This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉത്കലം(ൽ)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉത്കലം(ൽ)
ഒഡിഷ എന്ന പേരിൽ ഇന്ന് അറിയപ്പെടുന്ന പുരാണപ്രസിദ്ധമായ ഭാരതഭൂവിഭാഗം. ഇന്നത്തെ ഒഡിഷാ സംസ്ഥാനത്തിലെ മേദിനിപൂർ, ബാലസോർ ജില്ലകളും ബ്രാഹ്മണി, വൈതരണി എന്നീ നദികളുടെ വടക്കുള്ള പ്രദേശങ്ങളും ചേർന്നതായിരുന്നു ഉത്കലം. അവിടത്തെ സുദ്യുമ്നന് എന്നു പേരായ രാജാവിന്റെ മൂന്നു മക്കളിൽ (ഉത്കലന്‍, ഗയന്, വിനതാശ്വന്) ഒരാളുടെ പേർ ഉത്കലന്‍ എന്നായിരുന്നു. രാജ്യത്തിന്റെ നാമം രാജകുമാരനു സിദ്ധിച്ചതോ, രാജകുമാരന്റെ പേര് രാജ്യത്തിനു സിദ്ധിച്ചതോ എന്ന കാര്യം വ്യക്തമല്ല. രണ്ടഭിപ്രായങ്ങളും കാണുന്നു. മഹാഭാരതത്തിൽ സുദ്യുമ്നപ്രഭൃതികളുടെ പരാമർശമുണ്ട്.
""സുദ്യുമ്നസ്യ തു ദായദാഃ ത്രയഃ പരമധാർമികാഃ ഉത്കലശ്ച ഗയശ്ചൈവ വിനതാശ്വശ്ച ഭാരത. ഉത്കലസ്യോത്കലാ രാജന് വിനതാശ്വസ്യ പശ്ചിമാ ദിക്പൂർവാ ഭരതശ്രഷ്ഠ ഗയസ്യ തു ഗയാ പുരീ.''
സൗദ്യുമ്നരായ മൂന്നുപേരും പരമധാർമികരായിട്ടാണ് പ്രസ്താവിക്കപ്പെട്ടിട്ടുള്ളത്.
""ഉത്കലാദേശിതപഥഃ കലിംഗാഭിമുഖം യയൗ'' (രഘുവംശം)
എന്നിങ്ങനെ രഘുവിന്റെ ദിഗ്വിജയാവസരത്തിൽ കാളിദാസന് ഉത്കലത്തെ പരാമർശിച്ചിട്ടുണ്ട്. ഉത്കലം കീഴടക്കി കലിംഗത്തിലേക്കു കടന്നുവെന്നു പറയുന്നതിൽനിന്ന് കലിംഗമായിരുന്നു ഉത്കലത്തിന്റെ സമീപരാജ്യമെന്നു നിശ്ചയിക്കാം. കർണന്, ദുര്യോധനനുവേണ്ടി യുദ്ധത്തിൽ തോല്പിക്കുന്നവരിൽ ഉത്കലന്മാരുംപെടുന്നു. 11-ാം ശതകത്തിന്റെ മധ്യകാലംവരെ ഒറീസ ഭരിച്ചിരുന്ന ഒരു രാജാവ് "കേശരി' എന്ന പദവി സ്വീകരിച്ചിട്ടുണ്ട്. പാല രാജാവായ രാമപാലന്റെ വിജയത്തിനായി ഒത്തുചേർന്ന സാമന്തരിൽ ഒരാളായ ദണ്ഡഭുക്തിയിലെ ജയസിംഹന് ഉത്കലരാജാവായ കർണകേശരിയെ തോല്പിച്ചതായും പരാമർശമുണ്ട്.