This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കടാല്‍പ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കടാല്‍പ
Catalpa
ബിഗ്‌നോണിയേസി സസ്യകുടുംബത്തിലെ വൃക്ഷങ്ങളുള്‍ക്കൊള്ളുന്ന ഒരു ജീനസ്. ഈ ജീനസില്‍പ്പെട്ട ഏകദേശം 12 സ്‌പീഷീസ് ഏഷ്യയിലും അമേരിക്കയുടെ വടക്കു കിഴക്കന്‍ ഭാഗങ്ങളിലും വളരുന്നു. മനോഹരമായ പച്ചിലച്ചാര്‍ത്തും, വര്‍ണപ്പൊലിമയേറിയ പൂക്കളുമുള്ള ഈ ജീനസിലെ വൃക്ഷങ്ങള്‍ ഉദ്യാനങ്ങളിലെ അലങ്കാരച്ചെടികള്‍ എന്ന നിലയിലാണ് പ്രാധാന്യമര്‍ഹിക്കുന്നത്.
തെക്കുകിഴക്കന്‍ യു.എസ്. സ്വദേശിയായ "ഇന്ത്യന്‍ബീന്‍' (കടാല്‍പാ ബിഗ്‌നോണിയോയിഡ്‌സ്) എന്ന വൃക്ഷം ഏകദേശം 18 മീ. ഉയരത്തില്‍ വളരുന്നു. വൃക്ഷത്തലപ്പ് ധാരാളം ഇലകളോടുകൂടി പന്തലിച്ചു നില്‌ക്കുമെങ്കിലും ശാഖകള്‍ താരതമ്യേന കുറവായിരിക്കും. പുറന്തൊലിക്ക് വെള്ളിയുടെ നിറം കലര്‍ന്ന ചാരവര്‍ണമാണ്. ഇളം പച്ച നിറവും ഹൃദയാകാരവുമുള്ള വലുപ്പമേറിയ ഇലകളും മഞ്ഞയും തവിട്ടും നിറങ്ങളിലുള്ള "പൊട്ടു'കളോടുകൂടിയ മനോഹരങ്ങളായ വെള്ളപ്പൂക്കളും ഇതിന്‍െറ പ്രത്യേകതകളാണ്. ബീന്‍സിനു സദൃശ്യമായ ഇതിന്‍െറ കായ്‌കള്‍ ശൈത്യകാലത്തുടനീളം പൂക്കുലത്തണ്ടുകളില്‍ തൂങ്ങിക്കിടക്കുക സാധാരണമാണ്. കായ്‌കള്‍ക്കു "ചിറകു'കളും ചിറകുകളുടെ അരികുകളില്‍ "ഞൊറി'കളും ഉണ്ട്. ഭാരം കുറഞ്ഞ ഇതിന്‍െറ തടി ഗൃഹോപകരണ നിര്‍മിതിക്ക് ഉപയോഗിക്കുന്നു.
ഇന്ത്യാനാ, ടെക്‌സാസ് എന്നിവിടങ്ങളില്‍ ജന്മംകൊണ്ടതും കടാല്‍പാ ബിഗ്‌നോണിയോയിഡ്‌സിനോട് വളരെയധികം രൂപസാദൃശ്യമുള്ളതുമായ കടാല്‍പ ജീനസിലെ മറ്റൊരു വൃക്ഷമാണ്. I. സ്‌പീഷിയോസ. ഈ വൃക്ഷത്തിലെ പൂക്കള്‍ക്ക് ബിഗ്‌നോണിയോയിഡ്‌സ് സ്‌പീഷീസിലേതിനെക്കാള്‍ വലുപ്പമേറുമെങ്കിലും പൂക്കളിലെ വ്യതിരിക്തമല്ലാത്ത "പൊട്ടു'കളും കടുപ്പമേറിയ പുറന്തൊലിയും വൃക്ഷത്തെ പെട്ടെന്നു വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നു. അലങ്കാര വൃക്ഷത്തിന്‍െറ അഭികാമ്യമായ എല്ലാ സ്വഭാവവിശേഷങ്ങളും പ്രകടമാക്കുന്ന ഈ മരത്തിന്‍െറ തടി മൃദുവും മണ്ണുമായുള്ള നിത്യസമ്പര്‍ക്കംമൂലം കേടു സംഭവിക്കാത്തതുമായതിനാല്‍ വേലിത്തൂണുകളായും റെയില്‍പ്പാളങ്ങള്‍ ഉറപ്പിക്കാനുള്ള തടികളായും ധാരാളമായി ഉപയോഗിച്ചുവരുന്നു. ഇന്ധനമായും ഉപയോഗിക്കാം. കടാല്‍പാ ഓവേറ്റ, കടാല്‍പാ ഹൈബ്രിഡാ, കടാല്‍പാ ഫാര്‍ജെസിയൈ എന്നീ ഇനങ്ങള്‍ ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍ നട്ടുവളര്‍ത്തുന്നുണ്ട്.