This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്ലട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കല്ലട

കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കിലും കൊല്ലം താലൂക്കിലുമായി വ്യാപിച്ചുകിടക്കുന്ന പ്രദേശം. കിഴക്കേ കല്ലട, പടിഞ്ഞാറേ കല്ലട എന്നിങ്ങനെ രണ്ടു വില്ലേജുകളായി ഇത്‌ വിഭജിക്കപ്പെട്ടിരിക്കുന്നു. കുണ്ടറയില്‍ നിന്ന്‌ 11 കി.മീ. വടക്കാണ്‌ കിഴക്കേ കല്ലട. കോയിക്കല്‍, പഴയാര്‍, മറവൂര്‍, ഉപ്പുകൂട്‌, തെക്കേമുറി, താഴം, കോട്ടവിള എന്നീ കരകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. വിസ്‌തീര്‍ണം 12.20 ച.കി.മീ. കുണ്ടറയില്‍നിന്ന്‌ 8 കി.മീ. വടക്കുപടിഞ്ഞാറാണ്‌ പടിഞ്ഞാറേ കല്ലട. കനതാര്‍കുന്നം, വലിയപാടം, കോയിക്കല്‍ഭാഗം, നടുവിലേക്കര, ഐതോട്ടുവാ വടക്ക്‌, ഐതോട്ടുവാ തെക്ക്‌, കോതപുരം എന്നീ കരകളാണ്‌ ഈ വില്ലേജിലുള്ളത്‌. വിസ്‌തീര്‍ണം: 13.26 ച.കി.മീ.

കല്ലടയാര്‍

അതി പ്രാചീനമായ ചരിത്രം ഈ പ്രദേശത്തിനുണ്ട്‌. ഗ്രീക്ക്‌ സഞ്ചാരികളുടെ രേഖകളില്‍ കാണുന്ന നെല്‍ക്കിണ്ട തുറമുഖം ഇതാണെന്ന്‌ ചരിത്രകാരന്മാര്‍ ഊഹിക്കുന്നു. നശിച്ചുപോയ അങ്ങാടികളെപ്പറ്റിയുള്ള ഐതിഹ്യങ്ങള്‍ പ്രചാരത്തിലുണ്ട്‌. കുരുമുളകു കച്ചവടത്തിന്റെ കുത്തകാവകാശം സംബന്ധിച്ച്‌ തിരുവിതാംകൂറും ഡച്ചുകമ്പനിയും തമ്മിലുണ്ടാക്കിയ കരാറനുസരിച്ച്‌ കുരുമുളക്‌ കല്ലടയാറ്റില്‍ക്കൂടി കടത്തിക്കൊണ്ടുപോകാനുള്ള അവകാശം കമ്പനിക്കു ലഭിച്ചു. പടിഞ്ഞാറേ കല്ലടയില്‍ ഒരു പഴയ ക്രിസ്‌ത്യന്‍ ദേവാലയമുണ്ട്‌. അത്‌ മെനസെസ്സിന്‍െറ കാലത്ത്‌ (16-ാം ശ.) നിര്‍മിച്ചതാണെന്ന്‌ പറയപ്പെടുന്നു. ഉദയംപേരൂര്‍ സുന്നഹദോസിനു ശേഷം കേരളത്തില്‍ മെനസെസ്സ്‌ സന്ദര്‍ശിച്ച പള്ളികളുടെ കൂട്ടത്തില്‍ ഇതും ഉള്‍പ്പെടുന്നു. ഏതാണ്ട്‌ മുക്കാല്‍ ശതാബ്‌ദം കഴിഞ്ഞ്‌ കേരളത്തിലെത്തിയ അന്ത്രയോസ്‌ ബാവാ അന്ത്യകാലം കഴിച്ചുകൂട്ടിയത്‌ ഈ പള്ളിയിലാണ്‌. കല്ലടയാറ്റില്‍ വീണു മൃതിയടഞ്ഞ അദ്ദേഹത്തെ ഈ പള്ളി മദ്‌ബഹയിലാണ്‌ സംസ്‌കരിച്ചത്‌. വടക്കന്‍ നാട്ടുകാര്‍ കല്ലടബാവാ എന്നും, തെക്കന്‍ നാട്ടുകാര്‍ കല്ലട വലിയപ്പൂപ്പന്‍ എന്നും വിളിക്കുന്ന അദ്ദേഹത്തിന്റെ സ്‌മരണദിനം എല്ലാവര്‍ഷവും കുംഭം 18,19 തീയതികളില്‍ കൊണ്ടാടപ്പെടുന്നു.

കല്ലടയാര്‍. കൊല്ലംചെങ്കോട്ട റോഡിനു സമീപമുള്ള പരപ്പാര്‍ എന്ന സ്ഥലത്ത്‌ കുളത്തൂപ്പുഴയാറും ചെന്തുരുത്തിപ്പുഴയും കല്‍ത്തുരുത്തിയാറും ചേര്‍ന്ന്‌ ഒരു പുഴയായി പടിഞ്ഞാറോട്ടൊഴുകുന്ന ഭാഗമാണ്‌ കല്ലടയാര്‍. പരപ്പാറില്‍ നിന്നു കുറേദൂരം ഇത്‌ പുനലൂരാറെന്ന പേരില്‍ അറിയപ്പെടുന്നു. പുനലൂര്‍ മുക്കടവില്‍ നിന്നു പത്തനാപുരം വരെ വടക്കുപടിഞ്ഞാറോട്ടും അവിടെ നിന്ന്‌ ഏനാത്തുവരെ പടിഞ്ഞാറോട്ടും അവിടെനിന്ന്‌ തെക്കു പടിഞ്ഞാറോട്ടും ഒഴുകി ഇത്‌ അഷ്‌ടമുടിക്കായലില്‍ പതിക്കുന്നു. നദിയുടെ ആകെ നീളം സു. 120 കി.മീ. ആണ്‌. മീന്‍മുട്ടി, ഓട്ടയ്‌ക്കല്‍ എന്നിവിടങ്ങളില്‍ വെള്ളച്ചാട്ടമുണ്ട്‌. പതനസ്ഥലം മുതല്‍ പുനലൂര്‍വരെ 55 കി.മീ. ദൂരം വര്‍ഷകാലത്ത്‌ ഗതാഗതയോഗ്യമാണ്‌. പരപ്പാര്‍ പാലം, പുനലൂര്‍ പാലം, പുനലൂര്‍ റെയില്‍പ്പാലം, ഏനാത്തു പാലം, കുന്നത്തൂര്‍ പാലം എന്നിവ ഈ നദിക്കു കുറുകെയുള്ള പാലങ്ങളാണ്‌. മുഖ്യമായും ഒരു കാര്‍ഷികമേഖലയായ കല്ലട നദീതടത്തിലെ കാര്‍ഷിക വിളകള്‍ നെല്ല്‌, തെങ്ങ്‌, മരച്ചീനി തുടങ്ങിയവയാണ്‌. നോ: കല്ലട നദീതടപദ്ധതി

(എന്‍.കെ. ദാമോദരന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%9F" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍