This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉറിബുറു, ജോസെ ഫ്രാന്‍സിസ്‌കൊ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉറിബുറു, ജോസെ ഫ്രാന്‍സിസ്‌കൊ(1868 - 1932)

uriburu jose francisco

അജന്റീനയിലെ രാഷ്‌ട്രീയ നേതാവും സൈനികത്തലവനും. അർജന്റീനയിലെ പ്രസിഡന്റായിരുന്ന ജോസെ എവാറിസ്റ്റോ ഉറിബുറുവിന്റെ അനന്തിരവനായ ഇദ്ദേഹം 1868 ജൂല. 20-ന്‌ സാള്‍ട്ടയിൽ ജനിച്ചു. 1888-ൽ അർജന്റീനയിലെ സൈനികകോളജിൽനിന്നു ബിരുദം നേടിയ ഉറിബുറു 40 വർഷത്തോളം സൈനികസേവനം അനുഷ്‌ഠിക്കുകയുണ്ടായി. മാഡ്രിഡ്‌, ലണ്ടന്‍, ബെർലിന്‍ എന്നിവിടങ്ങളിൽ സൈനികപ്രതിനിധിയായിരുന്നിട്ടുണ്ട്‌. 1902-ൽ അർജന്റീന-ചിലി അതിർത്തികമ്മിഷനിലെ അംഗമായി. 1929-ൽ ഇദ്ദേഹം സൈനികസേവനത്തിൽനിന്നു വിരമിച്ചു. 1930-ൽ ഉണ്ടായ സാമ്പത്തികമാന്ദ്യകാലത്ത്‌ പ്രസിഡന്റ്‌ ഹിപോളിറ്റോ ഇറിഗോയന്‌ എതിരായി സൈനികകലാപം നടത്തിയത്‌ ഇദ്ദേഹമാണ്‌. 1930 സെപ്‌. 8-ന്‌ ഉറിബുറു താത്‌കാലിക പ്രസിഡന്റായി. സമ്പന്നരുടെയും യാഥാസ്ഥിതികരുടെയും സഹായത്തോടെ ഒരുവർഷത്തോളം അധികാരത്തിൽ ഇരുന്നശേഷം 1931 ന. 8-ന്‌ പൊതുതിരഞ്ഞെടുപ്പു നടത്തി. തിരഞ്ഞെടുപ്പിൽ ഉറിബുറു മത്സരിച്ചില്ലെങ്കിലും ഇറിഗോയന്റെ കക്ഷിക്കാർ അധികാരത്തിൽ വരുന്നതു തടയാന്‍ ഉറിബുറു ശ്രദ്ധിച്ചു. 1930-ലെ സൈനികവിപ്ലവത്തിൽ പ്രമുഖ പങ്കുവഹിച്ചിരുന്ന ജനറൽ അഗസ്റ്റിന്‍ പി. ജസ്റ്റോയാണ്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്‌. ജസ്റ്റോ അധികാരമേറ്റതിനെത്തുടർന്ന്‌, ചികിത്സയ്‌ക്കായി പാരിസിലേക്കുപോയ ഉറിബുറു 1932 ഏ. 29-ന്‌ അവിടെവച്ച്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍