This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എക്‌ളെക്‌റ്റിസിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എക്‌ളെക്‌റ്റിസിസം

Eclecticism

വിവിധ ദര്‍ശനപദ്ധതികളില്‍ നിന്ന്‌ ആശയങ്ങളും സിദ്ധാന്തങ്ങളും സമാഹരിച്ചു സമന്വയിക്കുന്ന സമ്മിശ്രവാദം. വരണാത്മകം എന്നര്‍ഥമുള്ള എക്‌ളെക്‌റ്റിക്കോസ്‌ (Eklektikos) എന്ന ഗ്രീക്കുപദത്തില്‍നിന്നാണ്‌ എക്‌ളെക്‌റ്റിസിസത്തിന്റെ നിഷ്‌പത്തി. എല്ലാ ദര്‍ശനപദ്ധതികള്‍ക്കും ഗുണവും ദോഷവുമുണ്ടെന്നും അവയിലെ ദോഷങ്ങളെ മാറ്റി നല്ല ഭാവങ്ങളെമാത്രം സംയോജിപ്പിച്ചാല്‍ അതു ഏറ്റവും നല്ല ദര്‍ശനപദ്ധതിയായിരിക്കുമെന്നുള്ള ചിന്താഗതിയുടെ ഫലമായാണ്‌ എക്‌ളെക്‌റ്റിസിസം രൂപംകൊണ്ടത്‌.

വില്‍ബര്‍ മാര്‍ഷല്‍ അര്‍ബന്‍

പല ദര്‍ശനപദ്ധതികളെയും ഉദ്‌ഗ്രഥിച്ച്‌ സമഗ്രമായ ഒരു ദര്‍ശനം കെട്ടിപ്പടുക്കുക അസാധ്യമാണ്‌; കാരണം, വിവിധ ദര്‍ശനങ്ങളിലെ സിദ്ധാന്തങ്ങള്‍ പലതും പരസ്‌പരവിരുദ്ധങ്ങളാകുന്നു. എക്‌ളെക്‌റ്റിസിസത്തിലാകട്ടെ, അന്യോന്യവൈരുധ്യങ്ങളെ പൊരുത്തപ്പെടുത്താതെതന്നെ അവയുടെ ഘടകങ്ങളെ നിലനിര്‍ത്തുകയാണ്‌ പതിവ്‌. ഇതുതന്നെയാണ്‌ ഉദ്‌ഗ്രഥനവും സങ്കലനവും തമ്മിലുള്ള വ്യത്യാസവും.

താത്ത്വികമായി ഉദ്‌ഗ്രഥനം അസാധ്യമാണെങ്കിലും പ്രായോഗികമായി സങ്കലനം ആവശ്യമായിവരുന്നു. ഭൗതികവാദം(materialism), മാനവപ്രകൃതിവാദം (humanistic naturalism), ആശയവാദം (idealism), യാഥാര്‍ഥ്യവാദം (realism), പ്രായോഗികതാവാദം (pragmatism), അനുഭവവാദം (empiricism), അസ്‌തിത്വവാദം (existentialism) തുടങ്ങിയ ദര്‍ശനപദ്ധതികള്‍ പ്രപഞ്ചത്തെയും മനുഷ്യനെയും സംബന്ധിച്ച അടിസ്ഥാന സങ്കല്‌പങ്ങളില്‍ വ്യത്യസ്‌തങ്ങളായ വീക്ഷണഗതികള്‍ പുലര്‍ത്തുന്നു. ഭൗതികപദാര്‍ഥമാണ്‌ ആത്യന്തികസത്യമെന്നും ഇന്ദ്രിയങ്ങളിലൂടെ മാത്രമേ യാഥാര്‍ഥ്യത്തെ അറിയാന്‍ കഴിയൂ എന്നുമാണ്‌ ഭൗതികവാദത്തിന്റെ നിലപാട്‌. മാനവപ്രകൃതിവാദം സാമൂഹികപഠനങ്ങള്‍ക്കും മനഃശാസ്‌ത്രത്തിനുമാണ്‌ പ്രാധാന്യം നല്‍കുന്നത്‌. ആശയവാദികള്‍ മനസ്സ്‌, ആത്മാവ്‌, സത്യം, നന്മ, സൗന്ദര്യം തുടങ്ങിയവയെ പരമപ്രധാനമായി കരുതുന്നു. യാഥാര്‍ഥ്യവാദികളുടെ അഭിപ്രായത്തില്‍ പ്രപഞ്ചം "ബാഹ്യ'മാണ്‌; യുക്തിയാണ്‌ സത്യാന്വേഷണമാര്‍ഗം. അപഗ്രഥനവും വിമര്‍ശനവുമാണ്‌ അനുഭവവാദികള്‍ക്കു പ്രധാനം. പ്രായോഗികതാവാദികള്‍ പ്രായോഗികപരിഗണനകള്‍ക്ക്‌ പ്രാമുഖ്യം നല്‍കുന്നു. അസ്‌തിത്വവാദികളാകട്ടെ മനുഷ്യന്റെ അസ്‌തിത്വത്തിലും സന്ദിഗ്‌ധാവസ്ഥയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പലകാര്യങ്ങളിലും സമാനങ്ങളായ അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും പ്രപഞ്ചവീക്ഷണം, പ്രകൃതിയിലെ മനുഷ്യന്റെ സ്ഥാനം ജ്ഞാനസമ്പാദനമാര്‍ഗങ്ങള്‍ എന്നീ അടിസ്ഥാനവിഷയങ്ങളില്‍ വ്യത്യസ്‌തങ്ങളായ നിലപാടുകളാണ്‌ ഈ ദര്‍ശനപദ്ധതികള്‍ പുലര്‍ത്തിപ്പോരുന്നത്‌. ഈ നിലപാടുകളെല്ലാംതന്നെ ഭാഗികമായി ശരിയുമാണ്‌. സത്യത്തിന്റെ അംശം എല്ലാറ്റിലുമുണ്ട്‌; എന്നാല്‍ ഇവയെ ഏകോപിപ്പിച്ച്‌ സമഗ്രവും സമ്പൂര്‍ണവുമായ ഒരു ദര്‍ശനം കെട്ടിപ്പടുക്കുക താത്ത്വികമായും പ്രായോഗികമായും സാധ്യമല്ല; കാരണം, ഓരോ പദ്ധതിയും സുഘടിതവും സ്വയം പൂര്‍ണവുമാകുന്നു.

സി.ഐ. ലെവിസ്‌

ദാര്‍ശനികര്‍ യഥാര്‍ഥവാദികളോ ആശയവാദികളോ പ്രായോഗികതാവാദികളോ ആവാം. വില്‍ബര്‍ മാര്‍ഷല്‍ അര്‍ബന്‍, ബിയോണ്‍ഡ്‌ റിയലിസം ആന്‍ഡ്‌ ഐഡിയലിസം (1949) എന്ന ഗ്രന്ഥത്തില്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ സാധാരണ മനുഷ്യന്‍ ഒരേസമയംതന്നെ ഇതെല്ലാമാണ്‌. ഓരോ വാദത്തിന്റെയും തത്ത്വങ്ങള്‍ സാധാരണ മനുഷ്യന്‍ ഓരോ സമയത്ത്‌ അംഗീകരിക്കാറുണ്ട്‌. അവരെ സംബന്ധിച്ചിടത്തോളം പരസ്‌പരവിരുദ്ധങ്ങളല്ലാത്ത, ശാസ്‌ത്രീയമായി സുസംയോജിതങ്ങളായ, തത്ത്വസംഹിതകളല്ല പ്രധാനം. ഈ നിലപാടിന്റെ വ്യവസ്ഥാപിതരൂപമാണ്‌ എക്‌ളെക്‌റ്റിസിസം.

താത്ത്വികമേഖലയില്‍. തത്ത്വശാസ്‌ത്രത്തിലും ദൈവശാസ്‌ത്രത്തിലും ഉപബോധതലത്തിലുമൊക്കെ എക്‌ളെക്‌റ്റിക്‌ രീതി സ്വീകരിക്കുമ്പോള്‍ താത്ത്വികമായി ഒരു കെട്ടുറപ്പില്ലായ്‌മ അനുഭവപ്പെടുമെന്നും ഇത്‌ പ്രസക്തശാസ്‌ത്രങ്ങള്‍ക്കുതന്നെ ഹാനികരമാണെന്നും ഓരോ ചിന്താപദ്ധതിയുടെയും വക്താക്കള്‍ പ്രസ്‌താവിക്കാറുണ്ട്‌; എന്നാല്‍ ഇതു ശരിയല്ല. മാറിവരുന്ന പരിതഃസ്ഥിതികള്‍ക്കനുഗുണമായി തത്ത്വശാസ്‌ത്രമായാലും ദൈവശാസ്‌ത്രമായാലും മാറിയേ പറ്റൂ. ഈ വിജ്ഞാനശാഖകള്‍ കൂടുതല്‍ ശാസ്‌ത്രീയമാകുന്നത്‌ മറ്റു പദ്ധതികളില്‍നിന്ന്‌ വസ്‌തുതകള്‍ സ്വീകരിച്ച്‌ സ്വാംശീകരിക്കുമ്പോഴാണ്‌. ഏതൊരു വിജ്ഞാനശാഖയും അങ്ങനെ മാത്രമേ വളര്‍ച്ച പ്രാപിച്ചിട്ടുള്ളൂ. അതുകൊണ്ട്‌ എക്‌ളെക്‌റ്റിസിസം വളര്‍ച്ചയ്‌ക്കും വികാസത്തിനും അത്യന്താപേക്ഷിതമാണെന്നു സിദ്ധിക്കുന്നു. പൗരാണിക ഗ്രീക്ക്‌ ചിന്തകരും റോമന്‍ തത്ത്വശാസ്‌ത്രജ്ഞന്മാരും മധ്യകാല ദാര്‍ശനികരുമൊക്കെ തങ്ങളുടേതല്ലാത്ത ചിന്താപദ്ധതികളില്‍ നിന്ന്‌ ആശയങ്ങള്‍ സ്വീകരിച്ചാണ്‌ സ്വയം വളര്‍ന്നിട്ടുള്ളത്‌; തത്ത്വശാസ്‌ത്രത്തിന്റെ പുരോഗതിയും അങ്ങനെ മാത്രമേ ഉണ്ടായിട്ടുള്ളൂ. ആധുനിക കാലത്തിലെ തത്ത്വചിന്ത അപഗ്രഥിച്ചാലും ഓരോ പ്രത്യേകപദ്ധതിയിലും ഇതരപദ്ധതികളുടെ സ്വാധീനം കുറെയൊക്കെയുണ്ടെന്ന്‌ മനസ്സിലാകും. ഇന്നത്തെ ആശയവാദം സര്‍വാത്മവാദമല്ല; യാഥാര്‍ഥ്യവാദത്തിന്റെ ഒട്ടേറെ ഘടകങ്ങള്‍ അതില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്‌. യാഥാര്‍ഥ്യവാദത്തിന്റെയും സ്ഥിതി ഇതുതന്നെയാണ്‌. ആശയാത്മകയാഥാര്‍ഥ്യവാദമെന്ന്‌ ആധുനിക യാഥാര്‍ഥ്യവാദത്തെ വിശേഷിപ്പിക്കാം. മറ്റു ചിന്താരൂപങ്ങളുടെ കാര്യവും വ്യത്യസ്‌തമല്ല. താത്ത്വികമണ്ഡലത്തില്‍ എക്‌ളെക്‌റ്റിസിസം അനുപേക്ഷണീയമാണെന്ന വസ്‌തുതയാണ്‌ ആധുനികതത്ത്വശാസ്‌ത്രം ഊന്നിപ്പറയുന്നത്‌.

പ്രായോഗികതലത്തില്‍. സിദ്ധാന്തമേഖലയില്‍ തീവ്രവാദികളായിട്ടുള്ളവര്‍പോലും പ്രായോഗികമണ്ഡലങ്ങളില്‍ എക്‌ളെക്‌റ്റിസിസ്റ്റുകളാണെന്നു കാണാവുന്നതാണ്‌. താത്ത്വികമായി യാഥാര്‍ഥ്യവാദത്തില്‍ വിശ്വസിക്കുന്നവരും പ്രായോഗികമണ്ഡലത്തില്‍ പലപ്പോഴും ആശയവാദികളായി പരിണമിക്കുന്നു; മറിച്ചും സംഭവിക്കാറുണ്ട്‌. ജ്ഞാനസിദ്ധാന്തംതന്നെ പരിശോധിക്കാം. യാഥാര്‍ഥ്യവാദികള്‍ അനുരൂപതാസിദ്ധാന്തത്തില്‍ (correspo-ndence theory) വിശ്വസിക്കുന്നു; ആശയവാദികള്‍ സംസക്തി സിദ്ധാന്തത്തിലും (coherence theory) പ്രായോ ഗികവാദികള്‍ പ്രായോഗികതാസിദ്ധാന്തത്തിലും (prag-matic theory) വിശ്വസിക്കുന്നു. എന്നാല്‍ പ്രായോഗികജീവിതത്തില്‍ ഇവര്‍ക്കാര്‍ക്കും തന്നെ തങ്ങളുടെ പ്രത്യേക സിദ്ധാന്തത്തിലൊതുങ്ങിനിന്ന്‌ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. എക്‌ളെക്‌റ്റിസിസം പ്രായോഗിക ജീവിതത്തില്‍ എത്രമാത്രമാവശ്യമാണെന്ന്‌ ഇതു വ്യക്തമാക്കുന്നു. ഉപബോധനത്തിലും (counselling) ഇതുതന്നെ കാണാന്‍ കഴിയും. താത്ത്വികമായി പറഞ്ഞാല്‍ നിര്‍ദേശാത്മകോപബോധനവും (directive councelling) അനിര്‍ദേശാത്മക ഉപബോധനവും (Non directive councelling) നിലവിലുണ്ട്‌. എന്നാല്‍ ഒരു വ്യക്തിക്ക്‌ ഉപബോധനം നല്‍കുന്ന അവസരത്തില്‍ നിര്‍ദേശാത്മകസങ്കേതങ്ങള്‍ മാത്രമായോ അനിര്‍ദേശാത്മക സങ്കേതങ്ങളെ തനിച്ചോ ആരും പ്രയോഗിക്കാറില്ല. ഉപബോധകര്‍ സങ്കലന സങ്കേതങ്ങള്‍ തന്നെയാണ്‌ പ്രയോഗതലത്തില്‍ അംഗീകരിക്കുന്നത്‌.

വിമര്‍ശനാത്മക ആശയവാദവും വിമര്‍ശനാത്മക യാഥാര്‍ഥ്യവാദവും തമ്മില്‍ പറയത്തക്ക അന്തരമൊന്നുമുണ്ടാകാനിടയില്ലെന്ന്‌ മൈന്‍ഡ്‌ ആന്‍ഡ്‌ വേള്‍ഡ്‌ ഓര്‍ഡര്‍ (1929) എന്ന ഗ്രന്ഥത്തില്‍ സി.ഐ. ലെവിസ്‌ പ്രസ്‌താവിക്കുമ്പോള്‍ എക്‌ളെക്‌റ്റിസിസത്തിന്റെ അഥവാ സങ്കലന വിദ്യയുടെ പ്രാധാന്യത്തെത്തന്നെയാണ്‌ ഊന്നിപ്പറയുന്നത്‌.

(ഡോ. കെ. വേലായുധന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍