This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുരലടപ്പന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കുരലടപ്പന്‍
Hemorrhagic Septicemia
ഒരു കാലിരോഗം; "ഹീമോറേജിക് സെപ്‌റ്റിസീമിയാ' (എച്ച്.എസ്.) എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്നു. പാസ്‌ചുറെല്ലാ മള്‍ട്ടോസിഡാ എന്ന ബാക്‌റ്റീരിയയാണ് രോഗകാരികള്‍. ഇവ ആരോഗ്യമുള്ള കന്നുകാലികളില്‍ നിരുപദ്രവികളായി കഴിഞ്ഞുകൂടാറുണ്ട്. രോഗാണു സംക്രമണം രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നതിനു വളരെ മുമ്പുതന്നെ നടന്നിരിക്കും. കന്നുകാലികളുടെ തൊണ്ടയിലും ശ്വസനവ്യൂഹത്തിന്റെ മുകള്‍ഭാഗങ്ങളിലുമാണ് അണുക്കള്‍ പറ്റി നില്‌ക്കാറുള്ളത്. ഇങ്ങനെ രോഗാണുക്കളെ വഹിക്കുന്ന കന്നുകാലികള്‍ ചില പ്രതികൂലസാഹചര്യങ്ങള്‍ക്കു വിധേയരാവുകയും തദ്ദ്വാരാ അവയുടെ പ്രതിരോധശക്തി കുറയുകയും ചെയ്യുമ്പോള്‍ അതുവരെ നിരുപദ്രവികളായിക്കഴിഞ്ഞിരുന്ന അണുക്കള്‍ വന്‍തോതില്‍ പെരുകി ആക്രമണകാരികളായിത്തീരുന്നു. നനവും ചൂടുമുള്ള കാലാവസ്ഥയില്‍ രോഗപ്പകര്‍ച്ച കൂടുതലായി കണ്ടുവരുന്നു. രോഗം ബാധിച്ച കന്നുകാലികളുടെ ഉമിനീര്‍, വിസര്‍ജ്യങ്ങള്‍ എന്നിവയില്‍ അണുക്കള്‍ ഉണ്ടായിരിക്കുകയും അത്തരം വസ്‌തുക്കള്‍മൂലം മലീമസമായ തീറ്റ, വെള്ളം എന്നിവവഴി രോഗാണുക്കള്‍ പകരുകയും ചെയ്യുന്നു. രോഗമുള്ള മൃഗത്തിന്റെ ചുമ, ചീറ്റല്‍ എന്നിവ നിമിത്തം രോഗപ്പകര്‍ച്ചയുണ്ടാകാം.
ഇന്‍കുബേഷന്‍ കാലം രണ്ടു മുതല്‍ അഞ്ചു ദിവസംവരെയാണ്. അതി തീവ്രമായ കുരലടപ്പന്‍ രോഗത്തില്‍ ശക്തിയായ പനി, ദ്രുതഗതിയിലുള്ള നാഡിമിടിപ്പ്, ത്വരിതഗതിയിലുള്ള ശ്വാസോച്ഛ്വാസം, തീറ്റയില്‍ വിരക്തി, കറവയുള്ള പശുവിനു പാല്‍ വറ്റല്‍ , പരിഭ്രാന്തി, വിറയല്‍ , കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും നീരൊലിപ്പ് എന്നീ ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. അതിതീവ്രമായ കുരലടപ്പന്‍ രോഗം മാരകമാണ്. ഉപതീവ്രമായ കുരലടപ്പന്‍രോഗത്തില്‍ തൊണ്ട, നാക്ക്, നെഞ്ചിന്റെ അധോഭാഗം എന്നിവിടങ്ങളില്‍ നീരുവീക്കം ഉണ്ടായിരിക്കും. കന്നുകുട്ടികളില്‍ തല മുഴുവന്‍ നീര് വന്നു വീര്‍ക്കാറുണ്ട്. ഉമിനീര്‍ ഒഴുക്കല്‍ , ശ്വസനതടസ്സം എന്നിവ പ്രകടമാവുകയും ശ്വാസതടസ്സംമൂലം 48 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുകയും ചെയ്യും.
മറ്റൊരിനം കുരലടപ്പന്‍ രോഗം "കപ്പല്‍ ജ്വരം' (ഷിപ്പിങ് ഫീവര്‍) എന്ന പേരില്‍ അറിയപ്പെടുന്നു. പനി, ശ്വസന തടസ്സം, ചുമ എന്നീ ലക്ഷണങ്ങളോടുകൂടി ദീര്‍ഘകാലം തുടരുന്നതാണ് ഈ രോഗം. രക്തപരിശോധന രോഗനിര്‍ണയത്തിന് സഹായകമാണ്. ഇതിനു സള്‍ഫാമെസത്തിന്‍ 33.3 ശതമാനം നല്ല ഒരു ഔഷധമാണ്. ടെറാമൈസിന്‍, ഓറിയോമൈസിന്‍ മുതലായ ആന്റിബയോട്ടിക്കുകളില്‍ ഏതെങ്കിലും ഒന്നിന്റെ കുത്തിവയ്‌പും ഫലപ്രദമായ പ്രതിവിധിയാണ്.
രോഗപ്പകര്‍ച്ചയ്‌ക്ക് സാധ്യതയുള്ള കാലത്തിനോടടുപ്പിച്ച് രോഗപ്രതിരോധകുത്തിവയ്‌പ് നടത്തേണ്ടതാണ്. താഴെപ്പറയുന്ന വാക്‌സിനുകളില്‍ ഏതെങ്കിലും ഒന്ന് ആയതിന് ഉപയോഗിക്കാം. 1. ബ്രാത്ത് വാക്‌സിന്‍-10 മില്ലിലിറ്റര്‍ ത്വക്കിനടിയില്‍ കുത്തിവച്ചാല്‍ രണ്ടുമാസത്തോളം പ്രതിരോധശക്തി പ്രദാനം ചെയ്യും. 2. ആലം പ്രസിപ്പിറ്റേറ്റഡ് വാക്‌സിന്‍-ഇതും 10 മില്ലിലിറ്റര്‍ ത്വക്കിനടിയില്‍ കുത്തിവയ്‌ക്കണം. ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ പ്രതിരോധശക്തി ഉണ്ടായിരിക്കും. 3. ഓയില്‍ അഡ്‌ജുവന്റ് വാക്‌സിന്‍-3 മില്ലിലിറ്റര്‍ പേശിയില്‍ ആഴത്തില്‍ കുത്തിവയ്‌ക്കണം. ഉദ്ദേശം ഒരു വര്‍ഷത്തോളം രോഗപ്രതിരോധശക്തി നിലനില്‌ക്കും. മറ്റു സാംക്രമികരോഗങ്ങളുടെ നിവാരണമാര്‍ഗങ്ങള്‍ തന്നെ ഇതിനും അവലംബിക്കേണ്ടതാണ്.
(ഡോ. ബി.ആര്‍. കൃഷ്‌ണന്‍ നായര്‍)