This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപരൂപകങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉപരൂപകങ്ങള്‍

ദശരൂപകങ്ങള്‍ക്കൊപ്പം പ്രാധാന്യമില്ലാത്തതും നാടകത്തിന്റെയും പ്രകരണത്തിന്റെയും ലക്ഷണമിശ്രണംകൊണ്ട്‌ ദൃശ്യകാവ്യങ്ങളിൽ ഉള്‍പ്പെടുന്നതുമായ ഒരു സാഹിത്യരൂപം.

ഭരതമുനിയുടെ നാട്യശാസ്‌ത്രത്തിൽ (എ.ഡി. 2-ാം ശ.) പത്തു രൂപകങ്ങളും പതിനെട്ടു ഉപരൂപകങ്ങളുമുള്ളതായി പ്രതിപാദിച്ചിരിക്കുന്നു. അഭിനവഭാരതിയുടെ നാട്യശാസ്‌ത്രവ്യാഖ്യാനത്തിലും വിശ്വനാഥന്റെ സാഹിത്യദർപ്പണം, ധനഞ്‌ജയന്റെ ദശരൂപകം തുടങ്ങിയ സാഹിത്യമീമാംസാഗ്രന്ഥങ്ങളിലും രൂപകോപരൂപകങ്ങളുടെ ലക്ഷണങ്ങളും വിവരണങ്ങളും ഉദാഹരണങ്ങളും കൊടുത്തിട്ടുണ്ട്‌. എല്ലാ നാടകങ്ങളും രൂപകങ്ങളാണ്‌. നടന്മാരിൽ രാമസീതാദിരൂപങ്ങളെ ആരോപിക്കുക കാരണമാണ്‌ രൂപകം എന്ന പേർ സിദ്ധിച്ചത്‌. ഒട്ടനവധി ഗ്രന്ഥങ്ങള്‍ ഒരു പ്രത്യേക സാഹിത്യശാഖയിൽ വിരചിതമാകുമ്പോള്‍ അവയ്‌ക്ക്‌ ശാസ്‌ത്രയുക്തമായ താരതമ്യവിവേചനവും വിഭജനവും ലക്ഷണനിർവചനവും ആവശ്യമായിവരുന്നു. ഇങ്ങനെയാണ്‌ നാടകങ്ങളെ രൂപകങ്ങളും ഉപരൂപകങ്ങളുമായി വിഭജിക്കാനിടയായത്‌. ഇവയ്‌ക്കെല്ലാം നാടകത്തിന്റെ ലക്ഷണം തുല്യമാണെന്നു സാഹിത്യദർപ്പണത്തിൽ പ്രസ്‌താവിച്ചിട്ടുണ്ട്‌.

സാഹിത്യദർപ്പണകാരന്‍ ഉപരൂപകങ്ങളെ പതിനെട്ടായി തരംതിരിക്കുന്നു: നാടിക, ത്രാടകം, ഗോഷ്‌ഠി, സട്ടകം, നാട്യരാസകം, പ്രസ്ഥാനം, ഉല്ലാപ്യം, കാവ്യം, പ്രംഖണം, രാസകം, സംലാപകം, ശ്രീഗദിതം, ശില്‌പകം, വിലാസിക, ദുർമല്ലിക, പ്രകരണി, ഹല്ലീശം, ഭാണിക.

i. നാടിക. ക്ലിപ്‌തമായ ഇതിവൃത്തവും വിമർശസന്ധിയൊഴികെ മറ്റു നാലു സന്ധികളും നാലങ്കവുമുള്ള നാടകമാണിത്‌. സ്‌ത്രീപാത്രങ്ങള്‍ കൂടുതലായിരിക്കണം. നായകന്‍ ധീരലളിതനും പ്രഖ്യാതനുമായ രാജാവ്‌, നായിക നൃപവംശ്യയും മാനശീലയും നിപുണയും നവാനുരാഗിണിയുമായ കന്യക, നായകന്‍ നായികയെ ഭയപ്പെട്ടു പെരുമാറേണ്ടതാണ്‌. ശൃംഗാരം, നൃത്യഗീതം, ഭോഗവിലാസം മുതലായവ പ്രധാനമായുള്ള കൈശികീവൃത്തിയാണ്‌ വേണ്ടത്‌. ഉദാ. രത്‌നാവലി, വിദ്ധസാലഭഞ്‌ജിക.

ii. ത്രാടകം. അങ്കങ്ങള്‍ അഞ്ചോ ഏഴോ ഒമ്പതോ ആകാം. ദിവ്യനോ ലൗകികനോ ആയിരിക്കും നായകന്‍. അങ്കന്തോറും വിദൂഷകന്‍ വേണം. അക്കാരണത്താൽ അംഗിരസം ശൃംഗാരമായിരിക്കും (ശ്യംഗാരത്തിൽനിന്നു ഹാസ്യം ജനിക്കുന്നുവെന്ന്‌ ഭരതന്‍); ഏഴങ്കമുള്ളതിനു ഉദാ. സ്‌തംഭിതരംഭം, അഞ്ചങ്കമുള്ളതിന്‌ വിക്രമോർവശീയം. i ii. ഗോഷ്‌ഠി. ഒമ്പതോ പത്തോ പ്രാകൃതപുരുഷന്മാരും അഞ്ചാറു സ്‌ത്രീപാത്രങ്ങളുമുള്ള ഏകാങ്കിയാണ്‌ ഗോഷ്‌ഠി. രസം കാമാധിക്യമേറിയ ശൃംഗാരമായിരിക്കണം. ഉദാത്തവാക്യങ്ങള്‍ പാടില്ല. ഉദാ. രൈവതമദനിക.

iv. സട്ടകം. പ്രവേശകവും വിഷ്‌കംഭവും കൂടാതെ ശ്ലോകാദികളെല്ലാം പ്രാകൃതത്തിൽ വിരചിതമായ നാടികയാണ്‌ സട്ടകം. ഉദാ. കർപ്പൂരമഞ്‌ജരി.

v. നാട്യരാസകം. ഇത്‌ ശൃംഗാരഹാസ്യങ്ങള്‍ അംഗിയായിട്ടുള്ള ഏകാങ്കിയാണ്‌; താളലയാന്വിതമായിരിക്കും. നായകന്‍ ഉദാത്തന്‍; ഉപനായകന്‍ പീഠമർദന്‍ (നായകനെ സഹായിക്കുന്ന തോഴന്‍); നായിക സർവാഭരണഭൂഷിതയായി നായകസമാഗമം കാത്തിരിക്കുന്ന വാസകസജ്ജക. രണ്ടു സന്ധികള്‍-മുഖവും സംഹൃതിയും-മതിയാകും, ലാസ്യാംഗങ്ങള്‍ പത്തും പ്രയോഗിക്കണം. ഇതിൽ പ്രതിമുഖസന്ധി മാത്രമേ വർജ്യമായുള്ളൂ എന്ന്‌ പക്ഷാന്തരമുണ്ട്‌. ഉദാ. രണ്ട്‌ സന്ധിയുള്ളതിന്‌ നർമവതി; നാലു സന്ധിയുള്ളതിനു വിലാസവതി.

vi. പ്രസ്ഥാനം. നായകന്‍ ദാസനും ഉപനായകന്‍ ഹീനനും നായിക ദാസിയും പ്രധാനരസം ശൃംഗാരവുമായുള്ള രണ്ടങ്കനാടകം. ലയതാളവിലാസപ്രധാനമായ ഇതിൽ സുരാപാനത്തോടുകൂടി ഉദ്ദിഷ്‌ടാർഥ സമാപ്‌തി സംഭവിക്കുന്നു. ഉദാ. ശൃംഗാരതിലകം. vii. ഉല്ലാപ്യം. ദിവ്യമായ ഇതിവൃത്തമുള്ള ഏകാങ്കിയാണ്‌. നായകന്‍ ഉദാത്തനും രസങ്ങള്‍ ഹാസ്യശൃംഗാരകരുണങ്ങളുമായിരിക്കും. യുദ്ധവും അസ്രഗീതവും (തിരശ്ശീലയ്‌ക്കുള്ളിൽ പ്രസ്‌തുതാർഥം സൂചിപ്പിച്ചുകൊണ്ടുള്ള ചോദ്യോത്തരരൂപഗാനം) ധാരാളം വേണം. ഉദാ. ദേവീമഹാദേവം. നാലു നായികമാരും മൂന്നങ്കവും ഉണ്ടായിരിക്കണമെന്ന്‌ മതാന്തരം.

viii കാവ്യം. ഹാസ്യപ്രധാനമായ ഏകാങ്കിയാണ്‌; ആരഭടി (രൗദ്രബീഭത്സാദിരസങ്ങള്‍) കാണുകയില്ല. നായികാനായകന്മാർ ഉദാത്തരാണ്‌. ജാതിമഹത്ത്വമുള്ള വേശ്യയും ശൃംഗാരവാക്യങ്ങളും കാണും. ആദ്യത്തേതും അവസാനത്തേതുമായ രണ്ടു സന്ധികള്‍ മതിയാകും. ഭഗ്നനാളം, ഗീതത്തിന്റെ വകഭേദമായ ഖണ്ഡമാത്രദ്വിപദിക ഇവ ആവശ്യമാണ്‌. ഉദാ. യാദവോദയം.

ix. പ്രംഖണം. നീചനായകനുള്ള ഏകാങ്കിയാണ്‌. ഇതിൽ പ്രവേശകവും വിഷ്‌കംഭവും സൂത്രധാരനുമില്ല. മുഷ്‌ടിയുദ്ധം, ക്രുദ്ധവാക്യങ്ങള്‍ ഇവയുണ്ടായിരിക്കും. കൈശികി തുടങ്ങിയ എല്ലാ വൃത്തികളുമാകാം. നാന്ദിയും പ്രരോചനവും (വിവരണം) അണിയറയിൽവച്ചായിരിക്കണം. ഉദാ. ബാലിവധം.

x. രാസകം. ഈ ഏകാങ്കിയിൽ അഞ്ചുപാത്രങ്ങളാകാം. സംഭാഷണങ്ങളും ക്രുദ്ധവാക്യങ്ങളും ഏറിയിരിക്കും. വൃത്തികള്‍ കൈശികിയും ഭാരതിയും. മുഖനിർവഹണസന്ധികള്‍ മാത്രം മതിയാകും. നായകന്‍ മൂർഖന്‍, നായിക ഖ്യാത. നായകന്‌ ഉത്തരോത്തരം ഉദാത്തത്വം വർധിക്കേണ്ടതാണെന്നും പ്രതിമുഖസന്ധി കൂടി വേണമെന്നും പക്ഷാന്തരമുണ്ട്‌. ഉദാ. മേനകാഹിതം.

xi സംലാപകം. നായകന്‍ പാഷണ്ഡനാണ്‌. മൂന്നോ നാലോ അങ്കമാകാം. ശൃംഗാരകരുണരസങ്ങള്‍ അനുവദനീയമല്ല. നഗരരോധം, യുദ്ധം, പിന്‍വാങ്ങൽ തുടങ്ങിയവയുടെ ഛലപ്രകടനങ്ങള്‍ കാണും. ഭാരതീവൃത്തിയും കൈശികീവൃത്തിയും വരികയില്ല. ഉദാ. മായാകാപാലികം.

xii ശ്രീഗദിതം. പ്രസിദ്ധവൃത്തമുള്ള ഏകാങ്കിയാണ്‌. നായിക പ്രഖ്യാത; നായകന്‍ പ്രഖ്യാതനും ഉദാത്തനുമായിരിക്കും. ഗർഭവിമർശസന്ധികള്‍ പാടില്ല. ഭാരതീവൃത്തിയായിരിക്കും കൂടുതൽ. ശ്രീശബ്‌ദംകൊണ്ടു പൂർണമാകുന്നതുകൊണ്ടാകാം ഇതിനു ശ്രീഗദിതം എന്നുപേർ. ഉദാ. ക്രീഡാരസാതലം. പക്ഷാന്തരത്തിൽ ശ്രീമതിയായ നായിക വന്നിരുന്ന്‌ പാടുകയോ പഠിക്കുകയോ ചെയ്യണമെന്നും ഭാരതീവൃത്തി ഏറിയിരിക്കണമെന്നും കാണുന്നു. ഉദാ. ഊഹ്യം.

xiii. ശില്‌പകം. നാലുവൃത്തികളും (ഭാരതി, കൈശികി, ആരഭടി, സാത്വതി) നാലങ്കങ്ങളും ഉണ്ടായിരിക്കും. ശാന്തഹാസ്യങ്ങളില്ലാത്ത ബ്രാഹ്മണനാണ്‌ നായകന്‍; ഹീനനായ ഉപനായകന്‍. ശ്‌മശാനാദികള്‍ വർണിക്കേണ്ടതാണ്‌. ഇരുപത്തേഴ്‌ അംഗങ്ങളും ഉണ്ടായിരിക്കും. (ആശംസ, തർക്കം, സന്ദേഹം, താപം, ഉദ്വേഗം, പ്രസക്തി, പ്രയത്‌നം, ഗ്രഥനം, ഉത്‌കണ്‌ഠ, അവഹിത്ഥാ, പ്രതിപത്തി, വിലാസം, ലാസ്യം, ബാഷ്‌പം, ഹർഷം, ആശ്വാസം, മൂഢത, സാധന, അനുഗമം, ഉച്ഛ്വാസം, വിസ്‌മയം, പ്രാപ്‌തിലാഭം, വിസ്‌മൃതി, സംഫേടം, നൈപുണ്യം, പ്രബോധനം, ചമത്‌കാരം ഇവയാണ്‌ അംഗങ്ങള്‍) ഉദാ. കാകകാവതീമാധവം.

xivവിലാസിക. ശൃംഗാരപ്രധാനമായ ഏകാങ്കിയാണ്‌. ലാസ്യാംഗങ്ങള്‍ പത്തുമുണ്ട്‌. നായകന്‍ ഹീനന്‍. ഗർഭവിമർശസന്ധികള്‍ ഇല്ല. വലിയ ഇതിവൃത്തവും പാടില്ല. വിദൂഷകനും വിടനും പീഠമർദനും ഒരാള്‍തന്നെ. അണിയറ മനോഹരമായിരിക്കണം. വിലാസികയെ വിനായിക എന്നും ചിലർ വിളിക്കുന്നുണ്ട്‌. ഇത്‌ ദുർമല്ലികയെന്ന ഉപരൂപകത്തിൽ ചേരുമെന്നാണ്‌ മറ്റു ചിലരുടെ അഭിപ്രായം.

xv.ദുർമല്ലിക. നാലങ്കവും നീചനായകനുമുള്ള ഇതിൽ കൈശികിയും ഭാരതിയുമാണ്‌ വൃത്തികള്‍. ഗർഭസന്ധിയില്ല. പാത്രങ്ങള്‍ നാഗരികരാണ്‌. നാലങ്കമുള്ള ഇതിൽ ഓരോ അങ്കവും എത്രനാളിവീതമാകാമെന്നും അവയിൽ ഏതേതു പാത്രങ്ങള്‍ എങ്ങനെയെങ്ങനെ അഭിനയിക്കണമെന്നും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്‌. ഉദാ. ബിന്ദുമതി.

xvi. പ്രകരണി. നായകന്‍ സാർഥവാഹന്‍ തുടങ്ങിയ ഇടത്തരക്കാരനാണ്‌. തത്തുല്യവംശജയായിരിക്കണം നായിക. ഉദാ. മൃഗ്യം.

xvii. ഹല്ലീശം. എട്ടുപത്തു സ്‌ത്രീകളുള്ള ഏകാങ്കിയാണ്‌. നടന്‍ ഒരാള്‍മാത്രം. ഉദാത്തവാക്കുകളും കൈശികീവൃത്തിയും മുഖനിർവഹണസന്ധികളും ഏറെ താളലയങ്ങളുമുള്ള ഉപരൂപകമാണിത്‌. ഉദാ. കേളീരൈവതകം.

xviii. ഭാണിക. ഉദാത്തനായികയും ഹീനനായകന്മാരുമുള്ള ഏകാങ്കിയാണ്‌. വേഷം മുഗ്‌ധമായിരിക്കണം. സന്ധികള്‍ മുഖനിർവഹണങ്ങള്‍ മതിയാകും. ഭാരതിയും കൈശികിയുമാണ്‌ വൃത്തികള്‍. താഴെപ്പറയുന്ന ഏഴ്‌ അംഗങ്ങള്‍ ഇതിലുണ്ട്‌: ഉപന്യാസം, വിന്യാസം, വിബോധം, സാധ്വസം, സമർപ്പണം, നിരുക്തി, സംഹാരം. ഉപന്യാസം വിസ്‌തരിച്ചു പറഞ്ഞ്‌ കാര്യം വ്യക്തമാക്കുകയാണ്‌; നിർവേദവാക്യങ്ങള്‍ ഏറെ ചൊല്ലുകയാണ്‌ വിന്യാസം; വിഭ്രാന്തിയുടെ നാശമാണ്‌ വിബോധം; മിഥ്യകള്‍ പറയുന്നത്‌ സാധ്വസം; അമർഷത്താൽ ശകാരിച്ചോതുന്ന മൊഴികളാണ്‌ സമർപ്പണം; നിവൃത്തി ദൃഷ്‌ടാന്തങ്ങള്‍ പറയുന്നതാണ്‌; കാര്യം സമാപിക്കുന്നതുതന്നെ സംഹാരം. ഉദാ. എല്ലാ അംഗങ്ങളുമുള്ള ഭാണികയാണ്‌ കാമദത്ത.

ഇപ്പറഞ്ഞ ഉപരൂപകങ്ങളെല്ലാം നാടകപ്രകൃതിയുള്ളവയാണ്‌. സംഭവങ്ങളുടെ വൈവിധ്യവും ഔചിത്യവും പ്രമാണിച്ചാണ്‌ ഭേദം കൈക്കൊള്ളുന്നത്‌. ഉദാഹരണങ്ങളായി കൊടുത്തിട്ടുള്ള ഉപരൂപകങ്ങളിൽ വളരെക്കുറച്ചെച്ചം മാത്രമേ സൂര്യപ്രകാശം കണ്ടിട്ടുള്ളൂ. (മേക്കൊല്ല പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍