This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉമർഖാദി, വെളിയങ്കോട്‌ (1765 - 1854)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉമർഖാദി, വെളിയങ്കോട്‌ (1765 - 1854)

മതപണ്ഡിതനും വിപ്ലവകാരിയും. സാഹിത്യകാരന്‍ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. ഗാന്ധിജി ജനിക്കുന്നതിന്‌ ദശാബ്‌ദങ്ങള്‍ക്കു മുമ്പ്‌ ബ്രിട്ടീഷുകാർക്കെതിരെ നികുതിനിഷേധ സമരം ഇന്ത്യയിൽ ആദ്യമായി നടത്തിയത്‌ ഇദ്ദേഹമാണ്‌.

1765-ൽ പൊന്നാനിക്കു സമീപത്തുള്ള വെളിയങ്കോടു ഗ്രാമത്തിൽ ജനിച്ചു. മതപണ്ഡിതനായ പിതാവിൽനിന്നാണ്‌ ആത്മീയ കാര്യങ്ങളിൽ പ്രാഥമിക ശിക്ഷണം ലഭിച്ചത്‌. താനൂർ, പൊന്നാനി എന്നിവിടങ്ങളിൽ മദ്രസയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം വെളിയങ്കോട്ടിൽ ഖാസിയായി നിയമിതനായി. മികച്ച കവിയും അറബിഭാഷാ പണ്ഡിതനുമായിരുന്ന ഇദ്ദേഹം സൂഫിസത്തിന്റെ പ്രയോക്താവായിരുന്നു. മഖാസ്വിദുന്നികാഹ്‌, നഫാഇസുദ്ദുറേർ, ഉസ്വൂലുദ്ദബ്‌ഹ്‌ എന്നിവയാണ്‌ പ്രധാന കൃതികള്‍.

വൈദ്യശാസ്‌ത്രത്തിൽ തത്‌പരനായ ഇദ്ദേഹം ആയുർവേദ ചികിത്സകനുമായിരുന്നു. മുസ്‌ലിം സമൂഹത്തിൽ നിലനിന്ന പല അനാചരങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിച്ച പരിഷ്‌കർത്താവായിരുന്നു ഉമർഖാദി. സാമൂഹിക മണ്ഡലത്തിനു പുറമേ രാഷ്‌ട്രീയത്തിലും ശക്തമായ ഇടപെടലുകള്‍ നടത്താന്‍ ഉമറിനു കഴിഞ്ഞു. ഇതിനുത്തമ ഉദാഹരണമായിരുന്നു ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ നികുതി നിഷേധസമരം (1805).

ബ്രിട്ടീഷുകാർ ചുമത്തിയ കരം അടയ്‌ക്കാന്‍ വിസമ്മതിച്ച ഇദ്ദേഹം ബ്രിട്ടീഷ്‌വിരുദ്ധ മുന്നേറ്റത്തിന്റെ കേന്ദ്രബിന്ദുവായി മാറി. ആ കാലഘട്ടത്തിലെ ഏറ്റവും ശക്തനായ ബ്രിട്ടീഷ്‌ വിരോധിയായാണ്‌ ഇദ്ദേഹം വിശേഷിക്കപ്പെട്ടത്‌. ദൈവത്തിന്റെ ഭൂമിക്ക്‌ കരം ചുമത്താന്‍ ബ്രിട്ടീഷുകാർക്ക്‌ അവകാശമില്ലെന്ന പക്ഷക്കാരനായിരുന്നു ഉമർ. ഇക്കാര്യത്തിൽ ഇദ്ദേഹത്തെ വിചാരണ ചെയ്‌ത ബ്രിട്ടീഷ്‌ ഓഫീസറിന്റെ മുഖത്ത്‌ തുപ്പിയെന്നും രക്ഷിക്കാന്‍ ചെന്ന പൊലീസുകാരനെ പ്രഹരിച്ചുവെന്നും പറയപ്പെടുന്നു. ഉമർഖാദിയെ ജയിലിൽ അടച്ചുവെങ്കിലും അവിടെനിന്നും രക്ഷപ്പെട്ടു.

നികുതി അടയ്‌ക്കാന്‍ അനുനയത്തിന്റെ ഭാഷ ബ്രിട്ടീഷ്‌ അധികാരികള്‍ പ്രയോഗിച്ചെങ്കിലും വഴങ്ങാത്തതിനെത്തുടർന്നും ജയിലിൽ അടയ്‌ക്കപ്പെട്ടു (1819). ഒടുവിൽ പൗരപ്രമുഖന്മാരുടെ ഇടപെടലിനെത്തുടർന്ന്‌ ഉമർ മോചിതനായി. 1854-ൽ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍