This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐന്‍സ്റ്റൈനിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഐന്‍സ്റ്റൈനിയം

Einsteinium

ഒരു സംശ്ലിഷ്‌ടരാസമൂലകം. സിംബല്‍ Es. അണുസംഖ്യ 99. ആക്‌റ്റിനൈഡ്‌ (Actinide)ശ്രണിയിലെ ഒരംഗം. പ്രകൃതിയില്‍ ദൃശ്യമല്ലാത്ത ഈ മൂലകം ആല്‍ബര്‍ട്ട്‌ ഘിയോര്‍സോ എന്ന ശാസ്‌ത്രജ്ഞനും കൂട്ടുകാരും ചേര്‍ന്ന്‌ ആദ്യമായി കണ്ടുപിടിച്ചത്‌ 1952-ല്‍ പസഫിക്‌ സമുദ്രത്തില്‍ നടത്തിയ ഒരു ഹൈഡ്രജന്‍ ബോംബുസ്‌ഫോടനത്തിന്റെ അവശിഷ്‌ടങ്ങളില്‍ നിന്നാണ്‌. പ്രസിദ്ധശാസ്‌ത്രജ്ഞനായ ഐന്‍സ്റ്റൈന്റെ ബഹുമാനാര്‍ഥമായിട്ടാണ്‌ മൂലകത്തിന്‌ പ്രസ്‌തുതനാമം നല്‌കിയത്‌. കുറച്ചു മിനിട്ടുകള്‍ മുതല്‍ ഒരു കൊല്ലംവരെ അര്‍ധായുഷ്‌കാലം (half life period) ഉള്ള പല ഐസോടോപ്പുകളും (അ. ഭാ. 244-256) ഇതിനുണ്ട്‌. 254 അണുഭാരമുള്ള ഐസോടോപ്പിനാണ്‌ ഏറ്റവും കൂടുതല്‍ സ്ഥിരത; അര്‍ധായുഷ്‌കാലം 320 ദിവസം.

ട്രസര്‍-സ്‌കെയില്‍ പഠനങ്ങള്‍ വഴി ഐന്‍സ്റ്റൈനിയത്തിന്റെ ഓക്‌സിഡേഷന്‍ അവസ്ഥ ആക്‌റ്റിനൈഡ്‌ മൂലകങ്ങള്‍ക്കനുഗുണമായി +3 ആണെന്നു തെളിയിക്കപ്പെട്ടിരിക്കുന്നു. അയോണ്‍-വിനിമയ ക്രാമാറ്റൊഗ്രാഫി (ion-exchange chromatography) ഉപയോഗിച്ച്‌ ഇതിനെ മറ്റ്‌ ആക്‌റ്റിനൈഡ്‌ മൂലകങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ വേര്‍തിരിച്ചെടുക്കാം.

പ്ലൂട്ടോണിയം, യൂറേനിയം എന്നീ മൂലകങ്ങളില്‍ നിന്ന്‌ ന്യൂട്രാന്‍ ആഘാതം വഴിയായും നൈട്രജന്‍-അയോണ്‍-ആഘാതം വഴിയായും ഐന്‍സ്റ്റൈനിയം ഉത്‌പാദിപ്പിക്കപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍