This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏകപത്‌നീത്വം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഏകപത്‌നീത്വം

ഒരു വ്യക്തിക്ക്‌ ഒരു ഭാര്യ മാത്രമേ ആകാവൂ എന്ന നിഷ്‌ഠ. ആദിമജനവര്‍ഗങ്ങളുടെ ഇടയില്‍ ബഹുഭാര്യാത്വം നിലനിന്നിരുന്നു. കാലാന്തരത്തില്‍ മനുഷ്യന്‍ സാംസ്‌കാരികമായി പുരോഗമിച്ചപ്പോള്‍ ഒരു പുരുഷന്‌ ഒരു സ്‌ത്രീ എന്ന സങ്കല്‍പത്തിന്‌ പ്രാധാന്യം ലഭിക്കുവാന്‍ തുടങ്ങി. പരസ്‌ത്രീഗമനം പാപമാണെന്നുവരെ മതങ്ങള്‍ സിദ്ധാന്തിക്കുവാനിടയായത്‌ ഈ സങ്കല്‍പത്തിന്റെ പശ്ചാത്തലത്തിലാണ്‌. ക്രിസ്‌തുമതമാണ്‌ ഇക്കാര്യത്തില്‍ മുന്നില്‍ നില്‌ക്കുന്നത്‌. (ഉല്‌പ. 2:24; സദൃ. 31-10-31). കത്തോലിക്കാമത സിദ്ധാന്തമനുസരിച്ച്‌ ഭാര്യ ജീവിക്കുമ്പോള്‍ എത്രതന്നെ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കിലും വിവാഹമോചനമോ പുനര്‍വിവാഹമോ നിഷിദ്ധമാണ്‌.

ബഹുഭാര്യാത്വവും ബഹുഭര്‍ത്തൃത്വവും ഇന്ന്‌ സമൂഹത്തില്‍ അനാശാസ്യമായ ഏര്‍പ്പാടായിട്ടാണ്‌ കരുതപ്പെടുന്നത്‌. നിയമപ്രകാരം ഇസ്‌ലാംമതസ്ഥര്‍ക്കു മാത്രമേ ബഹുഭാര്യാത്വം അനുവദനീയമായിട്ടുള്ളൂ. മിക്ക രാജ്യങ്ങളിലും ബഹുഭാര്യാത്വം ശിക്ഷാര്‍ഹവുമാണ്‌.

ദരിദ്രമായ സമ്പദ്‌വ്യവസ്ഥ, സ്‌ത്രീ-പുരുഷ അനുപാതം, പ്രാദേശികമായ ആചാരമര്യാദകള്‍, കുടുംബഭദ്രത തുടങ്ങിയവയായിരുന്നു ഏകഭാര്യാത്വത്തിന്റെ പിന്നിലെ പ്രരകഘടകങ്ങള്‍. സ്‌ത്രീകള്‍ വിദ്യാസമ്പന്നരായതോടെ ഏകപത്‌നീത്വമാണ്‌ തങ്ങളുടെ അന്തസ്സ്‌ ഉയര്‍ത്തുന്നതിന്‌ അനുയോജ്യമെന്നു മനസ്സിലാക്കുകയും ഏകപത്‌നീത്വത്തില്‍ ഒതുങ്ങിനില്‌ക്കാന്‍ പുരുഷന്മാര്‍ പ്രരിതരായിത്തീരുകയും ചെയ്‌തു. വനിതാവിമോചന-പ്രസ്ഥാനക്കാര്‍ ബഹുഭാര്യാത്വം നിര്‍ബന്ധിതമായും നിരോധിക്കണമെന്ന്‌ ആവര്‍ത്തിച്ച്‌ ആവശ്യപ്പെടുന്നുണ്ട്‌.

ആര്‍ഷഭാരത സങ്കല്‍പത്തില്‍ ഏകഭാര്യാത്വത്തിനും ഏകഭര്‍ത്തൃത്വത്തിനും സമുന്നതമായ സ്ഥാനം കല്‌പിച്ചിരുന്നു. പാതിവ്രത്യംപോലെ ഏകപത്‌നീത്വവും പരിപാവനമായി കരുതിയിരുന്നു എന്നതിന്‌ അനവധി ഉദാഹരണങ്ങളുണ്ട്‌. ഭാര്യയെ ഉപേക്ഷിച്ച ശ്രീരാമന്‌ അശ്വമേധയാഗം നടത്തേണ്ടിവന്നപ്പോള്‍ കുലഗുരുവായ വസിഷ്‌ഠ മഹര്‍ഷി മറ്റൊരു വിവാഹം കഴിക്കുന്നതിന്‌ അദ്ദേഹത്തെ നിര്‍ബന്ധിച്ചുവെങ്കിലും അദ്ദേഹം അതിനു വഴിപ്പെട്ടില്ല. ഏകപത്‌നീവ്രതത്തിലുള്ള അചഞ്ചലമായ വിശ്വാസം പ്രകടമാക്കിക്കൊണ്ട്‌ സീതാദേവിയുടെ ഒരു സ്വര്‍ണപ്രതിമ ഉണ്ടാക്കി തന്റെ വാമഭാഗത്തു പ്രതിഷ്‌ഠിച്ചിട്ടാണ്‌ ശ്രീരാമന്‍ യാഗം പൂര്‍ത്തിയാക്കിയത്‌.

രഘുവംശരാജാക്കന്മാരുടെ കഥപറയുന്ന കാളിദാസന്‍ തന്റെ പ്രിയതമ നഷ്‌ടപ്പെട്ടതില്‍ മനംനൊന്തുകേഴുന്ന അജനെ അവതരിപ്പിച്ചിരിക്കുന്നതില്‍ക്കൂടി ഏകപത്‌നീ വ്രതത്തിന്റെ മാഹാത്മ്യത്തെയാണ്‌ ഉദ്‌ഘോഷിച്ചിരിക്കുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍