This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എമൈറ്റോസിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എമൈറ്റോസിസ്‌

Amitosis

ക്രാമസോമുകള്‍ രൂപപ്പെടാതെ സംഭവിക്കുന്ന(direct type) കോശവിഭജനം, എമൈറ്റോസിസ്‌ പലതരത്തില്‍ നടക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌. ദീര്‍ഘമായിത്തീരുന്ന കോശമര്‍മത്തിന്റെ മധ്യഭാഗത്തായി ഒരു ഇടുങ്ങിയ ഭാഗം (constriction) രൂപംകൊള്ളുകയും അതു വലുതാകുന്നതോടെ കോശമര്‍മം രണ്ടായി വിഭജിക്കുകയും ചെയ്യുന്നതാണ്‌ ഒരിനം. പാരമേഷിയം എന്ന സൂക്ഷ്‌മജീവിയുടെ "മെഗാന്യൂക്ലിയസ്‌' ബഹുകോശജീവികളിലെ(Metazoa)ശ്വേതരക്താണുക്കള്‍ (leucocytes)എന്നിവ വിഭജിക്കപ്പെടുന്നത്‌ ഈവിധമുള്ള എമൈറ്റോസിസ്‌ മൂലമാകുന്നു. ഒരു "ന്യൂക്ലിയര്‍ പ്ലേറ്റി'ന്റെ രൂപീകരണംമൂലം കോശവിഭജനമുണ്ടാകുന്നതും അപൂര്‍വമല്ല. ഇതും എമൈറ്റോസിസില്‍പ്പെടുന്നു. കോശമര്‍മത്തിനുള്ളിലായി കാണപ്പെടുന്ന ഒരു കേന്ദ്രവസ്‌തു (central body)വുമായി ബന്ധപ്പെട്ടതാണു മറ്റൊരിനം എമൈറ്റോസിസ്‌. ഈ കേന്ദ്രവസ്‌തു കോശമര്‍മത്തിനുചുറ്റും വലയാകൃതിയില്‍ വളര്‍ന്നെത്തി അതിനെ രണ്ടായി മുറിക്കുന്നു. യൂറഡീലുകളുടെ (Amphibia)"സ്‌പെര്‍മാറ്റഗോണിയ'ത്തിനുള്ളില്‍ പ്രാഥമിക ബീജകോശം(primitive male germ cell) കാണപ്പെടുന്നത്‌ ഇതിനുദാഹരണമായിപ്പറയാം.

പല പ്രാട്ടസോവകളിലും കോശമര്‍മം വിഭജിക്കപ്പെടുന്നത്‌ എമൈറ്റോസിസ്‌ മൂലമാണെന്നു കരുതപ്പെടുന്നു. ഉദാ. സീലിയേറ്റകളിലെ മെഗാന്യൂക്ലിയസ്സിന്റെ വിഭജനം. ശ്വേതരക്താണുക്കള്‍, ഇന്‍സെക്‌റ്റുകളുടെ ഭ്രൂണചര്‍മങ്ങള്‍, അധിപീതകാണ്ഡങ്ങളിലെ പെരിബ്ലാസ്റ്റ്‌ കോശങ്ങള്‍, ഇന്‍സെക്‌റ്റുകളുടെ വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന (developing)അണ്ഡങ്ങളിലെ ഫോളിക്കിള്‍ കോശങ്ങള്‍ തുടങ്ങിയവയിലെ വിഭജനം മെറ്റസോവകളിലെ എമൈറ്റോട്ടിക്‌ കോശവിഭജനത്തിന്‌ ഉദാഹരണങ്ങളാണ്‌.

ലാളിത്യത്തില്‍നിന്നു സങ്കീര്‍ണതകളിലേക്കു കടക്കാനുള്ള പ്രവണത പരിണാമത്തിന്റെ ഓരോ ഘട്ടത്തിലും കാണാം. ലളിതമായ എമൈറ്റോട്ടിക്‌ കോശവിഭജനത്തില്‍നിന്നാണ്‌ ഏറെ സങ്കീര്‍ണമായ മൈറ്റോട്ടിക്‌ വിഭജനം ഉരുത്തിരിഞ്ഞത്‌ എന്നു കരുതുന്ന ശാസ്‌ത്രജ്ഞന്മാര്‍ കുറവല്ല. എന്നാല്‍ വാന്‍ ബെനഡന്‍, സീഗ്ലര്‍, ഫ്‌ളെമിങ്‌ എന്നിവരുടെ വാദഗതി മറ്റൊരുതരത്തിലാണ്‌. മൈറ്റോട്ടിക്‌ കോശവിഭജനത്തില്‍നിന്നു രൂപമെടുത്തതാണ്‌ എമൈറ്റോസിസ്‌ എന്ന്‌ ഇവര്‍ വിശ്വസിക്കുന്നു. തികച്ചും വിശേഷവത്‌കൃതമായ കോശങ്ങളിലോ, ജീര്‍ണിച്ച കോശങ്ങളിലോ മാത്രം എമൈറ്റോസിസ്‌ കാണപ്പെടുമ്പോള്‍ മറ്റെല്ലാ സാധാരണകോശങ്ങളിലും മൈറ്റോസിസ്‌ ആണു കോശവിഭജനമാര്‍ഗം എന്ന വസ്‌തുത ഈ വാദഗതിക്ക്‌ ഉപോദ്‌ബലകമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ജീവസ്സുറ്റതും പുനരുത്‌പാദനശേഷിയുള്ളതുമായ എല്ലാ കോശങ്ങളിലും മൈറ്റോസിസ്‌ ആണ്‌ സാധാരണ കോശവിഭജനമാര്‍ഗം.

മീന്‍മുട്ടകളില്‍ തുടര്‍ച്ചയായ കോശവിഭജനഫലമായി രണ്ടുതരം കോശങ്ങളുണ്ടാകുന്നു. മധ്യഭാഗത്ത്‌ ഒരു പന്തുപോലെ കാണപ്പെടുന്ന ഭ്രൂണകോശങ്ങളും അവയുടെ ചുറ്റിനുമുള്ള പെരിബ്ലാസ്റ്റ്‌ കോശങ്ങളും. ഇവ മൈറ്റോസിസ്‌മൂലം രൂപമെടുക്കുന്നവയാണ്‌. എന്നാല്‍ പെരിബ്ലാസ്റ്റ്‌ കോശങ്ങള്‍ ഭ്രൂണകോശങ്ങളെ വലയം ചെയ്‌തശേഷം എമൈറ്റോട്ടിക്‌ വിഭജനത്താല്‍ വര്‍ധിക്കാനാരംഭിക്കുന്നു. മൈറ്റോസിസില്‍ നിന്നുമാണ്‌ എമൈറ്റോസിസിന്റെ ഉദ്‌ഭവം എന്ന തന്റെ സിദ്ധാന്തത്തിനു മറ്റൊരു തെളിവായി സീഗ്ലര്‍ ഇതു ചൂണ്ടിക്കാട്ടുന്നു.

സീലിയേറ്റകളില്‍ മൈക്രാന്യൂക്ലിയസ്‌ മൈറ്റോസിസ്‌ മൂലവും മാക്രാന്യൂക്ലിയസ്‌ എമൈറ്റോസിസ്‌ മൂലവുമാണു വിഭജിക്കപ്പെടുന്നത്‌. മാക്രാന്യൂക്ലിയസ്‌ ഇടയ്‌ക്കു നശിക്കുന്നതായും വീണ്ടും രൂപംകൊള്ളുന്നതായും കാണാന്‍കഴിയും. എമൈറ്റോസിസ്‌ യഥാര്‍ഥ കോശവിഭജന മാര്‍മല്ലെന്നും പ്രത്യുത കോശങ്ങളുടെ ജീര്‍ണതയെയോ, അധികരിച്ച കോശമര്‍മോപരിതലം മൂലമുണ്ടാകുന്ന ഉപാപചയവര്‍ധനവിനെയോ സൂചിപ്പിക്കുന്ന പ്രക്രിയമാത്രമാണെന്നുമുള്ള നിഗമനത്തിലെത്താന്‍ ഫ്‌ളെമിങ്ങിന്‌ ഈ നിരീക്ഷണങ്ങള്‍ സഹായകമായി. എമൈറ്റോസിസിന്റെ ദ്വിതീതീയോദ്‌ഭവ' സിദ്ധാന്തത്തിന്‌ ഈ നിരീക്ഷണങ്ങള്‍ വഴിതെളിക്കുകയും ചെയ്‌തു.

എന്നാല്‍ മീവ്‌സ്‌, മക്‌ഗ്രഗര്‍, ചൈല്‍ഡ്‌ എന്നീ ശാസ്‌ത്രജ്ഞന്മാര്‍ മേല്‌പറഞ്ഞ സിദ്ധാന്തത്തെ ശക്തിയായി എതിര്‍ത്തവരാണ്‌. സാലമാന്‍ഡര്‍, ആംഫിയൂമ തുടങ്ങിയ ഉഭയജീവികളിലെ സ്‌പെര്‍മാറ്റഗോണിയകോശങ്ങളില്‍ എമൈറ്റോസിസ്‌ വിഭജനത്തിനുശേഷം മൈറ്റോട്ടിക്‌ വിഭജനം പുനരാരംഭിക്കുന്നതായി കാണാന്‍ കഴിഞ്ഞു. വിവിധ കശേരുകികളുടെയും അകശേരുകികളുടെയും ഭ്രൂണകോശങ്ങളിലും ഈ പ്രത്യേകത ചൈല്‍ഡ്‌ കണ്ടെത്തി. സ്വാപകൗഷധങ്ങള്‍ക്കും (narcotics) കോശങ്ങളില്‍ എമൈറ്റോട്ടിക്‌ വിഭജനത്തെ ഉത്തേജിപ്പിക്കാന്‍ കഴിയുമെന്ന്‌ മനസ്സിലാക്കപ്പെട്ടു. എന്നാല്‍ ഔഷധശക്തി തീരുന്നതോടെ മൈറ്റോട്ടിക്‌ വിഭജനം പഴയതുപോലെ തുടരുന്നതായി കാണാം.

സ്‌കില്ലറും അദ്ദേഹത്തിന്റെ അനുയായികളും ഈ സിദ്ധാന്തത്തെ എതിര്‍ക്കുന്നു. അവരുടെ അഭിപ്രായത്തില്‍ എമൈറ്റോസിസ്‌ എന്നു വ്യവഹരിക്കപ്പെടുന്നതു യഥാര്‍ഥത്തില്‍ മൈറ്റോസിസിന്റെ ഘട്ടങ്ങള്‍ തന്നെയാണ്‌. ഇതിലെ "സ്‌പിന്‍ഡില്‍' ജീര്‍ണോന്മുഖവും ക്രാമസോമുകളുടെ വിഭജനം പ്രത്യേകതരത്തിലുള്ളതും ആയിരിക്കുമെന്നുമാത്രം.

എമൈറ്റോസിസിനെതിരെയുള്ള ഏറ്റവും വലിയ ആരോപണം അതിനെക്കുറിച്ചുള്ള എല്ലാ സിദ്ധാന്തങ്ങളും "മൃതകോശ'ങ്ങളെ ആധാരമാക്കിയുള്ളവയാണ്‌ എന്നതാകുന്നു. ചൈല്‍ഡിന്റെ സിദ്ധാന്തങ്ങളെ റിച്ചെഡ്‌സ്‌ എന്ന ശാസ്‌ത്രജ്ഞന്‍ ഖണ്ഡിക്കുന്നു.

എമൈറ്റോസിസ്‌ എന്നു വിവരിക്കപ്പെടുന്നതു കോശസംയോജന(cell fusion)ത്തിന്റെ വിവിധ ഘട്ടങ്ങളായിരിക്കണം എന്നു ഡങ്കാസ്റ്റര്‍ അഭിപ്രായപ്പെടുന്നു. ബഹുകോശജീവികളില്‍ കോശസംയോജനം വളരെ സാധാരണമാണ്‌.

പാരമ്പര്യഘടകങ്ങള്‍ വിഭക്തകോശങ്ങളിലേക്ക്‌ അതേപടി സംക്രമിക്കുകയെന്ന പ്രക്രിയ എമൈറ്റോസിസില്‍ സംഭവിക്കുന്നില്ല. അതിനാല്‍ സിദ്ധാന്തപരമായി എമൈറ്റോസിസ്‌ ശരിയായ കോശവിഭജനമാര്‍ഗമാണെന്ന്‌ അംഗീകരിക്കുക വിഷമമാണ്‌.

ഫ്‌ളെമിങ്ങിന്റെ സിദ്ധാന്തങ്ങളാണ്‌ ഇന്ന്‌ ഏറ്റവും സ്വീകാര്യമായിരിക്കുന്നത്‌. കോഴിയുടെ ഭ്രൂണകോശങ്ങളില്‍ മക്‌ലിന്‍ നടത്തിയ പരീക്ഷണഫലങ്ങള്‍ ഇതിനെ പിന്താങ്ങുന്നു. എമൈറ്റോസിസ്‌മൂലം കോശമര്‍മം വിഭജിക്കപ്പെട്ടതിനെത്തുടര്‍ന്നു കോശവിഭജനം നടക്കുന്നതായി ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. ഈ കോശമര്‍മങ്ങള്‍ യോജിച്ചുണ്ടാകുന്ന പുതിയ കോശമര്‍മം മൈറ്റോസിസിനു വിധേയമായാല്‍ മാത്രമേ കോശവിഭജനം സംഭവിക്കുകയുള്ളു. ഇതും ഫ്‌ളെമിങ്ങിന്റെ സിദ്ധാന്തത്തിനു പ്രാബല്യം നല്‌കുന്നു. എങ്കിലും, തികച്ചും വിശേഷവത്‌കൃതമായ ചില കോശങ്ങളുടെ വിഭജനരീതി എമൈറ്റോസിസ്‌ ആയിരിക്കാനുള്ള സാധ്യത തീരെ നിരാകരിക്കപ്പെട്ടിട്ടില്ല. വളരെ ലളിതമായ കോശമര്‍മങ്ങളുള്ള ചില പ്രാട്ടസോവകളിലെ കോശവിഭജനമാര്‍ഗവും ഇതുതന്നെയാകാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍