേ മാസ്കരനാസ് (1887-1961), പ്രതാപ് നായ്ക്, ജെ.ബി മൊറൈസ്, ബി.എഫ്. ഡികോസ്റ്റ (1932-'92), പാണ്ഡുരംഗശര്‍മ, ആനന്ദശര്‍മ, കെ. അനന്ദഭട്ട് എന്നിവരും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുകയുണ്ടായി.
കവിതാരംഗത്തു കര്‍ണാടകത്തിന്റെയും കേരളത്തിന്റെയും സംഭാവനകളും പ്രധാനമാണ്. കര്‍ണാടകത്തിലെ ഫാദര്‍ വൈറ്റസ് പ്രഭുദാസ്, മംഗലാപുരത്തെ ബി.വി. ബാളിഗ എന്നിവരും കേരളത്തിലെ ജി.കമലമ്മാള്‍, നാരായണനരസിംഹപൈ, പി.ജി. കമ്മത്ത്, കെ.ഗോകുലദാസ് പ്രഭു, പി.എന്‍. ശിവാനന്ദ ഷേണായ്, പി.എ. ശ്രീധരകമ്മത്ത്, പയ്യന്നൂര്‍ രമേശ്പൈ, വത്സലാമഞ്ജുനാഥറാവു, സുശീലാ ത്രിവിക്രമഭട്ട്, എന്‍.എന്‍. ആനന്ദന്‍, ബി.എസ്. ആശ മുതലായ കവികളും ആധുനിക കൊങ്കണികവിതയ്ക്കു വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ശിവാനന്ദഷേണായിയുടെ കിര്‍കിര്‍ കേരളകൊങ്കണി അക്കാദമിയാണ് പ്രസിദ്ധീകരിച്ചത്. നൂറിലധികം കൊങ്കണികവിതകളുടെ കര്‍ത്താവാണ് വി. ശേട്ട് ബല്‍രാജ്. മഹ്താരി അജിയാണ് അദ്ദേഹത്തിന്റെ കവിതാസമാഹാരം. വത്സലാ മഞ്ജുനാഥ റാവുവിന്റെ കൊങ്കണികവിതകളുടെ സമാഹാരമാണ് ഫുല്ലോം മാളം (1986).
നാടോടിസാഹിത്യം
സമ്പന്നമാണ് കൊങ്കണിയിലെ നാടോടിസാഹിത്യവും നാടോടി നൃത്തവും. മാതാനുഷ്ഠാനങ്ങള്‍, സാമൂഹികാഘോഷങ്ങള്‍ എന്നിവ സംബന്ധിച്ചും ഹര്‍ഷം, ദുഃഖം, ത്യാഗം, പ്രേമം, സൗന്ദര്യം, താരുണ്യം മുതലായവയെക്കുറിച്ചും നിരവധി പാട്ടുകള്‍ ഉണ്ടായിട്ടുണ്ട്. പ്രകൃതിയുടെ മാഹാത്മ്യത്തെ പ്രകീര്‍ത്തിക്കുന്നവയാണ് ഇവയില്‍ പല ഗാനങ്ങളും. 'ഓവി' പദ്യരൂപമാണ് മതപരവും ലൗകികവുമായ രചനകള്‍ക്ക് ഉപയോഗിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ജെസ്യൂട്ട് മിഷനറിയായ ഫാദര്‍ തോമസ് സ്റ്റീഫന്‍സ് ഈ ഛന്ദസ്സിലാണ് ക്രിസ്തുപുരാണം രചിച്ചിരിക്കുന്നത്. വിവാഹാഘോഷങ്ങളില്‍ ആലപിക്കാറുള്ള കല്യാണപ്പാട്ടുകളും 'ഓവി' രൂപത്തിലുള്ളവയാണ്. ജനങ്ങള്‍ ഇന്നും പാടി വരുന്ന ഒരു നാടോടിഗാനം ഇപ്രകാരമാണ്:
'വട്ടെന വത്തല്യ വട്ടെചെ വാളാരാ
രുക്മിണി കുളാരാ ബൊലാവെ സാങ്ഗ്ലാ'
(തരിവള വില്‍ക്കാനിതുവഴി പോകുന്നവനേ
രുക്മിണിയുടെ അച്ഛനമ്മമാരോടിങ്ങനെയറിയിച്ചാലും)
ഇവക്കെല്ലാം പുറമേ അനേകം പഴമൊഴികളും കഥാഖ്യാനങ്ങളും കൊങ്കണിയിലുണ്ട്. ജയന്തിനായക് ഗോവയിലെ നാടോടിപ്പാട്ടുകളും വഴക്കങ്ങളും സമാഹരിച്ചിട്ടുണ്ട്. മാത്രമല്ല കര്‍ണാടകം, കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പ്രചാരത്തിലുള്ള നാടോടിപ്പാട്ടുകളും കടങ്കഥകളും പഴഞ്ചൊല്ലുകളും ആചാരാനുഷ്ഠാനങ്ങളും സമാഹരിച്ചുതുടങ്ങിയിട്ടുമുണ്ട്. എന്‍. പുരുഷോത്തമ മല്ലയ്യ കൊങ്കണി പഴഞ്ചൊല്ലുകളുടെ ഒരു സമാഹാരവും (1978), കൊങ്കണി ലോക്ഗീത് എന്ന പേരില്‍ നാടന്‍പാട്ടുകളുടെ ഒരു സമാഹാരവും പ്രസിദ്ധീകരിക്കുകയുണ്ടായി. ആര്‍.എസ്. പ്രഭു സമാഹരിച്ച കൊങ്കണിപഴഞ്ചൊല്ലുകള്‍ കൊങ്കണിമ്ഹണ്യാം സോരു എന്ന പേരില്‍ പയ്യന്നൂര്‍ രമേശ് പൈ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗോഫ്, ദെഖ്നീ, കുണ്‍ബി അഥവാ ഫുഗ്ഡി, കൊരീഡിന്‍ഹോ എന്നിവയാണ് പ്രധാന നാടോടിനൃത്തങ്ങള്‍. നാടോടിനൃത്തങ്ങളിലെ നാടോടിപ്പാട്ടുകള്‍ക്കും നാടോടിസംഗീതത്തിനും അനേകം ശതവര്‍ഷങ്ങളുടെ പഴക്കമാണുള്ളത്. അവയില്‍ ചിലതാണ് ഗോവയിലെ ശിഗ്മാപാട്ടുകളും കുഡുംബി പാട്ടുകളും ദെഖ്നീമാണ്ടോ, ദുല്‍പാദ് എന്നീ ഇനത്തില്‍പ്പെട്ട പാട്ടുകളും. കര്‍ഷകനൃത്തമാണ് ഗോഫ്. സൗന്ദര്യനൃത്തമാണ് ദെഖ്നീ. ഗാനത്തിന്റെയും ഘുമുട് പോലുള്ള താളവാദ്യങ്ങളുടേയും അകമ്പടിയോടുകൂടിയവയാണ് കുണ്‍ബി നൃത്തം. ഗോവന്‍ സമുദായത്തിലെ സമ്പന്നരായ യുവജനങ്ങള്‍ക്കിടയില്‍ പ്രചാരമുള്ള കര്‍ഷക നൃത്തമാണ് കൊരീസിന്‍ ഹോ. തൊന്യാമെല്, തല്ഗാഡി, മണ്‍ഡൊ, വീരഭദ്ര, ഹല്‍പ്പാട്, ഗൊസ്സെ മൊസ്നീ എന്നിവയാണ് മറ്റു നാടോടിനൃത്തങ്ങള്‍.
നാടകം
കൊങ്കണി നാടകചരിത്രം പുറകോട്ട് പരിശോധിച്ചാല്‍ 1890-ല്‍ അതു ചെന്നു നില്‍ക്കുന്നതു കാണാം. അതിനുശേഷമുണ്ടായ നാടകങ്ങളില്‍ പ്രധാനപ്പെട്ടവയാണ് ജൂവാംവ് അഗസ്തിനോ ഫെര്‍ണാന്‍ഡസ്, ഷേണായ് ഗോയംബാബ്, രാമചന്ദ്രനായ്ക് എന്നിവരുടെ കൃതികള്‍. അറബിക്കഥകളിലെ അബ്ദുല്‍ഹസ്സന്റെ കഥയെ ഉപജീവിച്ചു രചിച്ച ജിന്‍ ബാറാണ്ഡേ എന്ന കൃതിയിലൂടെയാണ് ഗോയെംബാബ് നാടക രംഗത്തു പ്രവേശിച്ചത്. നായ്ക് രചിച്ച ചതുര്‍ഥിചന്ദ്രന്‍ കൊങ്കണിനാടകത്തിനു പുതുജീവന്‍ നല്‍കി. ബോംബെ കേന്ദ്രമാക്കിയായിരുന്നു ആദ്യകാല നാടകങ്ങള്‍ രംഗത്തു വന്നത്. ഗോവക്കു സ്വാതന്ത്ര്യം കിട്ടിയതോടെ കൊങ്കണിയുടെ സിരാകേന്ദ്രം ബോംബെയില്‍ നിന്നു ഗോവയിലേക്കു മാറി. ഗോവയ്ക്കു പുറമേ കര്‍ണാടകം, കേരളം എന്നിവിടങ്ങളില്‍ നിന്നും ധാരാളം നാടകങ്ങള്‍ കൊങ്കണിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.
ആധുനിക കൊങ്കണി നാടകങ്ങളില്‍ ശ്രദ്ധേയമാണ് ബൊളന്നൂര്‍ കൃഷ്ണപ്രഭുവിന്റെ ചന്ദ്രഹാസനാടക് (1912), പ്രഹ്ളാദ നാടക്, കുംബ്ളെ നരസിംഹ നായ്കിന്റെ സാവിത്രി സത്യവാന്‍ എന്നിവ. വിശ്വനാഥ് കെ. സന്‍സ്ഗിരിയാണ് ഇക്കൂട്ടത്തില്‍ പരാമര്‍ശിക്കപ്പെടേണ്ട മറ്റൊരു മുഖ്യനാടകകൃത്ത്. മാര്‍ട്ടിന്‍ ദെസ, എസ്.എസ്.മിറാന്‍ഡ, സി.എഫ്. ഡികോസ്റ്റ, ഫ്രെഡ് , ഫെര്‍നാന്‍ഡസ്, സിറില്‍ വുഗാസ്, വില്‍ഫ്രഡ് റോബിന്‍ ഹാസ്, ഡോള്‍ഫി ലോബോ തുടങ്ങിയവരും രാമകൃഷ്ണ ജൂവാര്‍ക്കര്‍, പുണ്ഡലിക് ദാസോ, രഘുവീര്‍ ന്യുറെന്‍കര്‍, കിസന്‍ കമ്മത്ത് എന്നിവരും നാടകത്തിനു ഗണ്യമായ സംഭാവനകള്‍ നല്‍കുകയുണ്ടായി. പട്ടിയും പൂച്ചയും ചിരിക്കുന്നു എന്നതാണ് സി.എഫ്.ഡികോസ്റ്റയുടെ പ്രധാന നാടകം. കിസന്‍ കമ്മത്തിന്റെ നാടകങ്ങളിലധികവും ഹാസ്യാത്മകങ്ങളാണ്. ഗൗരവസ്വഭാവമുള്ള രണ്ടു നാടകങ്ങളും രചിച്ചിട്ടുണ്ട്.
'ഏകാങ്കിക' എന്ന പേരില്‍ നിരവധി ഏകാങ്കനാടകങ്ങളും കൊങ്കണിയില്‍ രചിക്കപ്പെട്ടിട്ടുണ്ട്. രവിന്ദ്ര കേലേക്കറുടെ മുക്തി, മനോഹര്‍ സര്‍ദേശായിയുടെ സ്മഗ്ളര്‍, ഷേണായ് ഗോയെംബാബിന്റെ മോഗാ ചെമ് ലഗ്ന, രാമചന്ദ്രശങ്കര്‍ നായ്കിന്റെ ചൌതീലോ ചന്ദ്ര എന്നിവയാണ് ഇക്കൂട്ടത്തില്‍ പ്രധാനം. അന്‍പതോളം നാടകങ്ങള്‍ രചിച്ച നാടകകൃത്താണ് ചന്ദ്രകാന്ത് പലേക്കര്‍. ഇവയില്‍ മൂന്നെണ്ണം കൊങ്കണി ഏകാങ്കിക എന്ന പേരിലും ഏഴെണ്ണം ചെകുത്താനും മറ്റു കൊങ്കണി ഏകാങ്കങ്ങളും എന്നു പേരിലും പ്രകാശിതമായിട്ടുണ്ട്. വിനയ് സുര്‍ളാക്കറാണ് മറ്റൊരു ശ്രദ്ധേയനായ നാടകകൃത്ത്. ഇദ്ദേഹത്തിന്റെ 7 ഏകാങ്കങ്ങള്‍ ഏഴ് നിലയുള്ള പരിഹാസം എന്ന പേരില്‍ പ്രകാശിതമായിട്ടുണ്ട്. മധ്യവര്‍ഗ ഗോവന്‍ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ളവയാണ് സുര്‍ളാക്കറുടെ നാടകങ്ങള്‍.
സത്യവാന്‍സാവിത്രി, നല്ല തങ്കാള്‍, ചെല്ലയചരിത്രം, കുചേലോപാഖ്യാനം എന്നിവയുടെ കര്‍ത്താവായ നാരായണ നരസിംഹപൈ (1879-1959), അന്‍പതിലേറെ രംഗനാടകങ്ങളും ഒട്ടേറെ റേഡിയോനാടകങ്ങളും രചിച്ച വി.ജെ.പി. സല്ദാന, സുശീലാ ത്രിവിക്രമഭട്ട് എന്നിവരാണ് കേരളത്തില്‍ നിന്നുള്ള പ്രധാന നാടകകൃത്തുകള്‍. സുശീലാ ത്രിവിക്രമഭട്ട് ഹിരണ്യഗോദാനം, കാലാചാവേളു(കാലത്തിന്റെ കളി)എന്നീ ഏകാങ്കങ്ങളും സതിസുകന്യ, വേളാറു (വളക്കാരന്‍), ഗണപതിലഡ്ഡു (ഗണപതിയുടെ ലഡ്ഡു), പക്ക് മോളേലി പക്ഷി (ചിറകൊടിഞ്ഞ പക്ഷി) എന്നീ നൃത്തനാടകങ്ങളും സുക്തി അനീക് ഭക്തി (വേലിയിറക്കവും വേലിയേറ്റവും), മരണപത്ര്, ജന്മസാഫല്യ മുതലായ നാടകങ്ങളും രചിച്ചിട്ടുണ്ട്. എ.ജി. പ്രഭുവിന്റെ അനുസന്ധാന്‍ ആണ് മറ്റൊരു പ്രധാന നാടകം. കേരളത്തിലെ കൊങ്കണ്‍ ജനത മുതലായ ആനുകാലികങ്ങളുടെ ആഭിമുഖ്യത്തിലും നാടകങ്ങള്‍ നടത്താറുണ്ട്. കൊങ്കണി നാടക അക്കാദമി നാടകവാരം സംഘടിപ്പിക്കുകയുണ്ടായി. ഇപ്രകാരമുള്ള നാടകങ്ങള്‍ 200-ലധികമുണ്ട്.
നോവല്‍
കന്നഡയിലെന്നതുപോലെ കൊങ്കണിയിലും കാദംബരി എന്നാണ് നോവല്‍ അറിയപ്പെടുന്നത്. റെയ്നാള്‍ഡ് ഫെര്‍ണാണ്ടസ്, മനോഹര്‍ സര്‍ദേശായ്, പെദ്രോ ജോസ്സോ സൂസ, ജോക്കിം അല്‍വാരസ്, വി.ജെ.പി. സല്ദാന എന്നിവരാണ് പ്രധാന നോവലിസ്റ്റുകള്‍. റെയ്നാള്‍ഡ് ഫെര്‍ണാണ്ടസ് 50-ലേറെ നോവലുകളാണ് രചിച്ചിട്ടുള്ളത്. ഇവ റോമന്‍ ലിപിയിലാണെന്നു മാത്രം. കാലോ ബുക്ലൊ (കറുത്ത പൂച്ച) യാണ് മനോഹര്‍ സര്‍ദേശായിയുടെ മികച്ച നോവല്‍. എയ്ഞ്ചല്‍ ഉള്‍പ്പെടെ 25-ഓളം നോവലുകളാണ് ജോക്കിം അല്‍വാരസ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. സല്ദാനയുടെ കൃതികളിലധികവും ചരിത്രാഖ്യായികകളാണ്. ടിപ്പുസുല്‍ത്താനാണ് ഇവയില്‍ പ്രധാന കൃതി. മറ്റു മേഖലകളിലെന്നതുപോലെ ഷേണായ് ഗോയെംബാബ്, രവീന്ദ്ര കേലേക്കര്‍, പുണ്ഡലിക് നാരായണ്‍ നായ്ക് എന്നിവരും ഏതാനും നോവലുകള്‍ രചിക്കുകയുണ്ടായി. നാരായണ്‍ നായ്കിന്റെ ബംബര്‍, അഛവ് എന്നിവ ശ്രദ്ധേയങ്ങളാണ്. ദാമോദര്‍ മൗജോ (സൂദ്), രമേശ് വാലുസ്ക (മോണിവ്യഥാ, 1975), ഡോള്‍ഫി കാസ്യ (മൊല് ബാവെലിദിവ്ടി, 1978), ലക്ഷ്മണ്‍ റാവു സര്‍ദേശായി, അന്റോണിയോ പെരേര, റൊണാള്‍ഡ് പെരേര, ഫ്രാന്‍സിസ് സല്ദാന എന്നിവരാണ് ശ്രദ്ധേയരായ മറ്റു ചില നോവലിസ്റ്റുകള്‍. കേരളത്തില്‍ നിന്ന് ഇദംപ്രഥമായി രചിക്കപ്പെട്ട നോവലാണ് ഗോകുലദാസ് പ്രഭുവിന്റെ പൃഥിവൈ നമഃ.
ചെറുകഥ
മറ്റു സാഹിത്യശാഖകളിലെന്നതു പോലെ ചെറുകഥയുടെ കാര്യത്തിലും വിപുലമായ ഒരു സാഹിത്യസമ്പത്താണ് കൊങ്കണിക്കുള്ളത്. ഷേണായ് ഗോയെംബാബ് ആണ് കൊങ്കണി ചെറുകഥയുടെ ഉപജ്ഞാതാവ്. നവേം ഗോയ് എന്ന ആനുകാലികത്തില്‍ അദ്ദേഹം പ്രസിദ്ധീകരിച്ച കഥകള്‍ പിന്നീട് ഗോമന്തോപനിഷത്ത് എന്ന പേരില്‍ രണ്ടു ഭാഗങ്ങളായി പ്രകാശിപ്പിക്കുകയുണ്ടായി. ആദ്യകാല മാസികകളായ പ്രജേ യോ ആവാസ് (1957), മിര്‍ഗ് സഞ്ജീക്, വിദ്യാജാഗ്, കൊങ്കണ്‍ ടൈംസ്, സുനാപാരന്ത് തുടങ്ങിയ പല ആനുകാലികങ്ങളും ചെറുകഥയുടെ വളര്‍ച്ചയെ വളരെയേറെ സഹായിച്ചു. ദാമോദര്‍ മൗജോ, ജെ.എം വര്‍ത്തക്, ചന്ദ്രകാന്ത് കിനി, പുണ്ഡലിക് നായ്ക് എന്നിവരാണ് ആധുനികചെറുകഥാകൃത്തുക്കളില്‍ പ്രമുഖര്‍. ദാമോദര്‍ മൌജോയുടെ ഗ്രന്ഥന്‍, ചന്ദ്രകാന്ത് കിനിയുടെ ആഷാഡ് പൗലീ, ധര്‍ത്തരീ അഞ്ജന്‍ ജിയേ താലി എന്നീ സമാഹാരങ്ങളില്‍ കൊങ്കണിയിലെ മികച്ച ചില കഥകള്‍ കാണാം. ഷീലാ നായ്കിന്റെ ഒലിയോ സാഞ്ജ (ഈര്‍പ്പമുള്ള സായാഹ്നം), മീന എസ്. കകോദ്കറുടെ ദൊങ്ഗൊര്‍ ചൊന്മൊല (അനങ്ങാത്ത പര്‍വതം), ജയ്മാല എന്‍.ദനൈതിന്റെ കവാസ്സോ എന്നീ കഥാസമാഹാരങ്ങളും പ്രധാനമാണ്. ഇവര്‍ക്കു പുറമേ കൊങ്കണി ചെറുകഥയെ സമ്പന്നമാക്കിയ മറ്റു ചില കഥാകാരന്മാരാണ് ഹേമാനായ്ക്, ഉഭയ് ഭെംബ്രോ, നാഗേഷ് കര്‍മാലി, ഗജാനന്‍ ജോഗ്, ഷെന്‍വികകോദ്കര്‍, രാമകൃഷ്ണത്ധുവര്‍ക്കര്‍, വിനായക് നായ്ക് മുതലായവര്‍.
സുമുത്രന്‍ എസ്. പ്രകാശ്, എന്‍.എന്‍. ആനന്ദന്‍, വാസുദേവലക്ഷ്മണപ്രഭു, സുശീലാ ത്രിവിക്രമഭട്ട്, പണ്ഡരീനാഥഭുവനേന്ദ്ര, പി.എ. ശ്രീധരകമ്മത്ത്, ബി.എസ്. ആശ മുതലായവരാണ് കേരളത്തില്‍ നിന്നുള്ള പ്രധാന ചെറുകഥാകൃത്തുക്കള്‍. സാഹിത്യ അക്കാദമി, കൊങ്കണി ഭാഷാമണ്ഡല്‍ എന്നിവ കൊങ്കണി കഥാസമാഹാരവും സ്വാതന്ത്യ്രാനന്തര കൊങ്കണി കഥാസമാഹാരവും പ്രകാശിപ്പിച്ചിട്ടുണ്ട്.
ബാലസാഹിത്യം
കംബജൂവ എന്ന തോമസ് മൗവ്റോ ബറാവു (1842-1904) ആണ് ആദ്യത്തെ (1889) ബാലസാഹിത്യകൃതി രചിച്ചത്. തുടര്‍ന്ന് 1896-ല്‍ എസ്.ജെ. ഡിസൂസയും കുട്ടികള്‍ക്കു വേണ്ടി ഒരു കൃതി രചിക്കുകയുണ്ടായി. എന്നാല്‍ ഷേണായ് ഗോയെംബാബ് 1835-ല്‍ രചിച്ച കുട്ടികളുടെ തോഴന്‍ (ബുര്‍ഗ്യാലൊ ഇഷ്ട്) ആണ് കൊങ്കണിയിലെ ആദ്യത്തെ ബാലസാഹിത്യകൃതിയായി അറിയപ്പെടുന്നത്. ഷെയ്ക്സ്പിയറുടെ ടെമ്പസ്റ്റ് ഇദ്ദേഹം കുട്ടികള്‍ക്കു വേണ്ടി പുനരാഖ്യാനം ചെയ്തെങ്കിലും മരണാനന്തരം 1965-ലേ അതു പ്രസിദ്ധീകരിച്ചുള്ളൂ. പിന്നീട് ആചാര്യ രാമചന്ദ്രശങ്കര്‍ നായ്ക് കുട്ടികളുടെ വേദവും(1948), ശ്രീധര്‍ നായ്ക് മാതൃകാകഥകളും (1950) രചിച്ചു. രവീന്ദ്ര കേലേക്കര്‍ ഗാന്ധിജിയുടെ ജീവിതകഥയും, രാജാറാണി തുടങ്ങിയ നാടോടിക്കഥകളും കുട്ടികള്‍ക്കു വേണ്ടി രചിക്കുകയുണ്ടായി. ഗോദുബായ് കേലേക്കര്‍, അല്‍വാരോ മെന്‍ഡസ്, കമലാ ബായ് റാവു എന്നിവരാണ് കുട്ടികള്‍ക്കുവേണ്ടി കഥകള്‍ രചിച്ച മറ്റു പ്രമുഖര്‍.
ഗോവയ്ക്കു സ്വാതന്ത്ര്യം കിട്ടിയതോടെ ബാലസാഹിത്യകൃതികളുടെ പ്രവാഹം തന്നെ ഉണ്ടായി എന്നു പറയാം. രഘുനാഥ് വിഷ്ണുപണ്ഡിറ്റ് തുടങ്ങിയ മധുരിക്കുന്ന കഥകളും രാമായണ -മഹാഭാരത കഥകളും രചിച്ചു. എ.എന്‍.മ്ഹാംബ്രൊ ഘും ചെ കട്ടാര്‍ഘും എന്ന കവിതാസമാഹാരവും ശ്യാംവീരേക്കര്‍ കുണ്ഡകുര്‍കുര്‍ എന്ന നാടോടിക്കഥയും ശാന്തറാം ഹെദോ മട്ട്ലൊപൂത് എന്ന ഏകാങ്കനാടകവും രചിക്കുകയുണ്ടായി. ഒലിവിന്‍ ഗോമസ്, മഹാബലേശ്വര്‍ ബോര്‍ക്കര്‍, അരവിന്ദനാരായണ്‍, അഭയകുമാര്‍ വെലിങ്കാര്‍ എന്നിവരും ബാലസാഹിത്യത്തിനു ഗണ്യമായ സംഭാവനകള്‍ നല്‍കിയവരാണ്. ഗുരുനാഥ് കെലേക്കര്‍ സഞ്ജീവനി പ്രകാശന്‍ വഴി 25 ബാലസാഹിത്യ കൃതികള്‍ പ്രകാശിപ്പിച്ചു.
അപൂര്‍സായ്, മാരുതി എന്നിവ കുട്ടികള്‍ക്കുവേണ്ടിയുള്ള ആനുകാലികങ്ങളാണ്. പുതിയ ഗോവ, സുനാപരാന്ത് എന്നീ ദിനപത്രങ്ങളും ബാലസാഹിത്യരംഗം പ്രസിദ്ധീകരിക്കുന്നുണ്ട്. സാഹിത്യ അക്കാദമി കൊച്ചിയില്‍ വച്ച് ബാലസാഹിത്യസെമിനാറും നടത്തുകയുണ്ടായി. കേരളത്തില്‍ നിന്നുള്ള ബി. ദാമോദര മല്ലയ്യ, സുശീലാ ത്രിവിക്രമഭട്ട് എന്നിവരും ബാലസാഹിത്യത്തിന് അമൂല്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ദാമോദര മല്ലയ്യയുടെ ഐതിഹ്യങ്ങളുടെയും ചെറുകഥയുടെയും സമാഹാരങ്ങള്‍ ശ്രദ്ധേയമാണ്.
ഗദ്യം
ക്രിസ്ത്യന്‍ മിഷനറിമാരാണ് കൊങ്കണി ഗദ്യത്തിനു പ്രാരംഭം കുറിച്ചതെന്നു പറയാം. ഇന്ത്യയിലെ തന്നെ ആദ്യത്തെ പ്രസ് സ്ഥാപിക്കപ്പെട്ടതും (1850) ഗോവയിലാണ്. മതപ്രചാരണാര്‍ഥം ഒട്ടേറെ വേദോപദേശഗ്രന്ഥങ്ങള്‍ കൊങ്കണിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഇവയില്‍ സ്റ്റീഫന്‍സ്, ദിഗോ റിബൈ റോ, ജോവോ ദെപദ്രോസ് എന്നിവരുടെ കൃതികള്‍ പ്രധാനമാണ്. വിവര്‍ത്തനങ്ങള്‍ക്കു പുറമേ ഒട്ടേറെ മൌലിക കൃതികളും ഉണ്ടായിട്ടുണ്ട്. പുണ്യവാളന്മാരുടെ ജീവിതങ്ങള്‍, ധ്യാനം, വൈദികകാര്യങ്ങള്‍ എന്നിവ സംബന്ധിച്ച കൃതികള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു.കന്നഡ സംസാരിക്കുന്ന പ്രദേശങ്ങളില്‍ കന്നഡ ലിപിയിലും കേരളത്തില്‍ മലയാളത്തിലും മറ്റുള്ളിടങ്ങളില്‍ റോമന്‍ ലിപിയിലുമാണ് ഇവ പ്രസിദ്ധീകരിച്ചിട്ടുള്ളത്. റോമന്‍ ലിപി ഉപയോഗിച്ചുള്ള ഗദ്യ സാഹിത്യത്തെ ഉദന്തെ ചെ സളൊയ്, ഉദന്തെ ചെമ്ന കെത്ര (ഉദയനക്ഷത്രം), സൊന്‍ മൊയ് നാചി റൊട്ടി തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ ഒട്ടേറെ പ്രോത്സാഹിപ്പിക്കുകയുണ്ടായി.
ആധുനിക കൊങ്കണി ഗദ്യകാരന്മാരില്‍ ലക്ഷ്മണ്‍റാവു സര്‍ദേശായ് (1904-89), ലീഡിയോ റോഡ്റിഗ്സ് (1915-73), രവീന്ദ്ര കെലേക്കര്‍, ദത്താറാം പൂക്കാങ്കര്‍, അരവിന്ദനാരായണ്‍ മാംബ്രോ, ചന്ദ്രകാന്ത് കെനി, ഗുരുനാഥ് കെലേക്കര്‍, ഗൊഡുബായ് കെലേക്കര്‍, ജെ.ബി.മൊറൈസ്, ശങ്കര്‍ ഭണ്ഡാരി, പുരുഷോത്തമ മല്ലയ്യ, സിങ്ബല്‍ എന്നിവര്‍ ശ്രദ്ധേയരാണ്. രവീന്ദ്ര കെലേക്കര്‍ അശി അശിയ്യെ ഗാന്ധിജി (ഗാന്ധിജി അങ്ങനെയായിരുന്നു), കഥ അനികന്യെം (കഥകളും ഐതിഹ്യങ്ങളും), നവീനശാല (പുതിയ സ്കൂള്‍), ഹിമാലയാന്ത്, ജാപാനുന്തലി ആനന്ദ് യാത്രാ തുടങ്ങി നിരവധി കൃതികള്‍ രചിക്കുകയുണ്ടായി. ഹിമാലയാന്ത് എന്ന യാത്രാവിവരണ ഗ്രന്ഥം 1977-ലെ സാഹിത്യ അക്കാദമി അവാര്‍ഡു നേടി. ഗോയെമ് കരാന്‍ചിഗോയ്യം കെദലിവൊസ്നുക് (ഗോവയ്ക്കു വെളിയില്‍ കുടിപാര്‍ക്കുന്ന ഗോവക്കാര്‍), കൊങ്കണി ഭാഷെന്‍ ചെത്ധെയ്ത് (കൊങ്കണിയുടെ വിജയം) തുടങ്ങി നിരവധി കൃതികള്‍ രചിച്ച ഗദ്യകാരനാണ് കൊങ്കണിയുടെ പിതാവ് എന്നറിയപ്പെടുന്ന ഷേണായ് ഗൊയെംബാബ്.
മേല്പറഞ്ഞവയ്ക്കു പുറമേ വിവിധ ലോകഭാഷകളില്‍ നിന്നു നിരവധി വിവര്‍ത്തനങ്ങളും കൊങ്കണിയിലുണ്ടായിട്ടുണ്ട്. മഹാന്മാരുടെ ജീവചരിത്രങ്ങളും കൊങ്കണിയില്‍ കുറവല്ല. സാഹിത്യ അക്കാദമിയുടെ 'ഭാരതീയ സാഹിത്യശില്പിക' എന്ന പരമ്പരയില്‍ കൊങ്കണിയിലും സാഹിത്യപ്രധാനമായ ലഘുജീവചരിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ജി.സി. മഡ്ഗൂല്‍കര്‍ മറാഠിയില്‍ രചിച്ച ഗീതാരാമായണ്‍ ബി. വി. ബാളിഗ കൊങ്കണിയിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ശരത്ചന്ദ്രഷേണായി മലയാളത്തിലെ പല കവിതകളും കഥകളും കൊങ്കണിയിലേക്കു പരിഭാഷപ്പെടുത്തി കൊങ്കണി ജനതയിലൂടെ പ്രസിദ്ധീകരിക്കുകയുണ്ടായി. ആര്‍.കെ.റാവു, പി.കെ. പരമേശ്വരന്‍ നായര്‍ രചിച്ച മലയാള സാഹിത്യചരിത്രവും തകഴിയുടെ രണ്ടിടങ്ങഴിയും സാഹിത്യ അക്കാദമിക്കുവേണ്ടി കൊങ്കണിയിലേക്കു വിവര്‍ത്തനം ചെയ്തു. ആശാന്റെ വീണപൂവും കരുണയും കൊങ്കണിയിലേക്കു പരിഭാഷപ്പെടുത്തിയത് കൊങ്കണി കവിയായ വി.പി. സദാനന്ദനാണ്. ബി.എസ്. ആശ, എന്‍. സുനിതാ ബായ് മുതലായവര്‍ ഗവേഷണരംഗത്തും വിലപ്പെട്ട സംഭാവനകള്‍ കാഴ്ചവച്ചു.
വ്യാകരണവും നിഘണ്ടുക്കളും
കുട്ടികളെ പഠിപ്പിക്കുന്നതിനായി ഫാദര്‍ തോമസ് സ്റ്റീഫന്‍ രചിച്ച ഡോക്ട്രിന ക്രിസ്റ്റ അം ലിംഗ്വ ബ്രാഹ്മണോ കനറിം (ക്രിസ്തീയതത്ത്വം ബ്രാഹ്മണ കനേറിയന്‍ ഭാഷയില്‍) ആണ് കൊങ്കണിയിലെ വ്യാകരണപരമായ ആദ്യത്തെ കൃതി (1622). തുടര്‍ന്ന് വ്യാകരണഗ്രന്ഥമായ ആര്‍ടെ ദെ ലിംഗ്വ കനറിം (കനേറിയന്‍ ഭാഷയുടെ കല) ഇദ്ദേഹം രചിക്കുകയുണ്ടായി (1640). ഇതു പിന്നീട് ഫാദര്‍ ദൈഗോറിബൈറോ പരിഷ്കരിച്ചു വിപുലപ്പെടുത്തി. ആധുനിക ഭാരതീയ ഭാഷകളിലുണ്ടായ വ്യാകരണത്തിന്റെ ആദ്യമാതൃകയാണീ കൃതി. അക്ഷരമാലയും ഉച്ചാരണവും, പദവിഭാഗം, വാക്യഘടന എന്നിങ്ങനെ മൂന്നു ഭാഗമായിട്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.
ഫ്രാന്‍സിസ്കനായ ക്രിസ്റ്റോവോദി ദെ ജീസസ്, ചെക് ജെസ്യൂട്ടായ കാരല് പ്രിക്ര്യല് എന്നിവരുടെ വ്യാകരണഗ്രന്ഥങ്ങളും പ്രധാനമാണ്. പ്രിന്‍സില്യ ലിംഗ്വ ബ്രാഹ്മണിക്ക (ബ്രാഹ്മണ ഭാഷാതത്ത്വങ്ങള്‍) ആണ് കാരല് പ്രിക്ര്യലിന്റെ കൃതി. ഫാദര്‍ ഗസ്പര്‍സി എസ്. മിംഗ്വലിന്റെ കൊങ്കണി ഭാഷാ വ്യാകരണം ആണ് മറ്റൊരു പ്രധാന കൃതി. വാക്യവിന്യാസ സംബന്ധിയായി അതിലെ അധ്യായം വളരെയേറെ പ്രസിദ്ധിയും പ്രചാരവും നേടി. ഗോവയിലെ സൈമണ്‍ അന്‍സ് 2 ഭാഗങ്ങളായി രചിച്ച ബ്രാഹ്മണഭാഷയുടെ അഥവാ ഗോവന്‍ ഹിന്ദുക്കളുടെ ഭാഷയായ കൊങ്കണിയുടെ വ്യാകരണവും ശ്രദ്ധേയമാണ്. ഗോവയിലെ ആര്‍ച്ചുബിഷപ്പ് ആയിരുന്ന സി. മാനുവേല്‍ ഗല്‍സിനോയും ഒരു വ്യാകരണഗ്രന്ഥം രചിച്ചിട്ടുള്ളതായി പരാമര്‍ശമുണ്ട്. ഫാദര്‍ ഇഗ്നാസിയോ അര്‍ക്കമണ്‍ ലത്തീനില്‍ രചിച്ച കൊങ്കണി വ്യാകരണം, ലത്തീന്‍ കൊങ്കണീപദാവലി, ലോറന്‍സോ ലെര്‍വാഡിന്റെ താരതമ്യവ്യാകരണം എന്നിവയും പ്രധാനമാണ്. കൊങ്കണിയുടെ ലിപി വ്യവസ്ഥയെയും മറ്റും വര്‍ണിക്കുന്ന കൃതിയാണ് പി.ജി. കമ്മത്തിന്റെ ലിപി. ഇവയ്ക്കെല്ലാം പുറമേ ഭാരതീയരും വിദേശീയരുമായ പണ്ഡിതന്മാര്‍ രചിച്ച 20-ഓളം വ്യാകരണഗ്രന്ഥങ്ങളും കൊങ്കണിയിലുണ്ട്.
25-ല്‍പ്പരം നിഘണ്ടുക്കളാണ് കൊങ്കണിയിലുള്ളത്. ഫാദര്‍ ദിയോഗോ റീബിറോവിന്റെ കനറീം അഥവാ കൊങ്കണിഭാഷയുടെ ശബ്ദകോശം, ഫാദര്‍ അന്റോണിയോ ദി സല്‍ധാനയുടെ കൊങ്കണിഭാഷയുടെ ശബ്ദകോശം എന്നിവയാണ് ആദ്യകാല നിഘണ്ടുക്കള്‍. ഇന്ത്യന്‍ പണ്ഡിതനായ ഫാദര്‍ എയ്ഞ്ചലോ ഫ്രാന്‍സിസ്കോ സവേര്യോ മാഫെയും (1844-99) മംഗലാപുരത്തു നിന്നും ഒരു നിഘണ്ടു പ്രസിദ്ധീകരിച്ചതായി കാണുന്നു. കൊങ്കണി പണ്ഡിതനായ സെബാസ്റ്റ്യ വൊദ്ല്ഗാസോ തയ്യാറാക്കിയ 2 നിഘണ്ടുക്കള്‍ ലിസ്ബനില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. ദ്ക്സിയൊനറിയോ കൊങ്കണി-പോര്‍ച്ചുഗീസ് (1893), ദിക്സിയൊനറിയോ പോര്‍ച്ചുഗീസ്-കൊങ്കണി (1905) എന്നിവയാണ് ആ നിഘണ്ടുക്കള്‍.
ആനുകാലിക പ്രസിദ്ധീകരണങ്ങള്‍
കൊങ്കണി ഭാഷയും സാഹിത്യവും പരിപോഷിപ്പിക്കുന്നതില്‍ കൊങ്കണിയിലെ ആനുകാലികങ്ങള്‍ സുപ്രധാനപങ്കാണു വഹിച്ചിട്ടുള്ളത്. ഏഷ്യയില്‍ ആദ്യം അച്ചടി തുടങ്ങിയത് ഗോവയിലാണെങ്കിലും പത്രപ്രസിദ്ധീകരണങ്ങള്‍ തുടങ്ങാന്‍ വീണ്ടും ഏറെ സമയമെടുത്തു. എഡ്വാര്‍ഡോ ജോസ് ബ്രൂണോ പൂണെയില്‍ നിന്നും പ്രസിദ്ധീകരിച്ച ഉദന്തെചെ സാലോക് (1889-94) ആണ് ആദ്യത്തെ ആനുകാലികപ്രസിദ്ധീകരണം. തുടര്‍ന്ന് കര്‍ണാടകം, കേരളം, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും 20-ല്‍പ്പരം ആനുകാലികങ്ങള്‍ (മാസിക, ത്രൈമാസികം, വാര്‍ഷികപ്പതിപ്പുകള്‍ ഉള്‍പ്പെടെ) പ്രസിദ്ധീകരിക്കുകയുണ്ടായി. റോമന്‍, ദേവനാഗരി, കന്നഡ, മലയാളം ലിപികളിലാണ് ഇവ അച്ചടിച്ചിട്ടുള്ളത്. ഇവയില്‍ നവഗോംയ്, പഞ്ചകദായി, രക്നോ എന്നിവ പ്രധാനമാണ്. ഷേണായ് ഗോയെം ബാബിന്റെ സ്വാധീനതയ്ക്കു വഴങ്ങി ബായഭവ (ജ. 1889) ഗോവയില്‍ നിന്നും പ്രസിദ്ധീകരിച്ച ദിനപത്രമാണ് നവഗോംയ്. കൊങ്കണിയിലെ യുവസാഹിത്യകാരന്മാര്‍ക്ക് ഈ പത്രം വളരെയേറെ പ്രോത്സാഹനം നല്‍കി. ബി.വി. ബാളിഗയുടെ നേതൃത്വത്തില്‍ മംഗലാപുരത്തുനിന്നും പ്രസിദ്ധീകരിക്കുന്ന മാസികയാണ് പഞ്ചകദായി. കന്നഡ ലിപിയിലാണ് ഇത് അച്ചടിക്കുന്നതെങ്കിലും ദേവനാഗരിക്കും പ്രത്യേകസ്ഥാനം നല്‍കിയിട്ടുണ്ട്.
1923- ല്‍ വി. എല്‍. കുഡ്വാ സ്ഥാപിച്ച സാരസ്വത് കര്‍വാറില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെട്ട നവയുഗ് (1940), ഉഡ്വാര്ഹ് (1947), സര്‍വോദയ (1941), കുമ്റയില്‍ നിന്നുള്ള കൊങ്കണ്‍ കിനാര (1950) എന്നിവയാണ് മറ്റു പ്രധാന പ്രസിദ്ധീകരണങ്ങള്‍. സാരസ്വതില്‍ നിരന്തരം എഴുതിക്കൊണ്ടിരിക്കുന്ന പ്രാമാണികനായ സാഹിത്യകാരനാണ് മഞ്ചേശ്വരം ഗോവിന്ദ പൈ. കെലേക്കറിന്റെ മിര്‍ഗ്, ബാക്കി ബോര്‍ക്കറുടെ പ്രജെചൊ ആവാസ്, ചന്ദ്രകാന്ത് കിനിയുടെ ത്രിവേണി, കൊങ്കണി, വിദ്യാ, സല്ലിക്, പര്മോള്‍ എന്നിവയും കൊങ്കണിസാഹിത്യത്തെ സമ്പുഷ്ടമാക്കാന്‍ സഹായിച്ച പ്രസിദ്ധീകരണങ്ങളാണ്. 1907 -ല്‍ ബോംബെയില്‍ നിന്നു ബി. എഫ്. കബ്രാള്‍ തുടങ്ങിയ സന്ധ്യാനക്ഷത്രം, 1983-ല്‍ ആരംഭിച്ച ഋതു എന്ന കാവ്യമാസിക, 1987-ല്‍ തുടങ്ങിയ സുനാപാദ് എന്നിവയാണ് ആധുനിക രീതിയിലുള്ള കൊങ്കണി ആനുകാലികങ്ങള്‍.
കേരളത്തില്‍ നിന്നും ഏതാനും ആനുകാലികങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. ആര്‍. സുഭാഷ് ചന്ദ്രപ്രഭുവിന്റെ പത്രാധിപത്യത്തില്‍ കൊച്ചിയില്‍നിന്ന് 1972 മുതല്‍ മുടക്കം കൂടാതെ പ്രസിദ്ധീകരിച്ചുവരുന്ന കൊങ്കണ്‍ ജനത എന്ന മാസിക കൊങ്കണി സാഹിത്യ സാംസ്കാരിക രംഗങ്ങളില്‍ വിലയേറിയ സംഭാവനകളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഗൗഡസാരസ്വതസമാജം കണ്ണൂരില്‍ നിന്ന് മലയാളലിപിയില്‍ പ്രസിദ്ധീകരിക്കുന്ന സാരസ്വതവാണി, കൊച്ചി ആസ്ഥാനമാക്കിയുള്ള കൊങ്കണിഭാഷാ പ്രചാരസഭയുടെ ത്രൈമാസികമായ കൊങ്കണിവികാസ്, കേരള കൊങ്കണി അക്കാദമിയുടെ വൃത്താന്തമുള്‍ക്കൊള്ളുന്ന ദീവ്ലി എന്നിവയാണ് ശ്രദ്ധേയമായ മറ്റ് ആനുകാലികങ്ങള്‍. 1981-ല്‍ മംഗലാപുരം സെന്റ് അലോഷ്യസ് കോളജില്‍ സ്ഥാപിച്ചിട്ടുള്ള കൊങ്കണി ഇന്‍സിറ്റ്യൂട്ടിന്റെ മുഖപത്രമായ അമര്‍കൊങ്കണി, ബോംബെയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ആയ്ലേം സോവിയത് യൂണിയന്‍ എന്നിവയും പ്രസ്താവ്യമാണ്.
കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളും കൊങ്കണിയും
കേന്ദ്രസാഹിത്യഅക്കാദമിയില്‍
കൊങ്കണി ഭാഷാപ്രചാരസഭയുടെ നിരന്തരമായ സമ്മര്‍ദംമൂലം സാഹിത്യ അക്കാദമി കൊങ്കണിയെ ഈ രാജ്യത്തെ ഒരു സ്വതന്ത്ര സാഹിത്യഭാഷയായി അംഗീകരിക്കുകയുണ്ടായി. തത്ഫലമായി 1977 മുതല്‍ കൊങ്കണി ഭാഷയിലെ ഉത്തമകൃതികള്‍ക്ക് അവാര്‍ഡുകളും നല്‍കിത്തുടങ്ങി. രവീന്ദ്രകെലേക്കര്‍ (1977), ദത്താറാം സൂക്തങ്കര്‍ (1978), പദ്മശ്രീ ആര്‍. വി. പണ്ഡിറ്റ് (1979), മനോഹര്‍ സര്‍ദേശായി (1980), ബി.ബി. ബോര്‍ക്കര്‍ (1981), ലക്ഷ്മണ്‍റാവു സര്‍ദേശായി (1982), ദാമോദര്‍ മൗജോ (1983), പുണ്ഡലിക് നാരായണ്‍ നായ്ക് (1984), ജെ.വി. മൊറൈസ് (1985), പ്രകാശ് നാട്ക്കാങ്കര്‍ (1986), എ.എന്‍. മഹ്ബ്രോ (1987), ചന്ദ്രകാന്ത് കേനി (1988), ചാഫ്ര ഡി കോസ്റ്റ (1989), രമേശ് വെലുസ്കര്‍ (1990), മീന കക്കോഡ്കര്‍ (1991), നാഗേഷ് കാര്‍മാലി (1992), മഹാബലേശ്വര്‍ സായ്ല്‍ (1993), ഗോകുല്‍ദാസ് പ്രഭു (1994), ദിലീപ് ബോര്‍ക്കര്‍ (1995), ശങ്കര്‍ രമണി (1996), ഷീല കോലാംകര്‍ (1997), ജെ.ബി. സുഖേരിയ (1998), ശരത്ചന്ദ്ര ഷേണായ് (1999), പാണ്ഡുരംഗ് ഭന്‍ഗുയി (2000), മാധവ് ബോര്‍ക്കര്‍ (2001), ഹേമ നായിക് (2002), ഷഷാന്ത് സീതാറാം (2003), ജയന്തി നായിക് (2004), എന്‍. ശിവദാസ് (2005), ദത്ത നായിക് (2006), ദേവദാസ് കാദം (2007), അശോക് കമ്മത്ത് (2008), ജെസ് ഫെര്‍ണാണ്ടസ് (2009), അരുണ്‍ സാകര്‍ദണ്ഡേ (2010), മെല്‍വിന്‍ റോഡ്രിഗ്രൂസ് (2011) എന്നിവര്‍ ഇപ്രകാരം അവാര്‍ഡുകള്‍ ലഭിച്ച വിശിഷ്ട വ്യക്തികളാണ്. ഇവയ്ക്കു പുറമേ ജ്ഞാനപീഠ പുരസ്കാരം, സരസ്വതിസമ്മാനം എന്നിവയ്ക്കും ഈ ഭാഷയിലെ കൃതികള്‍ പരിഗണിച്ചു വരുന്നു.
ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ ത്തുടര്‍ന്ന് ഭരണഘടനയും കൊങ്കണിയിലേക്കു പരിഭാഷപ്പെടുത്തിവരുന്നു. സംഗീതനാടക അക്കാദമി, നാഷണല്‍ ബുക് ട്രസ്റ്റ് എന്നീ സ്ഥാപനങ്ങളിലും കൊങ്കണിക്ക് പ്രാതിനിധ്യമുണ്ട്. റിസര്‍വ് ബാങ്ക് അച്ചടിക്കുന്ന നോട്ടുകളില്‍ കൊങ്കണിയിലും തുക അച്ചടിച്ചു തുടങ്ങിയിട്ടുണ്ട്. യൂണിയന്‍ പബ്ളിക്ക് സര്‍വീസ് കമ്മിഷന്‍, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ എന്നിവ നടത്തുന്ന പരീക്ഷകള്‍ക്കു മാത്രമല്ല അഖിലേന്ത്യാ തലത്തിലുള്ള മറ്റു പരീക്ഷകള്‍ക്കും കൊങ്കണി അംഗീകരിച്ചിട്ടുണ്ട്.
ഗോവ ഗവണ്‍മെന്റില്‍ നിന്നും കൊങ്കണിക്ക് സമ്പൂര്‍ണമായ അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്. ഭരണം, നീതിന്യായം എന്നിവയുടെ നടത്തിപ്പിനുള്ള ഭാഷകളിലൊന്നായി കൊങ്കണിയെ ഗവണ്‍മെന്റ് അംഗീകരിച്ചിട്ടുണ്ട്. രവീന്ദ്ര കെലേക്കറെപ്പോലുള്ളവരുടെ ശ്രമഫലമായി ഗോവ ഗവണ്‍മെന്റ് കൊങ്കണിസ്കൂള്‍ സ്ഥാപിക്കുന്നതിനും അനുവദിക്കുകയുണ്ടായി. ഗോവ സര്‍വകലാശാലയില്‍ കൊങ്കണിവിഭാഗം തുടങ്ങിയിട്ടുണ്ട്. കൊങ്കണിയില്‍ എം.എ. ബിരുദത്തിനായി അവിടെ ശിക്ഷണം നല്‍കി വരുന്നു. കൊങ്കണി വിശ്വകോശം തയ്യാറാക്കുന്ന മറ്റൊരു വകുപ്പും ഈ സര്‍വകലാശാലയിലുണ്ട്. ഗോവ, കര്‍ണാടക സര്‍ക്കാരുകള്‍ സാമ്പത്തിയ സഹായം നല്‍കി ഓരോ കൊങ്കണി അക്കാദമി രണ്ടിടത്തും സ്ഥാപിച്ചിട്ടുണ്ട്.
കേരളത്തില്‍
കേരളത്തില്‍ കൊങ്കണിക്ക് ഒരു അംഗീകൃതഭാഷയുടെ പദവിയാണുള്ളത്. സംസ്ഥാന ഗവണ്‍മെന്റ് പ്രൈമറി സ്കൂളുകളില്‍ കൊങ്കണിയെ ഒരു ന്യൂനപക്ഷഭാഷയായി ഏര്‍പ്പെടുത്തുകയും കൊച്ചിയിലെ രണ്ടു പ്രൈമറിസ്കൂളുകളില്‍ കൊങ്കണി പഠിപ്പിക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരിക്കുന്നു. കേരള സര്‍വകലാശാലയുടെ ഓറിയന്റല്‍ ഫാക്കല്‍റ്റിയും അക്കാദമിക് കൗണ്‍സിലും 1998-ല്‍ കൊങ്കണിഭാഷ പാഠ്യക്രമത്തിന്റെ ഭാഗമാക്കുന്ന കാര്യം അംഗീകരിച്ചിട്ടുണ്ട്. കോഴിക്കോട് സര്‍വകലാശാലയുടെ മലയാളവിഭാഗവും താരതമ്യസാഹിത്യത്തിന്റെ ഭാഷാവിഭാഗങ്ങളില്‍ ഒന്നായി കൊങ്കണിയെ അംഗീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാലാ നിയമത്തില്‍ പ്രാദേശികഭാഷ എന്ന നിലയില്‍ കൊങ്കണിയെയും ഉള്‍പ്പെടുത്തുകയുണ്ടായി. കേരളാ ഗവണ്‍മെന്റ് കൊങ്കണിയെ ദേവനാഗരിലിപിയോടു കൂടിയ ഒരു ഭാഷയായും കൊങ്കണി സമുദായത്തെ ഒരു ഭാഷാന്യൂനപക്ഷ സമുദായമായും അംഗീകരിച്ചിരിക്കുന്നു. കേരളത്തില്‍ കൊങ്കണി സംസാരിക്കുന്ന ഗൗഡസാരസ്വത ബ്രാഹ്മണസമുദായം ഒരു ഭാഷാന്യൂനപക്ഷ സമുദായമാണെന്ന് കേരള ഹൈക്കോടതിയുടെ വിധിയും വന്നിട്ടുണ്ട്.
സ്ഥാപനങ്ങളും സംഘടനകളും
വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും സംഘടനകളുടെയും അക്ഷീണശ്രമത്തിലാണ് കൊങ്കണി ഭാഷയ്ക്കും സാഹിത്യത്തിനും ഇന്നത്തെ നിലയിലുള്ള അംഗീകാരം നേടാന്‍ കഴിഞ്ഞത്. 1939-ല്‍ മാധവ മഞ്ജുനാഥ ഷന്‍ഭാഗിന്റെ നേതൃത്വത്തില്‍ കാര്‍വാറില്‍ കൂടിയ ആദ്യസമ്മേളനം അഖിലേന്ത്യാ കൊങ്കണി സാഹിത്യ പരിഷത്തിനു ജന്മം നല്‍കി. തുടര്‍ന്ന് കൊങ്കണി സാഹിത്യസമിതി (1944), കൊങ്കണി സാംസ്കരിക സഭ (1965) എന്നീ സംഘടനകള്‍ മുംബൈ (ബോംബെ)യിലും നിലവില്‍ വന്നു. പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്നും ഗോവ സ്വതന്ത്രമായതു മുതല്‍ മഡ്ഗാഠവിയിലും ഒരു കൊങ്കണി ഭാഷാ മണ്ഡല്‍ രൂപീകരിക്കപ്പെട്ടു. ഇവിടെനിന്നും സാഹിത്യമൂല്യമുള്ള കൃതികള്‍ പ്രസിദ്ധീകരിച്ചുവരുന്നു. ആര്‍.കെ.റാവു ഡയറക്ടറായി രൂപീകൃതമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കൊങ്കണി ലാങ്ഗ്വേജും കൊങ്കണി ഭാഷാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. മണിപ്പാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. ടി.എം.എ. പൈ ഫൗണ്ടേഷന്‍, ബംഗളൂരുവിലെ കൊങ്കണി ലവേഴ്സ്, മുംബൈയിലെ ത്രിവേണി കലാസംഘം, ഗോവയിലെ തോമസ് സ്റ്റീഫന്‍സ് കൊങ്കണികേന്ദ്രം, അമേരിക്കയിലെ കൊങ്കണി ഭാഷാസംഘടന എന്നിവയും കൊങ്കണി സാഹിത്യ-സാംസ്കാരിക-കലാരംഗത്ത് നിസ്തുലമായ സേവനങ്ങള്‍ കാഴ്ചവയ്ക്കുന്നുണ്ട്.
കേരളത്തില്‍ മാത്രം ഏഴില്‍ക്കുറയാത്ത സംഘടനകള്‍ പ്രവര്‍ത്തിച്ചുവരുന്നു. 1966-ല്‍ നിലവില്‍ വന്ന കൊച്ചിയിലെ കൊങ്കണി ഭാഷാപ്രചാരസഭയാണ് ഇവയില്‍ പ്രധാനം. ഈ സ്ഥാപനമാണ് ഇന്ത്യന്‍ ഭാഷകളുടെ കൂട്ടത്തില്‍ കൊങ്കണിക്ക് സമര്‍ഹമായ സ്ഥാനം നേടിയെടുക്കാന്‍ യത്നിച്ചത്. ലളിതകലകളില്‍ താത്പര്യമുള്ളവര്‍ക്കുവേണ്ടി കൊങ്കണി പരിശീലനകേന്ദ്രം എന്ന സ്ഥാപനവും ഇവിടെ നടക്കുന്നുണ്ട്. കൊങ്കണി ഭാഷാപ്രചാരസഭയുടെ കെട്ടിടമായ കൊങ്കണി ഭാഷാഭവന്‍ കൊച്ചിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊങ്കണി സാഹിത്യ അക്കാദമി 1980-ല്‍ സ്ഥാപിക്കപ്പെട്ടു. കൊങ്കണി ഭാഷയുടെയും സാഹിത്യത്തിന്റെയും പരിപോഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഈ സ്ഥാപനം നിരവധി സാഹിത്യകൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കൊങ്കണ്‍ ജനത, കൊങ്കണി പ്രേമമണ്ഡല്‍ എന്നിവയും കൊങ്കണി കലാസാഹിത്യരംഗത്തു കാര്യമായ സംഭാവനകള്‍ നല്‍കിവരുന്നു. കൊച്ചിയിലെ കൊങ്കണി വിദ്യാപീഠം ഏതാനും പാഠപുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊങ്കണി ഭാഷയുടെയും സാഹിത്യത്തിന്റെയും കാര്യത്തില്‍ അഭിമാനാര്‍ഹമായ പാരമ്പര്യമാണ് കേരളത്തിലെ കൊങ്കണി ജനങ്ങള്‍ പുലര്‍ത്തിപ്പോരുന്നത്.
മറ്റു ഭാരതീയ ഭാഷകള്‍ക്കു തുല്യമായ സ്വതന്ത്രമായ ഭാഷയുടെ നിലയാണ് ഇന്ന് കൊങ്കണിക്കുള്ളത്. ഗോവയിലെ ഔദ്യോഗിക ഭാഷ ദേവനാഗരി ലിപിയായിരിക്കും സ്വീകരിക്കുക എന്നു തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യാ ഗവണ്‍മെന്റ് കൊങ്കണിയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി ഭാരതത്തിന്റെ ദേശീയ ഭാഷകളില്‍ ഒന്നായി അംഗീകരിച്ചിട്ടുണ്ട്. ഭാഷയും ചെറുകഥ, നോവല്‍, നാടകം, കവിത തുടങ്ങിയ സാഹിത്യവിഭാഗങ്ങളും മറ്റു കലാസാംസ്കാരിക വിഭാഗങ്ങളും ഇതോടൊപ്പം വികസിച്ചുവരുന്നു. വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ട് ഇന്റര്‍നെറ്റിലും നിരവധി കൊങ്കിണി ഭാഷാ സൈറ്റുകള്‍ നിലവില്‍ വന്നിട്ടുണ്ട്.
(എന്‍.എന്‍.ആനന്ദന്‍, ആര്‍. സരസ്വതി അമ്മ, വി.എസ്.മോഹന്‍ഭാസ്; സ.പ.)