This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എറ്റ്ന
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എറ്റ്ന
Etna
സിസിലിയുടെ കിഴക്കേതീരത്തുള്ള ഒരു സജീവ അഗ്നിപര്‍വതം. 37ബ്ബ 46' വടക്ക് 15ബ്ബ 0' കിഴക്ക്. സിസിലിയിലെ ജനങ്ങള്‍ ഈ പര്‍വതത്തെ "മോങ്ഗിബെലോ' എന്നുവിളിക്കുന്നു. 3,263 മീ. പൊക്കമുള്ള (1971) എറ്റ്ന യൂറോപ്പിലെ സജീവ അഗ്നിപര്‍വതങ്ങളില്‍ ഏറ്റവും ഉയരംകൂടിയതാണ്. സജാതീയങ്ങളായ ഇതര അഗ്നിപര്വതങ്ങളുടേതുപോലെ എറ്റ്നയുടെ ഉയരത്തിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. 540 ലക്ഷം വര്‍ഷം പഴക്കമുള്ള ഇയോസീന്‍ മണല്‍ക്കല്ലുകളും ചുണ്ണാമ്പുകല്ലുകളുമാണ് ഈ പര്‍വതത്തിന്റെ അടിത്തറയിലുള്ളത്. ഇവയ്ക്കുമുകളില്‍ പ്ലീസ്റ്റോസീന്‍ ഘട്ടത്തിലേതായ മാള്‍, പ്ലാസ്റ്റിക്-കളിമണ്ണ് തുടങ്ങിയ ശിലാപടലങ്ങളുണ്ട്. 70 ലക്ഷംവര്ഷത്തിലേറെ പ്രായമില്ലാത്ത ഈ ശിലകള്‍ പ്രാക്കാലത്ത് സമുദ്രാന്തരിതമായിരുന്നുവെന്നു തെളിയിക്കപ്പെട്ടിരിക്കുന്നു. ഭൂവിജ്ഞാനപരമായ ലക്ഷ്യങ്ങള്‍ സൂചിപ്പിക്കുന്നത് എറ്റ്ന 25 ലക്ഷം വര്‍ഷംമുമ്പ്, ടെര്‍ഷ്യറി യുഗത്തിന്റെ അന്ത്യപാദംമുതല്ക്കേ സജീവമായി തുടര്ന്നുപോരുന്നുവെന്നതാണ്.
കുറഞ്ഞപക്ഷം രണ്ടു വിലമുഖങ്ങളെങ്കിലും ഇതിനുണ്ട്. പാര്ശ്വികവിലമുഖങ്ങളിലൂടെ ഉദ്ഗാരങ്ങളുണ്ടായി രൂപം കൊണ്ടതെന്നു കരുതാവുന്ന സ്തൂപാകാരങ്ങളായ മലകള്‍ പര്‍വതസാനുക്കളില്‍ നിരവധിയാണ്. ഇപ്പോഴത്തെ പര്‍വതം മേല്‍സൂചിപ്പിച്ച രണ്ടു വിലമുഖങ്ങളിലൂടെ ഉണ്ടായ ലാവാപ്രവാഹത്തിന്റെയും അഗ്നിപര്വതപ്രവര്ത്തനത്തിന്റെ ഭാഗമായ അധിവര്ധനത്തിന്റെയും ഫലമായി രൂപംകൊണ്ടതാണ്. പ്രധാനപര്വതത്തിന്റെ കിഴക്കുഭാഗത്ത് അടിവാരത്തായി കാണുന്ന അഗാധമായ ചുരം പ്രവര്‍ത്തനം നിലച്ച മറ്റൊരു വിലമുഖമാണ്. വാലിദെന് ബോവെ എന്നുവിളിക്കുന്ന ഈ ചുരത്തിന്റെ വ്യാസം 5 കി.മീറ്ററും താഴ്ച 600 മുതല്‍ 1,200 വരെ മീറ്ററുമാണ്. 1669-ലെ സ്ഫോടനത്തില്‍ പ്രധാന പര്‍വതത്തിന്റെ ശീര്‍ഷം ഇടിഞ്ഞുതാണതിന്റെ ഫലമായി 2,440 മീറ്റര്‍ വ്യാസമുള്ള ഒരു ക്രറ്റര്‍ തടാകം സൃഷ്ടിക്കപ്പെട്ടു. അതിനുശേഷം 1955-ല്‍ മാത്രമാണ് പര്വതശീര്ഷത്തില് നിന്നും ഉദ്ഗാരം ഉണ്ടായിട്ടുള്ളത്. 20-ാം നൂറ്റാണ്ടിലെ മറ്റെല്ലാ സ്ഫേടനങ്ങളുംതന്നെ പര്‍വതത്തിന്റെ പാര്‍ശ്വങ്ങളിലുള്ള വിലമുഖങ്ങളിലൂടെയായിരുന്നു. 1971-ലുണ്ടായ താരതമ്യേന ദുര്‍ബലമായ സ്ഫോടനം ആദ്യം ശീര്ഷഭാഗത്തു നിന്നായിരുന്നുവെങ്കിലും പിന്നീട് വിലമുഖത്തിന്റെ സ്ഥാനം പര്‍വതത്തിന്റെ ചരിവിലേക്ക് മാറുകയുണ്ടായി.
ചരിത്രം. "ഞാന്‍ എരിയുന്നു' എന്നര്‍ഥംവരുന്ന എയ്റ്റ്നേ(Aitne) എന്ന ഗ്രീക്കുപദത്തില്‍നിന്നാണ് "എറ്റ്ന'യുടെ നിഷ്പത്തി. ഈ പര്‍വതത്തെ സംബന്ധിച്ച പല ഐതിഹ്യങ്ങളും യവനര്ക്കിടയില് പ്രചരിച്ചിരുന്നു. പര്‍വതത്തിനടിയില്‍ ശയിക്കുന്ന ടൈഫോണ്‍ എന്ന രാക്ഷസന് ഇടംവലം തിരിയുന്നതുമൂലമാണ് എറ്റ്നാ മേഖലയില്‍ ഭൂചലനം ഉണ്ടാകുന്നതെന്ന് അവര്‍ വിശ്വസിച്ചിരുന്നു. യുദ്ധദേവനായ ഫിഫെസ്റ്റസ്സി (വള്‍ക്കന്‍)ന്റെ ഉലയാണ് ഈ അഗ്നി പര്‍വതമെന്നും പര്‍വതത്തിന്റെ അന്തര്‍ഭാഗം "സൈക്ലോപ്സ്' എന്നറിയപ്പെട്ടിരുന്ന ഒറ്റക്കണ്ണുള്ള രക്ഷസ്സുകളുടെ താവളമാണെന്നും മറ്റും വിശ്വസിക്കപ്പെട്ടിരുന്നു. പ്രാചീനകവികളുടെ രചനകളില്‍ എറ്റ്നയുടെ സ്ഫോടനം സംബന്ധിച്ച പ്രതിപാദ്യങ്ങള്‍ കാണാം. ബി.സി. 1500 മുതല്‍ എ.ഡി. 1971 വരെയുള്ള കാലത്തിനിടയില്‍ 109 സ്ഫോടനങ്ങളുണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1669-ലാണ് അറിയപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും വിനാശകരമായ സ്ഫോടനം ഉണ്ടായത്. ഇതിന്റെ ഫലമായി കാറ്റാന്യ നഗരത്തിന്റെ പശ്ചിമാര്ധവും പന്ത്രണ്ടോളം ഗ്രാമങ്ങളും പൂര്‍ണമായും നശിച്ചു.
സാമ്പത്തികപ്രാധാന്യം. എറ്റ്നയുടെ സാനുപ്രദേശങ്ങള് സാമാന്യം ജനസാന്ദ്രമായ അധിവാസമേഖലകളാണ്. ആണ്ടില്‍ അഞ്ചു തവണയോളം വിളവിറക്കാമെന്ന പ്രത്യേകത ഇവിടത്തെ നിലങ്ങള്ക്കുണ്ട്. മുന്തിരി, ഒലിവ്, നാരകം, ചെറി, ആപ്പിള്‍, പിസ്റ്റാഷ്യോ, ഹാസെല്‍നട്ട് തുടങ്ങിയ ഫലവര്‍ഗങ്ങളാണ് ഇവിടത്തെ മുഖ്യവിളകള്‍. ചെസ്റ്റ്നട്ട്, ബീച്ച്, ഓക്, പൈന്‍, ബെര്‍ച്ച് തുടങ്ങിയ നാണ്യവൃക്ഷങ്ങള് സമൃദ്ധമായി വളരുന്നു.
19-ാം ശതകത്തില്ത്തന്നെ എറ്റ്നയെ സംബന്ധിച്ച ശാസ്ത്രീയപഠനങ്ങള്‍ ആരംഭിച്ചു. ഇതിനായി കാറ്റാന്യ, കാസാഎറ്റ്നാ, കാന്റനീറ എന്നിവിടങ്ങളില്‍ നിരീക്ഷണനിലയങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഹാഡ്രിയന്‍ ചക്രവര്‍ത്തിയുടെ പര്‍വതാരോഹണത്തിന്റെ സ്മാരകമായി റോമാക്കാര്‍ പണിയിച്ചിരുന്ന ഫിലസോഫോ മന്ദിരം ഇപ്പോള്‍ ജീര്‍ണാവസ്ഥയിലാണ്. അഗ്നിപര്‍വത വിജ്ഞാനത്തിന് മുതല്‍ക്കൂട്ടുകളായി തീര്‍ന്നിട്ടുള്ള പല പഠനങ്ങളും എറ്റ്നയെ കേന്ദ്രീകരിച്ചാണ് നടന്നിട്ടുള്ളത്. നോ. അഗ്നിപര്‍വതം; അഗ്നിപര്‍വത വിജ്ഞാനം