This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാലേ, അനസൂയാബായി (1896 - 1958)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാലേ, അനസൂയാബായി (1896 - 1958)

ഇന്ത്യന്‍ സ്വാതന്ത്ര്യസമരനേതാവും സാമൂഹികപ്രവര്‍ത്തകയും. ഗംഗുബായിയുടെയും അഭിഭാഷകനായ സദാശിവ്‌ ബി. ഭാട്ടേയുടെയും പുത്രിയായി 1896ല്‍ ബെല്‍ഗാമില്‍ ജനിച്ചു. 1913ല്‍ മെട്രിക്കുലേഷന്‍ പാസ്സായി. ഫെര്‍ഗുസണ്‍ കോളജ്‌, ബറോഡ കോളജ്‌ എന്നിവിടങ്ങളില്‍ പഠനം തുടര്‍ന്നെങ്കിലും 1916ല്‍ പി.ബി. കാലേയുമായുള്ള വിവാഹംമൂലം വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 1926 മുതല്‍ കാലേദമ്പതികള്‍ നാഗ്‌പ്പൂരില്‍ സ്ഥിരതാമസമാക്കി. 1928ല്‍ കാലേ മധ-്യസംസ്ഥാന നിയമനിര്‍മാണസഭയില്‍ (Central Provinces Legislative Council) അംഗമായി; അതോടൊപ്പം വനിതാജയിലുകളിലെ "സന്ദര്‍ശക' (visitor) യും. 1929ല്‍ അന്താരാഷ്‌ട്ര തൊഴില്‍സംഘടന(ILO)യില്‍ ഒരംഗമായി നിയമിക്കപ്പെട്ടു. 1930ല്‍ നിയമസഭാംഗത്വം രാജിവച്ച്‌ ഗാന്ധിജിയുടെ സത്യഗ്രഹപ്രസ്ഥാനത്തില്‍ ചേര്‍ന്നു. തത്‌ഫലമായി നാലു മാസക്കാലം ജയിലില്‍ കഴിച്ചുകൂട്ടേണ്ടിവന്നു. 1932ല്‍ അവര്‍ അഖിലേന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റി (A.I.C.C.) അംഗമായി. അയിത്തവിരുദ്ധസമരത്തോടനുബന്ധിച്ച്‌ ഗാന്ധിജി മധ്യസംസ്ഥാനത്തു സഞ്ചരിച്ചപ്പോള്‍ കാലേയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. 1935ല്‍ നാഗ്‌പൂര്‍ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റായ കാലേ, 1936ല്‍ മൊഹപ (ങീവമുമ) യില്‍വച്ച്‌ നടന്ന മധ്യസംസ്ഥാന ഹരിജനസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. മധ്യസംസ്ഥാനബിറാര്‍ നിയമസഭയിലേക്ക്‌ നാഗ്‌പ്പൂരില്‍നിന്ന്‌ 1937ല്‍ തെരഞ്ഞെടുക്കപ്പെട്ടു; അല്‌പകാലം ഡെപ്യൂട്ടിസ്‌പീക്കറായും സേവനമനുഷ്‌ഠിച്ചു. 1938ല്‍ നാഗ്‌പ്പൂര്‍ വനിതാസമ്മേളനം സംഘടിപ്പിക്കുന്നതില്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചു. ഗോണ്ടുകളുടെ സത്യഗ്രഹ(1942)ത്തില്‍ പങ്കെടുത്ത്‌ അറസ്റ്റ്‌ വരിച്ചവരെ മോചിപ്പിക്കാന്‍ കാലേ അക്ഷീണയത്‌നം നടത്തി. 1937ലെ നാഗ്‌പ്പൂര്‍ വനിതാ സമ്മേളനത്തില്‍, വനിതകള്‍ സാമൂഹിക, രാഷ്‌ട്രീയ പ്രശ്‌നങ്ങളിലും പങ്കെടുക്കണമെന്ന്‌ വാദിച്ചു. ഈ സംഘടനയുടെ 1947ലെ പൊതുയോഗാധ്യക്ഷയും ഇവരായിരുന്നു. ഗാന്ധിജിയുടെ നിര്യാണ(1948)ത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയില്‍, ദുര്‍ബലരെ സഹായിക്കാന്‍ അവര്‍ മുന്നോട്ടുവന്നു. 1952ലും 1957ലും ലോക്‌സഭാംഗമായി കാലേ തെരഞ്ഞെടുക്കപ്പെട്ടു. 1952ല്‍ കാനഡയില്‍ ചേര്‍ന്ന കോമണ്‍വെല്‍ത്ത്‌ സമ്മേളനത്തില്‍ ഒരു പ്രതിനിധിയായി ഇവര്‍ പങ്കെടുത്തു. ഐക്യമഹാരാഷ്‌ട്രവാദി കൂടിയായിരുന്ന അനസൂയാബായി കാലേ 1958ല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍