This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കറുപ്പുയുദ്ധം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കറുപ്പുയുദ്ധം
Opium War
ചൈന കറുപ്പ് ഇറക്കുമതി നിരോധിച്ചതിനെത്തുടര്‍ന്ന് ബ്രിട്ടനും ചൈനയും തമ്മില്‍ 1839 മുതല്‍ 42 വരെ നടന്ന യുദ്ധം. ഇന്ത്യയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും ചൈനയില്‍ കറുപ്പ് ഇറക്കുമതി ചെയ്‌തിരുന്നു. കറുപ്പ്, പുകയിലയുമായി ചേര്‍ത്തു പുകവലിക്കുന്ന ദുശ്ശീലത്തിന് അനേകം ചൈനക്കാര്‍ അടിമപ്പെട്ടതോട 1729ല്‍ ഒരു ഉത്തരവിലൂടെ ചൈനീസ് ഗവണ്‍മെന്റ് കറുപ്പു കച്ചവടം നിരോധിച്ചു; 1800ല്‍ ഇതിന്റെ ഇറക്കുമതിയും നിര്‍ത്തലാക്കി. എന്നാല്‍ ഈ നിരോധനത്തിനുശേഷം ബ്രിട്ടീഷ്‌അമേരിക്കന്‍ കപ്പലുകളിലായി പ്രതിവര്‍ഷം 5,000 പെട്ടി കറുപ്പ് കാന്റണില്‍ നിയമവിരുദ്ധമായി ഇറക്കുമതി ചെയ്‌തുകൊണ്ടിരുന്നു. ചൈനക്കാരും വിദേശീയരുമായ കച്ചവടക്കാര്‍ ഇതുവഴി വമ്പിച്ച ലാഭമുണ്ടാക്കി. 19-ാം ശ.ത്തിന്റെ 4-ാം ദശകത്തില്‍ നിയമവിരുദ്ധമായ ഇറക്കുമതി പ്രതിവര്‍ഷം 3,00,000 പെട്ടിയായി ഉയര്‍ന്നു. 1838ല്‍ കറുപ്പ് ഇറക്കുമതിക്കെതിരെയുള്ള ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് ചൈനീസ് ഗവണ്‍മെന്റ് ഉത്തരവിട്ടു. ഇതിന്റെ ഭാഗമായി ലിന്‍ട്‌സെഹു എന്ന ഉദ്യോഗസ്ഥന്‍ കാന്റണിലെ നിയമവിരുദ്ധമായ കറുപ്പുശേഖരം (20,000 പെട്ടി) പിടിച്ചെടത്തു നശിപ്പിച്ചു. ചൈനയില്‍ തങ്ങള്‍ക്കു ചില വാണിജ്യാവകാശങ്ങളുണ്ടെന്നും കാന്റണിലെ ഉദ്യോഗസ്ഥന്മാരുടെ നിയന്ത്രണങ്ങള്‍ അനുസരിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ലെന്നും ബ്രിട്ടീഷുകാര്‍ വാദിച്ചു. ബ്രിട്ടീഷുകാര്‍ ഹോങ്കോങ്ങിലേക്കു പിന്‍വാങ്ങിക്കൊണ്ടു 1839ല്‍ ചൈനയ്‌ക്കെതിരായി യുദ്ധമാരംഭിച്ചു. ഇത് കറുപ്പിന്റെ പേരിലുള്ള യുദ്ധമാണെന്ന വസ്‌തുത ബ്രിട്ടന്‍ നിഷേധിച്ചു; ചൈനീസ് ഗവണ്‍മെന്റിന്റെ ഔദ്ധത്യത്തിനും, അധികനികുതിക്കും, ക്രമമായ ഇറക്കുമതിവ്യാപാരത്തിനെതിരായ ചൈനീസ് നിയമത്തിനും എതിരെയുള്ള യുദ്ധമാണെന്നു വാദിക്കുകയും ചെയ്‌തു. ഈ യുദ്ധത്തില്‍ അനേകം തീരദേശ ചൈനീസ് നഗരങ്ങള്‍ ആക്രമിക്കപ്പെട്ടു. ബ്രിട്ടന്‍ സിങ്കിയാങ്ങിലെ "ഗ്രാന്‍ഡ് കനാല്‍' പിടിച്ചെടുത്തുകൊണ്ട് ചൈനയുടെ മേല്‍ സന്ധി അടിച്ചേല്‌പിച്ചു. 1842 ആഗ. 29നു ഒപ്പുവച്ച നാങ്കിങ്‌സന്ധി അനുസരിച്ച്, 1841ല്‍ ബ്രിട്ടന്‍ പിടിച്ചെടുത്ത ഹോങ്കോങ്ങില്‍ അവര്‍ക്കു സ്ഥിരാവകാശം ലഭിച്ചു. കാന്‍റണ്‍, ആമോയ്, ഫൂചൗ, നിങ്‌പോ, ഷാങ്‌ഹായ് എന്നീ തുറമുഖങ്ങള്‍ ബ്രിട്ടീഷ് വ്യാപാരത്തിനും അധിവാസത്തിനുമായി തുറന്നു കൊടുത്തു. ചൈന ബ്രിട്ടന് യുദ്ധനഷ്ടപരിഹാരമായി 21 ദശലക്ഷം പവന്‍ നല്‌കി. ഇറക്കുമതിക്കുള്ള ചൈനീസ് താരിപ്പ് 5 ശ.മാ. ആയി കുറച്ചു. ചൈനയിലെ ബ്രിട്ടീഷ് പൗരന്മാര്‍ നിയമം ലംഘിച്ചാല്‍ ബ്രിട്ടീഷ് കോടതികളില്‍ മാത്രമേ വിചാരണ ചെയ്യാവൂ എന്നു നിബന്ധന ചെയ്‌തു. ഏതാനും വര്‍ഷങ്ങള്‍ക്കകം മറ്റു വിദേശീയ ശക്തികളും ചൈനയില്‍ വ്യാപാരഅധിവാസ അവകാശങ്ങള്‍ നേടുകയും അങ്ങനെ ചൈനയിലെ വിദേശീയാധിനിവേശം ആരംഭിക്കുകയും ചെയ്‌തു.
കറുപ്പുയുദ്ധം ചൈനയിലെ പ്രാചീനഭരണക്രമത്തിന്റെ വിഘടനാരംഭമായി പരിണമിച്ചു. യൂറോപ്യരുമായുള്ള സംഘട്ടനത്തില്‍ ചൈനയുടെ ബലക്ഷയം സുവ്യക്തമായി. അഭ്യസ്‌തവിദ്യരായ നാട്ടുകാരില്‍ നിന്ന് ഈ വസ്‌തുത മറച്ചുവയ്‌ക്കാന്‍ ഗവണ്‍മെന്റിനു കഴിഞ്ഞില്ല. ഇതു തായ്‌പിങ് (മഹത്തായ സമാധാനം) കലാപത്തിനു വഴിയൊരുക്കി. (നോ: തായ്‌പിങ് കലാപം) 1843ല്‍ ഹുവാങ്‌സിയൂചുവാന്‍ സംഘടിപ്പിച്ച ഈ പ്രസ്ഥാനം 1853ല്‍ നാങ്കിങ് ആക്രമിക്കുകയും 1865 വരെ അതു കൈയടക്കി വയ്‌ക്കുകയും ചെയ്‌തു. അന്തിമമായി പരാജയപ്പെട്ടുവെങ്കിലും അപകടകരമായ ഈ കലാപത്തിനിടയ്‌ക്ക് ഗവണ്‍മെന്റിനു രണ്ടാം കറുപ്പുയുദ്ധ (1856-58) ത്തില്‍ ഏര്‍പ്പെടേണ്ടിവന്നു. ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പടയാളികള്‍ പെട്ടെന്ന് പീക്കിങ് ആക്രമിക്കുകയും ചക്രവര്‍ത്തിയുടെ ഗ്രീഷ്‌മകാലപ്രാസാദം തീവച്ചു നശിപ്പിക്കുകയും ചെയ്‌തു.
1858ലെ റ്റിയന്റ്‌സിന്‍ സന്ധിയും തുടര്‍ന്ന് 1860ല്‍ ഒപ്പുവച്ച കരാറും അനുസരിച്ച് യാങ്‌ട്‌സി മുതല്‍ മഞ്ചൂറിയ വരെയുള്ള തുറമുഖങ്ങള്‍ വിദേശികള്‍ക്കു തുറന്നുകൊടുക്കാന്‍ ചൈന നിര്‍ബന്ധിതമായി.
1911ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ചൈനയിലേക്കുള്ള കറുപ്പുകയറ്റുമതി തടയുന്നതുവരെ അവിടേക്കുള്ള കറുപ്പിന്റെ പ്രവാഹം അഭംഗുരം തുടര്‍ന്നിരുന്നു. നോ: ചൈന