This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എംബ്രിയോളജി (ഭ്രൂണശാസ്‌ത്രം)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എംബ്രിയോളജി (ഭ്രൂണശാസ്‌ത്രം)
Embryology
ഭ്രൂണവികാസവും അതിനോടനുബന്ധിച്ച രൂപപരവും ഘടനാപരവും ശരീരക്രിയാപരവുമായ മാറ്റങ്ങളും വിവരിക്കുന്ന ശാസ്‌ത്രശാഖ. ഗര്‍ഭധാരണം, ഭ്രൂണവളര്‍ച്ച, ലിംഗനിര്‍ണയം എന്നീ വിഷയങ്ങളില്‍ പാരമ്പര്യമായ അറിവുകളും ധാരണകളും പ്രാചീനകാലം മുതല്‍ വിവിധ സമൂഹങ്ങളില്‍ നിലനിന്നിരുന്നു. ഭ്രൂണവികാസം സംബന്ധിച്ച് പതിനാറാം നൂറ്റാണ്ടില്‍ രണ്ട് വ്യത്യസ്‌ത ശാസ്‌ത്ര സിദ്ധാന്തങ്ങള്‍ പ്രചരിച്ചിരുന്നു. അവയെ പൂര്‍വരൂപാവിഷ്‌കാര (Pre-formation) സിദ്ധാന്തം എന്നും ഭ്രൂണകോശവിഭജന സിദ്ധാന്തം (Epigenesis) എന്നും വിളിച്ചിരുന്നു. പൂര്‍വരൂപാവിഷ്‌കാര സിദ്ധാന്തമനുസരിച്ച് ബീജത്തിനുള്ളില്‍ സൂക്ഷ്‌മമായ അവസ്ഥയില്‍ ഒരു ചെറുഭ്രൂണം അടങ്ങിയിരിക്കുന്നുവെന്ന് കരുതപ്പെടുന്നു. ഹാര്‍ട്ട്‌സൊയേക്കര്‍ (Hartsoeker), 1694-ല്‍ ഒരു പ്രാകൃത(crude) സൂക്ഷ്‌മദര്‍ശിനിയുടെ സഹായത്താല്‍ മനുഷ്യബീജത്തില്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്ന ഒരു ചെറുഭ്രൂണത്തിന്റെ ചിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് സൂക്ഷ്‌മനരന്‍ (homunculus) എന്നറിയപ്പെടുന്നു. എപ്പിജനിസിസ് സിദ്ധാന്തം ആവിഷ്‌കരിച്ചവരില്‍ പ്രമുഖര്‍ അരിസ്റ്റോട്ടലാണ്. എപ്പിജനിസിസ് പ്രകാരം അണ്ഡം സങ്കീര്‍ണതകളില്ലാത്ത ഒരു അവസ്ഥയില്‍ നിലനില്‍ക്കുന്നുവെന്നും ക്രമേണ ചില ഘട്ടങ്ങളില്‍ക്കൂടി വികാസം പ്രാപിച്ച്, ചെറുഭാഗങ്ങള്‍ ഒന്നിനു പിറകെ ഒന്നായി സൃഷ്‌ടിച്ച് വ്യക്തമായ ആകൃതിയും ഘടനയുമുള്ള ഒരു ഭ്രൂണമായ് മാറുന്നുവെന്നും വിവരിച്ചിരിക്കുന്നു. കോഴിമുട്ടയിലെ ഭ്രൂണവളര്‍ച്ച നിരീക്ഷിച്ചാണ് അരിസ്റ്റോട്ടല്‍ ഈ സിദ്ധാന്തത്തിന് രൂപം നല്‍കിയത്. എന്നാല്‍, ഭാരതീയ ഭിഷഗ്വരന്മാരായ ചരകനും (300 ബി.സി.) സുശ്രുതനും (800 ബി.സി.) മനുഷ്യഭ്രൂണത്തിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ വളരെ മുന്‍പുതന്നെ വിവരിച്ചിട്ടുണ്ട്.
ഭ്രൂണവികാസം വിവിധ ജീവികളില്‍ വ്യത്യസ്‌തമായ രീതിയിലാണ് സംഭവിക്കുന്നത്. അണ്ഡത്തില്‍ ശേഖരിച്ചിരിക്കുന്ന പീതകം (Yolk) എന്ന പോഷകവസ്‌തുവിന്റെ അളവ് ഭ്രൂണവികാസത്തെ സ്വാധീനിക്കുന്നു. ധാരാളം മുട്ടകള്‍ ഉത്‌പാദിപ്പിക്കുന്ന ജീവികളില്‍ മുട്ടയുടെ വലുപ്പവും പീതകത്തിന്റെ അളവും വളരെ കുറവായിരിക്കും (ഉദാ. ഷഡ്‌പദങ്ങള്‍). ആയതിനാല്‍ ഭ്രൂണവികാസം പൂര്‍ണമായ രീതിയില്‍ സംഭവിക്കുക സാധ്യമല്ല. ഇത്തരം ജീവികളില്‍ ഭ്രൂണവികാസവും വളര്‍ച്ചയും ലാര്‍വ എന്ന ദശയില്‍ അവസാനിക്കുന്നു. ലാര്‍വ സ്വതന്ത്രമായി ജീവിക്കുകയും സ്വയം ആഹാരം സമ്പാദിച്ചു വളരുകയും ചെയ്യുന്നു. ലാര്‍വയുടെ ശരീരഘടന, ശരീരക്രിയാശാസ്‌ത്രം(Physiology)എന്നിവ പ്രൗഢാവസ്ഥയേക്കാള്‍ വ്യത്യസ്‌തമാണ്. വളര്‍ച്ച പൂര്‍ണമായതിനു ശേഷം ലാര്‍വ, രൂപാന്തരീകരണം (metamorphosis)എന്ന അവസ്ഥാപരിണാമത്തിലൂടെ പൂര്‍ണവളര്‍ച്ച എത്തിയ ജീവി ആയി മാറുന്നു. മുട്ടകളില്‍ വളരെയധികം പീതകം സംഭരിക്കുന്ന ജീവികളില്‍ (ഉദാ. പക്ഷികള്‍, ഉരഗങ്ങള്‍) ലാര്‍വദശയില്ലാതെ ഭ്രൂണം പൂര്‍ണ വളര്‍ച്ചയിലെത്തുന്നു. സസ്‌തനികളുടെ അണ്ഡത്തില്‍ പീതകം തീരെയില്ലെങ്കിലും ഭ്രൂണം ഗര്‍ഭപാത്രത്തില്‍ സംരക്ഷിക്കപ്പെടുകയും പരിപോഷിക്കപ്പെടുകയും ചെയ്യുന്നതിനാല്‍ ലാര്‍വ ദശ ആവശ്യമായി വരുന്നില്ല. ഭ്രൂണവികാസത്തില്‍ പൊതുവേ ചില പ്രധാന ഘട്ടങ്ങളുണ്ട്. അവയെ താഴെക്കൊടുത്തിരിക്കുന്നു.
യോഗ്യബീജജന്മം(Gametogenesis). അണ്ഡങ്ങളുടെയും ബീജങ്ങളുടെയും ഉത്‌പാദനത്തെയാണ് യോഗ്യബീജജന്മം എന്ന് വിളിക്കുന്നത്. ക്രമാര്‍ധഭംഗം (Meosis) വഴിയാണ് ഇത് സംഭവിക്കുന്നത്. മറ്റു കോശങ്ങളില്‍ രണ്ട് ജോടി ക്രാമസോം ഉള്ളപ്പോള്‍ ജനകകോശ(Gamete)ങ്ങളില്‍ ഒരു ജോടി (ഹാപ്ലോയ്‌ഡ്) ക്രാമസോം മാത്രമേ ഉണ്ടാകാറുള്ളൂ. ലഘുവായ ഒരു ഘടനയാണ് ബീജങ്ങള്‍ക്കുള്ളത്. കോശമര്‍മം(Nucleus) അെടങ്ങിയ ഭാഗം തല എന്നും തുടര്‍ന്നുള്ള ചാട്ടപോലെയുള്ള ഭാഗം, "വാല്‍' എന്നും അറിയപ്പെടുന്നു. അണ്ഡങ്ങളില്‍ പീതകം സംഭരിച്ചിരിക്കുന്നതിനാല്‍ അവ വലുപ്പം കൂടിയവയാണ്. ഏറ്റവും വലുപ്പമേറിയ കോശം എന്ന് പറയാവുന്നത് ഒട്ടകപ്പക്ഷിയുടെ മുട്ടയാണ്. അണ്ഡത്തിന്റെ ഘടന ജീവികളില്‍ വ്യത്യസ്‌തമാണ്. ജലത്തില്‍ നിക്ഷേപിക്കുന്ന അണ്ഡങ്ങളില്‍ പരസ്‌പരം ഒട്ടിപ്പിടിച്ച് പൊങ്ങിക്കിടക്കുന്നതിനുവേണ്ടി കുഴമ്പുപോലെയുള്ള ഒരാവരണം കാണപ്പെടുന്നു. ഉദാ. തവളയുടെ മുട്ടകള്‍. കരയില്‍ മുട്ടയിടുന്ന പക്ഷി, ഉരഗങ്ങള്‍, ഷഡ്‌പദങ്ങള്‍ എന്നിവയുടെ മുട്ടയ്‌ക്ക് കാത്സ്യം അടങ്ങിയ ഒരു തോടുണ്ടായിരിക്കും.
ബീജസങ്കലനം (Fertilization). അണ്ഡവും ബീജവും സംയോജിക്കുന്ന പ്രക്രിയയാണിത്. ബീജസങ്കലനം ഒരു സൂക്ഷ്‌മദര്‍ശിനിയുടെ സഹായത്താല്‍, ആദ്യമായി കണ്ടെത്തിയത് ഹെര്‍ട്ട്‌വിഗ് (Hertwig, 1876) ആയിരുന്നു. കടല്‍ അര്‍ച്ചിനുകളിലെ ബീജസങ്കലനം ആണ് അദ്ദേഹം നിരീക്ഷിച്ചത്. ഭ്രൂണ രൂപീകരണത്തില്‍ ബീജമര്‍മങ്ങളുടെ പങ്ക് വെളിപ്പെടുത്തുന്നതായിരുന്നു ഈ നിരീക്ഷണം. ബീജസങ്കലത്തിനുശേഷം അണ്ഡം സിക്താണ്ഡം (Zygote) എന്നാണറിയപ്പെടുന്നത്. ക്‌ളീവേജ് (Cleavage). സിക്താണ്ഡം വിഭജിക്കുന്ന പ്രക്രിയയെ ആണ് ക്‌ളീവേജ് എന്ന് വിളിക്കുന്നത്. ഈ പ്രത്യേക വിഭജനം സാധാരണ കോശവിഭജനത്തില്‍നിന്നും പല കാരണങ്ങളാല്‍ വ്യത്യസ്‌തമാണ്. ഇതിന്റെ ഫലമായി അണ്ഡം വളര്‍ച്ച പ്രാപിക്കാത്ത അനേകം ചെറുകോശങ്ങളായി വിഭജിക്കപ്പെടുന്നു. ക്‌ളീവേജ്‌മൂലം ഉണ്ടാകുന്ന കോശങ്ങളെ ആദ്യവിഭജിത ഖണ്ഡങ്ങള്‍ (blastomeres)എന്നാണ് വിളിക്കുന്നത്. ഇവയുടെ എണ്ണം തുടക്കത്തില്‍ 2, 4, 8, 16, 32 എന്നിങ്ങനെ ഇരട്ടിക്കുന്നു. 16 മുതല്‍ 32 വരെ ബ്ലാസ്റ്റോമറുകള്‍ (Blastomeres) അടങ്ങിയ ഒരു കൂട്ടത്തെ മോറുല (morula) എന്നു പറയാം. ബ്ലാസ്റ്റുലേഷന്‍ (Blastulation). മോറുലയിലെ കോശങ്ങള്‍ പുനഃക്രമീകരിക്കപ്പെടുന്നതുമൂലം ഉള്‍ഭാഗത്ത് ഒരു ഗഹ്വരം (Cavity)രൂപം കൊള്ളുന്നു. ഭ്രൂണത്തിന് ഇതുമൂലം പൊള്ളയായ ഒരു പന്തിന്റെ രൂപമാണ് ഉണ്ടാകാറുള്ളത്. ഈ ദശയെ ബ്ലാസ്റ്റുല എന്ന് പറയുന്നു. ബ്ലാസ്റ്റുലയ്‌ക്കുള്ളിലെ ഗഹ്വരത്തെ ബ്ലാസ്റ്റോസീല്‍ എന്ന് വിളിക്കുന്നു. ഭ്രൂണത്തിന്റെ വിവിധ അവയവങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള കോശഭാഗങ്ങള്‍ ബ്ലാസ്റ്റുലയുടെ ബാഹ്യഭാഗത്ത് വേര്‍തിരിച്ച് അടയാളപ്പെടുത്താന്‍ കഴിയും. ഇങ്ങനെ ബ്ലാസ്റ്റുലയുടെ ഉപരിതലത്തില്‍ ഭ്രൂണഭാഗങ്ങള്‍ വേര്‍തിരിച്ച് അടയാളപ്പെടുത്തിയ ഒരു ചിത്രീകരണത്തെ ഫെയിറ്റ്‌മാപ് (fatemap)എന്ന് വിശേഷിപ്പിക്കുന്നു.
ഗാസ്‌ട്രുലേഷന്‍ (Gastrulation). ഭ്രൂണത്തിന്റെ ഉള്ളില്‍ കാണപ്പെടേണ്ട അന്തഃസ്‌തരം, മധ്യസ്‌തരം എന്നീ ഭ്രൂണപാളികള്‍ ബ്ലാസ്റ്റുലയുടെ പുറമേ നിന്ന് ഉള്ളിലേക്ക് മാറ്റപ്പെടേണ്ടതുണ്ട്. ഇത് സാധ്യമാക്കുന്നത് കോശപാളികളുടെ ചില പ്രത്യേകതരം ചലനങ്ങളിലൂടെയാണ്. ഇവയെ വളര്‍ച്ചാ (morphogenetic) ചലനങ്ങള്‍ എന്ന് പറയുന്നു. പ്രധാനപ്പെട്ട ചില വളര്‍ച്ചാചലനങ്ങള്‍ ഇവയാണ്.
അംഗവിപര്യയം ((invagination). ബ്ലാസ്റ്റോസീലിലേക്ക് കോശപാളികള്‍ ഉള്‍വലിയുന്ന ചലനമാണിത്.
വിപരിണാമം (Involution). കോശപാളികള്‍ ഉരുണ്ട് ഉള്ളിലേക്ക് പോകുന്ന ചലനത്തെ വിപരിണാമം എന്ന് പറയാം.
അധ്യാരോഹണം(Epiboly).ഒരു കോശപാളി വലിഞ്ഞ് ചുറ്റും വ്യാപിക്കുന്ന രീതിയാണ് അധ്യാരോഹണം എന്നറിയപ്പെടുന്നത്.
ഗാസ്‌ട്രുലേഷന്റെ ഫലമായി ഭ്രൂണം മൂന്നു കോശപാളികള്‍ അടങ്ങിയ ഒരവസ്ഥയില്‍ വികസിക്കപ്പെടുന്നു. പുറമെയുള്ള പാളി ബാഹ്യസ്‌തരം(ectoderm) എന്നും മധ്യപാളി മധ്യസ്‌തരം(mesoderm)എന്നും ഉള്ളിലെ പാളി അന്തഃസ്‌തരം(endoderm)എന്നും അറിയപ്പെടുന്നു. ഗാസ്‌ട്രുലയില്‍ കാണപ്പെടുന്ന ഗഹ്വരം ആണ് ഭ്രൂണാന്ത്രം (archenteron).
അവയവരൂപീകരണം (Organogenesis). ഗാസ്‌ട്രുലയിലെ ഭ്രൂണപാളികളില്‍നിന്നാണ് വിവിധ അവയവങ്ങള്‍ രൂപംകൊള്ളുന്നത്. ഉദാ. ഗാസ്‌ട്രുലയിലെ മുകള്‍ഭാഗത്ത് കാണുന്ന നാഡീഫലകം(neuralplate) ഉപരിതലത്തില്‍ നിന്നും കുഴിഞ്ഞ് വേര്‍പെട്ടുണ്ടാകുന്ന കുഴലാണ് നാഡീനാളി (neural tube). ഇതിന്റെ മുന്‍ഭാഗം വീര്‍ത്ത് വികസിച്ച് മസ്‌തിഷ്‌കം ആകുന്നു. പുറകിലുള്ള ഭാഗം സുഷുമ്‌നാകാണ്ഡം (Spinal Chord)ആയിമാറുന്നു.
വ്യാവര്‍ത്തനം(differentiation) അവയവങ്ങളുടെ ഘടന സ്ഥാപിതമാകുന്നതോടുകൂടി അവയിലെ വിവിധ കലകളിലെ കോശങ്ങള്‍ വ്യാവര്‍ത്തനം ചെയ്യപ്പെടുന്നു. വിശേഷവത്‌കരിക്കപ്പെട്ട ഈ കോശങ്ങള്‍ അവയുടേതായ ഒരു പ്രാട്ടീന്‍ ഉത്‌പാദിപ്പിക്കുന്നു. ഉദാ. പേശീകോശങ്ങളിലെ ആക്‌ടിയോണ്‍, മയോസിന്‍ പ്രാട്ടീനുകള്‍, നേത്രാന്തരപടലം (retina), റോഡോപ്‌സിന്‍ എന്ന പ്രാട്ടീന്‍. ഭ്രൂണവികാസത്തില്‍ കോശങ്ങള്‍ക്കുണ്ടാകുന്ന നിരന്തരമായ മാറ്റങ്ങള്‍ വ്യാവര്‍ത്തനം സംഭവിക്കുന്നതോടുകൂടി പൂര്‍ണമാകുന്നു.
ഭ്രൂണവികാസജീനുകള്‍. ഭ്രൂണവികാസം സാധ്യമാകുന്നത് ചില ജീനുകളുടെ പ്രകാശനം വഴിയാണ്. പഴയീച്ചകളില്‍ ഇത്തരത്തിലുള്ള പല ജീനുകളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ചിലത് ഭ്രൂണവികാസത്തിന്റെ പ്രാരംഭദശയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇവയുടെ RNA പകര്‍പ്പുകള്‍ അണ്ഡോത്‌പാദനവേളയില്‍ ശേഖരിക്കപ്പെട്ടവയാണ്. ഉദാ. ബൈക്കോയ്‌ഡ് ജീന്‍ നാനോസ് ജീന്‍ മുതലായവ. ഭ്രൂണവികാസത്തിന്റെ അവസാനഘട്ടങ്ങളില്‍ പ്രകാശനം ചെയ്യുന്ന ജീനുകളെ ഹോമിയോട്ടിക് ജീന്‍ (homeotic gene)എന്ന് വിളിക്കുന്നു.
ഈ ജീനുകള്‍ക്ക് ഉത്‌പരിവര്‍ത്തനം (Mutation) സംഭവിക്കുകയാണെങ്കില്‍ ഒരു അവയവത്തിനുപകരം മറ്റൊന്നായിരിക്കും ഉണ്ടാകുക. ഈ പ്രതിഭാസത്തെ ഹോമിയോസിസ് (homeosis)എന്നുപറയുന്നു. ഉദാ. പഴയീച്ചകളിലെ ആന്ററ്റെന്നിപീഡിയ എന്ന ജീനിന് ഉത്‌പരിവര്‍ത്തനം സംഭവിച്ചാല്‍ തലയില്‍ സ്‌പര്‍ശിനി(antenna)ക്ക് പകരം കാലുകളായിരിക്കും രൂപപ്പെടുക. അതുപോലെ ബൈതോറാക്‌സ് ജീനിന് മാറ്റം സംഭവിച്ചാല്‍ ഈച്ചകള്‍ക്ക് 2 ജോടി ചിറകുകള്‍ ഉണ്ടാകും. ഹോമിയോട്ടിക്ക് ജീനുകളില്‍ 180 ബേസുകളുടെ ഒരു അനുക്രമം ഒരു പോലെ കാണപ്പെടുന്നു. ഹോമിയോ ബോക്‌സ് എന്നറിയപ്പെടുന്ന ഈ ബേസ് അനുക്രമം സസ്‌തനികളുള്‍പ്പെടെ പല ജീവികളുടെയും ഭ്രൂണവികാസ ജീനുകളില്‍ കണ്ടെത്തിയിട്ടുണ്ട്. പഴയീച്ചകളില്‍ ഹോമിയോട്ടിക് ജീനുകള്‍ രണ്ടു സമുച്ചയങ്ങളായി തരം തിരിക്കാം. ആന്ററ്റെന്നിപീഡിയ സമുച്ചയത്തില്‍ മുന്‍ഭാഗത്തെ ഭ്രൂണവികാസത്തെ നിയന്ത്രിക്കുന്ന 5 ജീനുകളും, ബൈതൊറാക്‌സ് സമുച്ചയത്തില്‍ പിന്‍ഭാഗത്തെ വികാസത്തെ നിയന്ത്രിക്കുന്ന 3 ജീനുകളും ഉണ്ട്. സസ്‌തനികളില്‍ ഹോമിയോട്ടിക് ജീനുകളെ ഹോക്‌സ് (hox) ജീനുകള്‍ എന്നാണ് പറയാറുള്ളത്. ഇവയില്‍ 4 ഹോക്‌സ് ജീന്‍ സമുച്ചയങ്ങള്‍ ഉണ്ട്. hox a, hox b, hox c, hox d എന്നിങ്ങനെ അറിയപ്പെടുന്ന ഈ ജീന്‍കൂട്ടങ്ങള്‍ ജീനോമിന്റെ പല ഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്നു.
ഭ്രൂണകാണ്ഡകോശങ്ങള്‍. ഭ്രൂണവികാസത്തിന്റെ പ്രാരംഭദശയില്‍ 2 മുതല്‍ 16 ബ്ലാസ്റ്റേമിയറുകള്‍വരെ കാണപ്പെടുന്ന ഘട്ടങ്ങളിലെ വേര്‍തിരിച്ചെടുത്ത കോശങ്ങള്‍ക്ക് ഭ്രൂണവികാസം പൂര്‍ണമായും സാധ്യമാക്കാന്‍ കഴിവുള്ളവയാണ്. അതിനാല്‍ ഇവയെ പൂര്‍ണശക്ത (totipotent)കോശങ്ങള്‍ എന്ന് വിളിക്കാം. ഭ്രൂണവികാസത്തിന് ഭാഗികമായി മാത്രം കഴിവുള്ള (Pluripotent, multipotent) കോശങ്ങള്‍ വിവിധ ഭ്രൂണ പാളികളിലും പൊക്കിള്‍ ക്കൊടിയിലെ രക്തത്തിലും മറ്റുമുണ്ട്. പൂര്‍ണശേഷിയുള്ള കാണ്ഡങ്ങള്‍ ക്ലോണിങ് പോലുള്ള പ്രത്യുത്‌പാദന പദ്ധതികളില്‍ ഉപയോഗിക്കാറുണ്ട്.
ഭാഗികശേഷിയുള്ള കോശങ്ങള്‍ വിവിധ ശരീരകലകളുടെ നിര്‍മാണത്തിന് പ്രയോജനപ്പെടുത്താന്‍ കഴിയും.
വംശനാശം നേരിടുന്ന ജീവികളുടെ ഭ്രൂണകാണ്ഡകോശങ്ങളും മറ്റു കാണ്ഡകോശങ്ങളും(Stem Cells) ദീര്‍ഘകാലം സൂക്ഷിക്കാന്‍ കഴിയും. ഇത്തരം കോശങ്ങള്‍ ഉപയോഗിച്ച് അനുയോജ്യമായ ഒരു പ്രത്യുത്‌പാദന രീതിയിലൂടെ വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാന്‍ സാധിക്കുമെന്നാണ് ശാസ്‌ത്രകാരന്മാര്‍ പ്രതീക്ഷിക്കുന്നത്.