This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏലി, റെജിനാള്‍ഡ്‌ ( - 1471)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഏലി, റെജിനാള്‍ഡ്‌ ( - 1471)

Eli, Reginald

ഇംഗ്ലണ്ടില്‍ 15-ാം ശതകത്തില്‍ ജീവിച്ചിരുന്ന ഒരു പ്രമുഖ വാസ്‌തുവിദ്യാകുശലന്‍. 1438 മുതലാണ്‌ ഇദ്ദേഹത്തിന്റെ കലാപ്രവര്‍ത്തനം ആരംഭിക്കുന്നത്‌. റെജിനാള്‍ഡിനെ സംബന്ധിച്ചുള്ള ആദ്യത്തെ പരാമര്‍ശം കാണുന്നത്‌ 1438-ല്‍ കേംബ്രിജിലെ പീറ്റര്‍ മന്ദിരത്തിന്റെ കോണിപ്പടിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട രേഖയിലാണ്‌. 1443-ല്‍ കേംബ്രിജിലെ കിങ്‌സ്‌ കോളജിന്റെ നിര്‍മാണജോലികളില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നതായി രേഖകളുണ്ട്‌. ഒരു പക്ഷേ, ആ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടന്ന 1441 മുതല്‍ തന്നെ ഇദ്ദേഹം അതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കാന്‍ ഇടയുണ്ട്‌. ആ മന്ദിരത്തിന്റെ രൂപരേഖകളില്‍ ഇദ്ദേഹത്തിന്റെ വാസ്‌തുശില്‌പശൈലിയുടെ ചില സവിശേഷതകള്‍ പ്രത്യേകിച്ചും വക്രരേഖാചിത്രവിന്യാസ (curvilinear tracery) സമ്പ്രദായം കടന്നുകൂടിയിട്ടുള്ളതായി കാണുന്നു. 15-ാം ശതകത്തിന്റെ അവസാനംവരെ ഈ ശൈലി നിലനിര്‍ത്തിപ്പോന്നത്‌ നോര്‍ഫക്കിലായതുകൊണ്ട്‌ ഇദ്ദേഹത്തിന്റെ സ്വദേശം നോര്‍ഫക്കായിരിക്കാനാണു സാധ്യതയെന്നും 1438-അടുപ്പിച്ച്‌ ഇദ്ദേഹം കേംബ്രിജ്‌ തന്റെ പ്രവര്‍ത്തനരംഗമായി തിരഞ്ഞെടുത്തിരിക്കാനാണിടയെന്നും കരുതപ്പെടുന്നു. ലംബാകാരശൈലി(perpendicular style)യുടെ മികച്ച സ്‌മാരകങ്ങളിലൊന്നായ കിങ്‌സ്‌ കോളജ്‌ ചാപ്പലിന്റെ നിര്‍മാണത്തില്‍ (1446-1515) ഏര്‍പ്പെട്ടിരുന്ന നാലു പ്രമുഖ ശില്‌പികളില്‍ ആദ്യത്തെ ആള്‍ ഇദ്ദേഹമായിരുന്നു. 1444-ലെ ഒരു രാജകീയ രേഖയില്‍ "പുണ്യവതിയായ മേരിയുടെയും വിശുദ്ധ നിക്കോളാസിന്റെയും നാമത്തില്‍ കേംബ്രിജില്‍ നിര്‍മിക്കുന്ന നമ്മുടെ രാജകീയകലാലയത്തിന്റെ പ്രധാന ശില്‌പിയായി' ഇദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നതായി പ്രസ്‌താവിച്ചിട്ടുണ്ട്‌. ഹെന്‌റി VI-ാമന്റെ താത്‌പര്യ പ്രകാരം പണി ആരംഭിച്ച ഈ കലാലയത്തിന്റെ നിര്‍മാണം 1461-ല്‍ എഡ്വേഡ്‌ IV സിംഹാസനം കവര്‍ന്നെടുത്തതിനെത്തുടര്‍ന്ന്‌ നിശ്ചലാവസ്ഥയില്‍ എത്തുന്നതുവരെ ഈ പദവിയില്‍ത്തന്നെ ഏലി തുടര്‍ന്നു.

1449-ല്‍ കേംബ്രിജിലെ കിങ്‌സ്‌ ഹാളിന്റെ നിര്‍മാണച്ചുമതല ഏലിയില്‍ നിക്ഷിപ്‌തമായി. പില്‌ക്കാലത്ത്‌ ട്രിനിറ്റി കോളജ്‌ ഈ മന്ദിരത്തിലാണ്‌ നടത്തിവന്നത്‌. നിര്‍മാണശൈലികൊണ്ട്‌ ഏലിയുടെ നാമവുമായി ബന്ധപ്പെട്ടിട്ടുള്ള നിരവധി മന്ദിരങ്ങള്‍ വേറെയുണ്ട്‌. വിശുദ്ധ എഡ്വേഡ്‌, സ്‌നാപകയോഹന്നാന്‍ എന്നിവരുടെ നാമത്തില്‍ കേംബ്രിജില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ദേവാലയങ്ങള്‍, പീറ്റര്‍ മന്ദിരത്തിന്റെ അടുക്കളപ്പുര, കേംബ്രിജിലെ പെംബ്രൂക്ക്‌ കോളജിലെ ഗ്രന്ഥപ്പുര, എസല്‍സ്‌ലെ താക്‌സ്റ്റസ്‌ ദേവാലയം, കേംബ്രിജിനു വടക്കുള്ള ബര്‍ബെല്‍ ദേവാലയം എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. 1464 അടുപ്പിച്ച്‌ നിര്‍മിക്കപ്പെട്ട ബര്‍ബെല്‍ ദേവാലയത്തിന്റെ ശില്‌പി അവിടത്തെ ഗ്രാമീണപാരമ്പര്യവും ഐതിഹ്യവുമനുസരിച്ച്‌ കിങ്‌സ്‌ കോളജ്‌ ചാപ്പലിന്റെ ശില്‌പിയായ ഏലി തന്നെയായിരുന്നുവെന്നാണ്‌ ഊഹിക്കേണ്ടിയിരിക്കുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍