This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപധനാഭ്യർഥന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉപധനാഭ്യർഥന

Supplementary Demand for Grants

ബജറ്റിൽ വകകൊള്ളിച്ചിട്ടുള്ളതിൽ കൂടുതൽ തുക ആവശ്യമായി വരുന്ന ഘട്ടത്തിൽ അവതരിപ്പിക്കുന്ന ധനാഭ്യർഥന. ഒരു പ്രത്യേക സേവനമേഖലയുടെ നടപ്പുസാമ്പത്തിക വർഷത്തെ ചെലവുകള്‍ക്ക്‌ അധികാരപ്പെടുത്തിയ തുക അപര്യാപ്‌തമാണെന്ന്‌ തോന്നുമ്പോഴും, ആ വർഷത്തേക്കുള്ള വാർഷിക ധനകാര്യപത്രികയിൽ (ബജറ്റ്‌) വിഭാവനം ചെയ്‌തിട്ടില്ലാത്ത ഏതെങ്കിലും പുതിയ സേവന മേഖലയിലെ അനുബന്ധമോ, കൂടുതലോ ആയ ചെലവുകള്‍ നിർവഹിക്കുവാന്‍ നടപ്പുസാമ്പത്തിക വർഷത്തിൽ ഒരാവശ്യം ഉണ്ടാകുമ്പോഴും ആ ചെലവുകള്‍ നിർവഹിക്കുന്നതിന്‌ ആവശ്യമായ മതിപ്പ്‌ തുക കാണിക്കുന്ന മറ്റൊരു പത്രിക നിയമസഭയുടെ മുമ്പാകെ ഹാജരാക്കുന്നു. ഇതിനെയാണ്‌ ഉപധനാഭ്യർഥനകളുടെ സ്റ്റേറ്റ്‌മെന്റ്‌ എന്ന്‌ പറയുന്നത്‌. ഉപധനാഭ്യർഥനകള്‍ പാസ്സാക്കുന്നതിന്‌, ബജറ്റ്‌ പാസ്സാക്കുന്നതിന്‌ അനുവർത്തിക്കുന്ന നടപടിക്രമം തന്നെയാണ്‌ നിയമസഭ സ്വീകരിക്കുന്നത്‌.

ഉപധനാഭ്യർഥന സഭയിൽ ചർച്ചയ്‌ക്ക്‌ എടുക്കുമ്പോള്‍ വകുപ്പുമന്ത്രി ഉപധനാഭ്യർഥനയെ സംബന്ധിച്ച ഒരു പ്രമേയം സഭ മുമ്പാകെ അവതരിപ്പിക്കും. ഉപധനാഭ്യർഥന സംബന്ധിച്ച ചർച്ച അതിൽ ഉള്‍ക്കൊള്ളുന്ന ഇനങ്ങളിൽ മാത്രം ഒതുക്കിനിർത്തേണ്ടതാണ്‌. ചർച്ച ചെയ്യുന്ന പ്രത്യേക ഇനങ്ങളെ വിശദീകരിക്കാമെങ്കിലും മൂലഗ്രാന്റുകളെയോ അവയ്‌ക്ക്‌ ആധാരമായ നയത്തെയോ സംബന്ധിച്ച്‌ യാതൊരു ചർച്ചയും അനുവദനീയമല്ല. ഉപധനാഭ്യർഥനകള്‍ സബ്‌ജക്‌ട്‌ കമ്മിറ്റിയുടെ പരിഗണനയ്‌ക്ക്‌ അയയ്‌ക്കാറില്ല. ഒരു സാമ്പത്തിക വർഷത്തേക്ക്‌ ഏതെങ്കിലും സേവന മേഖലയ്‌ക്ക്‌ അനുവദിച്ചിട്ടുള്ള തുകയെക്കാള്‍ കൂടുതൽ പണം പ്രസ്‌തുത വർഷം ചെലവഴിച്ചിട്ടുണ്ടെങ്കിൽ അപ്രകാരമുള്ള അധികച്ചെലവുകള്‍ക്കുള്ള ധനാഭ്യർഥന (എക്‌സസ്‌ ഗ്രാന്റ്‌) ഉപധനാഭ്യർഥനയായി അവതരിപ്പിക്കുവാന്‍ കഴിയുകയില്ല. അത്‌ അധിക ധനാഭ്യർഥനയായാണ്‌ അവതരിപ്പിക്കേണ്ടത്‌. അധിക ധനാഭ്യർഥന സഭയിൽ അവതരിപ്പിക്കുന്നതിന്‌ മുമ്പ്‌ പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റിയുടെ ശിപാർശ ആവശ്യമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍