This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏകതത്ത്വവാദം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഏകതത്ത്വവാദം
Monism
പ്രപഞ്ചസത്യത്തിന്റെ ഏകത്വത്തെ അഥവാ ഐക്യത്തെ പ്രതിപാദിക്കുന്ന സിദ്ധാന്തം. നിരവധിയായി കാണപ്പെടുന്ന പ്രാപഞ്ചിക പ്രതിഭാസങ്ങളെ ഒരു തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കുവാന്‍ സാധിക്കുമെന്ന് ഈ സിദ്ധാന്തം പ്രസ്താവിക്കുന്നു.
മനുഷ്യന് ചിന്തിക്കാന്‍ തുടങ്ങിയതു മുതല്‍ ഈ പ്രപഞ്ചത്തില്‍ എത്ര വസ്തുക്കളുണ്ട്, എത്രതരം വസ്തുക്കളുണ്ട് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ആത്യന്തികമായി ഒരു വസ്തുവേയുള്ളൂ, അഥവാ നിരവധി വസ്തുക്കള്‍ കാണപ്പെടുന്നുവെങ്കില്ത്തന്നെയും അടിസ്ഥാനപരമായി ഒരു വസ്തുവേയുള്ളൂ എന്നാണ് ഈ ചോദ്യങ്ങള്‍ക്കുള്ള ഒരു ഉത്തരം. ഇതാണ് ഏകതത്ത്വവാദം എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതിനെതിരായിട്ടുള്ള സിദ്ധാന്തമാണ് ബഹുതത്ത്വവാദം. പ്രപഞ്ചത്തില്‍ നിരവധി വസ്തുക്കളുണ്ടെന്നും അവ നിരവധി തരത്തിലുള്ളവയാണെന്നും നിരവധി ആത്യന്തിക തത്ത്വങ്ങളുടെ അടിസ്ഥാനത്തിലേ അവയെ വ്യാഖ്യാനിക്കുവാന്‍ സാധിക്കുകയുള്ളൂ എന്നും ഇതു സിദ്ധാന്തിക്കുന്നു.
പ്രപഞ്ചവൈവിധ്യത്തിന്റെ അടിസ്ഥാനമായി ഒരു "ഏകതത്ത്വം' ഉണ്ടെന്ന് പ്രാചീനഅയോണിയന് ചിന്തകര്‍ വിശ്വസിച്ചിരുന്നു. "ജലം' ആണ് ഈ തത്ത്വമെന്ന് തേയില്സ് പറഞ്ഞു. "വായു' ആണെന്ന് അനാക്സിമീനസ്സും "സംഖ്യ' ആണെന്ന് പൈത്തഗോറസ്സും വാദിച്ചു. ലോകമതങ്ങളുടെ ചരിത്രത്തിലും ഈ പ്രവണത ദൃശ്യമാണ്. ബഹുദൈവവിശ്വാസത്തില്‍നിന്ന് ഏകദൈവ വിശ്വാസത്തിലേക്കുള്ള പ്രയാണമാണ് മതങ്ങളിലെ ദൈവസങ്കല് പത്തിലുള്ള പുരോഗതി.
പുരാതന ഭാരതത്തിലെ ചില ഋഷിമാരുടെ സങ്കല്പമനുസരിച്ച് പരമയാഥാര്‍ഥ്യം ഏകതത്ത്വം ആയിരുന്നു. അത് അനസ്ഥിരവും (unchanging) അവിഭാജ്യവും (indivisible) അവ്യത്യസ്തവും (undifferentiated) ആണ്. അവര്‍ അതിനെ "തദേകം' (That One) എന്നു വിളിച്ചു. യവന ചിന്തകനായ പാര്മണൈഡ്സിന്റെ സമഗ്ര പ്രപഞ്ചസിദ്ധാന്തവും ഏറെക്കുറെ വേദകാലത്തെ ഋഷിമാരുടെ സങ്കല്പത്തിനു സദൃശമാകുന്നു. പാശ്ചാത്യതത്ത്വചിന്തകനായ ഹെഗല്‍ ഏകതത്ത്വവാദിയാകുന്നു. എന്തെന്നാല്‍, മൗലികമായി ഒരേ ഒരു വസ്തു മാത്രമേ ഉള്ളുവെന്നും ആ വസ്തു അഭൗതികമാണെന്നുമാണ് ഹെഗലിന്റെ നിലപാട്.
ചരിത്രം. പരിമിതമായ അര്‍ഥത്തില്‍ "മോണിസം' എന്ന പദം പാശ്ചാത്യതത്ത്വശാസ്ത്രത്തില്‍ ആദ്യമായി ഉപയോഗിച്ചത് ക്രിസ്റ്റ്യന്‍ വൂള്‍ഫ് (1679-1754) ആയിരുന്നു. വസ്തുക്കളെല്ലാം ഭൗതികമാണെന്നോ അവയെല്ലാം മാനസികമാണെന്നോ ഉള്ള സിദ്ധാന്തത്തെ സൂചിപ്പിക്കാനായിരുന്നു വൂള്‍ഫ് ഈ പദം ഉപയോഗിച്ചത്. അതായത്, യാഥാര്‍ഥ്യം ഭൗതികം മാത്രമാണ് എന്നു പറയുന്നതും (ഉദാ. പാശ്ചാത്യഭൗതികവാദികളുടെയും ഭാരതീയ ലോകായതന്മാരുടെയും അഭിപ്രായം) അത് മാനസികം മാത്രമാണ് എന്നു പറയുന്നതും (ഉദാ. ബാര്‍ക്ക്ലിയുടെ മാനസവാദവും ചില ഭാരതീയ വിജ്ഞാനവാദങ്ങളും) ഏകതത്ത്വവാദമത്ര.
പിന്നീട് ഭൗതിക-മാനസിക അനന്യതാ സിദ്ധാന്തത്തെ (Doctrine of identity of mind and matter) വിവക്ഷിക്കാനായി "മോണിസം' എന്ന പദം ഉപയോഗിക്കപ്പെട്ടു. മാനസികത്തിന്റെയും ഭൗതികത്തിന്റെയും താദാത്മ്യത്തെ സൂചിപ്പിക്കുന്ന ഈ സിദ്ധാന്തം ആദ്യം വ്യക്തമായി പ്രസ്താവിച്ചത് സ്പിനോസ ആയിരുന്നു. മനസ്സും ശരീരവും ഒരേ വസ്തുവിന്റെ പ്രകാരങ്ങള്‍ (modes) മാത്രമാണെന്ന് ഇദ്ദേഹം പറഞ്ഞു. മാനസികത്തെ ശാരീരികമായോ ശാരീരികത്തെ മാനസികമായോ മാറ്റുക സാധ്യമല്ലെങ്കിലും അവയുടെ അടിസ്ഥാനതത്ത്വമായ "വസ്തു' (Substance) ആയി രണ്ടിനെയും പരിവര്‍ത്തനം ചെയ്യിക്കാനാവുമെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. 19-ാം ശതകത്തില്‍ പ്രധാനമായും ഹെഗേലിയന്‍ തത്ത്വശാസ്ത്രമാണ് "മോണിസ'മായി അറിയപ്പെട്ടിരുന്നത്.
ജ്ഞാനമീമാംസീയ ഏകതത്ത്വവാദം (Epistemological Monism). 20-ാം ശതകത്തിലെ ഒരു പ്രമുഖ തത്ത്വശാസ്ത്രശാഖയാണ് നവയാഥാര്ഥ്യവാദം (Neo Realism). തത്ത്വശാസ്ത്രത്തെ ശാസ്ത്രീയമാക്കുക എന്നതായിരുന്നു നവയാഥാര്‍ഥ്യവാദികളുടെ പ്രധാന ലക്ഷ്യം.
നവയാഥാര്‍ഥ്യവാദികളുടെ ജ്ഞാനമീമാംസ ഈ നൂറ്റാണ്ടിലെ പുതിയ ഏകതത്ത്വമാകുന്നു. ബാഹ്യവസ്തുക്കളെപ്പറ്റി നമുക്ക് അറിവ് ലഭിക്കുന്നത് ആ വസ്തുക്കള്‍ മനസ്സില്‍ പ്രതിഫലിപ്പക്കുന്ന "ആശയ'ങ്ങളിലൂടെയാണെന്നാണ് യാഥാര്‍ഥ്യ വാദികള്‍ കരുതിയിരുന്നത്. ഈ അഭിപ്രായത്തിനു കടകവിരുദ്ധമാണ് നവയാഥാര്‍ഥ്യവാദികളുടെ ജ്ഞാനമീമാംസ. ഇവിടെ ബാഹ്യപ്രപഞ്ചമെന്നും അതിന്റെ പ്രതിഫലനമായ ആശയപ്രപഞ്ചമെന്നും രണ്ട് യാഥാര്‍ഥ്യങ്ങള്‍ ഇല്ല. ബാഹ്യപ്രപഞ്ചത്തെ യാതൊരു മാറ്റവുമില്ലാതെ അതിന്റെ തനിരൂപത്തില്ത്തന്നെയാണ് നാം അറിയുന്നത്. ഒരു പുഷ്പത്തെ നാം കാണുമ്പോള്‍ "പുഷ്പം' എന്ന ബാഹ്യവസ്തുവും പുഷ്പത്തെപ്പറ്റി നമുക്കുലഭിക്കുന്ന "ആശയ' വും ഒന്നു തന്നെയാണെന്ന് നവയാഥാര്ഥ്യവാദിയായ പെറി പറയുന്നു. നിറം, ആകൃതി, വലുപ്പം, ദൂരം എന്നിവയിലൊക്കെ വസ്തുവും ആശയവും ഒന്നുതന്നെ. ഈ ജ്ഞാനസിദ്ധാന്തത്തെയാണ് ജ്ഞാനമീമാംസീയ-ഏകതത്ത്വവാദം എന്ന് പറയുന്നത്. വളരെയേറെ വിമര്‍ശനങ്ങള്‍ക്കു പാത്രമായിത്തീര്‍ന്ന ഒരു സിദ്ധാന്തമാണ് ജ്ഞാനമീമാംസീയ ഏകതത്ത്വവാദം. ഈ സിദ്ധാന്തം ശരിയാണെങ്കില്‍ ലൗകിക വ്യാപാരത്തില്‍ അഥവാ ദൈനംദിനാനുഭവങ്ങളില്‍ "തെറ്റ്' (error) എങ്ങനെയുണ്ടാകുന്നുവെന്ന് ചോദിച്ചുകൊണ്ടാണ് വിമര്‍ശകര്‍ ഇതിനെ വെല്ലുവിളിച്ചത്.
നിഷ്പക്ഷ-ഏകതത്ത്വവാദം (Neutral Monism). 20-ാം ശതകത്തിന്റെ ആദ്യദശകങ്ങളില്‍ ഒരു പുതിയ "ഏകതത്ത്വവാദം' ആവിര്‍ഭവിച്ചു. അതാണ് "നിഷ്പക്ഷ ഏകതത്ത്വവാദം'. വില്യം ജയിംസാണ് അതിന്റെ പ്രണേതാവ്. ബെര്‍ട്രന്‍ഡ് റസ്സലും ഈ സിദ്ധാന്തത്തെ കുറെയൊക്കെ സ്വീകരിച്ചിരുന്നു. 1911-ല്‍ പ്രസിദ്ധപ്പെടുത്തിയ തത്ത്വശാസ്ത്ര പ്രശ്നങ്ങള്‍ (The Problems of Philosophy) എന്ന ഗ്രന്ഥത്തില്‍ പ്രത്യക്ഷജ്ഞാനത്തെ ബോധം, ഇന്ദ്രിയദത്തങ്ങള് അഥവാ ഇന്ദ്രിയവസ്തുക്കള്, ബാഹ്യവസ്തു എന്നിങ്ങനെ മൂന്ന് ഘടകങ്ങളായി റസ്സല്‍ അപഗ്രഥിച്ചു. ഇന്ദ്രിയ ദത്തങ്ങളിലൂടെ മാത്രമാണ് ബാഹ്യവസ്തുവിനെപ്പറ്റി നാം ബോധവാന്മാരാകുന്നത് എന്ന് ഇദ്ദേഹം പറഞ്ഞു. ബാഹ്യവസ്തുവെന്ന് നാം അറിയുന്നത് യഥാര്‍ഥത്തില്‍ ബാഹ്യലോകത്തില്‍ സ്ഥിതിചെയ്യുന്ന വസ്തു തന്നെയോ എന്ന കാര്യത്തില്‍ റസ്സല്‍ സംശയം ഉന്നയിക്കുന്നു. പഞ്ചേന്ദ്രിയദത്തങ്ങളിലൂടെ രൂപപ്പെടുത്തിയെടുക്കുന്ന ഒരു യൗക്തിക-നിര്‍മിതി (logical construction) മാത്രമാണ് "ബാഹ്യവസ്തു' എന്നത്ര ഇദ്ദേഹത്തിന്റെ നിഗമനം. അമേരിക്കന്‍ നവയാഥാര്‍ഥ്യവാദികളുടെ സ്വാധീനതയില്‍പ്പെട്ട് റസ്സല്‍ തന്റെ നിലപാട് പുനഃപരിശോധിച്ച് 1921-ല്‍ മനസ്സിന്റെ അപഗ്രഥനം (The Analysis of Mind) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഈ ഗ്രന്ഥത്തിലാണ് റസ്സല്‍ തന്റെ നിഷ്പക്ഷ ഏകതത്ത്വവാദം ഉന്നയിച്ചത്. ഇന്ദ്രിയ ദത്തങ്ങള്‍ അഥവാ ഇന്ദ്രിയ വസ്തുക്കള്‍ കേവലം "സംവേദനങ്ങള്‍' (sensations) മാത്രമാണെന്നും ഈ സംവേദനങ്ങള്‍ മാനസികലോകത്തിനും ഭൗതികലോകത്തിനും പൊതുവായുള്ളതാണെന്നും എന്നാല്‍ അവ മാനസികമോ ഭൗതികമോ അല്ലെന്നും ഇദ്ദേഹം സിദ്ധാന്തിച്ചു. സംവേദനങ്ങള്‍ നിഷ്പക്ഷസത്തകള് (neutral entities) ആണെന്ന് ഇദ്ദേഹം പ്രസ്താവിക്കുന്നു. യാഥാര്‍ഥ്യം ഭൗതികമോ മാനസികമോ അല്ലാത്തതിനാല്‍ "നിഷ്പക്ഷ'വും യാഥാര്‍ഥ്യത്തിന്റെ ആത്യന്തിക ഘടകങ്ങള്‍ ഒരു രീതിയില്‍ത്തന്നെ ഉള്ളതാകകൊണ്ട് "ഏകാത്മ'കവും ആകുന്നു. മാനസികമോ ഭൗതികമോ അല്ലാത്ത ഒരേ രീതിയിലുള്ള സംവേദനങ്ങള്‍ എന്ന ഘടകങ്ങള്‍ ചേര്‍ന്നാണ് ഭൗതികവസ്തുക്കളും മാനസിക പ്രതിഭാസങ്ങളും ഉണ്ടാകുന്നത്. റസ്സലിന്റെ ഈ നിഷ്പക്ഷ ഏകതത്ത്വവാദവും പില്ക്കാലത്ത് ഏറെ വിമര്‍ശനത്തിനു വിധേയമായിട്ടുണ്ട്. പ്രപഞ്ചപ്രതിഭാസങ്ങളെ ഒരൊറ്റ പ്രതിഭാസമായി ന്യൂനീകരിക്കുന്നതും വിവിധ പ്രതിഭാസങ്ങളെ ഒരൊറ്റ തത്ത്വംകൊണ്ട് വ്യാഖ്യാനിക്കുന്നതും യാഥാര്‍ഥ്യത്തെ സാകല്യേന വീക്ഷിക്കുന്നതുമൊക്കെ മോണിസത്തില്‍ ഉള്‍പ്പെടുന്നു.
(ഡോ. കെ. വേലായുധന് നായര്‍; സ.പ.)