This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉത്‌പലവംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉത്‌പലവംശം

എ.ഡി. 855 മുതൽ 939 വരെ കാശ്‌മീരരാജ്യം ഭരിച്ച രാജവംശം. 600 മുതൽ 855 വരെ വാഴ്‌ചനടത്തിയ കാർകോടകവംശത്തെ തുരത്തിയിട്ടായിരുന്നു ഉത്‌പലന്മാർ അധികാരത്തിൽ വന്നത്‌.

1. അവന്തിവർമ. അവന്തിവർമനാണ്‌ ഈ വംശത്തിന്റെ സ്ഥാപകന്‍. യുവരാജാവായിരുന്നത്‌ അദ്ദേഹത്തിന്റെ വൈമാത്രനായ ശൂരവർമനായിരുന്നു. മന്ത്രിയായ ശൂരന്‍ രാജ്യകാര്യങ്ങള്‍ ഊർജിതമായി നടത്തി, കാർകോടകവംശത്തിന്റെ ദുർഭരണംകൊണ്ടു സംഭവിച്ച കെടുതികള്‍ പരിഹരിച്ചു. കാർകോടകരുടെ കീഴിൽ ശക്തിപ്രാപിച്ച കാലാള്‍പ്പടയാളികളായിരുന്ന ഡാമരന്മാരെ ശൂരന്‍ അടിച്ചമർത്തി. ഭൂതേശക്ഷേത്രത്തിന്റെ വക വസ്‌തുക്കള്‍ ബലാൽ പിടിച്ചെടുത്ത ഒരു ഡാമരപ്രഭുവിന്റെ ശിരസ്‌ ഛേദിച്ചുകൊണ്ടായിരുന്നു ശൂരന്‍ ഭരണനയം ആവിഷ്‌കരിച്ചത്‌.

i. അവന്തിവർമയുടെ നേട്ടങ്ങള്‍. കൃഷിപ്പിഴ പരിഹരിക്കാനും ജനക്ഷേമം വർധിപ്പിക്കാനുമായി അവന്തിവർമ ചെയ്‌ത കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധയർഹിക്കുന്നു. വിതസ്‌താ നദിയിലെ വെള്ളക്കെട്ട്‌ നിയന്ത്രിച്ച്‌ ആ നദിയുടെ തീരസ്ഥലങ്ങളിലെ ചതുപ്പുനിലങ്ങള്‍ കൃഷിയോഗ്യമാക്കി. സുയ്യ എന്ന ചണ്ഡാലി എടുത്തുവളർത്തിയ സുയ്യന്‍ എന്ന യുവാവിന്റെ ബുദ്ധിവൈദഗ്‌ധ്യം പ്രയോജനപ്പെടുത്തിയായിരുന്നു അവന്തിവർമ ഈ നേട്ടങ്ങള്‍ കൈവരുത്തിയത്‌. കൽഹണന്റെ രാജതരംഗിണി എന്ന സംസ്‌കൃത ചരിത്രകാവ്യത്തിൽ സുയ്യന്റെ വിരുതുകള്‍ വർണിച്ചിട്ടുണ്ട്‌. നദീതീരം ഇടിഞ്ഞുവീണു വെള്ളം കെട്ടി നില്‌ക്കാതെയിരിക്കാന്‍ നാല്‌പത്തിരണ്ടു മൈൽ ദൂരത്തിൽ കരിങ്കൽഭിത്തികള്‍ നിർമിച്ചിരിക്കുന്നു.

വെള്ളക്കെട്ടു മാറിയതോടെ കൃഷി വളരെ വർധിക്കുകയും ഭക്ഷ്യസാധനങ്ങള്‍ സുഭിക്ഷമാകുകയും ചെയ്‌തു. എന്നിട്ടും അവന്തിവർമയുടെ കാലത്ത്‌ ഐശ്വര്യത്തിന്‌ ഇടിവുതട്ടിയെന്നും ജനസംഖ്യ കുറഞ്ഞെന്നും രാജതരംഗിണിയിൽ പ്രസ്‌താവിച്ചു കാണുന്നു.

ii. മതത്തിനും കലകള്‍ക്കും പ്രാത്സാഹനം. അവന്തിവർമ മതത്തിനും സാഹിത്യാദികലകള്‍ക്കും ഗണ്യമായ പ്രാത്സാഹനം നൽകി. അദ്ദേഹം വൈഷ്‌ണവനും മന്ത്രി ശൂരന്‍ ശൈവനുമായിരുെന്നങ്കിലും രണ്ടുപേരും ഭേദചിന്ത കൂടാതെ ഔദാര്യം പ്രദർശിപ്പിച്ചു. രാജാവിന്റെ പേരിൽ സ്ഥാപിച്ച അവന്തിപുരവും (വാന്ത്‌പുർ) മന്ത്രിയുടെ നാമധേയത്തിൽ നിർമിച്ച ശൂരപുരവും (ഹൂർപുർ) അന്നത്തെ ചരിത്രത്തിന്റെ അവശിഷ്‌ടങ്ങളാണ്‌. മന്ത്രി പല ശിവക്ഷേത്രങ്ങളും ശിവമണ്ഡപങ്ങളും പണിയിക്കുകയും അവയ്‌ക്ക്‌ ധാരാളം സമ്പത്തുകള്‍ വിട്ടുകൊടുക്കുകയും ചെയ്‌തതായി കാണാം. അവന്തിവർമയുടെ പ്രത്യേകപ്രാത്സാഹനം സിദ്ധിച്ചവരിൽ പ്രമുഖരായിരുന്നു ധ്വന്യാലോകകർത്താവായ ആനന്ദവർധനന്‍, ശൈവമതസ്ഥാപകനായ ഭട്ടകല്ലടന്‍, മുക്താകണന്‍, ശിവസ്വാമി എന്നിവർ. ഇരുപത്തെട്ടുവർഷത്തെ ഭരണത്തിനുശേഷം അവന്തിവർമ എ.ഡി. 883-ൽ ദിവംഗതനായി.

2. ശങ്കരവർമ. അവന്തിവർമനുശേഷം പിന്തുടർച്ചയ്‌ക്ക്‌ തർക്കമായി. അവന്തിവർമയുടെ പുത്രന്‍ ശങ്കരവർമ(ശങ്കവർമ) പ്രതീഹാരനായ രത്‌നവർമയുടെ പ്രയത്‌നഫലമായി രാജാവായെങ്കിലും അദ്ദേഹത്തിന്റെ ഒരു ബന്ധുവായ സുഖവർമനെ(ശൂരവർമന്റെ പുത്രന്‍) യുവരാജാവായി സ്വീകരിക്കേണ്ടിവന്നു. എന്നാൽ സുഖവർമനെ കുറേക്കഴിഞ്ഞ്‌ അധികാരത്തിൽ നിന്നു മോചിപ്പിച്ച്‌ ശങ്കരവർമ രാജാധിപത്യം സ്വായത്തമാക്കി.

കാർകോടവംശകാലത്ത്‌ കാശ്‌മീരിനു നഷ്‌ടപ്പെട്ട ചില പ്രദേശങ്ങള്‍ ശങ്കരവർമ വീണ്ടെടുത്തു. ചീനാബ്‌-രവി നദികള്‍ക്ക്‌ ഇടയ്‌ക്കുള്ള ടിക്കാദേശം ശൂരജരന്മാരിൽ നിന്നു പിടിച്ചെടുത്തു. ഈ വിജയത്തിനുശേഷമാണ്‌ ശങ്കരവർമ "ശങ്കരപുരം' സ്ഥാപിച്ചത്‌.

യുദ്ധച്ചെലവിനും മറ്റുമായി നികുതി വർധിപ്പിച്ചതും ബേഗാർ (Dugn-b-th-e) ഏർപ്പെടുത്തിയതും ശങ്കരവർമയുടെ കാലത്തായിരുന്നു. നികുതി പിരിക്കാന്‍ ചുമതലപ്പെട്ട കായസ്ഥന്മാർ കൈക്കാണംകൊണ്ടു സമ്പന്നരായി. ജനങ്ങള്‍ ദുർഭരണത്തിൽ അമർന്ന ഒരു കാലഘട്ടമായിരുന്നു അത്‌. പശുവിനെ കൊന്നിട്ട്‌ ചെരുപ്പു ദാനം ചെയ്യുന്നതുപോലെയായിരുന്നു അദ്ദേഹം ശങ്കര ഗൗരീശം, സുഗന്ധേശം എന്നീ ശിവക്ഷേത്രങ്ങള്‍ നിർമിച്ചത്‌. അറുപത്തിനാലു ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചും അനേകം ക്ഷേത്രങ്ങളിലെ ആദായം അപഹരിച്ചും സമ്പാദിച്ച ധനംകൊണ്ടായിരുന്നു ഈ ക്ഷേത്രങ്ങള്‍ കെട്ടിപ്പൊക്കിയത്‌. ചെമ്പുനാണയങ്ങള്‍ അടിച്ചു പ്രചരിപ്പിച്ചതായിരുന്നു ശങ്കരവർമയുടെ ഒരു പരിഷ്‌കാരം.

എ.ഡി. 902-ൽ ലഹളയ്‌ക്കു മുതിർന്ന ഗിരിവർഗക്കാരെ അമർച്ച ചെയ്‌തിട്ട്‌ തിരിച്ചുപോരുമ്പോള്‍ ഒരു ശ്വപാകന്റെ (ചണ്ഡാലന്റെ) അമ്പേറ്റ്‌ ശങ്കരവർമ കൊല്ലപ്പെട്ടു.

3. ഗോപാലനും സുഗന്ധയും. ശങ്കരവർമയുടെ പുത്രന്‍ ഗോപാലവർമ ബാലനായിരുന്നതുകൊണ്ട്‌ ഗോപാലന്റെ മാതാവായ സുഗന്ധയാണ്‌ പകരം ഭരണം നിർവഹിച്ചത്‌. മന്ത്രിയും സുഗന്ധയുടെ കാമുകനുമായ പ്രഭാകരന്‍ ഗോപാലവർമയെ 904-ൽ നിഹനിച്ചു. തുടർന്ന്‌ സങ്കടന്‍ എന്ന ഒരു അനാഥബാലനെ ഗോപാലന്റെ സഹോദരനാണെന്നു പറഞ്ഞ്‌ രാജാവായി വാഴിച്ചെങ്കിലും പത്തുദിവസത്തിനുള്ളിൽ ആ ബാലനും മൃതിയടഞ്ഞു. പിന്നീടു സുഗന്ധതന്നെ രാജ്ഞിയായി. മരിച്ചുപോയ പുത്രന്റെ പേരിൽ രാജ്ഞി സ്ഥാപിച്ചതാണ്‌ ഗോപാലപുരം (ഗോർപൂർ) പട്ടണവും ഗോപാലേശ്വരം ക്ഷേത്രവും.

രണ്ടുവർഷത്തെ ഭരണത്തിനുശേഷം സുഗന്ധ യുദ്ധവീരന്മാരായ തന്ത്രിസംഘത്തിന്റെ എതിർപ്പുകൊണ്ട്‌ സ്ഥാനഭ്രഷ്‌ടയായി. അതിനുശേഷം, അവന്തിവർമയുടെ നേരിട്ടുള്ള അനന്തരാവകാശികള്‍ ആരുമില്ലാതിരുന്നതിനാൽ തന്ത്രിമാരും സാമന്തരും കൂടിയാലോചിച്ച്‌ ശൂരവർമന്റെ പുത്രനായ നിർജിതവർമനെ രാജാവാക്കി. അസാന്മാർഗിയായിരുന്നതിനാൽ അയാള്‍ക്കു പംഗു എന്ന പേരുപോലും നല്‌കപ്പെട്ടിരുന്നു.

4. പാർഥന്‍. നിർജിതവർമയുടെ ചെയ്‌തികളിൽ അമർഷംകൊണ്ട തന്ത്രിമാർ 906-ൽ അയാളുടെ പുത്രനായ പാർഥനെ രാജാവാക്കി. ബാലനായ പാർഥന്റെ രക്ഷാകർത്താവെന്നനിലയിൽ നിർജിതവർമന്‍ പിന്നെയും തന്റെ സ്വേച്ഛാധിപത്യം തുടർന്നു. ഈ ദുർഭരണത്തിനു പുറമേ ഭയങ്കരമായ ക്ഷാമബാധയും രാജ്യത്തുണ്ടായി.

5. ചന്ദ്രവർമ. 921-ൽ പാർഥനെ സ്ഥാനത്തുനിന്നും മാറ്റിയിട്ട്‌ തന്ത്രിമാർ പിന്നെയും നിർജിതവർമനെ രാജാവാക്കി. തന്ത്രിപ്പടയാളികള്‍ക്ക്‌ എല്ലാം അർപ്പിച്ചുകൊണ്ടാണ്‌ അച്ഛന്‍ മകനെ താഴെയിറക്കിയത്‌. എന്നാൽ രണ്ടു വർഷത്തിനുള്ളിൽ (923-ൽ) നിർജിതവർമന്‍ മരിച്ചു. അപ്പോള്‍ പാർഥന്‍ ഏകാംഗർ എന്ന യുദ്ധവീരന്മാരുടെ സഹായത്തോടെ വീണ്ടും സിംഹാസനം കൈക്കലാക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.

ഈ അവസരത്തിൽ നിർജിതവർമന്റെ മറ്റൊരു പുത്രന്‍ ചന്ദ്രവർമ (ചക്രവർമ) രാജാവായി (923). അതൃപ്‌തരായിത്തീർന്ന തന്ത്രിമാർ 933-ൽ അദ്ദേഹത്തെ ബഹിഷ്‌കരിച്ചിട്ട്‌ നിർജിതവർമന്റെ തന്നെ മറ്റൊരു പുത്രനായ ശൂരവർമയെ അധികാരത്തിലേറ്റി. 935-ൽ ചന്ദ്രവർമന്‍ വീണ്ടും രാജാവായി. എന്നാൽ അല്‌പകാലത്തിനുള്ളിൽ ചന്ദ്രവർമയെ തുരത്തിയിട്ട്‌ മന്ത്രി ശംഭുവർധനന്‍ അധികാരം കൈക്കലാക്കി.

സൈനികരുടെയും അധികാരകാംക്ഷികളുടെയും വിക്രിയകള്‍കൊണ്ട്‌ കാശ്‌മീരിലെ സ്ഥിതി ദയനീയമായിത്തീർന്നു. സംഗ്രാമന്‍ എന്ന ഡാമരനായകന്റെ സഹായത്തോടെ 936-ൽ ചന്ദ്രവർമ തന്ത്രിപ്പടയാളികളെ യുദ്ധത്തിൽ പരാജയപ്പെടുത്തി. ശംഭുവർധനനെ വധിച്ച്‌ ഇദ്ദേഹം വീണ്ടും രാജാവായി. ഇതോടെ തന്ത്രിമാരുടെ ശല്യം കുറഞ്ഞെങ്കിലും ഡാമരന്മാരുടെ ശക്തി വർധിച്ചു. ചന്ദ്രവർമ അല്‌പകാലത്തിനുള്ളിൽ ഡാമരന്മാരുടെ വിദ്വേഷത്തിനു പാത്രമായിത്തീർന്നു. ഇദ്ദേഹത്തിന്‌ ഡോംബ ജാതിയിൽപ്പെട്ട ഹംസി, നാഗലത എന്ന രണ്ടു സഹോദരിമാരുമായുണ്ടായ ബന്ധം ഡാമരന്മാരുടെ കോപാഗ്നിയെ ജ്വലിപ്പിച്ചു. ഇക്കാരണത്താൽ 937-ൽ ഡാമരന്മാർ അദ്ദേഹത്തെ വധിച്ചു.

6. ഉന്മത്താവന്തിയുടെ ഭീകരഭരണം. ഉന്മത്താവന്തിയുടെ നിഷ്‌ഠുരഭരണമായിരുന്നു (937-39) ഉത്‌പലവംശ ചരിത്രത്തിന്റെ അവസാനത്തെ അധ്യായം. ഈ രാജാവും പാർഥന്റെ ഒരു പുത്രനായിരുന്നു. സ്‌ത്രീകളെ നഗ്നരാക്കി നിർത്തി അവരുടെ മേൽ അമ്പെയ്യുന്നതും ഗർഭിണികളുടെ വയറുകീറി ഭ്രൂണശിശുക്കളെ പുറത്തെടുത്തു കാണുന്നതുമായിരുന്നു അയാളുടെ വിനോദം. പിതാവായ പാർഥനെയും അദ്ദേഹത്തിന്റെ മറ്റു സന്താനങ്ങളെയും പട്ടിണിക്കിട്ടും മർദിച്ചും കൊലപ്പെടുത്തി. എന്നാൽ ഈ മഹാദുരിതം രാജ്യത്തിന്‌ അധികകാലം സഹിക്കേണ്ടിവന്നില്ല. രണ്ടുവർഷത്തെ പൈശാചിക ഭരണത്തിനുശേഷം (939-ൽ) ഉന്മത്തന്‍ ക്ഷയരോഗബാധയാൽ മരണമടഞ്ഞു. ഒരുകണക്കിന്‌ ഉത്‌പലവംശം ഇതോടുകൂടി അവസാനിക്കുകയാണെന്നു പറയാം.

ഉന്മത്താവന്തി മരിക്കുന്നതിനു മുമ്പ്‌ കൊട്ടാരത്തിലെ ഒരു ദാസി രാജാവിന്റെ പുത്രനാണെന്നും പറഞ്ഞുകൊണ്ട്‌ എവിടെനിന്നോ കൊണ്ടുവന്ന ശൂരവർമ എന്നശിശുവിനെ അനന്തരാവകാശിയാക്കി. ഈ വിഷയത്തിൽ സേനാപതിയായിരുന്ന കമലവർധനനാണ്‌ മുന്‍കൈയെടുത്തു പ്രവർത്തിച്ചത്‌. കമലവർധനന്‍ സകല ശത്രുക്കളെയും വകവരുത്തി പ്രബലനായെന്നു കണ്ടപ്പോള്‍ ശിശുരാജാവ്‌ അമ്മയോടൊപ്പം ഒളിച്ചോടി. ബ്രാഹ്മണരെക്കൊണ്ടു തന്നെ രാജാവായി തെരഞ്ഞെടുപ്പിക്കണമെന്ന്‌ കമലവർധനന്‍ ആഗ്രഹിച്ചുവെങ്കിലും അവർ യശസ്‌കരന്‍ എന്ന ഒരു ബ്രാഹ്മണനെയാണ്‌ തെരഞ്ഞെടുത്തത്‌. ഗോപാലവർമയുടെ ഭണ്ഡാരം സൂക്ഷിപ്പുകാരനായിരുന്ന ബ്രാഹ്മണനായ പ്രഭാകരദേവന്റെ പുത്രനായിരുന്നു യശസ്‌കരന്‍. ശൂരവർമ എന്ന ശിശുരാജാവ്‌ തികച്ചും രാജവംശ്യനായിരുന്നു എങ്കിലും യശസ്‌കരന്റെ സ്ഥാനാരോഹണം (939-ൽ) ഉത്‌പലവംശത്തിനു പൂർണവിരാമമിട്ടു.

(ശൂരനാട്ടു കുഞ്ഞന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍