This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉഷ, പി.ടി. (1964 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉഷ, പി.ടി. (1964 - )
ഇന്ത്യന്‍ അത്ലറ്റ്. കായികലോകത്ത് "പയ്യോളി എക്സ്പ്രസ്' എന്നറിയപ്പെടുന്ന ഈ മലയാളി താരത്തിന്റെ പൂർണനാമം പിലാവുകണ്ടി തെക്കേപ്പറമ്പിൽ ഉഷ എന്നാണ്. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളിവനിതകൂടിയായ ഇവർ നൂറിലധികം അന്താരാഷ്ട്ര മെഡലുകള്‍ നേടിയിട്ടുണ്ട്; ഒപ്പം, അർജുന അവാർഡുള്‍പ്പെടെ നിരവധി അംഗീകാരങ്ങളും. പരിശീലക എന്ന നിലയിൽ ഇന്നും കായികരംഗത്ത് സജീവം. 1964 മേയ് 25-ന് (ജൂണ്‍ 27 എന്നും കാണുന്നു) കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ ജനിച്ചു. പിതാവ് ഇലഞ്ഞിക്കൽ പുത്തന്‍പുരയിൽ മന്നന് പൈതൽ. മാതാവ് തെക്കേ വാഴവളപ്പിൽ ലക്ഷ്മിയമ്മ. തൃക്കോട്ടൂർ യു.പി.സ്കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുമ്പോള്‍ത്തന്നെ ഉഷയിലെ കായികപ്രതിഭ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1976-ൽ, കച്ചൂരിൽ സ്ഥാപിതമായ കേരള സർക്കാരിന്റെ വനിതാ സ്പോർട്സ് ഡിവിഷനിൽ പ്രവേശനം ലഭിച്ചത് ഇവരുടെ ജീവിതത്തിൽ വലിയ വഴിത്തിരിവായി. അവിടെ, പില്ക്കാലത്ത് ഇവരുടെ പരിശീലകനായിരുന്ന, ഒ.എം. നമ്പ്യാരുടെ കീഴിൽ പരിശീലനം നടത്തി. സ്പോർട്സ് സ്കൂളിലെ പഠനകാലത്തുതന്നെ ശ്രദ്ധേയമായ ഒട്ടേറെ നേട്ടങ്ങള്‍ ഇവർക്ക് കൈവരിക്കാനായി. 1979-ലെ ദേശീയ സ്കൂള്‍ ഗെയിംസിൽ വ്യക്തിഗത ചാമ്പ്യനായതോടെ ഇവർ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന താരമായി.
1980-ൽ പാകിസ്താനിലെ കറാച്ചിയിൽ നടന്ന ഇന്റർനാഷണൽ ഓപ്പണ്‍ മീറ്റിലായിരുന്നു ഉഷയുടെ അന്താരാഷ്ട്ര അരങ്ങേറ്റം. പ്രസ്തുത മീറ്റിൽ നാല് സ്വർണമെഡലുകളാണ് ഇവർ നേടിയത്. 1982-ലെ ലോക ജൂനിയർ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും 200 മീറ്ററിൽ സ്വർണ മെഡൽനേടി.
നാല് ഒളിമ്പിക്സുകള്‍, അഞ്ച് ഏഷ്യന്‍ ഗെയിംസ്, അഞ്ച് ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പുകള്‍ തുടങ്ങി നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ ഉഷ പങ്കെടുത്തിട്ടുണ്ട്. ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ (1984) 400 മീ. ഹർഡിൽസിൽ ഫൈനൽ ബർത്തിൽ ഇടംനേടിയ ഇവർക്ക്, ഫൈനലിൽ സെക്കന്‍ഡിന്റെ നൂറിലൊന്നിന് വെങ്കലമെഡൽ നഷ്ടപ്പെട്ടു.
ന്യൂഡൽഹി ഏഷ്യന്‍ ഗെയിംസ് (1982), കുവൈത്ത് ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീൽഡ് (1983), കാലിഫോർണിയ പ്രീ ഒളിമ്പിക് മീറ്റ് (1984), ടോക്കിയോ ഇന്‍വിറ്റേഷന്‍ മീറ്റ് (1984), ജക്കാർത്ത ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീൽഡ് (1985), ലണ്ടന്‍ ഗ്രാന്റ്പ്രിക്സ് മീറ്റ് (1985), കാന്‍ബറാ ലോകകപ്പ് (1985), സോള്‍ ഏഷ്യാഡ് (1986), ബുഡാപെസ്റ്റ് വേള്‍ഡ് ഗ്രാന്റ്പ്രിക്സ് (1986), സിംഗപ്പൂർ ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീൽഡ് (1987), ന്യൂഡൽഹി മാസ്റ്റേഴ്സ് മീറ്റ് (1987), ന്യൂഡൽഹി ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീൽഡ് (1989), മലേഷ്യന്‍ ഓപ്പണ്‍ മീറ്റ് (1989), സിംഗപ്പൂർ ഓപ്പണ്‍ മീറ്റ് (1989), ബെയ്ജിങ് ഏഷ്യന്‍ ഗെയിംസ് (1990), ഹിരോഷിമ ഏഷ്യന്‍ ഗെയിംസ് (1994), ചെന്നൈ സാഫ് ഗെയിംസ് (1995), ഫുക്കോകോവ ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് (1998), കാഠ്മണ്ഡു സാഫ് ഗെയിംസ് (1999) തുടങ്ങിയ രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത ഉഷ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. 1991-ൽ മുന്‍ സംസ്ഥാന കബഡിതാരം ശ്രീനിവാസന് ഉഷയെ വിവാഹം ചെയ്തു. വിവാഹശേഷം കായികരംഗത്തുനിന്നും വിട്ടുനിന്നിരുന്ന ഉഷ 1994-ൽ ട്രാക്കിൽ വീണ്ടും തിരിച്ചെത്തി. എന്നാൽ, 98-ലെ ഫുക്കുവോക്ക ഏഷ്യന്‍ ട്രാക്ക് ഫെഡറേഷന് മീറ്റിൽ മാത്രമാണ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചത്. 1999-ലെ കാഠ്മണ്ഡു സാഫ് ഗെയിംസിൽ 4 ഃ 100 മീ. റിലേയിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 1984-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ 400 മീ. ഹർഡിൽസിൽ ഉഷയുടെ പ്രകടനം (55.42 സെക്കന്‍ഡ്) ഇന്നും ദേശീയ റെക്കോർഡായി നിലനിൽക്കുന്നു 1985-ലെ ജക്കാർത്ത ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീൽഡിൽ അഞ്ച് സ്വർണവും ഒരു വെങ്കലവും നേടി, ഒരു മീറ്റിൽ കൂടുതൽ മെഡലുകള്‍ നേടിയ വനിതാ താരമെന്ന ലോകറെക്കോർഡ് ഇന്നും ഉഷയുടെ പേരിലാണുള്ളത്. 1986-ൽ നടന്ന സിയോള്‍ ഏഷ്യാഡിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഏഷ്യന്‍ റെക്കാഡുകള്‍ ഭേദിച്ചു. ഒളിമ്പിക്സിൽ അവസാനത്തെ റൗണ്ടിലെത്തിയ ആദ്യത്തെ ഇന്ത്യന്‍ കായിക താരവും ഉഷയാണ്.
മത്സര രംഗത്തുനിന്നും വിടപറഞ്ഞെങ്കിലും ഉഷ പരിശീലകയുടെ വേഷത്തിൽ കായികരംഗത്ത് ഇന്നും സജീവമായി നിലയുറപ്പിച്ചിരിക്കുന്നു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ "ഉഷ സ്കൂള്‍ ഒഫ് അത്ലറ്റിക്സ്' എന്ന പേരിൽ ഒരു കായിക പരിശീലന കേന്ദ്രം ഇവരുടെ നേതൃത്വത്തിൽ 2002 മുതൽ പ്രവർത്തിച്ച് വരുന്നു. കായികരംഗത്ത് പ്രതിഭയുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് സാങ്കേതിക പരിശീലനം നൽകി ഒളിമ്പിക്സ് പോലുള്ള രാജ്യാന്തര മത്സരങ്ങള്‍ക്ക് സജ്ജമാക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. രണ്ടരപതിറ്റാണ്ടോളമെത്തി നിൽക്കുന്ന കായികജീവിതത്തിൽ ഒട്ടേറെ അംഗീകാരങ്ങളും ഉഷയെത്തേടിയെത്തിയിട്ടുണ്ട്. 1984-ൽ, രാജ്യത്തെ കായികരംഗത്തെ പരമോന്നത ബഹുമതിയായ അർജുന അവാർഡ് ഇവർക്ക് ലഭിച്ചു. അതേ വർഷത്തിൽത്തന്നെ കേന്ദ്രസർക്കാർ പദ്മശ്രീ നൽകി ആദരിച്ചു. 1984, 85, 86 87, 89 വർഷങ്ങളിൽ ഏഷ്യയിലെ മികച്ച അത്ലറ്റായി തെരഞ്ഞെടുക്കപ്പെട്ടു. നൂറ്റാണ്ടിലെ മികച്ച "കായിക വ്യക്തിത്വ'മായും സഹസ്രാബ്ദത്തിലെ മികച്ച വനിതാകായികതാരമായും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ഉഷയെ തെരഞ്ഞെടുത്തു. ജി.വി.രാജ അവാർഡ് (1979), കേരള സ്പോർട്സ് ജേണലിസ്റ്റ് അസോസിയേഷന് അവാർഡ് (1985, 86, 87, 98), മാർഷൽ ടിറ്റോ അവാർഡ് (1984, 87, 89), ബെസ്റ്റ് അത്ലറ്റ് ദ് ഏഷ്യ അവാർഡ് (1984, 85), അഡിഡാസ് ഗോള്‍ഡന്‍ ഷൂ അവാർഡ് ഫോർ ദ ബെസ്റ്റ് അത്ലറ്റ് (1986), ജിമ്മി ജോർജ് അവാർഡ് (1988), വേള്‍ഡ് ട്രാഫി ഫോർ ബെസ്റ്റ് അത്ലറ്റ് അവാർഡ് (1988), ബെസ്റ്റ് അത്ലറ്റ് ഒഫ് ദി ഇയർ അവാർഡ് (1996), ബാസവശ്രീ അവാർഡ് (2009), തുടങ്ങിയവയാണ് ഉഷയ്ക്കു ലഭിച്ച മറ്റു പ്രധാന പുരസ്കാരങ്ങള്‍.