This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉത്‌ഫുല്ലനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉത്‌ഫുല്ലനം
Efflorescence
ക്രിസ്റ്റലീയ രാസവസ്‌തുക്കള്‍ ക്രിസ്റ്റലനജലം ഭാഗികമായോ പൂർണമായോ നഷ്‌ടപ്പെട്ട് ഭൗതികപരിണാമത്തിനു വിധേയമാകുന്ന പ്രതിഭാസം. ഉദാഹരണമായി ക്രിസ്റ്റലീയ കോപ്പർ സള്‍ഫേറ്റ് രണ്ടുതരമുണ്ട്: CuSO4. 5H2O; CuSO4. 3H2O. ഒരു നിശ്ചിതതാപനിലയിൽ അന്തരീക്ഷത്തിലെ ഒരു നിശ്ചിതജലബാഷ്‌പമർദത്തിൽ മാത്രമേ ഈ രണ്ടിനത്തിനും ഒരു തുറന്നപാത്രത്തിൽ ഒരുമിച്ചിരിക്കുവാന്‍ സാധ്യമാകയുള്ളൂ. അന്തരീക്ഷത്തിലെ ജലബാഷ്‌പമർദം, ചുരുങ്ങിയാൽ ആദ്യത്തെയിനം ക്രിസ്റ്റലനജലം ഭാഗികമായി നഷ്‌ടപ്പെട്ട് രണ്ടാമത്തെയിനമായും ജലബാഷ്‌പമർദം അധികമായാൽ രണ്ടാമത്തെയിനം ക്രിസ്റ്റലനജലം കൂടുതൽ സ്വീകരിച്ച് ഒന്നാമത്തെയിനമായും തീരുന്നു. ജലബാഷ്‌പമർദം വളരെ ചുരുങ്ങുന്നതായാൽ പ്രസ്‌തുത ജലയോജിതലവണങ്ങള്‍ (hydrated salts) ക്രിസ്റ്റലനജലം മുഴുവന്‍ നഷ്‌ടപ്പെട്ട് വിവർണമായ പൊടിയായി രൂപാന്തരപ്പെടുന്നതു കാണാം. ഇപ്രകാരം ഒരു ജലയോജിത-ക്രിസ്റ്റലീയ ലവണം ഭാഗികമായോ മുഴുവനുമായോ ക്രിസ്റ്റലനജലം നഷ്‌ടപ്പെട്ട് (താഴ്‌ന്ന) ജലയോജിത ലവണമായോ നിർജലലവണത്തിന്റെ പൊടിയായോ പരിണമിക്കുന്ന ഭൗതികപ്രക്രിയയാണ് ഉത്‌ഫുല്ലനം അഥവാ എഫ്‌ളോറസന്‍സ്.
വിരിയൽ എന്നർഥമുള്ള എഫ്‌ളോറസ് എന്ന വാക്കിൽനിന്നാണ് പ്രസ്‌തുത സംജ്ഞ സംജാതമായിട്ടുള്ളത്. തുറന്നുവച്ച കോപ്പർസള്‍ഫേറ്റ് മുതലായ ക്രിസ്റ്റലുകള്‍ കുറേക്കഴിയുമ്പോള്‍ നിറം അത്രയില്ലാത്ത ഒരുതരം പൊടി മീതേ പുരണ്ടതായിക്കാണുന്നതിനു കാരണം ഉത്‌ഫുല്ലനമാണ്. ഈ പൊടിയുന്നതിനെ ആലങ്കാരികഭാഷയിൽ വിരിയലായി കല്‌പിച്ചിട്ടാണ് ഉത്‌ഫുല്ലനം എന്ന വ്യവഹാരമുണ്ടായിട്ടുള്ളത്.
പ്രസ്വേദനം (deliquescence) എന്ന ഭൗതികപ്രതിഭാസം ഉത്‌ഫുല്ലനത്തോടു നികടബന്ധമുള്ള ഒന്നാണ്. ഒരു ഖരലവണം പരിസരത്തിലെ ഈർപ്പം അവശോഷണം ചെയ്യുകയും ആ അവശോഷിതജലത്തിൽ അലിയുകയും ചെയ്യുന്ന പ്രക്രിയയാണ് പ്രസ്വേദനം. ഒരു രാസവസ്‌തുവിന്റെ പൂരിതജലലായനിയുടെ ബാഷ്‌പമർദത്തെക്കാള്‍ കൂടുതലാണ് പരിസരബാഷ്‌പമർദമെങ്കിൽ ജലാംശം പരിസരത്തിൽനിന്ന് അവശോഷണം ചെയ്യുകയും ആ ജലത്തിൽ അലിയുകയും ചെയ്യും. എല്ലാ ലവണങ്ങളും ഈ സാഹചര്യത്തിൽ പ്രസ്വേദികളാണ്. പക്ഷേ സാധാരണ താപനിലകളിൽ, അപൂർവം ചില ലവണങ്ങളുടെ വിഷയത്തിൽ മാത്രമേ ഈ സാഹചര്യമുണ്ടാകാറുള്ളൂ. ഉദാ. കാത്സ്യം ക്ലോറൈഡ്-പൂരിതലായനിയുടെ ജലബാഷ്‌പമർദം 20ീഇ-ൽ 7.5 മില്ലിമീറ്റർ മാത്രമാണ്; കോപ്പർ സള്‍ഫേറ്റിന്റേത് 16 മില്ലിമീറ്ററും. എന്നാൽ ഈ താപനിലയിൽ സാമാന്യമായി അന്തരീക്ഷജലബാഷ്‌പമർദം 15 മില്ലിമീറ്ററിൽ കൂടുതൽ വരില്ല. ആകയാൽ കാത്സ്യം ക്ലോറൈഡ് പ്രസ്വേദനത്തിനു വിധേയമാകുന്നു; കോപ്പർസള്‍ഫേറ്റ് വിധേയമാകുന്നില്ല. 20o-ൽ അന്തരീക്ഷബാഷ്‌പമർദം 15 മില്ലിമീറ്ററിൽ കൂടുതലായാൽ കോപ്പർ സള്‍ഫേറ്റും ജലാംശം അവശോഷണം ചെയ്യുകയും അതിൽ അലിയുകയും ചെയ്യും; അതായത് പ്രസ്വേദനസ്വഭാവം കാണിക്കും.