This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഋതുസംഹാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഋതുസംഹാരം

കാളിദാസകൃതിയെന്നു കരുതപ്പെടുന്ന ഒരു ഖണ്ഡകാവ്യം. കാളിദാസീയഭാവന ഇതിൽ കാണുന്നില്ലെന്നും അതുകൊണ്ട്‌ ഇതു രചിച്ചതു മറ്റേതോ കവിയാണെന്നും അതല്ല ഇത്‌ കാളിദാസന്റെ ബാല്യകാലകൃതിയാണെന്നും ചിലർ വാദിക്കുന്നു. മറ്റ്‌ സ്വകീയകാവ്യനാടകങ്ങളിലെന്നപോലെ കാളിദാസന്റെ കല്‌പനാവൈഭവം ഇതിൽ പ്രതിഫലിക്കുന്നില്ല.

ഷഡ്‌ഋതുക്കളെ വർണിക്കാന്‍ ആറ്‌ ലഘുസർഗങ്ങളും ആകെ 155 പദ്യങ്ങളുമാണിതിലുള്ളത്‌. മറ്റ്‌ കാളിദാസസൃഷ്‌ടികളിലെന്നതുപോലെ ഇതിലും ചില പ്രക്ഷിപ്‌തശ്ലോകങ്ങളുണ്ടെന്ന്‌ ചില വിമർശകർ കരുതുന്നു. സ്ഥാവരജംഗമങ്ങളായ പ്രകൃതി പ്രതിഭാസങ്ങളിൽ ഋതു ചക്രങ്ങള്‍ വരുത്തുന്ന പരിവർത്തനങ്ങളെല്ലാം ഇതിൽ സവിശേഷമായി പ്രതിബിംബിക്കുന്നുണ്ട്‌. കാവ്യരചനാസാധനയുടെ ആദ്യകാലവികാസദശയിൽ കാളിദാസന്‍ എഴുതിയ ഒരു ഭാവഗീതം എന്ന നിലയ്‌ക്ക്‌ നിശ്ചയമായും ഇതിന്‌ പ്രസക്തിയുണ്ട്‌. ഗ്രീഷ്‌മം, വർഷം, ശരത്‌, ഹേമന്തം, ശിശിരം, വസന്തം എന്നീ ക്രമത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ ഋതുവിലാസാനുകീർത്തനം ഒരു കാമുകന്‍ തന്റെ പ്രയസിക്ക്‌ അനാവരണം ചെയ്‌തുകൊടുക്കുന്ന രീതിയിലാണ്‌ ഇതിന്റെ രചനാപദ്ധതി. ഋതുസംഹാരത്തെ ലത്തീന്‍-ജർമന്‍ ഭാഷകളിലേക്ക്‌ വി.ഫൊണ്‍ബോഹ്‌ലനും (1840), ഫ്രഞ്ചിലേക്ക്‌ ആർ. എച്ച്‌. എദ്‌പോംഫിനോനും (1938) വിവർത്തനം ചെയ്‌തിട്ടുണ്ട്‌. ഹിന്ദി, ബംഗാളി തുടങ്ങിയ മറ്റു ഭാരതീയ ഭാഷകളിലും ഈ കൃതി പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. വാരണപ്പള്ളി കെ.സി. കുഞ്ഞന്‍ വൈദ്യന്‍, മാവേലിക്കര അച്യുതന്‍, കായംകുളം പി.എന്‍. മുരളി എന്നിവർ ഋതുസംഹാരം മലയാളത്തിലേക്കു വിവർത്തനം ചെയ്‌തിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍