This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എബ്നർ എഷന്ബാഹ്, മാരിഎ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എബ്നര്‍ എഷന്ബാഹ്, മാരിഎ
Ebner Eschenbach, Marie (1830 - 1916)
ജര്‍മന്‍ നാടകകര്ത്ത്രിയും നോവലിസ്റ്റും. എബ്നര്‍ എഷന് ബാഹ്മാരി എ ഫ്രയ്ഫ്രൗ ഫൊന്‍ എന്നും എബ്നര്‍ എഷന് ബാഹ്മാരി എ ബാനോനിന് ഫൊന്‍ എന്നും അറിയപ്പെടുന്നു. 1830 സെപ്. 13-ന് മൊറാവിയയില്‍ ഡിസ്ലാവിക് എന്ന സ്ഥലത്തു ജനിച്ചു. ചെറുപ്പത്തില്‍ത്തന്നെ മാതാവ് മരിച്ചുപോയതിനാല്‍ രണ്ടുവളര്ത്തമ്മമാരായിരുന്നു മാരിഎയെ വളര്‍ത്തിയത്. 1848-ല്‍ മോറിറ്റസ് ഫൊന്‍ എബ്നര്‍ എഷന്ബാഹ് എന്നയാളെ വിവാഹം കഴിച്ചു. ഇവര്‍ വിയന്നയിലേക്കു താമസം മാറി. ചെറുപ്പത്തില്‍ത്തന്നെ നാടകരചനയില്‍ തത്പരയായിരുന്ന മാരിഎയുടെ ആദ്യത്തെ നാടകകൃതി മാരിയാസ്റ്റു ആര്‍ട്ട് ഇന്‍ സ്കോട്ട്ലന്‍ഡ് ആണ്. ഇത് 1860-ല്‍ കാര്ല്സ് റൂഹെ തിയെറ്ററില്‍ അവതരിപ്പിച്ചെങ്കിലും വിജയമായിരുന്നില്ല. പ്രശസ്ത നിരൂപകനായിരുന്ന ഒ. ലുഡ്വിഗ് ഇതിനെ നിശിതമായി വിമര്‍ശിച്ചു. വീണ്ടും നാടകരചനയില്‍ പരീക്ഷണം നടത്തിയ മാരിഎയുടെ രണ്ടാമത്തെ നാടകമായ "മാരിഎ റോളന്ഡും' (1860) പരാജയപ്പെടുകയാണുണ്ടായത്. എന്നാല്‍ പിന്നീടു രചിച്ച "ഡോക്ടര്‍ റിറ്റര്‍' (1869), "ദസ് വാല്‍ഡ് ഫ്രാ ഉലയ്ന്' (1873) എന്നീ നാടകങ്ങളും "ഡീ ഫീല്ഷെല്' (1878) എന്ന ഏകാങ്കനാടകവും തിയെറ്ററുകളില്‍ അവതരിപ്പിക്കപ്പെടുകയും ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.
മാരിഎ തന്റെ സാഹിത്യമേഖല നാടകരചനയില്നിന്നും കഥാരചനയിലേക്കു മാറ്റി നോക്കുകയും ഈ മേഖലയില്‍ വിജയിക്കുകയും പ്രസിദ്ധി നേടുകയും ചെയ്തു.
"ഡീ പ്രിന്സെസ്സിന് ഫൊന്‍ ബനലി എന്‍' എന്ന കഥ 1872-ല്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് മാരിഎ കഥാരചനയുടെ മേഖലയിലേക്കു കടന്നുവന്നത്. ഇതിനെത്തുടര്‍ന്ന് 1875-ല്‍ എര്സാലുംഗന് എന്ന കഥാസമാഹാരവും 1876-ല്‍ ബോസെനാ, 1880-ല്‍ അഫോറിസ്മന് എന്നീ നോവലുകളും 1881-ല്‍ നു എ എര്സാലുംഗന് എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചു. "ഡീ ഫ്രയ്ഹെറെന് ഫൊന്‍ ജംപര്ലെയ്ന്' എന്ന പ്രസിദ്ധകഥ നു എ എര്സാലുംഗന് കഥാസമാഹാരത്തിലുള്പ്പെടുന്നു. 1883-ല്‍ പ്രസിദ്ധീകരിച്ച ഡോര്‍ഫ് ഉണ്ഡ് ഷ്ളോസ് ഗെഷിഹ്റ്റന് എന്ന പ്രസിദ്ധ നോവല്‍ ധനികരുടെയും ദരിദ്രരുടെയും ജീവിതത്തെ ചിത്രീകരിക്കുന്നതോടൊപ്പം അന്നത്തെ സാമൂഹികസ്ഥിതിയുടെ ഒരു കണ്ണാടി കൂടിയാണ്. 1887-ല്‍ രചിച്ച ദസ് ഗമെയ്ന് ഡെകിന്ഡ് എന്ന നോവലാണ് മാരിഎയുടെ കൃതികളില്‍ ഏറ്റവും പ്രസിദ്ധം. ഇത് 1893-ല്‍ ദ് ചൈല്‍ഡ് ഒഫ് ദ് പാരിഷ് എന്ന ശീര്‍ഷകത്തില്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 1885-ല്‍ പ്രസിദ്ധീകരിച്ച കോണ്ടസെ മ്യൂഷി എന്ന നോവലും ദറ്റു കോണ്ടസ്സസ് എന്ന ശീര്‍ഷകത്തില്‍ 1893-ല്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. നു എ ഡോര്‍ഫ് ഉന്‍ഡ് ഷ്ളോസ് ഗെഷിഹ്റ്റന് (1886) എന്ന നോവലും മിറ്റര്‍ ലെബ്റ്റസ് എന്ന കഥാസമാഹാരവും ഇക്കാലത്തു രചിച്ച പ്രധാന ഗ്രന്ഥങ്ങളാണ്. മാരിഎ രചിച്ച ലോട്ടി, ഡീ ഉര്മാക്ഹറിന് (1889), ഉന്സ്യുഹന്ബാര് (1890), ഗ്ലൗബന്സ്ലോസ് (1893), ഡ്രയ്നോവെല്ലന് (1892), റിറ്റ് മെയ്സ്റ്റര്‍ ബ്രാന്‍ഡ് (1896) എന്നീ കൃതികളും പ്രസിദ്ധങ്ങളാണ്. 80-ാം വയസ്സിനുശേഷവും മാരിഎ സാഹിത്യസപര്യതുടര്ന്നു. ഇക്കാലത്തു രചിച്ച കൃതികളില്‍ അഗാവെ (1903) എന്ന നോവലും ആല്ടെ ഷൂളെ (1897), ഔസ് സ്പാത്തെര്ബ്സ്റ്റാഗന് (1901), ആല്ട്ട് വെയ്ബര്സൊന്നെ (1909), ജന്റബില്ഡര് (1910), സ്റ്റില്ലെവെല്റ്റ് (1915) എന്നീ കഥാസമാഹാരങ്ങളും പ്രസിദ്ധങ്ങളാണ്. മെയ്നെ കിന്‍ഡര്‍ ജാറെ (1906), മെയ്നെ എറിന്നെറുംഗന് അന് ഗ്രില്പാര്സെര് (1916) എന്നീ ആത്മകഥാഗ്രന്ഥങ്ങളും മാരിഎ രചിച്ചിട്ടുണ്ട്.
ജീവിത യാഥാര്‍ഥ്യത്തെ ചിത്രീകരിക്കുന്നതോടൊപ്പം മാരിഎയുടെ കൃതികള്‍ സാമൂഹികനിരൂപണപരവുമാണ്. നിരൂപണോന്മുഖമായ ഹാസ്യാത്മകതയും മനുഷ്യരുള്‍പ്പെടെ എല്ലാ ജീവജാലങ്ങളോടുമുള്ള സഹാനുഭൂതിയും മാരിഎയുടെ കൃതികളില്‍ പ്രകടമാണ്. മാരിഎ 1916 മാ. 12-ന് വിയന്നയില്‍ അന്തരിച്ചു. മാരിഎ രചിച്ച കൃതികളുടെ സമാഹാരം സാമ്റ്റ്ലിക്ഹെ വെര്‍കെ എന്ന ശീര്‍ഷകത്തില്‍ 12 വാല്യങ്ങളിലായി 1928-ലും, ഗെസാമല്റ്റെവെര്കെ എന്ന ശീര്‍ഷകത്തില്‍ ഒന്‍പതു വാല്യങ്ങളിലായി 1961-ലും പ്രസിദ്ധീകൃതമായി.
എ. ബെറ്റല്ഹെം രചിച്ച മാരിഎ ഫൊന്‍ എബ്നര്‍ എഷന്ബാഹ് ഉണ്ഡ് യൂലിയസ് റോഡന്ബുര്ഗ് (1920), മാരി എ ഫൊന്‍ എബ്നര്‍ എഷന് ബാഹ്സ് വിര്കന് ഉണ്ഡ് ഫെര്മാഹറ്റ്നിസ് എന്നീ പഠനഗ്രന്ഥങ്ങളില് മാരിഎയുടെ സാഹിത്യസംഭാവനയെപ്പറ്റിയുള്ള സമഗ്രമായ പഠനം ഉള്‍പ്പെടുത്തിയിരിക്കുന്നു.
(കെ.കെ.എച്ച്.)