This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉസ്‌ബെക്കുകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉസ്‌ബെക്കുകള്‍
Uzbeks
ഉസ്‌ബെക്കിസ്‌താന്‍ റിപ്പബ്ലിക്കിനെ അധിവസിക്കുന്ന ഒരു ടർക്കിഷ് ജനവർഗം. ഉസ്‌ബെക്കുകളിൽ 85 ശതമാനത്തോളം ഉസ്‌ബെക്കിസ്‌താനിലും ബാക്കി റഷ്യയിലും അഫ്‌ഗാനിസ്‌താനിലും മറ്റു മധ്യേഷ്യന്‍ പ്രദേശങ്ങളിലും വസിക്കുന്നു. ഇവരുടെ മൊത്തം ജനസംഖ്യ 80 ലക്ഷത്തോളം വരും.
എ.ഡി. 15-ാം ശതകത്തോടെ രൂപംകൊണ്ട ഈ ജനവർഗം സുന്നി മുസ്‌ലിം വിഭാഗത്തിൽപ്പെടുന്നു. കൃഷിയാണ് ഇവരുടെ ഉപജീവനമാർഗം. മരുഭൂമികളും മരുപ്പച്ചകളുമാണ് ഇവരുടെ സാധാരണ വാസസ്ഥലങ്ങള്‍. കൃഷിഭൂമി ജലസേചനം ചെയ്യുന്നതിൽ ഇവർ ശ്രദ്ധിച്ചിരുന്നു. പീഡ്‌മണ്ട് പ്രദേശത്തെ കൃഷിനിലങ്ങളുടെ ജലസേചനത്തിന് ചരിവുകളിൽനിന്നും മഞ്ഞുരുകി ഒലിച്ചുവരുന്ന ജലമാണ് ഉപയോഗിക്കുന്നത്. ഉസ്‌ബെക്കുകളിൽ ഒരു വിഭാഗം കന്നുകാലികള്‍, കുതിര, ഒട്ടകം എന്നിവയെയും വളർത്തുന്നുണ്ട്. താഡ്‌ഷിക് ജനവർഗത്തോടൊപ്പം ഉസ്‌ബെക്കുകളും സാർട്ട് എന്ന പേരിൽ അറിയപ്പെട്ടിരുന്നു.
ഉസ്‌ബെക്കുകള്‍ വിവിധ ഇസ്‌ലാമിക വാസ്‌തുശില്‌പശൈലികള്‍ സ്വീകരിച്ചിരിക്കുന്നതു കാണാന്‍ കഴിയും. സമചതുരത്തിനോ ദീർഘചതുരത്തിനോ ചുറ്റുമായി പണിതിട്ടുള്ള മുസ്‌ലിം പള്ളികള്‍. പള്ളികളുടെ പ്രാസാദശിഖരങ്ങള്‍, മദ്രസ്സകള്‍ എന്നിവ ഇതിൽപ്പെടുന്നു. സാധാരണയായി കണ്ടുമുട്ടുന്ന മറ്റുചില വാസ്‌തുശില്‌പങ്ങള്‍ ഇവയാണ്; പിഷ്‌തക് (വലിയ വാതായനങ്ങള്‍), ചൊർതക് (ചുവരിലുള്ള ചെറിയ ചാലുകള്‍), ഗുർഹോണ (ശവകുടീരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്‌മാരകസൗധങ്ങള്‍), സിയാററ്റ് ഹോണ (മിക്കവാറും ഗുർഹോണയ്‌ക്കു സമീപമായി കാണുന്ന പ്രാർഥനാമുറി).
ഉസ്‌ബെക്കുകളുടെ ഭാഷ ഗാനാത്മകമാണ്. പല തവണ അതിന്റെ അക്ഷരമാല മാറ്റപ്പെട്ടിട്ടുണ്ട്. 8-ാം നൂറ്റാണ്ടുമുതൽ 1929 വരെ അറബി അക്ഷരങ്ങള്‍ ആണ് ഉപയോഗിച്ചിരുന്നത്. പിന്നീട് റഷ്യന്‍ അക്ഷരമാലയും അതിനുശേഷം ലാറ്റിന്‍ അക്ഷരമാലയും പ്രയോഗത്തിൽ വരുത്തി.
ഉസ്‌ബെക്കുകളുടെ ഭക്ഷണത്തിലെ പ്രധാന വിഭവങ്ങള്‍ ചോറ്, ആട്ടിറച്ചി, മലക്കറികള്‍ എന്നിവയാണ്. പ്ലോഫ് ആണ് അവരുടെ ഏറ്റവും പ്രിയങ്കരമായ ആഹാരം. ഇത് വിവിധതരത്തിൽ ഉണ്ടാക്കുന്നു. അതിഥിസത്‌കാരത്തിന് പ്ലോഫ് വിളമ്പുക ആതിഥേയന്റെ കടമയാണ്; ചായയും നല്‌കുന്നു. ഷഷ്‌ലിക് (കുത്തുസൂചി ഉപയോഗിച്ചു വറുത്തെടുത്ത ആട്ടിന്‍ മാംസം), ഷുർഷ (ആട്ടിറച്ചി സൂപ്പ്), മന്റി (ഇറച്ചിക്കുറുമ), സംസ (മാംസവും ഉള്ളിയും ചേർത്ത മിശ്രിതം), ലിഗ്‌മാന്‍ (മാംസവും നൂൽപ്പുട്ടും ചേർത്ത പലഹാരം) എന്നിവയാണ് മറ്റു പ്രധാന വിഭവങ്ങള്‍.