This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉദാവർത്തം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉദാവർത്തം
വായുസംബന്ധമായ ഒരു തരം ഉദരരോഗം. ആയുർവേദത്തിൽ അർശോരോഗനിദാനത്തിൽ ഇതു പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. അധോവായു, മലം, മൂത്രം എന്നിവയ്ക്കു തടസ്സം നേരിടുകയാണ് ഇതിന്റെ ആദ്യലക്ഷണങ്ങള്‍. രൂക്ഷങ്ങളും (ഉദാ. ചാമ, മുത്താറി) മലബന്ധകാരികളും (ഉദാ. ദാഡിമം, ചുക്ക്, കൂവളം) ആയ പദാർഥങ്ങള്‍ ഭക്ഷിക്കുന്നതുകൊണ്ടാണ് പ്രായേണ വായുവികാരമുണ്ടായി മലത്തിനു വരള്‍ച്ചയും മലമൂത്രബന്ധവുമുണ്ടാകുന്നത്. തന്മൂലം വയറ്റിലും പുറത്തും ഹൃദയത്തിനു സമീപത്തും പാർശ്വഭാഗങ്ങളിലും വേദന അനുഭവപ്പെടും. മേൽവയറു വിയർക്കും. വയറിരപ്പുണ്ടാകും. നെഞ്ചിൽ എരിച്ചിൽ, അരിഞ്ഞുനോവ്, കവിള്‍ത്തടത്തിൽ വീക്കം, മൂത്രാശയത്തിൽ വേദന എന്നിവയും സാമാന്യമായിട്ടുണ്ടാവും. അപാനവായുവിന്റെ ഗതി മേല്പോട്ടാകുന്നതു നിമിത്തം ഛർദി, അരുചി, ജ്വരം, ഹൃദ്രാഗം, ഗ്രഹണീദോഷം എന്നീ വൈഷമ്യങ്ങളും പ്രതീക്ഷിക്കാം. മലമൂത്രബന്ധം നീക്കാനുള്ള ശ്രമത്തിൽ മുക്കൽകൊണ്ടു ക്ലേശിക്കും. കേള്‍വിക്കുറവ്, കാഴ്ചക്കുറവ്, ഏമ്പക്കം, തലവേദന, ചുമ, മൂക്കടപ്പ്, ദാഹം, രക്തപിത്തം, ഗുന്മം, മഹോദരം മുതലായ വായുവികാരജന്യങ്ങളും അതിദുസ്സഹങ്ങളുമായ മറ്റു രോഗങ്ങളും നാനാപ്രകാരത്തിലുള്ള മനഃപ്രയാസങ്ങളും ഇതിന്റെ ഓരോ ഘട്ടത്തിലായി അവസ്ഥാനുസാരം ഉണ്ടാകാനിടയുണ്ട്. അർശസുകളുടെ പല ഉപദ്രവങ്ങളിൽ ഒന്നായിട്ടാണ് സാധാരണയായി ഉദാവർത്തമുണ്ടാകുന്നത്. എങ്കിലും അർശസില്ലാത്തവർക്കും വായുകോപം അധികമായി ഉണ്ടായാൽ ഇതുണ്ടാകും. അധോവായു, മലം, മൂത്രം എന്നിവയുടെ "വേഗ'ങ്ങളെ വേണ്ടപോലെ പ്രവർത്തിപ്പിക്കാതിരുന്നാൽ സംഭവിക്കാനിടയുള്ള ഉപദ്രവങ്ങളുടെ കൂട്ടത്തിലും ഇതുള്‍പ്പെടുന്നു.
അർശസിനുള്ള പ്രതിവിധികള്‍ മിക്കവാറും ഉദാവർത്തത്തിനും പറ്റും. എച്ചതേച്ചു വിയർപ്പിക്കുക, മലമൂത്രാനുലോമനങ്ങളായ മരുന്നുകള്‍കൊണ്ടു കല്പിച്ച വർത്തി(തിരി) ഗുദത്തിൽ വയ്ക്കുക, സ്നേഹവസ്തി ചെയ്യുക, സ്നേഹവിരേചകങ്ങള്കൊണ്ടു വയറിളക്കുക എന്നിവ ഗുണംചെയ്യും. അതോടൊപ്പം മലമൂത്രബന്ധം നീക്കി വാതാനുലോമമുണ്ടാക്കുന്ന ഔഷധങ്ങള്‍ക്കും ആഹാരവിഹാരങ്ങള്ക്കും ഇതിന്റെ ചികിത്സയിൽ സ്ഥാനമുണ്ട്.
(ഡോ. പി.ആർ. വാരിയർ)