This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓക്ലാന്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഓക്ലാന്റ്
Oakland
അമേരിക്കന്‍ ഐക്യനാടുകളിലെ കാലിഫോര്‍ണിയ സംസ്ഥാനത്തിന്റെ പശ്ചിമതീരപ്രദേശത്തുള്ള സാന്‍ഫ്രാന്‍സിസ്കോ ഉള്‍ക്കടലിനോടു ചേര്‍ന്ന ഒരു സുപ്രധാന തുറമുഖനഗരം. 202 ച.കി.മീ.; മൊത്തം വിസ്തീര്‍ണമുള്ള ഓക്ലാന്റിന് 144 ച.കി.മീ. ഭൂപ്രദേശവും 58 ച.കി.മീ. ജലസമ്പുഷ്ടതയാര്ന്ന മേഖലയുമാണുള്ളത്. 2010-ലെ യു.എസ്. സെന്‍സസ് കണക്കുപ്രകാരം ഓക്ലാന്റിലെ ജനസംഖ്യ: 3,90,724 ആണ്. ജനസാന്ദ്രതയാകട്ടെ ചതുരശ്രകിലോമീറ്ററിന് 1934. വെളുത്തവര്‍ഗക്കാര്‍, ആഫ്രിക്കന്‍-അമേരിക്കന്‍ വംശജര്‍, അമേരിക്കന്‍ സ്വദേശികള്‍, ഏഷ്യന്‍ ചൈനാക്കാര്‍, വിയറ്റ്നാംകാര്, ഫിലിപ്പിനോ, കംബോഡിയക്കാര്‍, ലാവോഷിയന്മാര്, കൊറിയക്കാര്‍, ജാപ്പനീസ് വംശജര്‍, ഇന്ത്യന്‍-പസിഫിക് ദ്വീപുനിവാസികള്‍ തുടങ്ങി ഹിസ്പാനിക് അഥവാ ലാറ്റിനോ സമൂഹങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന ജനതതിയാണ് ഓക്ലാന്റിലുള്ളത്. നഗരമേഖലയിലെ പ്രതിശീര്‍ഷവരുമാനം 21,936 ഡോളറാണ്. ജനസംഖ്യയുടെ 19.4 ശതമാനവും ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവരാണ്. 1960-കള്‍ മുതല്‍ ആഫ്രിക്കന്‍-അമേരിക്കന്‍ സാംസ്കാരിക പൈതൃകം അവകാശപ്പെടുന്നവരാണ് ഓക്ലാന്റ് പ്രദേശവാസികള്‍. എന്നാല്‍ 2000-നും 2010-നുമിടയ്ക്ക് ഓക്ലാന്റിലെ 25 ശതമാനത്തോളം വരുന്ന കറുത്തവര്‍ഗ ജനവിഭാഗത്തിനു നാശംസംഭവിക്കുകയുണ്ടായി. ഇതുമൂലം ദീര്‍ഘകാലമായി അനുവര്‍ത്തിച്ചുവന്നിരുന്ന ആഫ്രാ-അമേരിക്കന്‍ സാംസ്കാരിക പാരമ്പര്യത്തിന് ക്ഷതമേല്‍ക്കാന്‍ ഇടവന്നിട്ടുണ്ട്.
1852 മുതല്‍ ഈ പ്രദേശത്ത് ജനവാസമുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. അലമേഡ പ്രദേശത്തിന്റെ തലസ്ഥാനംകൂടിയാണ് ഓക്ലാന്റ്. സാന്‍ഫ്രാന്‍സിസ്കോയുടെ നിര്‍മാണഘട്ടത്തില്‍, ഓക്ലാന്റ് പ്രദേശത്തുനിന്നും ലഭിച്ചിരുന്ന കുന്നിന്‍ചെരുവുകളിലെ ഓക്കുമരത്തടിയും മറ്റും പ്രയോജനപ്പെട്ടിരുന്നു. കാലിഫോര്‍ണിയ "ഗോള്‍ഡ് പ്രയാണ' കാലത്ത് സമുദ്രചരക്കു ഗതാഗതത്തില്‍ ഓക്ലാന്റ് പ്രധാന വേദിയായിരുന്നു. 1860-കളുടെ അന്ത്യഘട്ടത്തില്‍ ഓക്ലാന്റിനെ ട്രാന്സ്കോണ്ടിനെന്റല് റെയില്‍-റോഡ് ശൃംഖലയുടെ പശ്ചിമടെര്മിനല് കേന്ദ്രമായി തെരഞ്ഞെടുക്കുകയുണ്ടായി. തിരക്കേറിയ തുറമുഖം, കപ്പല്‍ നിര്‍മാണ ശാലകള്‍, ഓട്ടോമൊബൈല്‍ നിര്‍മാണം തുടങ്ങിയവയിലൂടെ 20-ാം ശതകത്തില്‍ ഓക്ലാന്റ് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് നേടിയത്. 1906-ലെ സാന്‍ഫ്രാന്‍സിസ്കോ ഭൂകമ്പത്തില്‍ തദ്ദേശവാസികളില്‍ ഒട്ടേറെപ്പേര്‍ സുരക്ഷിത മേഖലകളിലേക്ക് പലായനം ചെയ്തു. ഓക്ലാന്റ് പ്രദേശത്തെ ഭവനങ്ങളിലേറെയും 1910-20 കളിലായി നിര്‍മിക്കപ്പെട്ടവയാണ്. അന്തര്‍നഗര റെയില്‍, റോഡ്, ബസ് ഗതാഗതം എന്നിവ ഓക്ലാന്റിനെ പരിസരപ്രദേശങ്ങളുമായി ബന്ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. കടത്തുയാത്രാസൗകര്യങ്ങളും സാന്ഫ്രാന്സിസ്കോയുമായും മറ്റു നഗരങ്ങളുമായും ഓക്ലാന്റിനെ കൂട്ടിയിണക്കുന്നുണ്ട്.
20-ാം ശതകത്തിന്റെ തുടക്കത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഓക്ലാന്റിലേക്ക് ശക്തമായ കുടിയേറ്റമുണ്ടായി. ആഫ്രിക്കന്‍-അമേരിക്കന്‍ യുദ്ധപടക്കോപ്പുനിര്മാണ തൊഴിലാളികളുടെ പ്രയാണവും ഈ ഭാഗത്തേക്ക് 1940-കളില്‍ നടന്നു. ഇക്കാരണത്താല്‍ വംശീയപരമായി ഒട്ടേറെ വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന നഗരമായി ഓക്ലാന്റ് പരിണമിച്ചു. രാഷ്ട്രീയപ്രബുദ്ധത, നാഗരിക ജീവിതശൈലി, ആരോഗ്യപരിപാലനം, ഗൃഹോപകരണ സാമഗ്രികളുടെ നിര്‍മാണം എന്നിവയ്ക്കൊക്കെ ഓക്ലാന്റ് പ്രശസ്തി നേടിക്കഴിഞ്ഞിട്ടുണ്ട്.
വിശാല ഉള്‍ക്കടല്‍ പ്രദേശത്തെ ഗതാഗതമേഖലയുടെ സിരാകേന്ദ്രമായ ഓക്ലാന്റിലെ കപ്പല്വാണിജ്യസൗകര്യങ്ങള് ഈ നഗരത്തിന് അമേരിക്കയിലെ അഞ്ചാമത്തെ തിരക്കേറിയ തുറമുഖനഗരം എന്ന അംഗീകാരം നേടിക്കൊടുത്തു.
പ്രതിവര്‍ഷം ശരാശരി 300 ദിവസത്തോളം സൂര്യപ്രകാശം കനിഞ്ഞിട്ടുള്ള ഓക്ലാന്റില് മെഡിറ്ററേനിയന്‍ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഒരു വലിയ അഴിമുഖമായ ലേക്മെറിറ്റ്, അമേരിക്കയിലെ പ്രഥമ ഔദ്യോഗിക വന്യമൃഗ സംരക്ഷണകേന്ദ്രമായി പരിഗണിക്കപ്പെട്ടുകഴിഞ്ഞു. പുനരുത്പാദന ഘടകങ്ങള്‍ കൊണ്ട് വൈദ്യുതിനിര്മിക്കുന്ന കാര്യത്തില്‍ അമേരിക്കയില്‍ത്തന്നെ ഒന്നാംസ്ഥാനമാണ് ഓക്ലാന്റിനുള്ളത്. "ജാക് ലണ്ടന്‍ സ്ക്വയര്‍' ഓക്ലാന്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. റേഡിയോബീച്ച് ആണ് ഓക്ലാന്റിലെ ഏക സമുദ്രതീരവിനോദ സഞ്ചാരകേന്ദ്രം.
ഒട്ടേറെ കലാ-സാംസ്കാരിക കേന്ദ്രങ്ങള്‍ ഓക്ലാന്റ് പ്രദേശത്തു സ്ഥിതിചെയ്യുന്നു. വൈവിധ്യമാര്‍ന്ന ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളുടെയും റെസ്റ്റോറന്റുകളുടെയും ശൃംഖല ഓക്ലാന്റില് ദൃശ്യമാണ്. തനതായ ഒരു സംഗീതപാരമ്പര്യവും ഓക്ലാന്റുകാര്ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നുണ്ട്. ഓക്ലാന്റിന്റെ രാത്രികാല ജീവിതത്തിനു മികവേറ്റിക്കൊണ്ട് ധാരാളം ബാറുകളും നൈറ്റ് ക്ലബ്ബുകളും പ്രവര്‍ത്തനക്ഷമമാക്കിയിരിക്കുന്നു. പാര്‍ക്കുകള്‍, സമുച്ചയങ്ങള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. വിവിധ സഭകളെ പ്രതിനിധീകരിക്കുന്ന ആരാധനാലയങ്ങളും ഒരുക്കപ്പെട്ടിരിക്കുന്നു.
ഒരു മേയര്‍-കൗണ്‍സില്‍ സംവിധാനമാണ് ഓക്ലാന്റിന്റെ ഭരണനിര്‍വഹണം നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന മേയറുടെ ഭരണകാലാവധി നാലു വര്‍ഷത്തേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. ബൃഹത്തായ മൂന്ന് പബ്ലിക് ഹൈസ്കൂള്‍ ശൃംഖല ഓക്ലാന്റിലുണ്ട്. നിരവധി ആര്‍ട്സ്-സയന്‍സ് കോളജുകള്‍ക്കുപുറമേ കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ആസ്ഥാനവും ഓക്ലാന്റില് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രധാനപ്പെട്ട ടെലിവിഷന്‍ സംപ്രഷണ കേന്ദ്രങ്ങളും വാര്‍ത്താവിതരണ പ്രക്ഷേപണ സംവിധാനവും ഇവിടെ നിലവിലുണ്ട്. പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായും നിരവധി ആശുപത്രികള്‍ ഓക്ലാന്റ് നഗരത്തില്‍ പ്രവര്‍ത്തിക്കുന്നു. ചൈന, ജപ്പാന്, റഷ്യ, ജമൈക്ക, മംഗോളിയ, ന്യൂസിലന്‍ഡ്, ഘാന, ക്യൂബ, മൊറോക്കോ, വിയറ്റ്നാം, പോര്‍ട്ടുഗല്‍, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലെ 12 വന്‍നഗരങ്ങള്‍ക്ക് ഓക്ലാന്റിന്റെ സഹോദരപദവി കല്പിക്കപ്പെട്ടിട്ടുണ്ട്.
(ഡോ. ബി. സുകുമാരന്‍നായര്‍)