This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉദയനാചാര്യന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉദയനാചാര്യന്‍

പ്രാചീനസിദ്ധാന്തത്തിന്റെ ഏറ്റവും ഒടുവിലത്തെ ശക്തനായ പ്രവക്താവ്‌. ഉദയകരന്‍, ഉദയാകരന്‍, ഉദയങ്കരന്‍ എന്നീ പേരുകളിലും ഇദ്ദേഹം അറിയപ്പെടുന്നു. ബിഹാറാണ്‌ ജന്മസ്ഥലം. ഇദ്ദേഹത്തിന്റെ ലക്ഷണാവലി എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതനുസരിച്ച്‌ അതിന്റെ രചനാകാലം എ.ഡി. 984 (ശ.വ. 906) ആണ്‌. എന്നാൽ ഉദയനാചാര്യന്റെ കാലം 1025-നും 1100-നും ഇടയ്‌ക്കാണെന്ന്‌ ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.

ഉദയാനാചാര്യന്റെ ഏഴുഗ്രന്ഥങ്ങള്‍ ലഭ്യമാണ്‌. രചനാക്രമമനുസരിച്ച്‌ അവ താഴെ കൊടുക്കുന്നു: ലക്ഷണാവലി, ലക്ഷണമാല, ആത്മതത്ത്വവിവേകം, ന്യായകുസുമാഞ്‌ജലി, ന്യായപരിശിഷ്‌ടം, ന്യായവർത്തിക താത്‌പര്യടീകാപരിശുദ്ധി, കിരണാവലി. ലക്ഷണാവലിയിൽ വൈശേഷിക സിദ്ധാന്തങ്ങളാണ്‌ പ്രതിപാദ്യം. ഭാവരൂപവും അഭാവരൂപവുമായ എല്ലാ പദാർഥങ്ങളെയും ഇതിൽ നിർവചിച്ചിരിക്കുന്നു. ലക്ഷണങ്ങളുടെ ആവലി (കൂട്ടം) എന്നാണ്‌ ഗ്രന്ഥനാമത്തിന്‌ അർഥം (ദ്രവ്യാദി സർവമേയാനാം കരിഷ്യേലക്ഷണാവലിം).

ലക്ഷണമാലയുടെ കർതൃത്വത്തെ സംബന്ധിച്ച്‌ അഭിപ്രായവ്യത്യാസമുണ്ട്‌. ഈ കൃതി 20-ാം ശതകത്തിലാണ്‌ കണ്ടെത്തിയതും മദ്രാസിൽ നിന്ന്‌ ഓറിയന്റൽ റിസർച്ച്‌ ജേണലിൽ പ്രസിദ്ധപ്പെടുത്തിയതും. ശിവാദിത്യന്റെ പേരിൽ വന്ന ഈ കൃതിയുടെ രചയിതാവ്‌ ഉദയനാചാര്യനാണെന്ന്‌ പ്രാഫ. ദിനേശ്‌ചന്ദ്ര ഭട്ടാചാര്യ വിശ്വസിക്കുന്നു.

ആത്മതത്ത്വവിവേകത്തിന്‌ ബൗദ്ധാധികാരമെന്നും പേരുണ്ട്‌. ആദ്യത്തെ നാലു പരിച്ഛേദങ്ങള്‍കൊണ്ട്‌ ക്ഷണഭംഗം (വസ്‌തുക്കള്‍ ക്ഷണികമാണ്‌), ബാഹ്യാർഥഭംഗം (വസ്‌തുവിന്‌ ബാഹ്യസത്ത ഇല്ല), ഗുണഗുണിഭേദഭംഗം (പദാർഥം അതിന്റെ ഗുണത്തിൽ നിന്നു ഭിന്നമല്ല), അനുപലംഭം (ലോകം ശൂന്യമാണ്‌) എന്നീ നാലു ബൗദ്ധതത്ത്വങ്ങളെ ഖണ്ഡിച്ചിരിക്കുന്നു. ആത്മാവിന്റെ അനശ്വരത സമർപ്പിക്കാനാണ്‌ അവസാനത്തെ പരിച്ഛേദം ഉപയോഗപ്പെടുത്തിയിരിക്കുന്നത്‌. ന്യായത്തിലും വൈശേഷികത്തിലും ആത്മാവിനു നിത്യത്വം, വിഭുത്വം, ജ്ഞാനം, ഇച്ഛ തുടങ്ങിയ വിശേഷഗുണങ്ങളുടെ സമവായിത്വം അംഗീകരിച്ചിരിക്കുന്നു. വിശേഷഗുണങ്ങള്‍ക്ക്‌ സമവായം, അദൃഷ്‌ടംകൊണ്ടാണു സംഭവിക്കുന്നത്‌. സ്വരൂപജ്ഞാനത്തിലൂടെ അവ നശിച്ച്‌ ആത്മാവിന്‌ സിദ്ധിക്കുന്ന സ്വഭാവസ്ഥിതിക്ക്‌ മോക്ഷം എന്നു പറയുന്നു. സുഖവും ദുഃഖവും വിശേഷഗുണത്തിൽ അന്തർഭവിക്കുന്നതുകൊണ്ട്‌ മോക്ഷത്തിൽ അവയുടെ അഭാവമേ ഉള്ളൂ.

ന്യായകുസുമാഞ്‌ജലിയാണ്‌ ഉദയനാചാര്യന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. ഈ ഗ്രന്ഥത്തെ അഞ്ചു സ്‌തബകങ്ങളായി വിഭജിച്ചിട്ടുണ്ട്‌. ഉള്ളടക്കം ഇങ്ങനെ സംഗ്രഹിക്കാം: ഈശ്വരനെ മനനം ചെയ്‌താൽ മോക്ഷം ലഭിക്കും. പക്ഷേ, ഈശ്വരനുണ്ടോ? ഇവിടെ ചാർവാകന്റെയും മീമാംസകന്റെയും സാംഖ്യന്റെയും അനാത്മവാദിയുടേതുമായി സിദ്ധാന്തപരമായ അഞ്ചു വിപ്രതിപത്തികള്‍ കൊടുത്തിട്ടുണ്ട്‌. (i) അദൃഷ്‌ടം എന്ന പരലോകസാധകമായ ഹേതുവുണ്ടായിരുന്നെങ്കിൽ അതിന്റെ അധിഷ്‌ഠാതാവായി "ഈശ്വരന്‍' സിദ്ധിക്കുമായിരുന്നു; എന്നാൽ അദൃഷ്‌ടം എന്ന ഒന്നില്ല; (ii) ഈശ്വരനുണ്ടെന്ന്‌ അംഗീകരിക്കാതെതന്നെ പരലോകസാധകമായ അനുഷ്‌ഠാനങ്ങള്‍ നടക്കും; (iii) ഈശ്വരന്‍ ഇല്ലെന്നു പറയുന്ന പ്രമാണങ്ങള്‍ ഉണ്ട്‌; (iv) ഈശ്വരന്‍ ഉണ്ടെന്നുവന്നാലും പ്രാമാണ്യമില്ല;(v)ഈശ്വരസാധകമായ പ്രമാണങ്ങളില്ല.

ഉദയനാചാര്യന്‍ ഓരോ സ്‌തബകത്തിലായി ഓരോ വിപ്രതിപത്തിയെയും ഖണ്ഡിക്കുന്നു. ഈശ്വരസാധകമായ ഹേതുക്കള്‍ ഇവയാണ്‌. (i) കാര്യം:ക്ഷിതിയും മറ്റും കാര്യം (കാരണജന്യം) ആയതുകൊണ്ട്‌ അവ സകർതൃകമാണ്‌; (ii) ആയോജനം: സൃഷ്‌ടിയുടെ തുടക്കത്തിൽ പരമാണുക്കളെ പരസ്‌പരം ചേർക്കുന്ന കർമം ചേതനാധീനമാണ്‌; (iii) ധൃതി: ലോകത്തിന്റെ സ്ഥിതി പ്രയത്‌നാധിഷ്‌ഠിതമാണ്‌. അതിന്‌ അധിഷ്‌ഠാനം വേണം; (iv) പദം: പദപദാർഥവ്യവഹാരം സ്വതന്ത്രപുരുഷന്‍ സ്ഥാപിച്ചതാവണം;(v)പ്രത്യയം: വേദത്തിന്റെ പ്രാമാണ്യം വക്തൃഗുണം കൊണ്ടാണ്‌ സിദ്ധിക്കുന്നത്‌; (vi) ശ്രുതി: വേദം സർവജ്ഞപ്രണീതമാണ്‌. വേദം വെളിപാടായത്‌ അതുകൊണ്ടുതന്നെയാണ്‌; (vii) വാക്യം: വേദം വാക്യരൂപമായതുകൊണ്ട്‌ അതിന്റെ ആദ്യോച്ചാരണവും കർതൃനിഷ്‌ഠമാണ്‌; (viii) സംഖ്യ:ദ്വ്യണുകത്തിലെ ദ്വിത്വത്തെ അപേക്ഷാബുദ്ധിയാണ്‌ ജനിപ്പിക്കുക. അപേക്ഷാബുദ്ധിക്ക്‌ ആശ്രയം വേണം. ഇങ്ങനെ കർത്താവായും ചേതനനായും ആശ്രയമായും ഈശ്വരനെ കണ്ടെത്താവുന്നതാണെന്ന്‌ ഉദയനാചാര്യന്‍ സമർഥിച്ചിരിക്കുന്നു.

കല്യാണരക്ഷിതന്‍, ധർമോത്തരന്‍ എന്നീ പ്രധാന പ്രതിദ്വന്ദികളിൽ കല്യാണരക്ഷിതന്റെ ഈശ്വരനിരസനത്തെ ഉദയനാചാര്യന്‍ തന്റെ ന്യായകുസുമാഞ്‌ജലിയിൽ സമർഥമായി ചെറുക്കുന്നുണ്ട്‌. ബൗദ്ധന്മാർക്ക്‌ അഭിമതമായ അപോഹം, ക്ഷണഭംഗം, വേദത്തിന്റെ അപ്രാമാണ്യം എന്നിവ ന്യായകുസുമാഞ്‌ജലിയിലൂടെയും ആത്മതത്ത്വവിവേകത്തിലൂടെയും ഇദ്ദേഹം ഖണ്ഡിക്കുന്നു.

ന്യായപരിശിഷ്‌ടം എന്ന കൃതി പ്രബോധസിദ്ധി, ബോധസിദ്ധി, ബോധശുദ്ധി, പരിശിഷ്‌ടം എന്നീ പേരുകളിലും അറിയപ്പെടുന്നു. ന്യായസൂത്രത്തിന്റെ അഞ്ചാമധ്യായത്തിനുള്ള വ്യാഖ്യാനമാണിത്‌. ജാതിയും (വ്യർഥവാദവും) നിഗ്രഹപ്രസ്ഥാനവുമാണ്‌ ഇതിൽ വിഷയം. ഇവയുടെ വിവേചനം തത്ത്വജ്ഞാനത്തിന്‌ ഒഴിച്ചുകൂടാത്തതാണെന്നു കണ്ടിട്ടാകാം പ്രത്യേകം പ്രാധാന്യം നല്‌കി വ്യാഖ്യാനിച്ചത്‌.

കിരണാവലി പ്രശസ്‌തപാദന്റെ പദാർഥധർമസംഗ്രഹത്തിനുള്ള വ്യാഖ്യാനമാണ്‌. ഈ കൃതി ബുദ്ധിനിരൂപണത്തോടെ അപൂർണമായി അവസാനിക്കുന്നു.

ഉദയനാചാര്യന്‍ പരമാണുസിദ്ധാന്തത്തിൽ വിശ്വസിച്ചിരുന്നു; എന്നാൽ പരമാണുവിന്റെ പ്രവർത്തനം കൊണ്ടുമാത്രം പ്രപഞ്ചം നിലവിൽ വരികയില്ല. പരമാണുവിനെ നിയന്ത്രിക്കാന്‍ ഈശ്വരന്‍ വേണമെന്നാണ്‌ അദ്ദേഹം പ്രഖ്യാപിക്കുന്നത്‌.

(കെ. വിജയന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍